സഹയാത്രികര്‍

Thursday, April 18, 2013

അച്ഛന്‍ വീണ്ടും



അമ്മയുടെ മണം അച്ഛനില്‍ നിന്ന് ..

അച്ഛന്റെ ചുണ്ടിലൂടെ
അമ്മയുടെ ഉദരത്തിലേക്ക്.
അടിപ്പാവാടയുടെ
അളവെടുക്കുന്ന പോലെ
അച്ഛന്റെ കൈകള്‍ അരഞ്ഞാണ ചരടില്‍ ....
കൂവിയാര്‍ത്തപ്പോള്‍ കൈ തടഞ്ഞു...
പിടഞ്ഞപ്പോള്‍ ചേര്‍ത്തമര്‍ത്തി ..
ഞാനിപ്പോള്‍ തീവ്ര പരിചരണത്തിലാണ് .
കുഴലുകള്‍ എന്നിലൂടെ സഞ്ചരിക്കുന്നു.
ഞാനിപ്പോള്‍ മയക്കത്തിലാണ് .
അമ്മ പാല്‍ക്കുപ്പിയുമായി അരുകിലുണ്ട് .
അച്ഛന്‍ അംഗന്‍വാടിയില്‍ കൊണ്ടുപോവാന്‍ ......

ഇഴജന്തു



തണുപ്പൂറും ഇടങ്ങളിലൂടെ
അവന്‍ ഇഴയുന്നു.
ആലോസരമുണ്ടാക്കിക്കൊണ്ട് .

ഇടയ്ക്കൊന്നു പത്തി വിടര്‍ത്തും .
മകുടികള്‍ക്കനുസരിച്ച് ആടും .
ഇര വിഴുങ്ങുന്ന നേരത്ത്
ആമാശയം ഒരുങ്ങി നില്‍ക്കുന്നു.
ദഹന നീരുമായി .
ഒരിരയും ആമാശയത്തില്‍
എത്തപ്പെടാതെ പോകുന്നില്ല.

തീരെ ഇടുങ്ങിയ ഇടവഴികളില്‍
പതുങ്ങി കിടക്കുമ്പോള്‍
രാത്രി സഞ്ചാരങ്ങള്‍ ഭീതിതമാവുന്നു .
പകല്‍ മയക്കത്തിന്റെ
വഴുതുന്ന നേരറിവുകളില്‍
സായാഹ്നസഞ്ചാരങ്ങളുടെ
പിരിമുറുക്കത്തിന്റെ കെട്ടുകളഴിയുന്നു .

ഇടവേളകളിലെ ഉറയൊഴിക്കലില്‍ മാത്രം
മനസ്സിന്റെ സാന്നിധ്യം ഉണ്ടാവും.
ഇല്ലിക്കാടുകളുടെ വേലിയൊഴുവുകളില്‍
കാറ്റിന്റെ കുസൃതികളില്‍ ചിലപ്പോള്‍
പടം വിരിക്കാന്‍ ശ്രമിക്കും.
അകന്നു പോയ ശരീരത്തിന്റെ
വിടാത്ത അടുപ്പം ചില ശൈത്യ രാത്രികളില്‍
അഹങ്കാരമായി ജ്വലിക്കും.
നന്ദികേടിന്റെ തെളിവെളിച്ചം പോലെ
ഇല്ലിക്കാടുകള്‍ക്കിടയില്‍ എന്നും
ഒരു ശവമല്ലാത്ത ശവമായ്‌ കിടക്കുമ്പോഴും ....

