സഹയാത്രികര്‍

Wednesday, March 9, 2011

വിഷമല്ലാത്ത എന്‍ഡോസള്‍ഫാന്‍


-ഒന്ന് -
ഇവര്‍ പറഞ്ഞവസാനിപ്പിക്കും .
അടിവരയും , ഫുള്‍ സ്റ്റോപ്പും
ചാര്‍ത്തി
വിരാടപുരുഷന്മാരാകും .‍.
അല്ലെങ്കില്‍
മലം ഉരുട്ടിക്കൊണ്ടുപോവുന്ന
നികൃഷ്ട കീടങ്ങളാകും.
സമാനമായ പ്രവര്‍ത്തികള്‍ തന്നെ....


-രണ്ട്-
ഉച്ചസ്ഥായിയില്‍
അളിഞ്ഞവായു
പുറത്തുവിടുന്ന
റിപ്പോര്‍ട്ട് പ്രമാണികള്‍.

ഓരോ തുള്ളി ജലത്തിലും
വ്യതിയാനങ്ങളില്ലാത്ത
അമൃതശുദ്ധി കണ്ടെടുക്കുന്നു.

മനുഷ്യ വിഷ സസ്യങ്ങളെ
ജനിതക തകരാറില്‍
കുരുക്കിയിടുന്നു.



-മൂന്ന്-
നാട്ടുവഴികളിലെ
ശൂന്യതയില്‍ നിന്ന്
ഒരു കവിള്‍ ശ്വാസം .

പൂത്തുലഞ്ഞ മാമ്പൂക്കളില്‍ നിന്ന്
ഒരു കുമ്പിള്‍ സുഗന്ധം.
കറയിറ്റുന്ന കശുമാങ്ങകളില്‍ നിന്ന്
ജീവനൊഴിഞ്ഞ
കുഞ്ഞാത്മാക്കളുടെ
യാത്രാമൊഴികള്‍.

കറയിറ്റുന്ന മണ്ണിലേക്ക് ,
ജീവസരസ്സ്
വറ്റിത്താഴുമിടത്തേക്ക് ....
------------------------------

Monday, March 7, 2011

എം ടി ക്ക് ഒരു ഉപഹാരം


നാലുകെട്ടിന്റെ നെരിപ്പോടുകളില്‍ നിന്ന്
ഇറങ്ങി വരുന്ന സാധാരണ മനുഷ്യരെ അറിയാം॥

കാലത്തിന്റെ മുറിപ്പാടുകള്‍ ഏറ്റുവാങ്ങിയ
വേദനയുടെ നിഴല്‍ രൂപങ്ങളെ ആശ്ലേഷിക്കാം..

അസുരവിത്ത്‌ വീണു മുളക്കുന്ന മണ്ണില്‍ നിന്ന്
കളകളോടൊപ്പം നീക്കം ചെയ്യാം ..

മഞ്ഞു വീണു കിടക്കുന്ന ഭൂപ്രദേശങ്ങള്‍ താണ്ടി
നമുക്ക് സ്നേഹദൂദരാകാം ..

വിലാപയാത്രകളുടെ അവസാനം
ചവിട്ടി മെതിക്കപെട്ട
പൂക്കളും, കിനാക്കളും തൊട്ടറിയാം ..

പാതിരാവും പകല്‍വെളിച്ചവും ഇടകലര്‍ന്ന
ജീവിത പ്രഹേളികയെ അറിയാം ..

അറബിപൊന്ന് തേടിപോയി
മരുഭൂമികളില്‍ നീരുറവ തേടുന്ന
പ്രിയപെട്ടവരെ ഓര്‍ക്കാം ..

രണ്ടാമൂഴം ആണെങ്കിലും
നിര്‍വൃതിയുടെ നിമിഷങ്ങള്‍
പകര്‍ന്നാടുന്നുണ്ടെന്നു അറിയാം..

ഇരുട്ടിന്റെ ആത്മാവും ,
ഒരിക്കലും കാണാത്ത
പെണ്ണിന്‍ ഹൃദയവും അറിയാം..

ഓളവും തീരവും ഇണചേരുന്ന
മോഹഭംഗങ്ങള്‍
കാല്‍പ്പാടുകള്‍ക്ക് എന്നേ അറിയാം..

കുട്ട്യേടത്തി ഉപേക്ഷിച്ച
ഇരുമ്പു പെട്ടിയിലെ വാടാമലരുകള്‍
ഉള്ളറിവിന്റെ പരിഛേദം..

വാരിക്കുഴികള്‍ തീര്‍ക്കുന്നവര്‍ക്കിടയില്‍ ,
സ്വര്‍ഗം തുറക്കുന്ന സമയം
എപ്പോഴാണാവോ ?

