സഹയാത്രികര്‍

Sunday, March 22, 2009

തികച്ചും വൈയക്തികം

നൊമ്പരങ്ങളുടെ
വിറയ്ക്കുന്ന
പനിതുരുത്തിലാണെങ്കിലും
പൈശാചികമായ
അമരത്വം കാക്കുന്ന ,
ജീവനില്‍ വിഷമുള്ള്
ഒളിപ്പിച്ചവന്‍ ഞാന്‍ .

കാല്‍കീഴിലമര്‍ന്നവനെയും ,
കാലടികള്‍ ചുംബിച്ചവനെയും
കാരാഗൃഹത്തിലേക്കുള്ള
ഇടനാഴി കാട്ടികൊടുത്തവന്‍ .

പ്രാര്‍ത്ഥന ഗീതികളാലപിക്കുന്നവരുടെ
തുറന്ന വായിലേക്ക്
ഇരുമ്പ് ചീളുകള്‍ ചിതറിച്ചവന്‍ .

സ്വശരീരം
അകംപുറം മറിച്ച്‌
മിടിക്കുന്ന
ഭീഭല്‍സമാം
ഹൃദയം കാണിക്കുന്നവന്‍ .

കാലിടറിയവന്റെ
ചുമലില്‍,
വിലപിക്കുന്നവന്റെ
കണ്ണ് ചൂഴ്ന്നു വെച്ച്
ചേതനയറ്റ ദൃശ്യങ്ങള്‍
കാണിക്കുന്നവന്‍ .

അത്താണികള്‍
പങ്കുവെപ്പുകാരുടെ
കൂത്തരങ്ങാവുമ്പോള്‍ ,
അയച്ചുവിടുന്ന
നിശ്വാസങ്ങള്‍
വാമോഴിയായ് പരിണമിക്കുമ്പോള്‍ ,
വാതില്‍ കൊട്ടിയടച്ച്,
മൌനചിതല്‍പുറ്റുകളില്‍
ഒളിക്കുന്നു ....

ഉള്ളില്‍ രൂപപ്പെടുന്ന
കടും സിദ്ധാന്തങ്ങളുമായ്,
കൂര്‍ത്ത നഖമുനയുമായ് ,
ശരീരം തന്നെ ആയുധമാക്കി
ഞാന്‍ പുനര്‍ജനിക്കും

Friday, February 27, 2009

വാക്കുകള്‍

ധൂപകൂട്ടിനും,
മണിയടിയൊച്ചകള്‍ക്കുമിടയില്‍
ശൂലമുനയില്‍ കൊരുത്ത
അഘോരമായ വാക്കുകള്‍ .


വേര്‍പിരിയലിന്റെ തരിശുഭൂവില്‍
ഒരു കണക്കിലും പെടാത്ത ,
ഒരു വാക്കില്‍ ആവര്‍ത്തിക്കുന്ന
മൂന്നു പിഴവുകള്‍ ..

മരകൂട്ടിന്‍ കിളിവാതിലിലൂടെ
പെയ്തിറങ്ങിയ
പാപസങ്കീര്‍ണതകളുടെ
മഹാവാക്യങ്ങള്‍ .


പൌരോഹിത്യത്തിന്റെ
സിംഹാസനമുറപ്പിച്ച
മധ്യസ്ഥ വേദികളില്‍ ,
പെരുമ്പറ കൊട്ടുന്ന
സമാധി മന്ദിരങ്ങളില്‍ ,
അടിവരയിട്ടുറപ്പിക്കുന്ന
അന്ത്യശാസനങ്ങളില്‍ ,
ഞാന്‍ വ്യക്തമായി കേട്ടത്
ആരുടെ സ്വരമായിരുന്നു...?
ഒരേ ശബ്ദത്തില്‍ പിണങ്ങി പറയുന്നത്..?
ഒരേ ശ്വാസത്തില്‍ അലറി പറയുന്നത്...?

Sunday, February 8, 2009

അറാമിന്ദ്രിയം

നേരിന്റെ ബലിത്തറകളില്‍
ചേതനക്ക്‌ അരിയും, പൂവും വിതറിയ ,
അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയ ,
നോവറിവിന്റെ തീരകാഴ്ചകള്‍ .
പഴന്തുണിമണമൂറും മുറിയില്‍ ,
വേവുകട്ടിലില്‍ മയങ്ങുന്ന ,
അഴിയാകുരുക്കില്‍ പിടയുന്ന
എണ്ണിയാലോടുങ്ങാത്ത നിഴല്‍കാഴ്ചകള്‍ .


കാറ്റ് കൊണ്ടുപോകുന്ന വീഥികളില്‍,
പൊടിമണ്ണമര്‍ന്ന വയലോരങ്ങളില്‍ ,
ജീവനമര്‍ന്ന നഗരപ്രാന്തങ്ങളില്‍ ,
അറിവിലും, പൊരുളിലും
അമര്‍ത്തിയടച്ച വാക്കിന്റെ പിടച്ചിലുകള്‍.
എവിടെയോ തുടങ്ങിയ
ഒരിക്കലും അവസാനിക്കാത്ത
ഉള്ളടഞ്ഞ ശബ്ദവിന്യാസം .


