സഹയാത്രികര്‍

Sunday, August 23, 2009

പഴയകാല കവിതകള്‍ (തുടരും )

ജനനത്തിലും മരണത്തിലും

ഒരു പുലര്‍കാല സ്വപ്നതടസ്സം പോലെ ,
അവിഘ്നമായ്‌ ഒഴുകിയിരുന്ന ഒരു നദിയെ
അണക്കെട്ട് ബാധിക്കുന്നത് പോലെ ,
വൈകി ഉണരലലിലെ ആത്മ സംഘര്‍ഷം പോലെ ,
പാതി പാടി നിര്‍ത്തിയ ഒരു വികാരോത്തേജക ഗാനം പോലെ ,
വിരിയാതെ, പുഴുതിന്ന്, നഷ്ട സൌഭാഗ്യം പേറി
വികൃത രൂപിയായ ഒരു പൂമൊട്ടിനെ പോലെ ,
ഞാന്‍ എന്നില്‍ മരിക്കാന്‍ തുടങ്ങുന്നു...

പഴയകാല കവിതകള്‍ (തുടരും)

വരാമന്നേറ്റവരിന്നെവിടെ ?

മനസ്സില്‍ സായന്തനങ്ങളുടെ
തുടിപ്പുമായ്‌ വരാമന്നേറ്റവനിന്നെവിടെ ?
ഇരുളാര്‍ന്ന ഇടനാഴികകളില്‍
മുനിഞു കത്തുന്നതെങ്കിലും
ആ പ്രഭയൂറും കൈചെരാതുമായ്‌
വരാമന്നേറ്റവനിന്നെവിടെ ?
പാതി മയങ്ങിയ സന്ധ്യകളില്‍
ആ ചോള വയല്‍ക്കരയിലെ
കറുത്ത ഗായകന്റെ
ഗസലുകളില്‍ ഉയര്‍ന്ന
വിഷാദരാഗമിന്നെവിടെ ?
ആ ഗായകനിന്നെവിടെ ?
മൌനമാകുന്ന വിരിയാത്ത പൂമൊട്ടുമായ്
അകത്തളത്തില്‍ നിന്ന്
മറക്കുടയുപേക്ഷിച്ച്
പഴമയുടെ ഗന്ധവുമായ്‌
എന്നിലേക്ക്‌ നടന്നടുത്തവളിന്നെവിടെ ?
വരാമന്നേറ്റവരൊക്കെയിന്നെവിടെയോ ആണ് ..

പഴയകാല കവിതകള്‍ (തുടരും)

വെളിപാടിലേക്ക്

എന്റെ ഉച്ചയുറക്കത്തിന്‍
നൂല്‍പാലം പൊട്ടിച്ചതാരുതാന്‍ ?
സന്ധ്യയും രാത്രിയുമകലെ
കാത്തിരിക്കുന്നുണ്ടെങ്കിലും,
മനുഷ്യാവബോധം
കലവറയില്ലാ നിയതത്തെ
നിര്‍ണയിക്കും നേരമാം
വാസരത്തിന്‍ മധ്യാഹ്നത്തില്‍
ഞാന്‍ തളര്‍ന്നുറക്കമായന്നോ ..!
അന്നേരമൊരു നനുത്ത കരസ്പര്‍ശം .
ആരുമില്ലരികത്ത് ...
ദൂരെ നിന്നോ മഴക്കോളുകളെത്തീടുന്നു.
ഒരാരവം !
എന്നരുകില്‍ കൂടി .. ജന്നല്‍ വഴിയൊരു കാറ്റ്
വഴുതിയിറങ്ങുന്നു.

പഴയകാല കവിതകള്‍ (തുടരും )

ഉണരുന്നു ഞാന്‍

ഒരു കവിതപോലെന്‍ മനസ്സിന്നുണരുന്നു..
ഒരു നേര്‍ത്ത തലോടലിനായ്..
ഒരു നേരിയ മുഗ്ദ മന്ദസ്മിദത്തിനായ്‌ ..
ഒരുവേള എന്നിലെ മൂകമാം തേങ്ങലിന്‍ ഒടുക്കത്തിനായ്‌ ..


എനിക്ക് സ്നേഹിക്കണം

എനിക്ക് സ്നേഹിക്കണം .
ഉരുക്കില്‍ നിന്നും ഇരുമ്പെന്നപോല്‍ ,
കാമത്തില്‍ നിന്നും കുളിര്‍ത്ത സ്നേഹത്തെ
ഊറ്റിയെടുക്കണമെനിക്കായി.