ഞാന്‍ തന്നെ സാക്ഷിയും



അമ്മയുടെ കണ്ണില്‍ സമുദ്രം വറ്റുന്നില്ല .
അച്ഛന്റെ മുന്‍പില്‍ നേര്‍ രേഖയില്‍ പോകുന്ന വഴികള്‍
ശൂന്യതയില്‍ ലയിച്ചു ചേര്‍ന്നു.
ഇടവഴി കടന്നെത്തിയ
ചോരപ്പാടുകള്‍ തീര്‍ത്ത തുണിക്കെട്ടില്‍
പിറക്കാത്ത ഇതിഹാസങ്ങള്‍
ചത്ത ഭ്രൂണങ്ങള്‍ ആയി അളിഞ്ഞു.
ചളിയും മണ്ണും അലിഞ്ഞ് ചേര്‍ന്ന്‌
നെഞ്ചിനെ തണുപ്പിച്ചപ്പോള്‍
മുറിവിലൂടെ മണ്ണിനെ ഞാന്‍ തൊട്ടറിഞ്ഞു....
മഴയുടെ ഗന്ധം ഞാനറിഞ്ഞു.
എനിക്ക് പൂക്കള്‍ അര്‍പ്പിച്ചു മടങ്ങുന്ന
കുഞ്ഞുങ്ങളുടെ പതിഞ്ഞ കാലടിശബ്ദം കേള്‍ക്കാം ...
ഒരു രക്തത്തിലും ഇനിയെനിക്കൊരു പുനര്‍ജ്ജന്മം വേണ്ട.
നീയന്റെ ഞരമ്പിലോടിയത് ഇതിനായിരുന്നല്ലേ !!!

പാര്‍ട്ടിഗ്രാമം



എന്റെ ഗ്രാമം
ഞങ്ങളുടെ ഗ്രാമം
പാര്‍ട്ടി ഗ്രാമമെന്ന് നിങ്ങള്‍ പറയുന്നു.
വടിവാളും , കുറുവടിയും , ബോംബും ഉണ്ടന്ന്
നിങ്ങള്‍ പറയുന്നു.
എന്റെ വീടിനു ചുറ്റും ഒരു വേലിയുണ്ട്.
വേലിയില്‍ ചുറ്റി മൂര്‍ഖന്‍ പാമ്പുണ്ട്.
ഇടവഴി ചുറ്റി ഒന്ന് പോയാല്‍ അതിരാണിപ്പാടത്തെത്തും .
തൈപൂയം കൊണ്ടാടും കാവ് കാണാം .
ഉറൂസു നടക്കും വടക്കേ പള്ളി കാണാം .
അതിനിടക്ക് ചുവന്ന കൊടി ഉയര്‍ന്ന ഏരിയ കമ്മറ്റി ഓഫീസ് കാണാം .
കാറ്റ് വീശുമ്പോള്‍ ഇപ്പോഴും പഴശ്ശി മലയുടെ മണമുണ്ട്.
ഇന്നും കാറ്റിനു മൈലാഞ്ചിയുടെ മണമുണ്ട്.
ഒപ്പനയുടെ താളമുണ്ട് .........
ഇനി നിങ്ങള്‍ പറയേണ്ട........
എന്റെ ഗ്രാമത്തെ പറ്റി.........
തലസ്ഥാനത്ത് ഇരുന്ന് കാണാത്ത ഗ്രാമങ്ങളെ കുറിച്ച്...

ആള്‍ദൈവപോരാട്ടങ്ങള്‍




ഞങ്ങളുടെ ദൈവത്തിനു നേരെ

ഒരു കയ്യും ഉയരരുത് .
ഒരു നാവും ശബ്ദിക്കരുത്.
നേര്‍ക്കുനേര്‍ നടന്നുവരരുത് .

മുട്ടിലിഴഞ്ഞു വന്നാല്‍ ഭക്തരാവാം.
കൂലിയില്ലാതെ വേല ചെയ്താല്‍
ദാസരാവാം.
മൊഴികള്‍ ഹൃദിസ്ഥമാക്കിയാല്‍
കാല്‍നക്കിയാവാം.

ശരണമന്ത്രങ്ങള്‍ ആശരണര്‍ക്കല്ല.
വിദ്വേഷം ചവച്ചരയ്ക്കാനല്ല .
വെള്ളപുതപ്പിയ്ക്കും മുന്‍പ്
ചതച്ച നാവില്‍ തേയ്ക്കാനുള്ള
വയമ്പാണ്.

ഓര്‍മ്മതെറ്റിയിനിയിങ്ങനെ വന്നാല്‍
വെള്ളപുതപ്പിയ്ക്കും ഞങ്ങള്‍.
അവസാനമൊഴി കൊണ്ട്
ഈയമുരുക്കിയൊഴിച്ച്
അടയ്ക്കും ഞങ്ങള്‍ .....

പറയാന്‍ വൈകിയത്




ഒഴുക്കന്‍മട്ടിലാണ് തുടങ്ങിയത്.

