സഹയാത്രികര്‍

Tuesday, June 29, 2010

പൂര്‍ണ്ണ സുഷുപ്തി



ഉറക്കത്തിന്റെ
പിരിയന്‍ ഗോവണികള്‍
കയറി പൂര്‍ണ്ണ സുഷുപ്തിയിലേക്ക് .

പതിവ് മന:സഞ്ചാരങ്ങളില്‍
ഉത്തരങ്ങളെനിക്ക് ചുറ്റും
മൂളിപ്പറക്കുന്നു.

മനസ്സുണങ്ങുകയാണ്.

ഒരു താരകത്തിന്റെ
ദൂരകാഴ്ചയില്‍
കണ്ണുകള്‍ പാതിയടയുന്നു.

നിശബ്ദതയില്‍
ഈയ്യലുകളുടെ
മര്‍മ്മരം തിരിച്ചറിയാം.

ഒരു രാത്രിഗാനത്തിന്റെ
അവസാന വരിയില്‍
അപൂര്‍ണ്ണത കലര്‍ത്തി ,
നിറങ്ങള്‍ പടരാത്ത
ചിന്തകളോടൊപ്പം
പൂര്‍ണ്ണ സുഷുപ്തിയിലേക്ക്.....

Thursday, June 17, 2010

മഹദ് വ്യക്തി പറയുന്നത്


എന്റെ ചേരിതിരിവ് ,
സ്വത്വ ബോധം,
എല്ലാം ഞാന്‍ തെളിയിച്ചു കൊണ്ടേയിരിക്കും.

കാളയിറച്ചിയില്‍
കാളന്‍ ചേര്‍ത്ത് കഴിക്കും.

ഇര വിഴുങ്ങിയവനെ,
സാധുവായ മനുഷ്യനില്‍
മ്രുദു ഹിന്ദുത്വം
ഞാന്‍ പൊന്നാട പോലെ ചാര്‍ത്തും.

ഇരട്ട വള്ളത്തിലായാലും
എന്റെ ഒരു കാല്‍ ശക്തിയായ്
ഊന്നികൊണ്ട് ഞാന്‍ നില്‍ക്കും.

സംവാദങ്ങളെ
വിവാദങ്ങളാക്കാനും തെയ്യാര്‍ .

ഞാന്‍ ഒരു ഇരയാണല്ലൊ..
ഇര മാത്രം.

Wednesday, June 9, 2010

പ്രണയത്തിനു നടുവിലെ വിശുദ്ധയുദ്ധം


ഉള്‍ചേര്‍ന്നിരുന്നത്
മനസ്സുകളായിരുന്നു.
പറഞ്ഞവസാനിപ്പിച്ചിരുന്നത്
തീരുമാനങ്ങളായിരുന്നു.

എന്റെയും അവളുടേയും
പ്രണയത്തിനു മേല്‍
ശൂലമുനയാല്‍ കോറി വരച്ചതാരാണ്.
അവിശ്വാസത്തിന്റെ ഇണചേരലില്‍
പിറവി കൊണ്ടത്
കൊടുങ്കാറ്റായിരുന്നു.
തീവ്ര പ്രണയത്തിന്റെ
നീല വിതാനങ്ങളില്‍
കടന്നുകയറ്റത്തിന്റെ
കറുത്ത മുദ്ര.

ഒരച്ചുതണ്ടില്‍ കറങ്ങിയവയെ
അസ്വസ്തതയുടെ കടലാഴങ്ങളിലേക്ക്.

പ്രണയത്തിനു മാത്രം
പുറമ്പോക്ക് ഭൂമിയില്ല .
എന്നിട്ടും
അതിര്‍ത്തി തിരിക്കാത്ത
സ്വര്‍ഗ്ഗ കാമനകളില്‍
ഞങ്ങള്‍ ഇല്ലാത്ത പുറമ്പോക്കിലേക്ക് .

കാവി കലരുന്ന പ്രണയ വര്‍ണ്ണങ്ങളില്‍
ചേരി തിരിയുന്ന കളങ്കം .

ചവിട്ടി മെതിക്കുന്ന
സ്വകാര്യതയിലേക്ക്
വീണ്ടും പിണഞ്ഞു കയറുകയാണ്
എന്റെ പ്രണയം..
ഞങ്ങളൊന്നാവുകയാണ്.
രണ്ടാത്മാക്കളുടെ
ശരീര ബന്ധനത്തില്‍
ഞങ്ങള്‍ കിതപ്പാറ്റുകയാണ്.
കാഴ്ച മറയ്കുന്ന
അസുന്ദര ലോകത്തില്‍
പ്രണയത്തിന്റെ
അലംഘിത നിര്‍വ്വചനം
അരക്കിട്ടുറപ്പിക്കുകയാണ്.