ദൈവം
ആയുധങ്ങള്‍ക്കിടയി-
ലോരായുധമാണ് ദൈവം।


എവിടെ ?
സാന്ധ്യതാരകളുണര്‍ന്നില്ലിനിയും
സാന്ധ്യരാഗമൊഴുകിയില്ലിനിയും
തുടുപ്പാര്‍ന്നൊരു മുഖമെത്തിയില്ലിനിയും
തണുപ്പാര്‍ന്ന കൈകള്‍ പുണര്‍ന്നില്ലിനിയും

നേട്ടം

മിഴിയുറവകളെ
ഇനി പതഞ്ഞോഴുകൂ .
വിഭ്രമങ്ങളെ
ഊഞാലാട്ടിയ മനസ്സേ
ഇനി
പ്രത്യാഘാതങ്ങളുടെ
സേതുബന്ധനം
തകര്‍ത്തൊഴുകൂ .
അമ്മയുടെ മടിയില്‍

വീണ് ഉള്‍ക്കരുത്ത് നേടൂ ..



പഴയകാല കവിതകള്‍ ( തുടരും )

മുഖങ്ങള്‍

തെളിമ നഷ്ടപെട്ട ജലാശയം
പോലെയാണ് എന്റെ മനസ്സിപ്പോള്‍ .
ഓളങ്ങള്‍ പോലും
കാറ്റിന്റെ കുസൃതി ചെയ്തികളുടെ
സന്തതികളായിരുന്നു .
നേരെ മുകളില്‍ നീലാകാശം
ചിലപ്പോള്‍ നക്ഷത്ര പൂക്കളുടെ
കണ്ണുചിമ്മല്‍ .
സ്നേഹത്തിന്‍റെ കുത്തൊഴുക്ക് പോലെ
മേഘങ്ങള്‍ .
പുലരി പടിയിറങ്ങുമ്പോള്‍
ഉണര്‍ത്തുപാട്ട്‌ പാടി പൂക്കളെ
നുള്ളി ഉണര്‍ത്തുമ്പോള്‍
എന്നും വൈകാതെ
ഉണര്‍ന്നു കാത്തിരുന്നു.
പുളകത്തില്‍ ആദ്യമായ്‌
സ്നേഹനൊമ്പരങ്ങള്‍ .
ഒടുവില്‍ ,
പ്രദോഷത്തിന്‍റെ ദുഃഖസാന്ദ്രമായ
കൊച്ചുമുഖം .
വിധവയുടെ മനസ്സുപോലെ .
അവിടെ അപ്പോഴും ശാന്തതയായിരുന്നു .
നേരിന്‍റെ നേര്‍വഴികള്‍ .
അതില്‍ കൂടിയേ സഞ്ചരിചിട്ടുള്ളൂ.
ഒരു മഞ്ഞുതുള്ളിയില്‍ ഒരു കവിത പോലും
ഒളിച്ചിരിപ്പില്ല .
മഹാ മൌനം മാത്രം
പേടിപെടുത്തുന്ന മഹാ മൌനം മാത്രം .

Saturday, August 22, 2009

പഴയകാല കവിതകള്‍ ( തുടരും )

ഇവിടെ ഞാനും മനുഷ്യനായി



ഇവിടെയീ ഇരുണ്ട മുറിയില്‍ ,ജനലില്‍
കൊരുത്ത ചിലന്തി വലതന്‍ മൌനം പോല്‍
ഞാനിരിക്കുന്നു, ചിന്തകളെ പൊന്നിന്‍ താക്കോലിട്ടു
തിരിക്കവേ ,പൊക്കിള്‍കൊടി വിറപ്പിച്ചുച്ചത്തില്‍
കരയുമൊരു കുഞ്ഞായ്‌ മാറുന്നു ഞാന്‍ .
അമ്മതന്‍ ആത്മ സംതൃപ്തി തന്‍ നിശ്വാസങ്ങളേല്ക്കവേ ,
മിഴികളടയവെ , എന്‍ കുഞ്ഞുഹൃദയമാദ്യമായ്‌ തുടിച്ച നേരം ,
കണ്‍പോളകളില്‍ തെറിച്ച ചുവപ്പാം രശ്മികളെ
ജയിപ്പാനായ്‌ കണ്‍തുറക്കാനഞ്ഞ നേരം ,
കഴിഞ്ഞീല (കഴിവില്ലാത്തവന്‍ ,ഭീരു ) പ്രധിഷേതാര്‍ഹമാം
കൈകാലുകള്‍ കുടഞ്ഞനേരമമ്മ കൈകളിലെടുത്തമ്മിഞ്ഞ
നല്‍കവേ, വീണ്ടും തഴപായതന്‍
മൃദുത്വമറിയവെ .. കണ്‍ തുറന്നു ഞാന്‍
ജ്വലിച്ചു നിലക്കുമര്‍ക്കനെയെതിരേറ്റു,
മിഴികളിലൊരു നിശ്ചയദാര്‍ട്യത്തോടെ.
പിന്നെ .. കല്പ്പടുവുകളിലാഞ്ഞു ചവുട്ടി
ഞാനെത്ര ദിനങ്ങള്‍ .
കഴിയുന്നീലിപ്പോള്‍
കത്തുന്ന സൂര്യനോടുച്ചത്തിലലറുവാനും
കണ്‍തുറന്നുണര്‍വിന്റെ നോവറിയുവാനും.
നിത്യനിദ്രയിലമര്‍ന്നമ്മതന്‍
കൈകളില്ലയെന്നെയുയര്‍ത്തുവാന്‍
അമൃത്‌ ചുരത്തും മാറിടമില്ല,
തഴ പായതന്‍ മൃദുത്വമില്ല ,
തളരുമ്പോഴുച്ചത്തിലലറാത്തൊരു വായുണ്ട്.
കത്തുന്ന സൂര്യനുമുണ്ട് ..
പക്ഷെ... എന്തുണ്ട് ?

