സഹയാത്രികര്‍

Tuesday, November 16, 2010

വിലാപങ്ങള്‍

ജയ്‌ ശ്രീരാം .
അത് ശൂലമുനയിലെ വിലാപം .
വളച്ചൊടിച്ചത്.
പിരിച്ചകറ്റിയത് .
വാളിന്‍ തുമ്പിലെ പിടയുന്ന
തത്വ ശാസ്ത്രം.

അള്ളാഹു അക്ബര്‍ .
ഇത് ബോംബിന്റെ
റിമോട്ടിന്റെ പതിഞ്ഞ താളം.
വായുവില്‍ രക്തക്കറ ചാലിക്കുന്നത്‌.

കൂട്ടം തെറ്റി മേയുന്നവര്‍ക്കിടയില്‍
അലോസരപ്പെടുത്തുന്ന
വാക്ക് സഞ്ചാരങ്ങളുമായ്
വിടാതെ പിന്തുടരുകയാണ്
ശബ്ദങ്ങള്‍....

Monday, November 15, 2010

പലായനത്തിന്റെ പൊരുള്‍


പലായനങ്ങളുടെ അവസാനം
നിന്റെ ഊഴമായിരുന്നു.

നിന്റെ വിടപറയലിന്റെ
കാഠിന്യത്തില്‍
ഖുറൈശിക്കൂട്ടങ്ങള്‍
മരുഭൂമിയില്‍ എന്നേയ്ക്കുമായി
തളച്ചിടപ്പെടുകയായിരുന്നു .

ഒഴിഞ്ഞയിടങ്ങള്‍
നിറയുകയാണിന്ന് .
മരുഭൂമിയില്‍ വീണ
നിന്റെ കണ്ണുനീരിലും,
ചക്രവാളത്തോളം നീണ്ട
പാലായനയാത്രകളിലും,
നിന്റെ വിട പറച്ചില്‍
പ്രതിധ്വനിക്കുന്നു.

മരുക്കാറ്റ് വീശുന്ന
ഏകാന്ത തുരുത്തില്‍
ഞാനെന്നും തനിച്ചായിരുന്നു.

പ്രദക്ഷിണ വഴികളില്‍
ഞാനുമിപ്പോള്‍
മനുഷ്യ പ്രളയ ജലത്തോടൊപ്പം .
അതെന്തൊരുഴുക്കായിരുന്നു!!!


എന്റെ ഏകാന്ത തുരുത്തും
മരുക്കാറ്റും
എന്നോട് പറയാത്ത
എന്തോ ഒന്ന് ....
ഇവിടെ കണ്ടെത്തുകയായിരുന്നു.

ഈ പ്രളയ ജലത്തില്‍ ഞാന്‍ മുങ്ങി താഴട്ടെ .
തുടര്‍ച്ചയായ
സങ്കീര്‍ത്തനങ്ങളോടൊപ്പം
നിന്റെ വേവലാതി സ്വരവും
എനിക്ക് കേള്‍ക്കാം.
ഞാന്‍ കേള്‍ക്കാതെ പോയ
സ്വരം.

ഇപ്പോള്‍ എന്റെ മനസ്സില്‍
നിന്റെ മുഖം തെളിഞ്ഞു വരുന്നുണ്ട്.

Thursday, November 11, 2010

എന്‍ഡോസള്‍ഫാന്‍

പറങ്കിമാവിന്‍തോട്ടത്തില്‍
നീളന്‍ നിഴലുകള്‍
കുടിയിരിക്കുന്നു

ശരീരം കുറുകി
തല വീര്‍ത്തവ ..

ആരോ ,
പെയ്തുവീഴുന്ന
വിഷധൂളികളിലേക്ക്
മുഖം ചേര്‍ക്കുന്നു.

കൈകാല്‍ പിടഞ്ഞ്
നുരയൊലിപ്പിച്ച്
ജീവിതം
കരയ്കണയുന്നു !

വായുവിനും
മണ്ണിനും
പേയിളകിയിരിക്കുന്നു.

മരുന്ന് തളിച്ച
ഹെലികോപ്റ്റര്‍
പറന്നകന്നിരിക്കുന്നു.

കണ്ണടയ്ക്കാത്ത
ക്രൌര്യങ്ങള്‍ക്കൊടുവില്‍
അടിവരയിട്ട്,
പൂക്കള്‍ അര്‍പ്പിച്ച്
മൌന ജാഥ നടത്താന്‍
സമയമായോ !?