ആവിയില്‍ പുഴുങ്ങിയ
ജീവനാഡികളില്‍ കൂടി ,
വിയര്‍പ്പും, രക്തവും ഊറുന്ന,
പരിണാമമില്ലാത്ത നിലക്കാത്ത ഒഴുക്കില്‍ ,
ആദിയില്‍ നിന്ന് തികട്ടിവരുന്ന ജീവഗന്ധം .
കാല്‍കീഴില്‍ ,പശിമമണ്ണില്‍
ഇതള്‍ വിരിയാത്ത കുരുന്നുചെടിയുടെ
നിശ്വാസഗന്ധം.

തെരുവോരമുറങ്ങാത്ത രാവ്.
നനഞ്ഞൊട്ടിയ മാറിലമര്‍ന്ന
കുഞ്ഞധരങ്ങളില്‍ മദ്യരുചി .
പിഞ്ഞാണങ്ങള്‍ കലമ്പിയതും ,
കല്‍ച്ചട്ടികളില്‍ പൂച്ച പെറ്റതും ,
വറവുമണങ്ങള്‍ രുചികൂട്ട് തേടിയതും ,
എല്ലാം..
പ്രതിവാര ചിന്തകള്‍ക്ക് മുതല്‍കൂട്ട് ..


കൂട്ടിപിടിച്ച കൈവിരലുകളില്‍
ഊര്‍ന്നു വീഴുന്ന കുന്നിമണികള്‍ .
കുന്നിമണികള്‍ക്കിടയില്‍ ഒരു തുള്ളി രക്തം.
കാഴ്ചയും, കേള്‍വിയും , രുചിയും, ശ്വാസവും മറികടന്ന്
പിടിച്ചടക്കിയ സ്പര്‍ശന വേഗം .


കാറ്റട്ടഹസിക്കുന്നു .....
പെരുംമഴയലച്ചു പെയ്യുന്നു ...
തകര്‍ന്നടിഞ്ഞ കരിങ്കല്‍ ഭിത്തികളില്‍ ഒട്ടിപിടിച്ച....
പറിഞ്ഞു കീറിയ ഹൃദയം ..
എന്റെ ആറാമിന്ദ്രിയം .

അറിഞ്ഞ സത്യം

ഒരിക്കല്‍പോലും നീ
തിരിഞ്ഞുനോക്കിയില്ല.
ഉരുളടഞ്ഞതും,
നനവൂറുന്നതുമായ
ഇടനാഴികകളിലൂടെ
നടന്നകന്ന
പ്രാണന്റെ നിഴലിനെ നീ അളന്നില്ല.
മഴപ്പാറലുകളില്‍
മുഖം തുടച്ച് നിവര്‍ന്ന ആ
അരുണിമയാര്‍ന്ന മുഖം നീ
മറവിയില്‍ കുതിര്‍ത്ത് കളഞ്ഞു .
നീ തേടിയലഞ്ഞ രാവുകളില്‍,
ഉറങ്ങാതെയിരുന്ന രാവാന്ത്യത്തില്‍ ,
ഒരു ഇടിമിന്നല്‍ പോലെ
നീ തിരിച്ചറിഞ്ഞ സത്യം...
നിന്റെ മാത്രം സത്യം..
നീ പൊരുതി നേടിയ ,
നിന്റെതെന്നു മാത്രം അവകാശപ്പെടാവുന്നത് ..
അതൊന്നുമാത്രം മതിയായിരുന്നു
നിനക്ക് നിന്റെ തൂലികയില്‍
നിറം പകരുവാനും..
വീണ്ടും തിരിച്ച് വരാനും.. പക്ഷെ...

Sunday, January 18, 2009

നിക്കാഹ്

അറബി കല്യാണങ്ങള്‍
അണിയറയില്‍
മയങ്ങുമ്പോള്‍
മംഗലാപുരത്ത് നിന്നൊരു മാരന്‍.
ഏതൊരു യാതനക്കുമൊടുവില്‍
കനവിന് ചുറ്റും
മതിലുകള്‍ കെട്ടാന്‍ വന്നവന്‍.
മരുഭൂവില്‍ ചിതറിയ
പഴകിയ മീസാന്‍ കല്ലുകള്‍ .
അത് നെഞ്ചില്‍ പാകിയാണ്
അവള്‍ അന്ന് കടല്‍ കടന്നത്......
ഇന്നും .. ആര്‍ക്കു വേണ്ടിയാണ്
ഞാന്‍ ഈ അതിര്‍ത്തി കടന്നു വന്നത്.
അഞ്ചില്‍ ഒരുവള്‍ ആയിരിക്കുന്നു ഞാന്‍.

