സഹയാത്രികര്‍

Friday, February 25, 2011

ഉറങ്ങുന്ന അഗ്നിപര്‍വതങ്ങള്‍


പറഞ്ഞവസാനിപ്പിച്ചിരുന്നില്ലാരും .
തുടര്‍ന്ന് പറയാന്‍
ശ്രമിച്ചവര്‍ക്കൊക്കെ
വഴികാട്ടികള്‍
മുന്‍പേ പറന്നൊരാ പക്ഷികളായിരുന്നു.

കൊഴിഞ്ഞ തൂവലിന്റെ
ഋജുരേഖയില്‍ തടവി
തന്മയത്തത്തോടെ
പിന്നീട് വന്നവരും
സമസ്യകള്‍ പൂരിപ്പിച്ചുകൊണ്ടിരുന്നു .

രാത്രി മയക്കങ്ങളില്‍
ചിലര്‍ ഞെട്ടിയുണര്‍ന്ന്
നിലാവിന്റെ
നിഴലനക്കങ്ങളില്‍
സ്വര്‍ഗ്ഗസംഗീതം
കേള്‍പ്പിച്ചുകൊണ്ടിരുന്നു.

അപരിചിതരുടെ കൂടെയുള്ള
സല്‍ക്കാരലാസ്യങ്ങളില്‍
അവര്‍ തിരശ്ശീലക്കു പുറകില്‍
വിദൂഷകന്മാരായി .

വഞ്ചിതരുടെ പെരുംയാത്രകളില്‍
കാലിടറിയവന്റെ വിമോചനയാത്രകളില്‍
അവരെഴുതിയ സൂക്തവും
വായിച്ചിരുന്നുവത്രേ!

കരിഞ്ചാറ് കുടിച്ച
വഞ്ചിത രാത്രികളില്‍
വിലാപഗാനങ്ങള്‍ക്ക്
മൂളിപ്പഠിക്കുമ്പോള്‍
കരിന്തേള് കുത്തുന്ന
ദൂഷിതമാമോര്‍മ്മകളില്‍
കനല്‍ക്കണ്ണ് മറന്നു വെച്ച
നിദ്രാടനങ്ങളിലെ
ഗുഹാതീരങ്ങളും.
ഏറുമാടങ്ങളും ...

എന്നിട്ടും ....
എന്നിലേയ്ക്കമരുന്ന
തീക്കാറ്റുകള്‍
ഒരു യാത്രാമടക്കത്തിന്റെ
വികാര ശേഷിപ്പുകള്‍
അയവിറക്കിക്കൊണ്ടിരുന്നു .

Thursday, February 24, 2011

കരു


രാക്കാറ്റെറ്റ് ഉറങ്ങാതിരിക്കുമ്പോഴും
കൈനഖത്തിനു താഴെ
പ്രത്യക്ഷപ്പെടാന്‍ പോവുന്ന
കറുത്ത പാടിനെ സ്വപ്നം
കണ്ടു കിടന്നു .

ചെവിക്കു നുള്ളിക്കോ
എന്ന് പറഞ്ഞു പോയ
അവന്റെ മുന്‍പില്‍ ഞളിയേണ്ടേ .
ചെകിടടക്കി തന്ന അടിക്ക്
മറുപടി കൊടുക്കേണ്ടേ.

പക്ഷെ അവന്‍ കൊണ്ടുതന്ന
റമ്മിന്റെ കുപ്പിയും ,
ചുളിയാത്ത നോട്ടും
എന്തിനാണാവോ?
എന്നെയെന്തിനവന്‍ കരുവാക്കുന്നു?

Friday, February 18, 2011

പകുതി കരിഞ്ഞത്


വീര്‍പ്പുമുട്ടലോടെയാണവന്‍
പറഞ്ഞവസാനിപ്പിച്ചത് .
അത് പാതി വെന്ത
ശരീരമായിരുന്നെന്ന്.
സ്ത്രീ ശരീരമായിരുന്നെന്ന് .

ക്രൂരമായൊരാലിംഗനത്തോടെ
അവന്‍ കൂട്ടി ചേര്‍ത്തു.
"അവള്‍ ഒരു ചരക്കായിരുന്നു "

Thursday, February 17, 2011

ഒഴിഞ്ഞ ബോഗികള്‍


ആര്‍ക്കുമാരോടും
ഒരു മമതയുമില്ല .

പാളത്തിനും ചക്രത്തിനും
ഇടയ്ക്കുള്ള ഘര്‍ഷണം
തീപ്പൊരികള്‍
ഉയര്‍ത്തിയേക്കാം.