ലക്ക് കെട്ട സഞ്ചാരത്തിന്
ലാക്കറിയാന്‍
ഇനി ഞാന്‍
മരുന്നടിക്കേണ്ട കാര്യമില്ല ..

ഉണര്‍വിലേക്ക്
ഒരു തുള്ളി ഉത്തേജക മരുന്നും ,
കുതിപ്പിലേക്ക്
ഒരു പിടിച്ചു തള്ളലും.
ഇത്രയും മതി
ഒരു ജനതയ്ക്ക്
സംഘബല മുണ്ടാകാന്‍ .
ഓര്‍ക്കുക ..
ഒരു രാജ്യം കീഴ്പ്പെടാനും ,
അരാജകത്വത്തിലേക്ക്
തെന്നി മാറാനും....

Wednesday, October 27, 2010

എന്റെ മരണം ഒരാഘോഷമാക്കുക


ഞാന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു .
വൈകിയെങ്കിലും
എന്റെ തിരിച്ചയക്കലും
കഴിഞ്ഞിരിക്കുന്നു.

ഹാ... തിരിച്ചയക്കപ്പെട്ടത്‌
ഞാനല്ലല്ലോ!!
അതൊരു ശവമല്ലെ !!
എന്നെയെങ്ങിനെയവര്‍
തിരിച്ചയക്കും !!
ഞാന്‍ മരിച്ചിട്ടില്ലല്ലോ !!!

പൂ ആരും ഇറുത്തെടുത്തിട്ടുമില്ലല്ലോ .


നോക്കൂ ..
ഞാനിതാ ... നിന്റെ മുന്‍പില്‍..

Friday, October 22, 2010

കവല

നാല്‍ക്കവലകള്‍
ത്രസ്സിക്കുകയാണ്.
രാവിന്റെ അന്ത്യയാമത്തില്‍
മഞ്ഞിലേക്ക് ചോരതുപ്പി.
അതായിരുന്നു തുടക്കം.


രക്തത്തിനേത് വര്‍ണ്ണമെന്ന്
ഒരു ബുദ്ധിമാന്‍ ചോദിച്ചു .
എനിക്ക് ഒരു വര്‍ണ്ണമെന്ന്
അയാള്‍ സ്വകാര്യം പറഞ്ഞു.
അയാള്‍ പീ എച്ച് ഡി
എടുത്തതാണത്രേ അതില്‍.


ഞാന്‍ പകുത്തെടുത്ത
വര്‍ണ്ണ രേണുക്കളില്‍,
അനന്തതയിലേക്ക്
നീളുന്ന എന്റെ ഞരമ്പുകളില്‍,
നീയറിയാത്ത ഒരു
നീല ഞരമ്പുണ്ട് .
കവല പറഞ്ഞു.


ഞാന്‍ പീ എച്ച് ഡി
എടുത്തതാണ്.
ബുദ്ധിമാന്‍ വീണ്ടും.


മനുഷ്യാ നീ മണ്ണാകുന്നു.
മണ്ണ് മാത്രം .
കവല പിറുപിറുത്തു .

Saturday, October 16, 2010

അഭിമാനഹത്യ

ഞങ്ങള്‍ സംതൃപ്തരാണ് .
അമ്മ പറഞ്ഞു:
അവള്‍ തകര്‍ത്തെറിഞ്ഞ
മംഗല്ല്യ കുങ്കുമ ചെപ്പ്
ഞങ്ങള്‍ തിരിച്ചെടുത്തിരിയ്കയാണ് .

അച്ഛന്‍ പറഞ്ഞു:
അചാരങ്ങളോടെ
അവളെ സംസ്കരിച്ചിരിക്കുന്നു.

സഹോദരര്‍ പറഞ്ഞു:
അഭിമാനം തിരികെ
വന്നു ചേര്‍ന്നിരിക്കുന്നു.

പക്ഷെ---
ആദ്യരാത്രിലെ മയക്കവും
ഭ്രൂണ സഞ്ചാരവും ,
പിളര്‍ന്ന യോനിയും ,
കണികണ്ട
ചുവന്നോരിളം പൂവും,
കിലുകിലുക്കങ്ങളും
ഒരമ്മ മറന്നുവോ??