വാക്കുകള്‍ അടുക്കും ചിട്ടയുമില്ലാതെ ...
പിന്നീടെപ്പോഴോ ഒരൊഴുക്കു വന്നു ചേര്‍ന്നു.
കഥകള്‍ പറഞ്ഞ് പറഞ്ഞ്
കവിതയില്‍ അവസാനിപ്പിച്ചു .
നേരത്തോടു നേരം മുഖാമുഖം .
പ്രഭാത സൂര്യനും, ഇളംകാറ്റും പഴി പറഞ്ഞു.
കാറ്റാടി മരങ്ങള്‍ തലകുലുക്കി പ്രിയം ഭാവിച്ചു.
ഉച്ചനേരത്തെ വരണ്ട കാറ്റ് നേരത്തെ പിണങ്ങിപ്പോയി.
ഒറ്റതൂവല്‍ പൊഴിച്ച് വാലാട്ടിക്കിളിയും ...
സായന്തനത്തിന്റെ അലസമൌനം
വേവലില്‍ മുങ്ങിനിവര്‍ന്ന ഹൃദയാകാശത്തില്‍
വിങ്ങല്‍ അമര്‍ത്തിക്കൊണ്ടിരുന്നു.
രാത്രിയിലേക്ക്‌ അമരുന്ന അന്ത്യനേരത്തില്‍
നേരിന്റെ ചാട്ടുളിയേറേറ്റ് വീണ്ടും ..........

ദൈവ സാന്നിധ്യം



ദൈവത്തിന്റെ പത്തു കല്‍പ്പനകള്‍
ഏറ്റുവാങ്ങിയത് നിന്റെ തലമുറ തന്നെയായിരുന്നോ !!
യഹൂദാ അടങ്ങുക...

കുറ്റിയറ്റു തീരുന്ന നിന്റെ ജന്മപരമ്പരകളില്‍ നിന്നും
നീ ഇനി മണ്ണിലേക്ക് മടങ്ങുക..
യഹൂദാ അടങ്ങുക..

പെറ്റുവീണ കുഞ്ഞിന്റെ പാല്‍പുഞ്ചിരിയില്‍
തെരുവില്‍ അലസനായ് നീങ്ങുന്ന കുട്ടിയില്‍
പ്രാര്‍ഥനാ വസ്ത്രം അണിഞ്ഞ യുവതിയില്‍
നിന്റെ കിരാത മേധാവിത്വം
തീയുണ്ടകള്‍ വര്‍ഷിക്കേ
പത്തല്ല .. നിനക്കെത്ര കല്‍പ്പനകളാണ്
പതുങ്ങിയിരിക്കുന്ന ദൈവമിനി കനിഞ്ഞരുളേണ്ടത്..
യഹൂദാ അടങ്ങുക.

സവര്‍ണ്ണപ്പേടി




ചിന്തിച്ചു ചിന്തിച്ചുറങ്ങി .
സവര്‍ണ്ണാ സവര്‍ണ്ണാ
എന്ന് ശാപത്തോടെ പുലമ്പി.
ചാണകവെള്ളം കലക്കി
സവര്‍ണ്ണന്‍ നടന്ന പാതയില്‍ വീഴ്ത്തി.
കരിക്കട്ട കൊണ്ട് ചുവരില്‍ എഴുതി
കാര്‍ക്കിച്ചു തുപ്പി.
കൈലേസ്സുകൊണ്ട് സവര്‍ണ്ണരൂപമുണ്ടാക്കി
ചവിട്ടിയരച്ചു.
മതേതരത്വ പ്രസംഗങ്ങളില്‍
സവര്‍ണ്ണനെ ചാട്ടവാര്‍ പ്രയോഗം നടത്തി.
ഉറക്കത്തിലുഷ്ണത്തില്‍
പകലിരവുകളില്‍
ഒരേയൊരു മന്ത്രം ..
സവര്‍ണ്ണ മന്ത്രം .
ആ സുവര്‍ണ്ണ മന്ത്രം മാത്രം.

കൊച്ചു വരികൾ

1.   
കാട്ടാളന് കവിയാകാം
കവി കാട്ടളനാകരുത്............
 
2.