വിശുദ്ധിയില്‍,
ഉള്‍ക്കരുത്തില്‍,
ബലി സമര്‍പ്പണങ്ങളില്‍,
മരുക്കാറ്റിലെ ഉള്‍ചൂടില്‍ ,
പ്രദക്ഷിണ വഴികളില്‍ ,
കല്ലേറിന്‍റെ മാഹാത്മ്യത്തില്‍ ,
അതിലേറെ ..
എന്‍റെ വയലോരങ്ങളില്‍
ഉഷസ്സിലും ,
മധ്യാഹ്നത്തിലും,
പ്രദോഷത്തിലും,
പഞ്ചാക്ഷരങ്ങള്‍ ഓതിയവര്‍...
ഒരിക്കല്‍ പോലും എന്നെ തേടിയില്ല.
എന്നെ കണ്ടത് പോലുമില്ല .!!
പിറവിക്കു മേലെ മറ്റെന്താണ് ഉള്ളത് ?
ഉണ്ടെങ്കില്‍ എനിക്കുള്ള ഉത്തരവും
ഞാന്‍ തന്നെ തേടേണ്ടിയിരിക്കുന്നു.
പറങ്കിമാവിന്‍റെ ശിഖരങ്ങള്‍ തഴുകുന്ന ,
മഞ്ഞപ്പുല്‍ക്കാടിന്നിടയില്‍,
എന്നും വിഹ്വലതയില്‍ കഴിഞ്ഞൊരെന്നെ ,
കൂര്‍മ്പിച്ച കല്ലിന്‍റെ അടയാളത്തില്‍
ഉറക്കികിടത്തുമോ നിങ്ങള്‍. ?
നിങ്ങളില്‍ നിന്ന് എന്‍റെ പ്രതീക്ഷ
ഇത് മാത്രം ..

മറക്കാത്ത മാറാട്

കടല്‍കാറ്റിനും
മണല്‍ചൂടിനും ഇടയില്‍
വേവറിഞ്ഞ പകലുകള്‍.
പിറവിയെടുത്ത ജീവനും
കടല്‍ചൂരിലമര്‍ന്ന വികാരങ്ങള്‍ക്കും
പച്ചക്ക് തീ കൊളുത്തി
രണ്ടായി പിരിഞ്ഞ രാവുകള്‍.
രാത്രികളും, പകലുകളും
കൂട്ടി കിഴിച്ചപ്പോള്‍
ചേതനക്ക്‌ നഷ്ടമായ
ഉള്ളറിവ് പരതുന്നു ഞങ്ങള്‍.
പതിമൂന്നും, അറുപത്തിരണ്ടും
കൂട്ടിയാല്‍ ഒരു ജന്മ്മമാവുമോ ?
ജന്മ്മങ്ങളിലെ അവസാനത്തെ നോവറിവ് ?
പിടിവാശിയുടെ അത്യുംഗശ്രുംഗങ്ങളില്‍ ,
കാരണമറിയാത്ത കൂട്ട് ചേരലില്‍ ,
പിടഞ്ഞുണരാത്ത മനസ്സാക്ഷിവേദികളില്‍ ,
ആടിയുലയുന്ന പകല്‍സ്വപ്നങ്ങളില്‍ ,
നീരുറവയില്‍ കിനിയുന്ന സൂക്ഷ്മാണുക്കളും
ചേര്‍ന്ന് വീറോടെ കത്തിയത് ....
ഞങ്ങള്‍ അറിയുന്നു... എല്ലാം...
ഇത്തിള്‍ക്കണ്ണികളെ പോറ്റുന്ന യുവത്വം
മാറോടണച്ചത്
പൊട്ടിയൊലിച്ച തലച്ചോറില്‍ നിന്നും ,
വിങ്ങിയടര്‍ന്ന ഹൃദയങ്ങളില്‍ നിന്നും ,
രാകിയെടുത്തതും ,
ആകാശരാജാക്കന്മ്മാര്‍
പകര്‍ന്നു കൊടുത്ത
രസക്കൂട്ടും ചേര്‍ന്ന
പൊതിചോറ്.
കാരിരുമ്പിന്‍റെ കാഠിന്യം
മറന്ന ജേതാവിനെ പോലെ
ആരുടെ ഹൃദയങ്ങളാണ് അവര്‍ പോറ്റുന്നത് ?
ഇരുമ്പാണി പറിഞ്ഞ യക്ഷിയെപോലെ ,
കുടം തുറന്നു വിട്ട ഭൂതത്തെപോലെ ,
പിടിയമര്‍ന്ന,
പിണഞ്ഞു കയറിയ നാഗങ്ങള്‍ .
തേടിയലയുകയാണ് ഭൂതാത്മാവുകള്‍ ..
ശരീരങ്ങള്‍ രക്ഷയാക്കിയവര്‍.
രക്ഷയില്ലാത്തത് ശരീരങ്ങള്‍ക്കല്ല.
ആത്മാവുകള്‍ക്കാണ്.
ഒന്നും പറഞ്ഞു തീരാതെ പോയ
മടങ്ങി വരാത്ത ആത്മാക്കള്‍ക്ക് .
കടല്‍ കടന്ന യൌവനങ്ങള്‍ക്കും..

