സഹയാത്രികര്‍

Thursday, April 28, 2011

സീനിയര്‍ സിറ്റിസണ്‍


മുന്‍‌കൂര്‍ ഒരുക്കിയ
ഇരിപ്പിടങ്ങള്‍ ഉണ്ട് .

യാത്രാവേളകളില്‍
നിരക്കിളവുകള്‍ ഉണ്ട്.

നിക്ഷേപങ്ങളില്‍
പലിശ വര്‍ദ്ധനവുണ്ട് .

ഫോറങ്ങളുണ്ട്,
കൂടിചേരലുകളുണ്ട് ..

എല്ലാമുണ്ട് ..
വേണ്ടതെല്ലാം ..
പക്ഷെ
അമ്മേയെന്നും
അച്ഛാ എന്നുമുള്ള
വിളി മാത്രമില്ല.

കവിതയുടെ അന്ത്യം


എന്നില്‍ നിന്നും വേര്‍പെട്ടുപോയ
കവിതയെ ഞാനിന്നലെ
വഴിവാണിഭചന്തയില്‍
വില്‍ക്കാന്‍ വെച്ചിരിക്കുന്നത് കണ്ടു .

അതിന്റെ ഭാവനാചിറകുകള്‍
അരിഞ്ഞു മാറ്റിയിരിക്കുന്നു.
യാത്രയില്‍ എപ്പോഴോ
അക്രമിക്കപ്പെട്ടതാണ് .
ഞാന്‍ തഴുകി ഉണക്കിയിരുന്ന
കാര്‍കൂന്തലും
മുറിച്ചു മാറ്റിയിരുന്നു.

എന്റെ പാദചലനമറിഞ്ഞോ ആവോ !
ചോര ഉണങ്ങും കണ്ണിന്നരുകില്‍ കൂടെ
നീര്‍ച്ചാലുകള്‍ ഒഴുകുന്നു....

എന്നത്തേയും പോലെ
ഞാനിന്നും നിസ്സഹായന്‍ ആണ്...
എനിക്കറിയില്ല ഈ കവിതയെ...

Thursday, April 21, 2011

എന്‍ഡോസള്‍ഫാന്‍ രാഷ്ട്രീയം

പുകള്‍പെറ്റ കുടുംബമാണ് പോലും .
ചോരച്ച കണ്ണുകള്‍ ..
നീരിറ്റാത്ത കണ്ണുകള്‍..
പകലിനെ വെറുക്കും കണ്ണുകള്‍..
രാത്രിയിലുണരും കണ്ണുകള്‍ ..

കുടുംബാന്തരീക്ഷം
കലങ്ങരുതെന്നുണ്ട്.
തെളിനീരിലേ
പരല്‍മീന്‍ പോലും
വെളിപ്പെടുകയുള്ളൂ .

വീതംവെക്കലിലെ
ആശ്വാസ നിശ്വാസങ്ങളില്‍
കാരണവര്‍ക്ക്‌
ഒരെല്ലിന്‍ കഷ്ണം
കാഴ്ച വെക്കാറുണ്ട് .
ഒരു കുപ്പിക്കള്ളും, പശുവിറച്ചിയും .

നിലവറയില്‍
പൂജാ ദ്രവ്യങ്ങളോടൊപ്പം
ആഹിംസായ നമ: എന്ന മന്ത്രവും
പൂജയ്ക്ക് വെക്കും .

എന്നിട്ടല്ലേ
പുറത്തു അലമുറയിടുന്ന
തല വീര്‍ത്തവരെയും ,
ശരീരം കുറുകിയവരെയും,
ഇഴഞ്ഞു വന്നവനേയും,
ആട്ടിപ്പായിക്കാനാവുള്ളൂ .

കൂടാതെ
വിശുദ്ധ ജലമായ
എന്‍ഡോസള്‍ഫാനെ കൊണ്ട്
ഒരു ശുദ്ധി കലശവും .
ആഹിംസായ നമ :
ആഹിംസായ നമ:

Wednesday, April 20, 2011

ആസക്തി -- തുടര്‍ച്ച



ആദ്യത്തെ കൂപ്പുകുത്തി വീഴ്ചയില്‍ തന്നെ
കരളില്‍ കുടിയേറിയത്
വിഷാദമായിരുന്നു.

നഗ്നതയ്ക്ക് മേലെ
ഉഴറിവീണത്‌
താരാട്ടായത് കൊണ്ടാവാം .

ഇളംപുല്ലും, മഞ്ഞുകണവും
ചന്ദ്രികയും കോരിത്തരിച്ചിരുന്നു.