ബന്ധനം ..
പതനം..
വാനപ്രസ്ഥം .. ഒടുവില്‍ ..
നിന്റെ ഓര്‍മ്മയ്ക്ക്‌ .. എല്ലാം സമര്‍പ്പിക്കുന്നു..

Friday, February 25, 2011

ഉറങ്ങുന്ന അഗ്നിപര്‍വതങ്ങള്‍


പറഞ്ഞവസാനിപ്പിച്ചിരുന്നില്ലാരും .
തുടര്‍ന്ന് പറയാന്‍
ശ്രമിച്ചവര്‍ക്കൊക്കെ
വഴികാട്ടികള്‍
മുന്‍പേ പറന്നൊരാ പക്ഷികളായിരുന്നു.

കൊഴിഞ്ഞ തൂവലിന്റെ
ഋജുരേഖയില്‍ തടവി
തന്മയത്തത്തോടെ
പിന്നീട് വന്നവരും
സമസ്യകള്‍ പൂരിപ്പിച്ചുകൊണ്ടിരുന്നു .

രാത്രി മയക്കങ്ങളില്‍
ചിലര്‍ ഞെട്ടിയുണര്‍ന്ന്
നിലാവിന്റെ
നിഴലനക്കങ്ങളില്‍
സ്വര്‍ഗ്ഗസംഗീതം
കേള്‍പ്പിച്ചുകൊണ്ടിരുന്നു.

അപരിചിതരുടെ കൂടെയുള്ള
സല്‍ക്കാരലാസ്യങ്ങളില്‍
അവര്‍ തിരശ്ശീലക്കു പുറകില്‍
വിദൂഷകന്മാരായി .

വഞ്ചിതരുടെ പെരുംയാത്രകളില്‍
കാലിടറിയവന്റെ വിമോചനയാത്രകളില്‍
അവരെഴുതിയ സൂക്തവും
വായിച്ചിരുന്നുവത്രേ!

കരിഞ്ചാറ് കുടിച്ച
വഞ്ചിത രാത്രികളില്‍
വിലാപഗാനങ്ങള്‍ക്ക്
മൂളിപ്പഠിക്കുമ്പോള്‍
കരിന്തേള് കുത്തുന്ന
ദൂഷിതമാമോര്‍മ്മകളില്‍
കനല്‍ക്കണ്ണ് മറന്നു വെച്ച
നിദ്രാടനങ്ങളിലെ
ഗുഹാതീരങ്ങളും.
ഏറുമാടങ്ങളും ...

എന്നിട്ടും ....
എന്നിലേയ്ക്കമരുന്ന
തീക്കാറ്റുകള്‍
ഒരു യാത്രാമടക്കത്തിന്റെ
വികാര ശേഷിപ്പുകള്‍
അയവിറക്കിക്കൊണ്ടിരുന്നു .

Thursday, February 24, 2011

കരു


രാക്കാറ്റെറ്റ് ഉറങ്ങാതിരിക്കുമ്പോഴും
കൈനഖത്തിനു താഴെ
പ്രത്യക്ഷപ്പെടാന്‍ പോവുന്ന
കറുത്ത പാടിനെ സ്വപ്നം
കണ്ടു കിടന്നു .

ചെവിക്കു നുള്ളിക്കോ
എന്ന് പറഞ്ഞു പോയ
അവന്റെ മുന്‍പില്‍ ഞളിയേണ്ടേ .
ചെകിടടക്കി തന്ന അടിക്ക്
മറുപടി കൊടുക്കേണ്ടേ.

പക്ഷെ അവന്‍ കൊണ്ടുതന്ന
റമ്മിന്റെ കുപ്പിയും ,
ചുളിയാത്ത നോട്ടും
എന്തിനാണാവോ?
എന്നെയെന്തിനവന്‍ കരുവാക്കുന്നു?

Friday, February 18, 2011

പകുതി കരിഞ്ഞത്


വീര്‍പ്പുമുട്ടലോടെയാണവന്‍
പറഞ്ഞവസാനിപ്പിച്ചത് .
അത് പാതി വെന്ത
ശരീരമായിരുന്നെന്ന്.
സ്ത്രീ ശരീരമായിരുന്നെന്ന് .

ക്രൂരമായൊരാലിംഗനത്തോടെ
അവന്‍ കൂട്ടി ചേര്‍ത്തു.
"അവള്‍ ഒരു ചരക്കായിരുന്നു "

Thursday, February 17, 2011

ഒഴിഞ്ഞ ബോഗികള്‍


ആര്‍ക്കുമാരോടും
ഒരു മമതയുമില്ല .

പാളത്തിനും ചക്രത്തിനും
ഇടയ്ക്കുള്ള ഘര്‍ഷണം
തീപ്പൊരികള്‍
ഉയര്‍ത്തിയേക്കാം.