Sunday, January 4, 2009

ഉഷ്ണ സന്ധ്യകള്‍ III

അടിചേല്‍പ്പിക്കപെട്ട
കര്‍ത്തവ്യബോധത്തിന്‍റെ
ആളുന്ന ചിതയില്‍
ആദ്യം മുകുളിക.
പിന്നീട് അളക.
എന്നിട്ടും മധുചുംബനത്തിന്റെ
രസക്രീഡകള്‍
അയവിറക്കുവാന്‍ മാത്രം യോഗ്യന്‍ എന്നോ ഞാന്‍?
അതോ വിധിക്കപെട്ടവനോ ?
അന്ത്യനിമിഷത്തിലെങ്കിലും
ഒരാര്‍ത്തനാദം ഞാന്‍ കേട്ടല്ലോ !!
എല്ലാം കേള്‍ക്കേണ്ടവന്‍ എങ്കിലും ....
പദചലനങ്ങളിലെ
ഉണരാതെ പോയ
ആദിമ നാദം ഞാന്‍ കേട്ടില്ല.
പിടിച്ചുണര്‍ത്തിയ
ലാളനകളിലെ
അലിഞ്ഞു ചേരല്‍...
ഒന്നും..??
ആര്യാവര്‍ത്തത്തിനപ്പുറം
കാനനങ്ങളില്‍
കാല്‍പ്പാടുകള്‍ പോലും അവശേഷിപ്പിക്കാതെ
വിരസതയിലേക്ക്‌
നടന്നു പോയ എന്‍റെ യതി...
ഉത്തരം തന്നത് അവന്‍ മാത്രം .
എനിക്ക് വേണ്ടി പിടയപെട്ടത്‌ ..
ജീവിതം ഹോമിച്ചത് അവന്‍ മാത്രം..
അവള്‍ ..?
ആദിയിലും , അന്ത്യത്തിലും
പിടയുന്ന ഒരു ജീവനായ് ..
പിടി തരാത്ത ഒരു ജന്മ്മമായ് ..
അമാനുഷികതയില്‍ തുടങ്ങി
" എന്നെ മറക്കരുതേ " യെന്നു
പുലമ്പി...
കേള്‍വിക്കാരില്ലാതെ...
കാര്‍മേഘങ്ങള്‍ ഒടുങ്ങാതെ..
അയവിറക്കലില്‍ പിടയാതെ...
നീ ഇന്നും അശോകവനിയില്‍ തന്നെ..
നീ എന്നും കാരാഗൃഹത്തില്‍ തന്നെ..

( വി. എസ്. ഖണ്ടേക്കറിന്റെ യയാതി എന്ന നോവല്‍ വായിച്ചിട്ട്.

Friday, December 19, 2008

ഉഷ്ണ സന്ധ്യകള്‍ II

കടം പോലും പറയാതെ
രാത്രികളിലെ നിശ്വാസങ്ങള്‍
ആഴ്ന്നിറങ്ങിയ കൂടാരങ്ങള്‍ .
തീക്കടല്‍ തിരയേറ്റികൊണ്ടുപോയതും ..
തുറമുഖങ്ങള്‍ പിന്‍വലിഞ്ഞോളിച്ചതും..
വഴിവിളക്കുകള്‍ വൃഥാ തെളിഞ്ഞതും..
ഉന്‍മാദിനികള്‍ കൂട്ട് ചേര്‍ന്നതും..
പഴയ ഭ്രഷ്ടിന്‍റെ കഥകള്‍ പറഞ്ഞു ചിരിച്ചതും
താത്രികുട്ടി ഇന്നും ഓര്‍ക്കുന്നു.
പേര്‍ വിളിച്ചു പറയാം ഞാന്‍...

രചയിതാവിന്‍റെ പ്രക്രിയകളില്‍
കരവിരുതിന്‍റെ പ്രീണനങ്ങള്‍ .
മോഹാലസ്യങ്ങളില്‍ കുടുങ്ങിയ
ഇന്ദ്രിയാനുഭൂതികള്‍ .
ലാസ്യത്തിന്‍റെ
പിന്നാമ്പുറങ്ങളില്‍
കരഞ്ഞുറങ്ങിയ ഒരു ജന്മ്മത്തിന്‍റെ
നിഷേധത്തിന്‍റെയും , വിശ്വാസത്തിന്‍റെയും
കണ്ണികള്‍ അടര്‍ന്ന ചേതനകള്‍ .
പകയടങ്ങിയ ആദ്യത്തവള്‍ ആരാണ്??
പൌരാണികതയില്‍ തുടങ്ങി
കാലങ്ങളോളം
നിന്നില്‍ അമരുന്ന
തീരാകളങ്കങ്ങള്‍.
ഒരു യാത്രയിലും
കൂട്ടായ് വരാത്തവള്‍ !!
അവനോടു പിണങ്ങിയേ
അവളുടെ ജീവിതസമസ്യക്ക്
ഉത്തരം കിട്ടുകയുള്ളൂവെന്നോ ?

Sunday, December 14, 2008

ഉഷ്ണസന്ധ്യകള്‍ ...

നീ
അകകാമ്പിലെ കനല്‍കണ്ണ്.
കടും നിറങ്ങളില്‍ എഴുതിയ
വ്യാജരേഖകളില്‍
എഴുതാപുറങ്ങളിലെ
അദൃശ്യ സാന്നിദ്ധ്യം.
ഇടനിലക്കാരുടെ പേകൂത്തുകളില്‍
അഴിഞ്ഞുലഞ്ഞ നിശാവസ്ത്രം നീ .
നിഴല്‍ മയങ്ങുന്ന നിലാരാത്രികളില്‍
ആനന്ദമൂര്‍ഛയിലെ
അശ്രുകണം നീ.
വേരറ്റു ചിതറിയ
മഹാ വൃക്ഷത്തിന്‌
പൂമരത്തിന്റെ പേര് നല്‍കിയവള്‍ നീ .
ലാവണങ്ങളില്‍
പണക്കിഴികളില്‍ ബന്ധിതയായവള്‍.
അനുരാഗത്തിന്റെ
സമതലഭൂവില്‍
കടന്നുപോയവന്റെ
കൈരേഖകള്‍ പരതുന്നവള്‍.
ഞരമ്പുകളില്‍ കിളിര്‍ത്തത്
ഏതു അസ്വസ്ഥതയുടെ
തീനാമ്പുകളാണ് .?
കടന്നുപോയവരോട്
കലഹിക്കാതെ
കാടാറുമാസത്തിലെങ്കിലും
അത്യുഷ്ണത്തിന്‍റെ
പുതപ്പ് വലിച്ചെറിയാന്‍
കാത്തിരിക്കുന്നവള്‍.....
എന്തിനും, ഏതിനും ,
മറക്കാതെ കാത്തിരിക്കുന്നവള്‍.
അവള്‍ നീ തന്നെ.
നീ മാത്രം.