പിറവിയുടെ പൂര്‍ണ്ണതയില്‍
അനുഭവിച്ചറിയുന്നത്‌ ,
വികാരത്തിന്റെ
വിരലനക്കങ്ങളില്‍
പെയ്തു നിറഞ്ഞ
തൂവെള്ള മന്ദഹാസത്തെയാണ്.

എന്നും
പടര്‍ന്നു കയറി
എന്നിലേക്ക്‌
വേരുകള്‍ ആഴ്ത്തി
നീരൂറ്റുന്ന
നീലനയനങ്ങള്‍
പ്രപഞ്ചത്തിന്റെ
സത്യാവസ്ഥയുടെ പ്രതീകങ്ങള്‍ ആവാം.

എന്റെ കാണാസരോവരങ്ങളില്‍
നീരാട്ടിന്റെയോളങ്ങളിളക്കി
കലക്കി മറിച്ച് പോയതാരാവാം !

ഒരു നീണ്ട മുടിയിഴയെനിക്ക്
സമ്മാനിച്ച്
വാതായനങ്ങളുടെ
തുറന്ന വിശാലതയിലേക്ക്‌
ഊഴ്ന്നിറങ്ങിയാതാരാവാം !

വീണ്ടും ഉറക്കച്ചടവിന്റെ
അലസനേരങ്ങളില്‍
ആദ്യ നിര്‍വൃതിയായ്‌
മടങ്ങി വരുന്നതോ !

ആരുമാവാം എന്നുത്തരം!
ഞാന്‍ മാത്രമാണോയെന്ന് മറുചോദ്യം !

Wednesday, April 13, 2011

വിഷു കവിതകള്‍


കണി

കണി കണ്ടത്
അമ്മയുടെ ഉണങ്ങിയ
കണ്ണീര്‍ പാടുകള്‍ .
നിലവിളക്കിനു മുന്‍പില്‍
സമൃദ്ധിയുടെ കയ്യേറ്റം .
വിളറിയ ചിരിയാല്‍
ചൂടാറ്റി തന്നുവമ്മ
പാലടയും ,പാഴ്ക്കിനാവും ...

പടക്കം

ഒരു ഏറു പടക്കത്തിന്റെ
ചീറ്റിപ്പോയ ശബ്ദത്തില്‍
മയങ്ങികിടക്കുന്നു
എന്റെ ബാല്യവും, വിഷാദവും.
ആകാശത്തേക്കുയര്‍ന്ന്
നക്ഷത്രങ്ങളോട്
കിന്നാരം പറഞ്ഞു വന്ന
പടക്കത്തിനോട്
ഞാന്‍ മഞ്ഞു തുള്ളിയുടെ
നിര്‍വികാരതയെ പറ്റി
ചോദിച്ചിരുന്നു.....


കൈനീട്ടം


ഒറ്റ നാണ്യം നീട്ടിയ
ചുളുങ്ങിയ കൈകളുടെ
ദാരിദ്ര്യം വിളിച്ചറിയിച്ചത്
അകത്തളത്തിലുറക്കിക്കിടത്തിയ
ദുരഭിമാനമായിരുന്നു.

സദ്യ


നാക്കിലയില്‍ വിളമ്പിയ
റേഷനരി ചോറിന്റെ
അരുകില്‍
ഇഞ്ചിതൈരിന്റെ
ധാരാളിത്തം ..

Sunday, April 10, 2011

സൌഹൃദം


സൌഹൃദം

വാടിക്കരിഞ്ഞാലും കുഴപ്പമില്ല
ഓടി മറഞ്ഞാലും കുഴപ്പമില്ല
ഞാന്‍ നിന്നെയുമറിയില്ല
നീ എന്നെയുമറിയില്ല..

സ്നേഹം

എന്നിലേക്ക്‌ വലിഞ്ഞു താഴുന്ന
ദിശാബോധമില്ലാത്ത
ചിന്താ സരിത്തുകള്‍ക്ക്
വഴിവെട്ടി തന്ന യാത്രികന്‍ .
നീ ഉപേക്ഷിച്ച വാക്കിന്റെ
ശൂന്യമാം പേടകങ്ങള്‍
എന്നെ ചുറ്റുകയാണ് ഇന്നും.....

