സഹയാത്രികര്‍

Tuesday, January 25, 2011

സൂര്യനെ തേടുന്ന കണ്ണുകള്‍

കണ്ണുകള്‍ എപ്പോഴും
തുറന്നു വെയ്ക്കാനാണാഗ്രഹം .
ഇമയനങ്ങാതെ .
കരടുകള്‍ തീര്‍ക്കുന്ന
ഓരോ ദുരന്തങ്ങള്‍ക്കും
ഇന്ന് ദൂരങ്ങളില്‍പ്പോലും
തീര്‍പ്പ് കല്‍പ്പിക്കാനാവുന്നില്ല.

നിന്റെ മിഴികളില്‍ ഞാന്‍ കണ്ടതും
പാഴ് മരങ്ങളുടെ നിഴല്‍ .
നഷ്ടപ്പെട്ട വനാന്തര്‍ഭാഗത്തെ
പൊളിഞ്ഞ കാവല്‍മാടവും ,
പുല്ക്കുടിലും, മാന്‍പേടയും..

സൌഹൃദത്തിന്റെ കണ്ണിലൂടെ
നിന്നെ നോക്കുമ്പോഴെല്ലാം
കുളമ്പടിച്ച് കുതറുന്ന
ഒരു കുതിരയെ കാണാം .
കടിഞ്ഞാണില്ലെങ്കിലും
കെട്ടിയിടപ്പെട്ട
കുതിപ്പിന്റെ പ്രസരിപ്പറിയാം..

കണ്ണുകള്‍ ഏറെ പറയുമത്രേ .
വാക്കിന്റെ സഞ്ചാര പഥങ്ങളില്‍
വരി തെറ്റാതെ
ഓരോ രാത്രിയിലും
അവയെന്നോട് സംസാരിക്കാറുണ്ട്.

സ്നേഹത്തിന്റെ തിളക്കം ,
ചതിയുടെ മാറാട്ടം ,
ഇണക്കങ്ങളുടെ വേഗതയും ,
പിണക്കങ്ങളുടെ രൌദ്രതയും വരെ
തീര്‍പ്പ് കല്‍പ്പിക്കുമിടം.

കണ്ണടഞ്ഞ സ്നേഹ രാഹിത്യത്തിന്റെ
തെരുവ് സ്പോടനങ്ങളിലും
തുറന്ന കണ്ണുമായ് അനേകര്‍..

കൃഷ്ണമണിയുടെ
ആലംബമില്ലാത്ത തേങ്ങല്‍
ഇന്നെന്നെ തളര്‍ത്തുന്നു.
കറുപ്പിന്റെ ശൂന്യതയില്‍
വന്യമായ ഒരു നിലവിളി...

കാഴ്ച മടുത്ത
എന്റെ ലോകത്തിലേക്ക്
ഉള്‍ക്കാഴ്ചയുടെ തിട്ടൂരമായ്
ഒരാള്‍ കൂടി ഇനി വരാനുണ്ട്..

എന്നെ കുടഞ്ഞു വീഴ്ത്തുന്ന ,
കണ്ണേറ് തട്ടിച്ചു തളര്‍ത്തുന്ന
ആത്മാക്കള്‍ക്ക് നേരെ
പിടയുന്ന സത്യമായ്
നീ തുറിച്ചു നോക്കുക....

Friday, January 21, 2011

ഒഴുകാത്ത ജലം

പുലര്‍കാല സ്വപ്നത്തിന്റെ
തെളിഞ്ഞ വിശാലതയില്‍
പതിവുതെറ്റാതെ വന്നിരുന്നൊരു
പൂവിന്റെ ജീവിതവും, മരണവും.

തേഞ്ഞുതീര്‍ന്ന കൌമാരത്തിന്റെ
ഇരുണ്ട വനസ്ഥലികളിലെ,
നിഗൂഡ യാത്രവഴികളിലെ
കല്‍പ്പടവുകളിടിഞ്ഞ കുളം .

ഇരുള്‍ പരന്ന കുളം,
പായല്‍ നിറഞ്ഞത്‌ ,
ഒറ്റ പൂ മാത്രം വിരിഞ്ഞത്,
മധ്യത്തില്‍ വിടര്‍ന്ന കണ്ണുകള്‍.....

കണ്ണടയുന്ന ഏതോ നിമിഷങ്ങളില്‍
ദളങ്ങളടര്‍ന്നത് , അലിഞ്ഞു താഴുന്നു ...
മിഴിദളങ്ങള്‍ പോലും ....

പായലുകള്‍ വകഞ്ഞു മാറ്റിയ
സ്വപ്നവും യാഥാര്‍ധ്യങ്ങളും
ശുദ്ധമണലിന്നടിയില്‍
പടര്‍ന്നലിഞ്ഞ പൂവിനെ
കാണിച്ചു തന്നുകൊണ്ടിരുന്നു....
എന്നും... എപ്പോഴും...

Wednesday, January 19, 2011

തീരാനഷ്ടം

ഒരിക്കല്‍ കണ്ണ് തുറന്നതാണ്.
അപ്പോള്‍ എതിര്‍ ദിശയിലെ കണ്ണില്‍
തിളക്കം കണ്ടതാണ്.
എന്നിട്ടും
അവയവങ്ങള്‍ പറിച്ചെടുത്ത്
ഞങ്ങളെ അലയാന്‍ വിട്ടതാണ്.
പക്ഷെ ആ അലച്ചില്‍
ഇന്നും ചേര്‍ന്നു തന്നെയാണ്...

അതാണല്ലോ
അവന്റെ മാറില്‍ നിന്ന്
കൈ പറിച്ചെറിഞ്ഞ്
അവള്‍ ഓടി വന്നെന്നെ
പുണര്‍ന്നു പറഞ്ഞത്.
ഞാനെന്നും നിന്റെതാണെന്ന്....

Saturday, January 1, 2011

മയക്കിത്തിനൊടുവില്‍

എന്റെ കൈത്തണ്ടയില്‍
കിടന്നാണ് അവന്‍
ഉറങ്ങിയിരുന്നത്.
അര്‍ദ്ധ മയക്കം...
ഇടക്കെപ്പോഴോ പിറുപിറുത്തുകൊണ്ടിരുന്നു.
മരവിച്ച കൈയ്യിന്റെ
അറിയാത്ത ചലനങ്ങളില്‍
ഞാന്‍ വേപധു പൂണ്ടിരുന്നില്ല .
മയക്കത്തിനൊടുവില്‍
തടിച്ച കണ്പോളകള്‍ തുറന്ന്
അവനെന്നെ വീണ്ടും പുണര്‍ന്നു.
തടിച്ച ഫ്രൈമുള്ള കണ്ണട
ധരിച്ച് അവന്‍ പോകാനൊരുങ്ങി .
പ്രാകൃതമായ ഒരു ചിരി
കണ്ടോ ഞാന്‍ അവനില്‍?