Monday, November 3, 2008

അഹം ...

കാലങ്ങള്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
എന്നിട്ടും....
വീടകങ്ങളില്‍ തുടങ്ങി
തെരുവില്‍ അമരുന്ന
ഇന്ദ്രിയാവേഗങ്ങള്‍ ...
അലകളിളക്കി
തെരുവുകള്‍ നിറഞ്ഞൊഴുകി
കുതിച്ചു കയറുന്നത് അവനിലേക്കാണ് ...
ഉന്‍മൂലനം തന്നെ സമര ലക്‌ഷ്യം ...
ഏതോരു യാതനക്കുമൊടുവില്‍
'എന്‍റെ' നെറ്റിമേല്‍ തന്നെ
ഇരുമ്പാണി അടിക്കല്‍ .
ഒരിക്കലും നീ
സ്നേഹം മാത്രം പകുത്തില്ല ...
അന്ത്യനിമിഷത്തില്‍
ഒരു ഞെട്ടലോടെ ഞാനറിഞ്ഞു ...
പകുത്തു നല്‍കാതെ പാഴാക്കി കളഞ്ഞ
നിമന്ത്രണങ്ങള്‍ അടങ്ങിയ ഒരു ചെപ്പ് ..
യുഗാന്തരങ്ങളോളം
ഞാന്‍ തുറക്കാഞ്ഞത് ..
അറിവില്ലായ്മയുടെ
ശവക്കല്ലറയില്‍,
ചീഞ്ഞമരുന്നു അവന്‍ ...
ദുര്‍ഗന്ധം വമിപ്പിച്ച് ,
ദൃംഷ്ടങ്ങള്‍ ചാടിച്ച് ,
ഒരു ഡ്രാക്കുളയാവണമവന്...
ലകഷ്യങ്ങളില്‍ ആവിര്‍ഭവിക്കുന്നത്....
തിരനാടകങ്ങളില്‍ ഉയിര്‍ കൊള്ളുന്നത്‌
അവന്‍റെ വേഷം മാത്രം...
നിന്നില്‍ നിന്നും വമിക്കുന്ന
ജീവശ്വാസത്തിന്‍ ആവിയില്‍
ഞാനും ഉരുകിയമരുകയാണ്..
പ്രക്രിയകളില്‍ അവസാനം
നിന്‍റെ ജന്മമം സഫലമാവുമല്ലോ ..!!
അപ്പോഴും ഞാന്‍ എന്നെ
സക്രിയനാക്കുകയാണ് .
ഞാനും നീയും അമര്‍ന്നലിയട്ടെ ഭൂവില്‍
രണാങ്കണം വേദിയില്‍ എന്‍റെ ഒരു ആശംസ...

Sunday, October 26, 2008

ദീപാവലി .........

ആയിരം ചെരാതുകള്‍ തെളിയുമ്പോള്‍
കാഴ്ച്ചകളില്‍ മയങ്ങി ഉണരും ചിത്രങ്ങള്‍ ...
ഏതു വനാന്തരങ്ങളില്‍ വരച്ചതാണീ ചിത്രം..?
എവിടെ കൊളുത്തിയതാണീ നാളമാദ്യം ?
അവിടെ നാം നില്‍ക്കുന്നിപ്പോഴും....
ഒരു ചുവടും മുന്നോട്ടു വെക്കാതെ..
ആരീ ചെരാതില്‍ എണ്ണ നിറക്കുന്നു?
അതിന്നെന്തേയിത്ര കറുത്തുപോയ്?
എണ്ണയല്ലിത് .. ചോരയാണ് .. കട്ടചോര..
ഇതില്‍ എങ്ങനെ ഞാന്‍ തിരിമുക്കി തെളിക്കും..?
ആരോഴുക്കും കണ്ണീരില്‍
ഞാന്‍ ദീപമോളിപ്പിക്കും ?
ഏതു ഹൃദയത്തില്‍ ഞാനിത് കൊളുത്തും..
ദീപമണഞയെന്‍ ഹൃദയത്തിലാദ്യം കൊളുത്തട്ടെ..
പകരട്ടെ ഹൃദയങ്ങളിലേക്ക് ...
ഇത് ആയിരം ജ്വാലാമുഖികള്‍ ആവാന്‍
എന്‍റെ ജീവനും ബലിനല്‍കിടാം ..

Thursday, October 16, 2008

കാറ്റ് പറത്തികൊണ്ടുപോവുന്നത് .......