ചെവിയിലാദ്യമായോതിയതും ,
പിഞ്ചിളം കൈയേറ്റി നടന്നതും,
അച്ചനെന്നാദ്യമായ് വിളിച്ചതും,
കൊഞ്ചലും, പിണങ്ങലും, ഓടിയൊളിക്കലും
ഒരച്ഛന്‍ മറന്നുവോ??

ഇത് നിന്‍ കുഞ്ഞു പെങ്ങള്‍
നിന്റെ സ്വന്തം നിന്റെ മാത്രം
കൈകുടന്നയില്‍ സൂക്ഷിക്കേണ്ടവള്‍
ഒരു സഹോദരന്‍ ഇത് മറക്കുമോ?

മറവിയിലേക്ക് പൂഴ്ത്തിവെച്ച
മൂല്ല്യമേറിയെതെല്ലാമിന്ന്
ഉയര്‍ത്തിക്കാട്ടി
എന്റെയിന്ത്യ കുതിക്കുകയാണ്.
മുന്നോട്ട്... മുന്നോട്ട് ....

Friday, October 15, 2010

ആകര്‍ഷണ വികര്‍ഷണങ്ങള്‍

ജ്വലിക്കുന്നൊരാകര്‍ഷണ
വലയമായിരുന്നു
അവളെ ചൂഴ്ന്ന് നിന്നിരുന്നത് .
ഒരു പൂമ്പാറ്റയായ്
ഞാനതില്‍ കരിഞ്ഞലിഞ്ഞുപോയ് ..

വിദ്യുത് തരംഗമായവന്റെ
വിസരണം .
ഉയര്‍ന്ന പ്രസരണ ശക്തിയാല്‍
ഞാനുരുകിയമര്‍ന്നുപോയ്‌ ..

കാറ്റടിച്ചുലഞ്ഞുയര്‍ന്നൊരു
തീമരമായിരുന്നച്ഛന്‍ .
അടുക്കുന്തോറുമകറ്റുന്ന
വേവലില്‍ ഞാനകന്നകന്നുപോയ് ..

മൌനങ്ങളില്‍ കൊടിമരം നാട്ടി-
യീണങ്ങളില്‍ കയ്പ്പുനീര്‍ ചാര്‍ത്തി-
യുറങ്ങാതെ ഉണര്‍ന്നെണീറ്റയമ്മതന്‍
വിണ്ടകന്ന കാല്‍പാദങ്ങളില്‍
പുതുജന്മമായ് ഞാന്‍ മിഴി തുറന്നു..

Saturday, October 9, 2010

നൊബേല്‍

സമ്മാനങ്ങള്‍ വാരിക്കൂട്ടും
അതുറപ്പ്‌.
കാലത്തെ അടിച്ചു പുറത്താക്കുന്ന
ചൂരല്‍ വടിയേന്തുന്നവര്‍ക്ക്.
ചുവപ്പിന്റെ പരവതാനി
വലിച്ചു കീറുന്നവര്‍ക്ക്.
സാഹിത്യവും , സമാധാനവും
ഒരേ ദിശയിലേക്കു
ഒഴുക്കുന്നവര്‍ക്ക്.

Wednesday, October 6, 2010

കാലം സാക്ഷി



ഏകാന്തതയുടെ അവസാന ഘട്ടം കഴിയാറായി.
പാകപ്പെടുത്തിയെടുത്ത യാത്രാനേരങ്ങളില്‍
പകലിന്റെ വഴിയൊതുങ്ങലും, പിന്‍വാങ്ങലും..


എന്റെ നിശബ്ദ യാത്രകള്‍ വാരികൂട്ടിയ
വാക്കുകളും, മന്ദസ്മിതങ്ങളും
ഒഴുക്കിന്റെ നനഞ്ഞ വിരിമാറിലേക്ക്.

കാലം എന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് .
പാകപ്പെട്ട ഒരു ജീവിതം ,
വഴിയില്‍ പരുങ്ങി നില്‍ക്കാത്തത് ,
അസ്വസ്ഥതയില്‍ പിടയാത്തത് ,
യാത്രാന്ത്യത്തെ ഭയക്കാത്തത് .


അസ്വസ്ഥതയുടെ മുള്‍ക്കിരീടം ചൂടുന്ന ,
യാത്രാ വേളകളില്‍ പിറുപിറുക്കുന്ന,
തണുപ്പന്‍ കാറ്റില്‍ വിതുമ്പിപോകുന്ന,
ഈറന്‍ ദേഹങ്ങളാണൊ നിങ്ങള്‍.