നമ്മളുള്ള ദിക്കില്‍
എനിക്കൊന്ന് പെയ്യണം .
ഞാന്‍ പെയ്തു തീരുമ്പോള്‍
നമ്മള്‍ക്കൊന്നായൊഴുകാം
 
 
 


ജീവിതം

ഇരുപത്തഞ്ചു പവന്‍
പെറുക്കികൂട്ടി ഒരുക്കിക്കൊടുത്തു.
രണ്ടു ലക്ഷം അടിത്തറ ഇളക്കിയും.
എന്നിട്ടും....
പൊന്നുമോള്‍ നേരത്തെ സ്വര്‍ഗം പൂകി...
ഭക്ഷണം ഒരുക്കുമ്പോള്‍
ഒരു പൊട്ടിത്തെറിയോടൊപ്പം....

ഒരു ചേര്‍ന്നെഴുത്ത്



  (ശുദ്ധമായ നരവര്‍ഗ്ഗം ഇന്ന് ലോകത്തില്‍ ഒരിടത്തുമില്ലല്ലോ . (എസ് കെ പൊറ്റെക്കാട്‌ )

ഇരുട്ടില്‍ തിളങ്ങുന്ന
എന്റെ മുഖത്തിന്
ഞാന്‍ ഏത് രാജ്യത്തിന്റെ
പേരിടും?
അതില്‍ കാപട്യമോ, വിഹ്വലതയോ
മുഖങ്ങളില്‍ നിന്നും വഴുതുമ്പോള്‍..!

മുള്‍ വേലികളില്‍ കുടുങ്ങിയ
നിശ്വാസങ്ങളും , ചേതനയും.
അവസാനം പറഞ്ഞ വാക്കിന്റെ ശകലവും..
എന്റെ നാട്... എന്റെ നാട്...

ഒരേയൊരു സൂത്രധാരന്‍




സൂത്രധാരനെ മറന്ന്

വിദൂഷകന്മാര്‍ അരങ്ങു വാഴുന്നു.
രാവേറെ ചെല്ലുമ്പോള്‍
പിന്‍ കുടുമ മാറ്റി
തറ്റഴിച്ച്‌
വേദിക്ക് പുറകില്‍ കൂത്ത് നടത്തുന്നു.
സൂത്രധാരന്റെ തന്തയ്ക്ക് വിളിക്കുന്നു...

അരങ്ങ് ഇരുണ്ട് തെളിയുമ്പോള്‍
സൂത്രധാരന്‍ വീണ്ടും അരങ്ങില്‍.
സുസ്മേര വദനനായി.
സദസ്സില്‍ ആരവം .
സൂത്രധാരന്‍ ഒന്നേ ഉള്ളൂ....

ആരവങ്ങള്‍ക്കിടയില്‍
അരങ്ങിന്റെ ഓരം പറ്റി
ഒരു നിഴല്‍ വിതുമ്പി....
അവനു പേര്‍ മാന്യന്‍.
ഒടുവില്‍ മാന്യനും നന്ദി പറഞ്ഞ്
ജനക്കൂട്ടം അടുത്ത വേദിയിലേക്ക് പിരിഞ്ഞു....

വറ്റിയ പ്രണയം




എന്നെയിനി പ്രണയിക്കേണ്ട


അതിന്ന് വറ്റി വരണ്ട നദി

നെല്ലിപ്പടി കണ്ട കിണര്‍
പറഞ്ഞു പറഞ്ഞു പൊട്ടിയ വാക്ക്.
പിന്നിപ്പോയ ആകാശം .
നെഞ്ചലച്ചൊരു കരച്ചില്‍.

അതിന്ന് രാത്രിയില്‍ തനിച്ചാവല്‍.
പകലില്‍ തേടിയലയല്‍ .
ഇരുളില്‍ ഞെട്ടിയുണരല്‍.
സന്ധ്യയിലൊരാത്മഗദം...

വായിച്ചു തീരാത്ത പുസ്തകം
പാതി വായിച്ചത്.

അന്ന് സുനാമി വിതച്ച കടല്‍ .
ഇന്നതൊരു ചാവുകടല്‍ .

പ്രണയമില്ലെങ്കിലെന്ത്?
നീയുണ്ടല്ലോ എന്നരുകില്‍.