എനിക്കറിയാം ..
മനസ്സിനെ ..
തീരാവ്യഥകള്‍ കൊണ്ടുപോവുന്നത്
ഏതോ മണലാരണ്യത്തിന്‍റെ
ഗഹനതകളിലേക്കാണ്‌..
വിരഹത്തിന്റെ മുള്‍ചെടിക്കാടുകളില്‍
ചോരവാര്‍ന്ന ഹൃദയം ..
കാറ്റു മേയാന്‍ വിടുന്ന
പകലിന്‍റെ ഉഷ്ണ സഞ്ചാരങ്ങള്‍..
ഒരു തുള്ളി ജലത്തില്‍
കനവിലെ ഒരായിരം മുഖങ്ങള്‍ .
എന്‍റെ ജീവിതം ..
എന്‍റെ പ്രാണന്‍ ...
എന്‍റെതെല്ലാം .. എല്ലാം...
പകലിന്‍റെ ഉഗ്രതയിലും
വേവാത്ത വില്പന ചരക്ക്‌...
അകലങ്ങളിലെ
ആളിതെളിയുന്ന
മൃഗതൃഷ്ണയില്‍
ആവിയായി പോവുന്ന
കാത്തിരിപ്പുകള്‍ ..
ഒരു കരിഞ്ഞ പുല്‍ നാമ്പിനും
പിടിവിടാത്ത ജന്മ്മത്തിനുമിടയില്‍
കാറ്റു പറത്തികൊണ്ടുപോയ ജീവിതം..
ഇലവീഴാ മരുഭൂവില്‍
അലിഞ്ഞുപോയ കന്മദം ...
അതിശൈത്യരാവുകളില്‍
അനന്തതയില്‍ ,
നിലാവില്‍ ,
നിഴല്‍ വീഴ്ത്തുന്ന സഞ്ചാരപഥങ്ങള്‍..
രൂപം മാറുന്ന നിഴലുകള്‍ ..
പകലുകളുടെയും, രാവുകളുടെയും
നീളുന്ന യാത്രക്കൊടുവില്‍
ഏതൊരു കൂടാരത്തിലെ
തണുപ്പില്‍ ഞാനുറങ്ങും..?
മറ്റൊരു ഉണര്‍വിലേക്ക്
കുതിക്കാനായ് ..??

Thursday, October 2, 2008

അവള്‍.. അനാമിക ...

മഴ പെയ്തു തീരുവോളം
കാത്തു ഞാന്‍ നിന്നെ...
ഇനി ബാക്കിയൊന്നുമില്ല..
അവശേഷിച്ച ജലകണങ്ങള്‍
കാറ്റിന്‍ ചെയ്തികളാല്‍
പനിനീര്‍ വര്‍ഷമാവുന്നു....
നിനക്കേറ്റം ഇഷ്ടം എന്തായിരുന്നു...?
ഈ ജാലകത്തിനപ്പുറം
ഓര്‍മ്മകളുടെ ഇരുളാര്‍ന്ന
വനസ്ഥലികളിലൂടെ നീ
പോയ് മറഞ്ഞതെവിടെ ?
ക്ലാസുമുറികളുടെ ദൈന്യതയില്‍
സന്ദേശങ്ങളുടെ മുഖാവരണങ്ങളില്‍
കൊഴിഞ്ഞുപോയ നിന്‍ വിസ്മയങ്ങള്‍ ...
മനസ്സിന്‍റെ വിഹ്വലതയില്‍
കാഴ്ചകള്‍ എല്ലാം നിനക്ക്
അന്യമായോ?
ശേഷിക്കുന്ന ...
നീ അടര്‍ത്തിയിട്ട പൂക്കള്‍ക്കിടയില്‍
ഒരു കാവല്‍ക്കാരന്റെ രൂപമോ എനിക്ക്?
ആരായിരുന്നു നീ എനിക്ക് ...??
കാണാതെ പോയ പുറം കാഴ്ചകളില്‍ നിന്നും ,
അനന്തതയില്‍ നിന്നും,
എന്നിലേക്ക്‌ പറന്നടുത്ത
നീലവര്‍ണ്ണ പക്ഷി ...
നിന്നില്‍ നിന്നും ഊര്‍ന്നു വീണ നിന്‍റെയിളം
തൂവല്‍...
എന്‍റെ നെറ്റിമേല്‍ ഉഴിയുകയാണ് .
അദൃശ്യമായ ഒരു വിരല്‍ സ്പര്‍ശം .
അത് നീയായിരുന്നു..
നീയെന്ന അനാമിക .
പേരില്ലാത്തവള്‍ .
എന്‍റെ ഉടപ്പിറന്നോള്‍..

Tuesday, September 30, 2008

....................

ആരോട്മൊന്നുമുരിയാടാത്തത്കൊണ്ട്
ഞാനിന്നൂമയായി..
ആരെയുമൊന്നുനോക്കാത്തത് കൊണ്ട്
ഞാനിന്നന്ധനായി ...
ആരുടേയും വാക്കുകളെ കേള്‍ക്കാത്തത് കൊണ്ട്
ഞാനിന്നു ബധിരനുമായി ...

Friday, September 26, 2008

നാലുമണിപൂവിനോട് ........