ഏതൊരു ശുഭയാത്രക്കുമൊടുവില്‍
ടിക്കറ്റിന്റെ മറുപുറം
ശാന്തമായ്
കേണുകൊണ്ടേയിരിക്കും ..
അപ്പോഴും
വട്ടമേശയ്ക്ക് ചുറ്റും
കൈയ്യടികള്‍
പ്രതിധ്വനിക്കുന്നുണ്ടാവും....

പ്രാണന്‍


വിട്ടു പോകുമ്പോഴാണത്രേ
അവന്റെ ദേഹം
പ്രാണനെയെത്തിപ്പിടിക്കാന്‍
ശ്രമിച്ചത് .

പിളര്‍ന്ന ചുണ്ട്
കൂട്ടി ചേര്‍ത്തിട്ടും
ചേര്‍ന്നില്ലത്രേ!

കൃഷ്ണമണികള്‍
മലര്‍ന്നു പോവുന്നത്
യാത്രാമൊഴിയിലും
അര്‍ദ്ധവിരാമമിട്ടത്
എന്തിനെന്നോര്‍ത്താണെത്രെ!

Sunday, February 13, 2011

ആയിരത്തൊന്നു രാവുകള്‍


ഏതു മണിയറയിലായാലും ,
ഉറക്കത്തിന്റെ
നൂല്‍പ്പാലത്തിലായാലും
കഥകള്‍ പറയാന്‍
മിടുക്കുള്ള ഒരു പെണ്ണുണ്ടോ ?

മണലാരണ്യത്തിലെ
ഉഷ്ണക്കാറ്റ് പറഞ്ഞ
ഒരു കഥയുണ്ട് മനസ്സില്‍ .

ജന്മങ്ങള്‍ പകുത്തുനെല്കിയ
ആത്മാക്കള്‍ക്കിടയില്‍
കഥകള്‍ പറഞ്ഞു
കര്‍മ്മത്തിന്റെ തീക്ഷ്ണതയറിഞ്ഞവള്‍ .

ഏതൊരു കാമാതുരനും
ഇന്നൊരു കഥയിലും
വഴിയൊതുങ്ങിപ്പോവുന്നില്ല .

എങ്കിലും...
തനിക്കു നേരെ
നടന്നടുക്കുന്നവനായ്
കഥകള്‍ കൊണ്ടൊരമ്പ്,
ആയിരത്തൊന്നു കഥകള്‍
കൊണ്ടൊരമ്പ് തീര്‍ക്കുന്നവള്‍..?

Saturday, February 12, 2011

എന്നിലെ സാമൂഹ്യപാഠം


വലിയൊരു നിലവിളി
കേട്ടാണ് ഞാനുണര്‍ന്നത് .
അതയല്‍പ്പക്കത്തിന്നായിരുന്നു.

വീണ്ടുമുറങ്ങാന്‍ കിടന്നു.

പിന്നീടൊരു തേങ്ങല്‍
കേട്ടാണുണര്‍ന്നത് .
ഏറെ പരതിയപ്പോള്‍
കണ്ടെത്തി.
അതെന്റെ ഡയറിയില്‍
നിന്നായിരുന്നു.
ഞാന്‍ ജാകരൂഗനായി
ഉറങ്ങാതെയതിനു
ചെവിയോര്‍ത്തിരുന്നു...

Monday, February 7, 2011

കുരുത്തംകെട്ടവന്‍

സഞ്ചാര സ്മൃതികളുണ്ടേറെ ..
പഴകിയ വിഴുപ്പു കെട്ടില്‍
മുഷിഞ്ഞ പ്രമാണങ്ങളും .

വഴികളിലേറെ കണ്ടത്
ഉമിനീരൊലിപ്പിച്ച
പുരുഷനെയും ,
തരളിതയായ
സ്ത്രീയെയുമാണ്.

കാട്ടുപക്ഷിയുടെ ചോരയില്‍
ചുണ്ടും, മുഖവും ചേര്‍ക്കുന്നവന്‍.
നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നത്
മാറിടങ്ങളെ കൊളുത്താനാണത്രെ!
തള്ള വിരല്‍ ചുഴറ്റുന്നത്‌
നാഭിക്കുഴിയെ തേടിയാണത്രെ !
പുഴുവരിക്കുന്ന
ജനനേന്ദ്രിയം കാട്ടി
അവന്‍ ഇന്നും ഓവര്‍ ബ്രിഡ്ജിനു താഴെ...!

ഒരു തെരുവില്‍ നിന്നും
കരകയറാനാവാതെ
അവളും.
അവള്‍ അവസാനം പറഞ്ഞത്
അസംഭാവ്യമായെങ്കില്‍ .
കൃത്രിമമായ ശ്വാസോച്ഛാസത്തോടെ
ഒടുക്കം നിന്റെതായെങ്കിലോ എന്നാ
പ്രതീക്ഷ.