ഞാനെന്നെ മയക്കിക്കിടത്തി
സ്വര്‍ഗ്ഗലോകത്ത് സഞ്ചരിക്കുകയാണ് .
യാത്രാന്ത്യത്തില്‍ ഉണരരുതെ എന്ന് പ്രാര്‍ത്ഥന .


ഞാനും കാലവും കാത്തിരിക്കുന്ന
ഒരു അവസാന വിധിയുണ്ട് .
അതെങ്കിലും അനുകൂലമാവാന്‍ .....

Sunday, October 3, 2010

മുറിവുകള്‍

കാണാത്തിടത്തെ മുറിവും
കാട്ടിക്കൊണ്ട് നടക്കുന്ന
മുറിവും രണ്ടാണത്രെ !!

രക്തം കല്ലിച്ചത്
ഉള്ളിലെ മുറിവിലാണ്.

പഴുത്തൊലിക്കുന്ന മുറിവിന്
ഒരു കഠാരതുമ്പിന്റെ
രഹസ്യങ്ങളറിയാം .

വെളിപ്പെടെണ്ടതായിട്ടും
പറഞ്ഞു വെച്ച് പോകുന്നില്ലോന്നും .

ഒരു രാത്രിയിലെ പകയായി
മറന്നേക്കാം .

ഉള്ളിലെ പഴുക്കാതെ
വിങ്ങുന്ന മുറിവും
ശത്രുവിന്റെ നേട്ടമാവാതെ
മിത്രത്തിന്റെ
മറക്കാത്ത സമ്മാനമായ്ക്കോട്ടേ....

വേഗത

എന്റെ ചിന്തകള്‍ക്കും , കാറ്റിനും
ഒരേ വേഗതയാണ്.

ഇലക്കൂട്ടങ്ങളിലൂടെ
ഊളിയിട്ടിറങ്ങി
ശക്തി കുറയുമ്പോഴും
കാറ്ററിയുന്നില്ല
കടന്നുപോയ വഴികളി-
ലുപേക്ഷിച്ചു പോയ
നിശ്വാസങ്ങളും, മുറിപ്പാടുകളും.

ഞാനുമറിയുന്നില്ല
കഴിഞ്ഞ രാത്രിയിലും
മുറിപ്പെട്ട
വാക്കുകളും,
തുടര്‍ന്നുണ്ടായ വിലാപങ്ങളും.

ചിന്തകളേറ്റി നടക്കുകയാണ് .
ഒരു വിലാപത്തിലും
ചെവി കൊടുക്കാതെ....

Thursday, September 30, 2010

അഭിവാദ്യങ്ങള്‍

അതിര്‍ത്തികള്‍ ഭേദിക്കുന്നു
-----------------------------
മുള്ള് വേലിയ്ക്കപ്പുറം
അതിര്‍ത്തിയിടാത്ത
ഒരു നദിയുണ്ട്.
നിന്നില്‍ നിന്ന് എന്നിലേക്ക്‌
ഒഴുകിയെത്തുന്നത് .
ഇന്നന്നെ കൂച്ച് വിലങ്ങണിയിച്ച
നിന്നോടുള്ള
എന്റെ ദാഹത്തിന്
ഒരിയ്കലും അത് മതിയാവുന്നില്ലല്ലോ !


മിടുക്ക്
------
ആരുടെ മിടുക്കായാലും
സഹോദരാ ,
നീയകറ്റപ്പെട്ടെന്ന
യാഥാര്‍ത്ഥ്യം മാത്രം
എന്നോടെന്നും കളവുകള്‍ പറയുന്നു.

എന്നാലും
ഗോതമ്പ് മണമുള്ള
നിന്റെ കാറ്റിന്
പിഴയടക്കാതെ ,
വിസയില്ലാതെ
എന്നിലൂടെ നിര്‍ഭയം സഞ്ചരിക്കാം .

Wednesday, September 29, 2010

എഴുതാത്ത വിധി

ഏതൊരു വിധിയ്ക്കാണ്
ഇനി കാത്തിരിക്കേണ്ടത്?
നൂറ്റാണ്ടുകള്‍ക്കു മുന്‍പേ
വിധിച്ചതാണ് .
ഇപ്പോള്‍ പുതിയൊരു
വിധിക്കും മുന്‍പേ
പ്രതിവിധി അറിയാതെ
ഉഴറുകയാണ് ഞങ്ങള്‍ .