സമയക്രമത്തിന്റെ
ഒതുക്കുകല്ലുകളിലൂടെ ...
കര്‍ത്തവ്യ നിര്‍വഹണത്തിന്റെ
ആദിയടയാളങ്ങള്‍ കാത്തു സൂക്ഷിച്ചുകൊണ്ട്‌ ...
ഒരു യാത്രാന്ത്യത്തിന്‍റെ
ശുഭമംഗളങ്ങള്‍ ചൊല്ലികൊണ്ട്‌ .
സായന്തനത്തിന്റെ
വര്‍ണ്ണാഭയിലേക്ക് ..
നീ പുതിയൊരു
പൂവായ് വിരിയുന്നു...
ഒരു നാലുമണിപൂവായ്....
മറ്റൊരു സായന്തനത്തിന്റെ
നിറങ്ങളിലേക്ക് നീ കണ്‍ തുറക്കില്ലെന്നും
ഞാന്‍ അറിയുന്നു...
യാത്രയുടെ നീളം അളന്ന ഞാന്‍
പിന്‍വാങ്ങുന്നു...
നിന്നെ വേദനിപ്പിച്ചു കൊണ്ടും....
നിന്നെ കരയിപ്പിച്ചു കൊണ്ടും..

മഴവില്‍ ചിത്രങ്ങള്‍ ...

പുറത്തെ ഇരുട്ടിനു കറുത്ത
കട്ടിയേറിയ പാട..
വാനിലെ കറുത്ത മേഘങ്ങള്‍ക്ക്
തുള വീഴ്ത്താന്‍ കഴിയാത്ത കാഠിന്ന്യം ..
കൂര്‍ത്ത കണ്ണുകളുള്ള,
കറുത്ത മനസ്സുള്ളവരില്‍
തുളച്ചു കയറാത്ത സ്നിഗ്ദ ഭാവന ..
എന്നാല്‍ ....
വാനിലെ പൂര്‍ണ്ണ ചന്ദ്രന്
പാലുപോലുള്ള സുതാര്യമായ
ഒരു ആവരണം..
ഊഷ്മള വസന്തകാലത്തിനു
മഞ്ഞിന്‍ പാളികളില്‍ പ്രതിബിംബിക്കുന്ന
നവനീത ഹൃദയ കുസുമം..
സ്വപ്‌നങ്ങള്‍ തിളങ്ങുന്ന കണ്ണുള്ളവനും,
ആത്മാവിന്‍റെ ഭാഷ
സുന്ദരമായി രചിക്കുന്നവനുമായ
അവന്‌
താരകള്‍ മിന്നുന്ന മാനസം..
അവിടേ ഞാന്‍ കീഴടങ്ങുന്നു...
ഈ സന്ധ്യയില്‍
അര്‍ദ്ധ ശ്യാമനിറം കലൊര്‍ന്നോരീ സന്ധ്യയില്‍ ,
ഇവിടെ തളര്‍ന്നു വീഴുന്ന നിശബ്ദതയില്‍,
പിന്തിരിഞ്ഞു നോട്ടം ,
മുന്നോട്ടെക്കൂന്നല്‍ നല്‍കല്‍ ,
ഇവക്കൊന്നും തന്നെ പ്രസക്തമായ വിചിന്തനങ്ങളില്ല.
പുനര്‍ ചിന്തനത്തിന്റെ
ഒരു പദ്ധതി പോലുമില്ല...
രാത്രി,
വഞ്ചിതയാക്കപെട്ട രാത്രി
കടന്നുവരുമ്പോള്‍
മനസ്സില്‍നൈര്‍മ്മലല്യ പുഷ്പങ്ങള്‍ വിരിയും..
അവളുടെ പാദചലനത്തില്‍ ,
പീഡിതയുടെ,
അപമാനിതയുടെ,
വിരഹിണിയുടെ ..
ദാഹം നിറഞ്ഞ ശബ്ദങ്ങള്‍ .
ഒടുവില്‍,
നിശാഗന്ധി രാത്രിയോട്‌ ചോദിച്ചു:
" എന്‍റെ സഹജീവിയായ പനിനീര്‍പൂവിനെയെന്താണ്
മുള്ളുകള്‍ക്കിടയില്‍ സൃഷ്ടിച്ചത് ."
രാത്രി മൗനം പാലിച്ചു.
മൗനം മുള്‍മുനകള്‍ക്കിടയില്‍ -
കിടന്നു പിടഞ്ഞു...

ബുദ്ധിജീവികള്‍ ...

വയല്‍വരമ്പില്‍ കൂടി
തോള്‍സഞ്ചി തൂക്കി നടക്കുകയാണ് ഞാന്‍...
ഗ്രാമം..പിച്ചിചീന്തിയെറിഞ്ഞ കിനാവുകള്‍..

ഞാന്‍ നടന്നു..
ആലംബമില്ലാത്ത തേങ്ങല്‍...
ഒടുവിലെത്തിയവനും ഗര്‍വ്വിഷ്ടനായിരുന്നു ..
പക്ഷെ അവന്‍ വാചാലനായിരുന്നു .
ജീര്‍ണിച്ച പകലുകളുണ്ടായിരുന്നു..
വേഷം മാറാത്ത സന്ധ്യകളും..
എങ്കിലും..
അനിയന്ത്രിതമായ വികാരങ്ങള്‍
പല്ലിളിച്ചു, മുഖം കുത്തിവീണു ,
അവയില്‍ മൃദു മന്ദഹാസം
വേരറുത്ത കാപട്യങ്ങളായി .
തല്‍സ്വരൂപങ്ങള്‍ കണ്ടു
കണ്ണു മിഴിച്ചിരുന്നു...
വിഷാദസഞ്ചി തൂക്കി കനത്ത ദേഹം
പേറി നടക്കുന്നു ഞാന്‍..
വഴുക്കലിച്ച വയല്‍ വരമ്പില്‍
കാല്‍ തെറ്റി വീണു ഞാന്‍ .
ആകാശം നോക്കിക്കിടക്കവേ
ചുറ്റിനും കൃമി സഹസ്രങ്ങള്‍
അടിഞ്ഞു കൂടി .