Sunday, March 17, 2013

Don't call me ( Jagadeesh Chavara യുടെ ഓര്‍മ്മയില്‍ )



ഒരു മൌസ് ക്ലിക്കിലൂടെ
നീയെന്റെ ഹൃദയത്തില്‍ തൊട്ടിരുന്നു.
മഞ്ഞച്ചിരി കാണിച്ച്
നിന്റെ സന്ദേശങ്ങളും.
പൊള്ളുന്ന വാക്ക് പ്രഹരങ്ങളില്‍
ഉള്ളുരുകുമ്പോള്‍
നീയൊരു സ്പര്‍ശമായ് അനുഭവിപ്പിക്കും.
ചിലരുടെ അസാന്നിധ്യം
ശൂന്യതയ്ക്ക് അരയ്ക്കിട്ടുറപ്പിക്കല്‍.
മായികമായ ഒരറിവിന്റെ
പൊട്ടിത്തരിച്ച ഏതോരു
നിമിഷത്തിലാവാം നിന്റെ തിരിച്ചുപോക്കിന്റെ
തിരിച്ചറിവും.
അല്ലെങ്കില്‍ പിന്നെ ...
"Don't call me ..."
മനസ്സിലായിരം വട്ടം വിളിച്ചു നോക്കി .
പിന്നെയും നീ പറയുന്നു.
" Don't call me ........"

എന്‍ഡോസള്‍ഫാന്‍ ചതി



ഇരകള്‍ക്ക് നേരെ ഇളിച്ചുകാട്ടി
കടന്നു പോവുന്നവര്‍.
മാവിന്‍ ചോട്ടില്‍ ഒരു കുഞ്ഞു കരഞ്ഞു.
ഉച്ചവെയിലില്‍
ഇമകളിളിളകാത്ത കാത്തിരിപ്പ്.
ഇളിച്ചു കാട്ടിക്കൊണ്ട് മറ്റാരൊക്കെയോ !

പ്രമാണങ്ങള്‍ നിരത്തി, നിയോഗം ചാര്‍ത്തപ്പെട്ടവര്‍.
രുചിച്ചു നോക്കി ഗുണഗണങ്ങള്‍ നിരത്തി മറ്റു ചിലര്‍.
രാജകൊട്ടാരത്തിലേയ്ക്ക് വണ്ടി കയറി ഇനിയും ചിലര്‍.

ഇരകള്‍ ചവച്ചു തുപ്പുന്നു ,
തുപ്പിക്കൊണ്ടിരിക്കുന്നു
ചോരകട്ടകള്‍ .

കഴുമാവിന്‍ നിഴല്‍ പരുങ്ങുന്നു.
എന്നിലേയ്ക്ക് പടര്‍ന്നിറങ്ങിയ
മനുഷ്യാര്‍ത്തിയെ പഴിക്കുന്നു.

ഇരകള്‍ മയങ്ങുന്നു.
നാട്ടുവഴികള്‍ പെരുക്കുന്നു.
ജന്മങ്ങളില്‍ മരണം മണക്കുന്നു.
ചതിയുടെ നീര് വാറ്റി ചാരായം കുറുക്കി
ലേബലൊട്ടിക്കാതെ
പടിഞ്ഞാറില്‍ വില്പനച്ചരക്കാക്കുന്നു .

പ്രതീക്ഷകള്‍ക്ക് മേല്‍ ഭൂതവും ഭാവിയും കൂടി
കമ്പവലി മത്സരം നടത്തുകയാണ്.
ആരും ജയിച്ചാലും തഥൈവ......
കാരണം ചതിയറിയാന്‍ ജ്ഞാനികള്‍ ജനിചിട്ടില്ലത്രേ !!

പക്ഷിയുടെ മണം



പിരിയൻ ഗോവണികൾ ചിലപ്പോൾ.
വിയർപ്പു മണം ശ്വസിച്ചു കൊണ്ട് ലിഫ്റ്റിലൂടെ ..
ഇടുങ്ങിയ ഇടനാഴികളിലൂടെ
നിലകൾ തോറും കയറിയിറങ്ങി
ഇല്ലാത്ത ഒരഡ്രസ്സ് അന്വേഷിച്ച്..

ജനൽച്ചില്ല് കരണ്ട പേരറിയാത്ത പക്ഷിയുടെ
വൃഥാ ശ്രമങ്ങൾ ഓർത്തുകൊണ്ട്‌.