Saturday, September 25, 2010

ഔപാസനം

ഒരു തിരി തെളിയുന്നു.
രണ്ടാത്മാക്കളുടെ
അന്തരാളത്തിന്റെ
കെടാത്ത തീ.

കര്‍മ്മങ്ങള്‍ക്കൊടുവില്‍
അന്ത്യയാത്രയില്‍
കൂട്ടായ് വരേണ്ടത്.

ഉലയാത്ത നാളവും
ഉണ്മ തേടുന്ന ജീവിതങ്ങളും
കെടാത്ത നാളത്തിന്റെ
വിശപ്പിന്റെ അവസാനത്തെ രുചി .

എരിഞ്ഞു തീരുന്ന ചിതാഗ്നിയോടൊപ്പം
കൂടെ കരുതിയ നെഞ്ചിലെ തീയും.

പ്രാര്‍ത്ഥനയാണ്
അവസാനം വരെ.
ദു:ഖങ്ങള്‍ക്ക് മേല്‍
അടയിരിക്കുന്ന ,
കര്‍മ്മങ്ങള്‍ക്ക് അന്ത്യവിധിയാകുന്ന,
പാപങ്ങള്‍ക്ക്‌ നീരൊഴുക്കാവുന്ന,
ജലസമാധിയില്‍ മുങ്ങിയമരുന്ന,
മോക്ഷ വഴികളിലേയ്ക്കുള്ള
അവസാന പടികളിലെ
വിഘ്നമില്ലാത്ത കാത്തുനില്‍പ്പിന് ....
അതിനു മാത്രം.

Sunday, September 19, 2010

ഉജ്വല കവിത

അക്ഷര ശ്ലോകങ്ങളെഴുതി നിറയ്ക്കുന്നു
തല്‍ക്ഷണമിവിടെയിവര്‍ മിടുക്കന്മാര്‍ മിടുക്കികളും
ഉഷ്ണിച്ചിട്ടോ ഞാനുമെഴുതിയിടട്ടെയിവിടെ
കഷ്ണം കഷ്ണമായ് വാക്കുകളമ്പൊത്തൊന്നക്ഷരങ്ങള്‍......

Monday, August 23, 2010

എന്റെതായിട്ടുള്ള നമസ്കാരങ്ങള്‍

ഹൃദയമുള്ളവരെ
നമസ്കരിക്കുന്നവന്‍ ഞാന്‍ .
അപ്പോള്‍ ഞാന്‍
ഒരു ഹിന്ദുവിനെയും
മുസ്ലീമിനെയും
തീര്‍ച്ചയായും
നമസ്കരിച്ചിരിക്കാനിടയില്ല .
അടിഞ്ഞുകൂടിയിടത്തായിരുന്നു
എന്റെ വന്ദനങ്ങളും
നമസ്കാരങ്ങളും .
അവിടെ ആരായിരുന്നു
എന്നതല്ല ,
എന്തായിരുന്നു എന്നതായിരിക്കും....

Saturday, August 21, 2010

ആര്‍ ആരുടെ കീഴില്‍

മടക്കി വെച്ച പുസ്തകം
ഒരിക്കലും സംസാരിക്കാറില്ല .
പുസ്തകം സംസാരിക്കുന്നത്
എപ്പോഴാ?
അത് വായനക്കാരനോട്...?
അത് എപ്പോഴും
വായനക്കാരനോടെ
മനസ്സ് തുറക്കൂ....
അപ്പോള്‍ പിന്നെ....
ഞാന്‍ ഒരേ പോലെ വായിച്ച
എസ്‌.കെ യും ... ബഷീറും
എന്നോട് പിണങ്ങിയത് ?


അവരല്ല പിണങ്ങിയത് എന്ന്
ആരാണ് ഏറ്റെടുത്ത്‌
അവരുടെ വഴിക്കാക്കിയത് !!!!

ചാണക പുഴുക്കളാണെത്രെ...........