Friday, June 4, 2010

വഴി തെളിഞ്ഞപ്പോള്‍


സ്നേഹോഷ്മള ചിന്തകള്‍ക്കും
കരുത്തിന്റെ ഗാഥകള്‍ക്കുമിടയില്‍
എന്നിലാദ്യം

വേദനാത്മകമായി
വരള്‍ച്ച സൃഷ്ടിച്ചതാരാണ് .
ഓര്‍മ്മകളിലെ
തെക്കേ മച്ചില്‍ നിന്ന്
എണ്ണ വീണ് കറുപ്പിഴുകിയ
നിലത്തിന്റെ മണം ഉയരുന്നു.
പ്രഹേളികകളിലൂടെ,
കണ്ടുപിടുത്തങ്ങളിലൂടെ
ഒടുവില്‍ ശൂന്യത മാത്രം.
മടക്കത്തില്‍ കാണാത്ത രൂപങ്ങള്‍ ..
അതോ ആദ്യം കാണാതെ ഭാവിച്ചതോ?
അനുഭവങ്ങള്‍, പുസ്തകങ്ങള്‍ ...
ഒടുവില്‍
വളഞ്ഞ ആയുധത്തിന്റെ ശാസ്ത്രസത്യം
മിഥ്യകള്‍ക്കപ്പുറം
അലറുന്ന അഗ്നിവളയമായിരിക്കുന്നത് കണ്ടു.
അപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നു,
മുന്നേറ്റത്തിന്റെ സ്വരങ്ങള്‍,
ആത്മവിശ്വാസത്തിന്റെ
ചിലമ്പൊലികള്‍ ഉണര്‍ത്തിയവര്‍ .
ഞാന്‍ നിങ്ങളില്‍ അലിയുന്നു.

Wednesday, June 2, 2010

മധുരം മലയാളം മാഗസിന്‍

മധുരം മലയാളം മാഗസിന്‍ രണ്ടാം ലക്കം (ജൂണ്‍) തുറന്നിരിക്കയാണ്.

പ്രാവശ്യത്തെ സൃഷ്ടികള്‍ വായിക്കുക. അവയില്‍ ചിലത്.

പ്രാവശ്യത്തെ കേരള സാഹിത്യ അകാദമി അവാര്‍ഡ് നേടിയ ശ്രീ ബെന്യാമിനുമായ് ശ്രീ ഷംസ് ബാലുശ്ശേരി നടത്തിയ ഇന്റര്‍വ്യൂ.

മൌമൂദീസത്തിന്റെ കിനാലൂര്‍ പാത- ശ്രീ കെ. ടി കുഞ്ഞിക്കണ്ണന്‍ .

മുഖംമൂടി അണിഞ്ഞ വര്‍ത്തമാന കാല വര്‍ഗീയ കോമരങ്ങളെ പറ്റി ശ്രീ എം കെ ഖരീംപത്രാധിപകുറിപ്പില്‍.

ഉടല്‍ വെടിഞ്ഞ പ്രണയ ഗുല്‍മോഹറിനെ ഓര്‍മ്മിച്ചു കൊണ്ട് ശ്രീമതി സലില, ഖരീം, ഗിരിഷ് വര്‍മതുടങ്ങിയവര്‍.

വായനമുറിയില്‍ ഒതുങ്ങി പോകുന്ന ചിന്തകള്‍ കോര്‍ത്തിണക്കി വായന എന്ന പംക്തിയിലൂടെരണ്ടിടങ്ങഴി' എന്ന നോവല്‍ ഉയര്‍ത്തികാട്ടികൊണ്ട് ഗിരിഷ് വര്‍മ്മ .

ആരാഷ്ട്രീയക്കാരന്റെ യഥാര്‍ത്ഥ മുഖം വെളിച്ചത്തു കൊണ്ട് വരുന്ന ഷംസ് ബാലുശ്ശേരി യുടെഅരാഷ്ടീയക്കാരുടെ ഫാഷന്‍ പരേഡ്.'

പ്രവാസികളുടെ പ്രശ്നങ്ങളുമായ് ശ്രീ എന്‍ ഡി പ്രജീഷ് .

' ' സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ കവിതകളിലൂടെ ശ്രീ സീ പി അബൂബക്കര്‍.

കവിതയിലെ
ഇന്റര്‍നെറ്റ്‌ തിളക്കം എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീ ഹന്‍ല്ലലത്തിന്റെ അമ്മ ദിനം എന്നകവിത .

ഷംസ്
ബാലുശേരിയുടെ കിനാലൂര്‍ - മനുഷ്യക്കൊട്ട എന്ന കവിത .

സീ പി അബൂബക്കറിന്റെ ക്ഷൌരം എന്ന കവിത.

ഷിറാസ് ഖാദറിന്റെ ആള്‍ദൈവങ്ങള്‍ .....

കഥകളില്‍
തെളിച്ചമായി അനില്‍ സോപനത്തിന്റെ കഥ.

തുടങ്ങിയവയോടൊപ്പം സ്ഥിരം പംക്തികളും, വായിക്കുക
www.madhurammalayalammagazine.com