ഏതൊരു ശുഭയാത്രക്കുമൊടുവില്‍
ടിക്കറ്റിന്റെ മറുപുറം
ശാന്തമായ്
കേണുകൊണ്ടേയിരിക്കും ..
അപ്പോഴും
വട്ടമേശയ്ക്ക് ചുറ്റും
കൈയ്യടികള്‍
പ്രതിധ്വനിക്കുന്നുണ്ടാവും....

പ്രാണന്‍


വിട്ടു പോകുമ്പോഴാണത്രേ
അവന്റെ ദേഹം
പ്രാണനെയെത്തിപ്പിടിക്കാന്‍
ശ്രമിച്ചത് .

പിളര്‍ന്ന ചുണ്ട്
കൂട്ടി ചേര്‍ത്തിട്ടും
ചേര്‍ന്നില്ലത്രേ!

കൃഷ്ണമണികള്‍
മലര്‍ന്നു പോവുന്നത്
യാത്രാമൊഴിയിലും
അര്‍ദ്ധവിരാമമിട്ടത്
എന്തിനെന്നോര്‍ത്താണെത്രെ!

Sunday, February 13, 2011

ആയിരത്തൊന്നു രാവുകള്‍


ഏതു മണിയറയിലായാലും ,
ഉറക്കത്തിന്റെ
നൂല്‍പ്പാലത്തിലായാലും
കഥകള്‍ പറയാന്‍
മിടുക്കുള്ള ഒരു പെണ്ണുണ്ടോ ?

മണലാരണ്യത്തിലെ
ഉഷ്ണക്കാറ്റ് പറഞ്ഞ
ഒരു കഥയുണ്ട് മനസ്സില്‍ .

ജന്മങ്ങള്‍ പകുത്തുനെല്കിയ
ആത്മാക്കള്‍ക്കിടയില്‍
കഥകള്‍ പറഞ്ഞു
കര്‍മ്മത്തിന്റെ തീക്ഷ്ണതയറിഞ്ഞവള്‍ .

ഏതൊരു കാമാതുരനും
ഇന്നൊരു കഥയിലും
വഴിയൊതുങ്ങിപ്പോവുന്നില്ല .

എങ്കിലും...
തനിക്കു നേരെ
നടന്നടുക്കുന്നവനായ്
കഥകള്‍ കൊണ്ടൊരമ്പ്,
ആയിരത്തൊന്നു കഥകള്‍
കൊണ്ടൊരമ്പ് തീര്‍ക്കുന്നവള്‍..?

Saturday, February 12, 2011

എന്നിലെ സാമൂഹ്യപാഠം


വലിയൊരു നിലവിളി
കേട്ടാണ് ഞാനുണര്‍ന്നത് .
അതയല്‍പ്പക്കത്തിന്നായിരുന്നു.

വീണ്ടുമുറങ്ങാന്‍ കിടന്നു.

പിന്നീടൊരു തേങ്ങല്‍
കേട്ടാണുണര്‍ന്നത് .
ഏറെ പരതിയപ്പോള്‍
കണ്ടെത്തി.
അതെന്റെ ഡയറിയില്‍
നിന്നായിരുന്നു.
ഞാന്‍ ജാകരൂഗനായി
ഉറങ്ങാതെയതിനു
ചെവിയോര്‍ത്തിരുന്നു...

Monday, February 7, 2011

കുരുത്തംകെട്ടവന്‍

സഞ്ചാര സ്മൃതികളുണ്ടേറെ ..
പഴകിയ വിഴുപ്പു കെട്ടില്‍
മുഷിഞ്ഞ പ്രമാണങ്ങളും .

വഴികളിലേറെ കണ്ടത്
ഉമിനീരൊലിപ്പിച്ച
പുരുഷനെയും ,
തരളിതയായ
സ്ത്രീയെയുമാണ്.

കാട്ടുപക്ഷിയുടെ ചോരയില്‍
ചുണ്ടും, മുഖവും ചേര്‍ക്കുന്നവന്‍.
നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നത്
മാറിടങ്ങളെ കൊളുത്താനാണത്രെ!
തള്ള വിരല്‍ ചുഴറ്റുന്നത്‌
നാഭിക്കുഴിയെ തേടിയാണത്രെ !
പുഴുവരിക്കുന്ന
ജനനേന്ദ്രിയം കാട്ടി
അവന്‍ ഇന്നും ഓവര്‍ ബ്രിഡ്ജിനു താഴെ...!

ഒരു തെരുവില്‍ നിന്നും
കരകയറാനാവാതെ
അവളും.
അവള്‍ അവസാനം പറഞ്ഞത്
അസംഭാവ്യമായെങ്കില്‍ .
കൃത്രിമമായ ശ്വാസോച്ഛാസത്തോടെ
ഒടുക്കം നിന്റെതായെങ്കിലോ എന്നാ
പ്രതീക്ഷ.