അന്ധകാരം

ധാരണകളും
തെറ്റിധാരണകളും കൂടി
വലിച്ചിഴച്ച് ദൂരങ്ങളിലേക്ക് ...
സൌഹൃദത്തിന്റെ
ദൂര കാഴ്ചകള്‍
എന്റെ ദാഹം അടക്കിയിരുന്നു.
ഒരു പ്രകാശ ദൂരം പോലെ
നീയിപ്പോഴെന്റെ കാഴ്ചയില്‍....

Friday, April 8, 2011

പുനര്‍ജനിയിലേക്ക്



അനന്തതയില്‍ തുടിക്കുന്ന
ചെറുതിരി വെട്ടത്തിന്റെ
നിര്‍മ്മമമായ സ്നേഹത്തിന്റെ
വറ്റാത്ത ഒളിനിറവ്.

എന്നിലേക്ക്‌ ചേര്‍ന്നൊഴുകുന്ന
തെളിനീരുറവയുടെ
കൈവഴികള്‍ .

പിരിഞൊഴുകേണ്ടി വന്ന
നിനവുകളുടെ
അടി തെറ്റിയ കയങ്ങളില്‍
ഒരു ഉറവയുടെ ആദ്യദാഹം
വിതുമ്പി കൊണ്ടിരുന്നു .

അനന്തമായ കടലിന്റെ
സംഗമ ഗൃഹാതുരയില്‍
വേര്‍പിരിവിന്റെ
വലിഞ്ഞു മുറുകല്‍ .

എന്നിലേക്ക്‌
പടര്‍ന്നു കയറുന്നത്
രാത്രിമയക്കത്തിന്റെ
നിശൂന്യതയില്‍
പിടഞ്ഞുണരുന്ന
ശബ്ദമില്ലാത്ത വാക്കുകളാണ്.

വാക്കുകള്‍ ഒന്നും പറയാതെ
തല താഴ്ത്തി മടങ്ങുന്നു.
നിര്‍ന്നിമേഷരായി ,
പ്രത്യാശയോടെ അവര്‍.

ഒരു പുനര്‍ജനിയുടെ
കണക്കുകള്‍ക്കിടയില്‍
യാത്രാനേരം മറന്ന
സഞ്ചാരിയെപ്പോല്‍ ഞാന്‍.

എന്നില്‍ നിന്നുള്ള
ദൂരമാണിപ്പോഴും
ഞാനളന്നുകൊണ്ടിരിക്കുന്നത് .

എന്നിട്ടും..
വാക്കുകള്‍ക്കും,
നോട്ടങ്ങള്‍ക്കും,
ഒരവധി പറഞ്ഞ്
പിറന്നിടത്തേക്കുള്ള
യാത്രയിലാണ് ഞാന്‍.
ഒരു പുനര്‍ജനിയുടെ സുഖം നുകരാന്‍....
( ഈ കവിത എന്റെ ഒരു പ്രിയ സുഹൃത്തിനു, അനിയന്... )

Friday, April 1, 2011

ഉള്‍നിറവുകള്‍


1. ഓര്‍ത്തുപോയീടുക നിങ്ങള്‍

ഒരു തിരി കൊളുത്തിപ്പോവുക നിങ്ങള്‍
അഴല്‍ തിങ്ങുമീയിരുള്‍ മാടങ്ങളില്‍ .
ഒരു ചിരി കൊരുത്തു പോവുക നിങ്ങള്‍
നിഴല്‍ താങ്ങുമീയനന്യ വാക്കോരങ്ങളില്‍ .
ഒരു വരി കാത്തു വെച്ചീടുക നിങ്ങള്‍
മഴ പെയ്തു തോരുവോളമെങ്കിലും .
ഒരു മുഖമോര്‍ത്തുവെച്ചുലാത്തീടുക നിങ്ങള്‍
കഴഞ്ചെങ്കിലുമുള്‍നിലാവൂറി നിറഞീടുവാന്‍ .

2. യാചന


കവിളൊട്ടിയ ചന്ദ്രന്‍
പുഞ്ചിരിക്കുന്നു.

മൌനിയായ പൂവിന്റെ ഭാവമെന്നും
ഒരേ തരത്തില്‍ നിഴലിക്കുന്നു.

ചന്ദ്രന്‍ സ്നേഹം
വാരിക്കോരി ചൊരിയുകയല്ല.
മറിച്ച് ...
യാചനയാണ്, സ്നേഹത്തിനായ് .

ഒറ്റപ്പെടലിന്റെ നിസ്സഹായതയില്‍ ..
അസ്തിത്വ ദുഃഖം പേറുന്ന
ചിന്തകളില്‍ കൂടിയുള്ള
യാചനയാണ് .
സ്നേഹം... സ്നേഹം...