Saturday, August 14, 2010

ഇസ്ലാം-കുറിപ്പുകള്‍

ചരിത്രത്തിന്റെ
ഇടനാഴികകളില്‍
വലിച്ചിഴക്കപ്പെടുന്നു നീ.
**** **** ****

ഒരു വന പുഷ്പത്തിന്റെ
ഗന്ധം വഹിച്ച മന്ദമാരുതന്‍
നീ .
നിന്റെ നിര്‍മ്മല തലങ്ങള്‍
അനുഭവിച്ചറിയേണ്ടത് .
**** **** ****

കൈകൊള്ളേണ്ടതും
കൈയൊഴിയെണ്ടതും
പിറന്ന മണ്ണിനോട് ചേര്‍ന്ന് .
*** **** ****

അയല്‍ക്കാരന്റെ
ദു:സ്വപ്നങ്ങളില്‍
നീ വിട്ടയക്കപ്പെട്ട
ദൂതനാവാതിരിക്കുക.
*** *** ***

ചെന്നായ്ക്കളുടെ കണ്ണിന്
വിരുന്നായ്‌ നിലകൊണ്ടും
ഒരു ജന്മം
നീ പിഴുതെറിയുകയാണ്.
ഇപ്പോള്‍
നിന്നിലേക്ക്‌
സംക്രമിക്കുന്ന
നികൃഷ്ട സിദ്ധാന്തങ്ങള്‍
കാരണം
ഒരു സുവര്‍ണ്ണ ഗോളം
ചിതറി തെറിച്ച്
തന്മാത്രകള്‍
സ്വയം ചുറ്റുകയാണ്.
ചുറ്റികൊണ്ടിരിക്കുകയാണ്.

പൊടിഞ്ഞു തീരുന്നതും
അലിഞ്ഞു ചേരുന്നതും
പിന്നെയൊന്നായ്
കുതിക്കുന്നതും
നമ്മളൊന്നായൊറ്റക്കുടക്കീഴിലാവാം .

Sunday, August 8, 2010

ബ്രിട്ടന്‍

അധിനിവേശത്തിന്റെ
പേകൂത്തുകളിലാണ്
നിന്റെ വംശം
വ്യാപരിച്ചിരുന്നത്...
( നിന്റെ ഒരു കച്ചവട
മ:നസ്ഥിതിയേ..!!!)

അധമ വികാരങ്ങളില്‍
നീ പീഠമുറപ്പിച്ചു.
കാട്ടു സീമകളില്‍
ഉറച്ച താവളവും...

ഗ്രാമാന്തരീക്ഷങ്ങളില്‍
നീ മനുഷ്യ ഗോറില്ലകളെ
പാറാവുകാരാക്കി.

സ്വപ്നങ്ങളില്ലാത്ത
നിന്റെ തരിശുഭൂവില്‍
നീ തണല്‍ വൃക്ഷം വരെ
നട്ടു പിടിപ്പിക്കാന്‍ ശ്രമിച്ചു .
വൃഥാ ...

സ്വപ്നങ്ങളില്ലാതാവുന്നത്
പലപ്പോഴും
ചിന്തകള്‍ മൃഗീയമാവുമ്പോഴോ?

എന്റെയിന്ത്യ സ്വീകരിച്ചതോ
നീ പടര്‍ത്തിയ
ജാതീയതയിലെ വേരൂന്നല്‍ ...

കാലങ്ങള്‍
കഴിഞ്ഞിട്ടും
ഒരു വേര് പോലും
അറ്റിട്ടില്ലന്നോ?

നീയാര് ?
നിന്നെ ഞാന്‍ നമിച്ചോട്ടെ !!!!

Tuesday, August 3, 2010

സഞ്ചാരം

എന്റെ ചടഞ്ഞിരുത്തം

കണ്ടിട്ടാണ്

എസ്.കെ .പൊറ്റെക്കാട്‌

എന്നോട് ചോദിച്ചത്.

കാപ്പിരികളുടെ നാട്ടിലേക്ക്

പറഞ്ഞു വിടണമോ ?

ഞാന്‍ പറഞ്ഞു:

എന്നെ പാതിരാസൂര്യന്റെ നാട്ടിലേക്ക് ....

നിന്നെ ക്ലിയോപാട്രയുടെ

നാട്ടിലേക്ക് നാട് കടത്തിയിരിക്കുന്നു ....

ഉടനടി ഉത്തരവും വന്നു..

ഞാനപ്പോള്‍ മലയായിലെ

അലസന്മാരുടെ കൂടെയായിരുന്നു.