Monday, August 17, 2009

പഴയകാല കവിതകള്‍ (തുടരും)

സമര്‍പ്പണം .....

എന്‍റെയീ കവിതകള്‍
(ഹൃദ്‌രക്തരേഖകള്‍ )
വികാര വേലിയേറ്റങ്ങള്‍ ,
ഇറക്കങ്ങള്‍.. തളര്‍ച്ച -
യകറ്റാന്‍ പാട്ട് പാടി
ത്തരും വാനമ്പാടികള്‍;

വിശുദ്ധിതന്‍ നിലത്തെ -
ഴുത്തുകള്‍, ഉണ്മതന്‍
വാതില്‍പ്പാളികള്‍
തുറക്കുമാജ്ഞാനുവര്‍ത്തികള്‍

പഴയ സംസ്കാരപക്ഷി-
തന്‍ തൂവല്‍ തഴുകും
വിശ്വാസങ്ങള്‍, ആത്മപ്രേ-
രണകള്‍, മോഹങ്ങള്‍ .

ഇതു താന്‍ നിങ്ങള്‍ക്ക്
സമര്‍പ്പണം, എന്‍റെ
ഹൃദയതുടിപ്പാം പ്രിയ
സ്നേഹിതര്‍ക്കായ്‌ മാത്രം…





പഴയകാല കവിതകള്‍ (തുടരും)

ഇതളുകള്‍ .... വരികള്‍ ....


സ്നേഹത്തിനു എങ്ങിനെ
ഒരു നിര്‍വചനം കൊടുക്കും …??
ജീവന്‍റെ നാളം കൊളുത്തിയവള്‍…
അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്നയാള്‍ …
കൈപിടിച്ചു നടത്തിയവര്‍ ….
ലഹരിയുടെ വഴങ്ങാത്ത നിമിഷങ്ങളില്‍
രാവിന് കൂട്ടിരുന്നവര്‍ …

ഇവര്‍ ….

നിര്‍വചനപദങ്ങളുടെ ചോരയും നീരും …………….



2

അമ്പലനടയിലെ അരയാല്‍മരം ……..
അതിന്‍റെ വേരില്‍ നിന്നാവാം
എന്‍റെ വീടിന്നുച്ചിയില്‍ ഒരു പുതുനാമ്പ് …..
വേരറ്റു പോയ നിമിഷത്തില്‍
ആഴങ്ങളിലൂടെ വേദനയറിയുന്നു …
അരയാല്‍മരം കണ്ണീര്‍ പൊഴിക്കുന്നു ……….

പഴയകാല കവിതകള്‍ (തുടരും)

നിഴല്‍ പാടുകള്‍ .........