Tuesday, September 16, 2008

ഈയാംപാറ്റകള്‍

ചാറ്റല്‍മഴ പൊഴിഞോരാ സന്ധ്യയില്‍
വസുന്ധര നെടുനിശ്വാസമുതിര്‍ക്കവേ,
വൈകി വന്ന വസന്തത്തെ
വീണ്ടുംആവാഹിച്ചു അവള്‍.
പ്രകമ്പനം കൊണ്ട ഹൃദയത്തില്‍ നിന്നും
ചിറകു മുളച്ച കന്നിസ്വപ്‌നങ്ങള്‍
വാനിലേക്കുയര്‍ന്നു.
പിന്നീട്,
ചിറകു കരിഞ്ഞു ചില സ്വപ്‌നങ്ങള്‍
അവളുടെ മടിത്തട്ടില്‍ ഗതി കിട്ടാതെയിഴഞ്ഞു നടന്നു .
വീണ്ടും ..
ഭ്രൂണ പ്രക്രിയക്കായി
ചിലത്
അവളുടെ ഹൃദയാന്തര്‍ഭാഗത്തേക്ക്
തിരികെ വന്നു ചേര്‍ന്നു...
പുനര്‍ജനനത്തില്‍ ആഗ്രഹപൂര്‍ത്തീകരണത്തിനായെന്നോണം ...
പക്ഷെ... എന്നിട്ടും ... ഇന്നും...എന്നും.. കോരിത്തരിക്കാതെ,
ഉണര്‍വിലൂറ്റം കൊള്ളാതെ
ആ പ്രക്രിയ നടത്താന്‍
അവള്‍ക്കാവില്ല .
അവള്‍ പരാജിതയാവില്ല ....

വിഷ പൂവുകള്‍ ...


സുഹൃത്തിനോട്
*********
ഞാന്‍ നിന്നോട് പറഞ്ഞിരുന്നു
എന്നെ വഞ്ചിക്കെരുതെന്നു.
കടും നിറങ്ങള്‍ ചാലിച്ച
വാഗ്വാദങ്ങളും ...
നിറഞ്ഞ മൌനങ്ങളും
ഇടകലര്‍ത്തി നീയെന്നെ..

പെണ്ണിനോട് ...
********
എന്നോട് അടുക്കരുതെന്നു
ഞാന്‍ നിന്നോട് ചൊല്ലിയിരുന്നു..
പുസ്തക താളുകളില്‍ ,
ഇരുളടഞ്ഞ കോണിചുവടുകളില്‍ ..
എല്ലാം മറയാക്കി നീ ..
ഒടുവില്‍ എന്നെ പോലും
നീ കുടയായ് പിടിച്ച്
ഒരു ജന്മ്മ കാലം മുഴുവന്‍
യാത്ര തുടരുന്നു..

സഹോദരനോട് ...
*********
എന്നെ മറക്കരുതെന്ന്
ഞാന്‍ നിന്നോട് കേണപേക്ഷിച്ചിരുന്നു..
വൈതരണികളില്‍
ഒരു നടപ്പാലമാക്കിയ എന്നെ..
ഉത്തരങ്ങള്‍ തരാതെ
കാണാദൂരത്തും ..
ദുര മൂത്ത്
നീയെന്‍റെ അവയവഛേദം ചെയ്യുന്നു..

സഹോദരിയോടു ..
************
എന്നെ എന്‍റെ സ്വപ്നങ്ങളില്‍ നിന്ന്
വലിച്ചൂരിയെടുക്കെരുതെന്നു
നിന്നോട് ഞാന്‍ മന്ത്രിച്ചിരുന്നു ..
കൈ പിടിച്ച് വന്ന നവസ്വപ്നങ്ങളില്‍ ,
പിറന്ന വഴി മറന്ന നിന്നോട്
ഞാന്‍ എങ്ങിനെ ശബ്ദമുയര്‍ത്തും .
ഒടുവില്‍ യാഥാര്‍ത്യങ്ങള്‍
കനലുകളായ് നിന്‍ മുന്നില്‍
പെയ്യുന്നത് ഞാന്‍ കാണുന്നു..
*******
എവിടെയും പൂക്കുന്നു
വിഷപൂവുകള്‍ ..
ഒരു ഗന്ധവും ഇണങ്ങാത്ത
ഒരു പൂവ് എന്‍ മുന്‍പില്‍...
നിര്‍വ്വികാരതയുടെ
സഹജ വാസന പരത്തി
അവയെന്നെ പൊതിയുന്നു..
ഈ ഗന്ധം എനിക്ക് മാത്രം .
ഞാനെല്ലാം മറക്കുന്നു...