നടപ്പാതകൾ മഞ്ഞുമൂടി മറഞ്ഞയിടത്തു നിന്നാണ്
പ്രയാണം തുടങ്ങിയത്.
ആണ്‍ കൂട്ടങ്ങൾക്കു നടുവിൽ
വസ്തങ്ങൾ ഉലഞ്ഞുകൊണ്ട്
ചിന്തകൾ താഴിട്ടു പൂട്ടിയ നിലയിൽ..
" നീ ഓർക്കുന്നുവോ"
അനുഭവസ്ഥയ്ക്ക് കിളിച്ചുണ്ട് പിളർന്ന ദാഹം .

ആഘോഷങ്ങളുടെ കാലുറയ്ക്കാത്ത ഇടങ്ങളിൽ
നീയിന്നും ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് മാത്രം..
ലഹരി നിറഞ്ഞ ചുണ്ടുകളും, കണ്ണുകളും.
ഇത് മാത്രം നിന്റെ സ്വത്ത്?

ലാഘവത്തോടെ പറക്കൽ അല്ല എന്റെ ലക്‌ഷ്യം.
സുതാര്യമായ ഒരിളം മയക്കത്തിന്റെ
സുഖാലസ്യം.
അതും അവകാശപ്പെടാൻ ആവാത്തത്.

വൃണങ്ങൾ കാട്ടി അമ്മ കേഴുന്നുണ്ടാവും ഇന്നും
പുഴുക്കൾ നിറഞ്ഞ ജീവിതം സമ്മാനിച്ചതാരാണ്‌ ?
കാലമോ ? മനുഷ്യനോ ?

നിന്റെ ആകർഷണ വലയത്തിൽ ഞാൻ .
ഒരു മഞ്ഞ ചിരി എന്റെ ചുണ്ടിൽ.
നിന്നിലൂടെങ്കിലും ഒരു പരിഗണന .
അർഹിക്കാവുന്ന ഒന്ന് .
വേപഥു പൂണ്ട തുടർ യാത്രകളിൽ
കാരുണ്യലവലേശമറ്റ നിശാന്ധകാരത്തിൽ
സ്പർശനസുഖം നല്കുവാൻ നിനക്ക് മാത്രം അവകാശം.

യാത്രാന്ത്യത്തിൽ കാത്തിരിപ്പിന്റെ അവസാനം.

ഈ ഇരുട്ടിൻ ആഴങ്ങളിലൂടെ
ഞാൻ നിന്നെ പുണർന്നുകൊണ്ട് ...


Saturday, January 5, 2013

ആലിംഗനത്തിലെ വിറയല്‍



നിതാന്തജാഗ്രതയുടെ
കണ്‍ചിമ്മാത്ത
സംഗമവേദികളില്‍
ശിരസ്സുയര്‍ത്തി
യുവമിഥുനങ്ങള്‍ ഞങ്ങള്‍ .

വിശുദ്ധ ജീവിതം

കരളിലെഴുതിയത്
ഏത് മഷിയുപയോഗിച്ചാണ് !

ഇളംതൂവല്‍ മഷിയില്‍ മുക്കി
കരളില്‍ തൊടുമ്പോള്‍
ഉരുകി ചേരുകയായിരുന്നു ദേഹങ്ങള്‍ .

" കാടിറങ്ങുമ്പോഴെടുത്ത
പ്രതിജ്ഞയോര്‍ത്തോ നീ "
ഒരേ നിമിഷം ഒരുമിച്ചു ചോദിച്ചങ്ങള്‍ ചിരിച്ചു.

കാട്ടുതീയിന്റെ
അക്കരയും ഇക്കരയും..
വേവുന്ന ഹൃദയങ്ങള്‍ കാരണം
തീച്ചൂടറിഞ്ഞില്ല.
കനലുകളാറാത്തിടത്തൂടെയോടി
തമ്മില്‍ പുണര്‍ന്നു നിന്നൂ
ഒരു യുഗമങ്ങിനെ.

വര്‍ത്തമാന കാലത്തില്‍
നേരിന്റെ ആവിയേറ്റ്
പൊള്ളിയ മുഖം മറച്ചവള്‍.
" പകയൊടുങ്ങാത്ത കാട്ടുമൃഗം "
സ്വപ്നത്തില്‍ ഇളംപുഞ്ചിരിയോടെ
നീയെന്തോ പറഞ്ഞവസാനിപ്പിച്ചപ്പോള്‍
നിന്നെ പുണര്‍ന്നു തന്നെയായിരുന്നു
ഞാന്‍ .
എന്നത്തെയും പോലെത്തന്നെ.