സഹയാത്രികര്‍

Saturday, January 14, 2012

വീടണയാത്തവര്‍


പാതിവഴിയില്‍ ആണ് ഇറങ്ങിയത്‌.
കുരുതി നടക്കുന്നിടത്തേക്കാണ്‌ പോയത്.
അത് മാത്രമറിയാം .
തിരികെ വീടണയാത്തതാണ്‌ മനസ്സിലാവാത്തത് .

പത്രമാഫീസുകള്‍ കയറിയിറങ്ങിയതാണ് .
ചാനലുകള്‍ വെടിപറഞ്ഞാഘോഷിച്ചതാണ് .
പക്ഷെ വീടണഞ്ഞില്ല .

വീട്ടിലെ കരുവേപ്പു ചെടി ചോദിച്ചു .
" ഇന്ന് വെള്ളം കണ്ടില്ല "
നിന്റെ ദാഹം അകറ്റേണ്ടുന്നവന്‍ വീടണഞ്ഞില്ല .
നിനക്ക് വേണ്ടി വെള്ളം കോരിയവന്‍ .

കാര്‍ബണ്‍ പൊടി തെറിപ്പിച്ച്
അരളി മരം പറഞ്ഞു.
" ഇന്നിവിടെയെങ്ങും ആ ശബ്ദം കേട്ടില്ല "
ആരോ നിശബ്ദമായ് മൊഴിഞ്ഞു .
" എവിടെയും കണ്ടില്ല "

വീട്ടിലെ ചെത്തി തേക്കാത്ത ചുമരും ,
മറയില്ലാത്ത കിണറും ,
കയറും, പാളയും ,
മുറികളില്ലാത്ത വീടും പറഞ്ഞു.....
" ഞങ്ങള്‍ക്കാ ശബ്ദം മാത്രം മതി .
ഇടവഴി കടന്നൊന്ന്
കയ്യാല മറിഞൊന്ന്
വന്നാല്‍ മതി.
ആ പദസ്വനം കേട്ടാല്‍ മതി "

കാറ്റിനു മാത്രം അറിയാമായിരുന്നു ആ രഹസ്യം.
വീടണയാതെ പോയവരുടെ കഥകള്‍ .

Thursday, January 12, 2012

വന്മരങ്ങള്‍ക്കൊപ്പം ഒരു കുഞ്ഞുചെടിയും ...



വന്മരങ്ങള്‍ക്കേ

കൊടുങ്കാറ്റിനെ
പേടിക്കേണ്ടതുള്ളൂ....

കാറ്റിന്റെ നീണ്ട

താണ്ഡവ രാത്രികളിലൊന്നില്‍
ഇല കൊഴിഞ്ഞമര്‍ന്ന
പതുപതുപ്പുള്ള ആവരണത്തിന്നടിയില്‍
ജന്മസുകൃതത്തെയോര്‍ത്ത് ഞാന്‍ .
മുടിയഴിഞ്ഞ കാറ്റിന്റെ ഹുങ്കാരം
എന്റെ ജീവനില്‍ ഊഷ്മളതയായി.

നനവിന്റെ ഊറലിലൂടെ
കറുത്ത പശിമയുള്ള മണ്ണിലേക്ക്
ഒരു കുഞ്ഞു വേര്.
രോമരാജികള്‍ പടര്‍ന്ന കുഞ്ഞു നോവ്‌.
എന്റെ പൊട്ടിവിടരലലില്‍
ഞാനൊന്ന് വിജ്രംഭിച്ചിരുന്നു .
കാറ്റൊന്നു പരിഹസിച്ചു...
മഴയൊന്നു തൂവി തെറിപ്പിച്ചു...
ഞാന്‍ വളര്‍ന്നു തുടങ്ങി......
അന്ന് വീണ്ടും കാറ്റടിച്ചു.
ആ ഹുങ്കാരവത്തില്‍
രാവിന്റെ അന്ത്യയാമത്തിലാണത്രേ
അതെന്റെ തൊട്ടരുകിലായ് നിപതിച്ചത് .
ആ വന്മരം.
മണ്ണിലമര്‍ന്ന അതിന്റെ കൂറ്റന്‍ ചില്ലകളില്‍
തലചായ്ക്കാന്‍ അപ്പോള്‍ ഞാന്‍ വെമ്പല്‍ കൊണ്ടു.
അപ്പോഴും മുകളില്‍ കാറ്റങ്ങിനെ വീശി വീശി .....

Wednesday, January 4, 2012

ഷര്‍മിളയിലേക്കെത്ര ദൂരം !!



ഷര്‍മിളാ നീയാരെയും പ്രണയിക്കരുത്.
നീയൊരു പ്രതീകമാണ്.
നീയിപ്പോള്‍ ചില്ലുകൂട്ടിലെ
ഒരു അപൂര്‍വ വസ്തുവാണ്.
നിന്റെ നിശ്ചലാവസ്ഥയില്‍
ചവിട്ടിയാണ് ജനങ്ങളുടെ നില്‍പ്പ് .
നീ പ്രണയിച്ചാല്‍ ,
സ്വകാര്യങ്ങള്‍ പറഞ്ഞാല്‍ ,
സകലതും തകരുമെന്ന്
അവര്‍ ഭയക്കുന്നു .
കെട്ടിപ്പടുത്തതൊക്കെയും...
നിന്റെ അനുയായികള്‍ നിന്റെ ക്ഷേമം കാംഷിക്കുന്നവര്‍ !!!

കുരുതിയോര്‍മ്മകള്‍




കുരുതി കഴിഞ്ഞു.
വെളിച്ചപ്പാട് ബൈക്കില്‍ യാത്രയായി.
നീര്‍ചാലായ് ഒഴുകിയ കുരുതി വെള്ളം
ചത്ത പാമ്പ് പോല്‍ കിടന്നു.
കരിഞ്ഞ തിരികള്‍
മഞ്ഞള്‍ പൊടിയില്‍ കുളിച്ചുറങ്ങി .
നിലാവിന്റെ ഒരു കഷ്ണം പീഠത്തില്‍ ,
ചുവന്ന പട്ടില്‍ വീണു കിടന്നു.
കുരുത്തോലകള്‍
തൂങ്ങിച്ചത്ത രാമനെ ഓര്‍മ്മിപ്പിച്ചു.
കുരുത്തോല പോലെ മെലിഞ്ഞവന്‍ .
കൈനീട്ടി വാങ്ങിയ പൂവിതളുകളില്‍
ചിറകൊടിഞ്ഞ ഒരു പൂമ്പാറ്റ .
തെറിച്ചു വീണ തീര്‍ഥകണങ്ങളില്‍
വിയര്‍പ്പുനാറ്റം .
കരിന്തിരി കത്തുന്ന ശ്രീകോവിലില്‍
വിളറിയൊരു മുഖം.
രാത്രിയുടെ അവസാന യാമത്തില്‍
നിഴലിനെ പ്രണയിച്ചും, കാമിച്ചും ഞാന്‍.
തെങ്ങിന്റെ നിഴല്‍പ്പാടുകളില്‍
ഇന്നും കത്തിയെരിയാത്ത ഒരു ചിത....
അമ്മയ്ക്ക് ഇപ്പോഴും വിശക്കുന്നുണ്ടത്രേ!!!