തിരിഞ്ഞു നോക്കുന്നു ഞാന്‍…. .
ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന്
എത്തി നോക്കുകയാണ്
ഞാന്‍ കളഞ്ഞിട്ട
മയില്‍‌പീലി കണ്ണുകള്‍ …

തേടി വരുന്ന അമ്മയുടെ
പദസ്വനങ്ങള്‍… കണ്ണീരുപ്പിന്‍റെ
നനവുകള്‍… നോവിന്‍റെ ഒരു കടലാഴം
ദര്‍ശിച്ച വാല്‍സല്ല്യരൂപം …

വീര്‍പ്പുമുട്ടി ഭാണ്ട്ടകെട്ടില്‍
കുത്തി നിറച്ച് വഴിയില്‍ ഉപേക്ഷിച്ച
സ്വപ്ന കരിന്തുണ്ടുകള്‍ …

വേര്‍പാടിന്‍റെ അര്‍ദ്ധവത്തായ ഒരീണം …
നോക്കുന്ന നേരം മറയുന്ന രൂപം
വീണ്ടും തിരിഞ്ഞു നോക്കുന്നു ഞാന്‍…
എന്നിട്ടും …

തിരിഞ്ഞു നോക്കാതെ നടക്കാന്‍ പഠിക്കുന്നില്ല ഞാന്‍………



പഴയകാല കവിതകള്‍ (തുടരും)

ശിഷ്ടം..........

അങ്ങകലെ ….
എന്‍റെ കൊച്ചു ഗ്രാമത്തില്‍ ..
വിദൂഷകന്മാരുടെ ഇടയില്‍
വേര്‍തിരിഞ്ഞു കേട്ടൊരാ ശബ്ദം ,
രാത്രിയുടെ കൊല്ലുന്ന നിശബ്ദതയില്‍
ഒരു വിരഹഗാനത്തിന്നു
കാതോര്‍ക്കവേ, അവന്‍,
ചുണ്ടില്‍ ഗസലുകളുമായി
വന്നിരുന്നു ,
അവന്‍ രാപ്പാടിയായി …
ശ്യാമവര്‍ണ്ണം കുങ്കുമവര്‍ണ്ണത്തിന്
വഴി മാറി കൊടുക്കുന്നത് വരെ……
ഒടുവില്‍ …
തന്ത്രികള്‍ പൊട്ടിയ തംബുരുവില്‍
രാപ്പാടിയുടെ നിശ്വാസങ്ങള്‍
വിറങ്ങലിക്കവേ,
തുലനം ചെയ്യാത്ത ത്രാസ്സില്‍
ഞാന്‍ കുരുങ്ങി കിടന്നു …
"ശിഷ്ടം"
എന്നും…….. തീരാത്ത നഷ്ടങ്ങള്‍
കുമിഞ്ഞു കൂട്ടുന്നു ……………..

പഴയകാല കവിതകള്‍

അമ്മയാണ് ഞാന്‍..........

പണ്ടുണര്‍വിന്‍റെ ഊറ്റംകൊണ്ടേറെ
ഞെളിഞ്ഞോ ഞാന്‍
അതുമൊരു സ്വാഭാവികത മാത്രം.
ഇന്നെന്‍റെ കുഞ്ഞുങ്ങള്‍ പിറന്നപടി
മരിക്കുന്നു..
ചുരത്തുന്നു നീരുറവപോലെന്‍റെ മുലകള്‍

എന്‍റെ കറുത്ത മുത്തുക്കള്‍
അവരെന്‍റെ കണ്ണിന്‍റെ തെളിച്ചം ..
ജീവന്‍റെ തുടിപ്പ്,,,
അവരുടെ വിയര്‍പ്പുറ്റിവീഴെണ്ടോരീ
ദേഹം
പൊള്ളൂന്നിപ്പോള്‍ ചോരയും, കണ്ണുനീരുമാല്‍

Monday, August 10, 2009

അഭയം

ഇന്ന്
അയല്ക്കാരന് നേരെ വരുന്നത്
സഹാനുഭൂതിയല്ല .
കൂട്ടിച്ചേര്‍ക്കല്‍ എന്ന കര്‍മ്മം മാത്രം .

പഴയ പ്രമാണങ്ങളില്‍
വിതയും, കൊയ്യലുമില്ല .
താനേ മുളക്കല്‍ മാത്രമേ ഉള്ളൂ.
ഇപ്പോള്‍
ആരോ വിതച്ചത്
നമ്മള്‍ കൊയ്യുമെന്ന് മാത്രം.
അത് സ്പഷ്ടം .

വിരുന്നു മുറിയില്‍
അകമ്പടിക്കാരുടെ
തെരുകൂത്ത്.
ദാഹജലം തേടിയവള്‍ക്ക്
കൊടാലിയില്‍
അന്ത്യപ്രണാമം .
ആഴങ്ങളിലേക്ക്
പതിച്ചത്
ഒറ്റമനുഷ്യന്‍
കെട്ടിപ്പടുത്ത
സംസ്കാരഭണ്ഡാരം.

എന്നിലേക്ക്‌
വലിഞ്ഞു താഴുന്നത്
സൃഷ്ടിയുടെ
കാണാചരടുകളും .