Tuesday, January 25, 2011

സൂര്യനെ തേടുന്ന കണ്ണുകള്‍

കണ്ണുകള്‍ എപ്പോഴും
തുറന്നു വെയ്ക്കാനാണാഗ്രഹം .
ഇമയനങ്ങാതെ .
കരടുകള്‍ തീര്‍ക്കുന്ന
ഓരോ ദുരന്തങ്ങള്‍ക്കും
ഇന്ന് ദൂരങ്ങളില്‍പ്പോലും
തീര്‍പ്പ് കല്‍പ്പിക്കാനാവുന്നില്ല.

നിന്റെ മിഴികളില്‍ ഞാന്‍ കണ്ടതും
പാഴ് മരങ്ങളുടെ നിഴല്‍ .
നഷ്ടപ്പെട്ട വനാന്തര്‍ഭാഗത്തെ
പൊളിഞ്ഞ കാവല്‍മാടവും ,
പുല്ക്കുടിലും, മാന്‍പേടയും..

സൌഹൃദത്തിന്റെ കണ്ണിലൂടെ
നിന്നെ നോക്കുമ്പോഴെല്ലാം
കുളമ്പടിച്ച് കുതറുന്ന
ഒരു കുതിരയെ കാണാം .
കടിഞ്ഞാണില്ലെങ്കിലും
കെട്ടിയിടപ്പെട്ട
കുതിപ്പിന്റെ പ്രസരിപ്പറിയാം..

കണ്ണുകള്‍ ഏറെ പറയുമത്രേ .
വാക്കിന്റെ സഞ്ചാര പഥങ്ങളില്‍
വരി തെറ്റാതെ
ഓരോ രാത്രിയിലും
അവയെന്നോട് സംസാരിക്കാറുണ്ട്.

സ്നേഹത്തിന്റെ തിളക്കം ,
ചതിയുടെ മാറാട്ടം ,
ഇണക്കങ്ങളുടെ വേഗതയും ,
പിണക്കങ്ങളുടെ രൌദ്രതയും വരെ
തീര്‍പ്പ് കല്‍പ്പിക്കുമിടം.

കണ്ണടഞ്ഞ സ്നേഹ രാഹിത്യത്തിന്റെ
തെരുവ് സ്പോടനങ്ങളിലും
തുറന്ന കണ്ണുമായ് അനേകര്‍..

കൃഷ്ണമണിയുടെ
ആലംബമില്ലാത്ത തേങ്ങല്‍
ഇന്നെന്നെ തളര്‍ത്തുന്നു.
കറുപ്പിന്റെ ശൂന്യതയില്‍
വന്യമായ ഒരു നിലവിളി...

കാഴ്ച മടുത്ത
എന്റെ ലോകത്തിലേക്ക്
ഉള്‍ക്കാഴ്ചയുടെ തിട്ടൂരമായ്
ഒരാള്‍ കൂടി ഇനി വരാനുണ്ട്..

എന്നെ കുടഞ്ഞു വീഴ്ത്തുന്ന ,
കണ്ണേറ് തട്ടിച്ചു തളര്‍ത്തുന്ന
ആത്മാക്കള്‍ക്ക് നേരെ
പിടയുന്ന സത്യമായ്
നീ തുറിച്ചു നോക്കുക....

Friday, January 21, 2011

ഒഴുകാത്ത ജലം

പുലര്‍കാല സ്വപ്നത്തിന്റെ
തെളിഞ്ഞ വിശാലതയില്‍
പതിവുതെറ്റാതെ വന്നിരുന്നൊരു
പൂവിന്റെ ജീവിതവും, മരണവും.

തേഞ്ഞുതീര്‍ന്ന കൌമാരത്തിന്റെ
ഇരുണ്ട വനസ്ഥലികളിലെ,
നിഗൂഡ യാത്രവഴികളിലെ
കല്‍പ്പടവുകളിടിഞ്ഞ കുളം .

ഇരുള്‍ പരന്ന കുളം,
പായല്‍ നിറഞ്ഞത്‌ ,
ഒറ്റ പൂ മാത്രം വിരിഞ്ഞത്,
മധ്യത്തില്‍ വിടര്‍ന്ന കണ്ണുകള്‍.....

കണ്ണടയുന്ന ഏതോ നിമിഷങ്ങളില്‍
ദളങ്ങളടര്‍ന്നത് , അലിഞ്ഞു താഴുന്നു ...
മിഴിദളങ്ങള്‍ പോലും ....

പായലുകള്‍ വകഞ്ഞു മാറ്റിയ
സ്വപ്നവും യാഥാര്‍ധ്യങ്ങളും
ശുദ്ധമണലിന്നടിയില്‍
പടര്‍ന്നലിഞ്ഞ പൂവിനെ
കാണിച്ചു തന്നുകൊണ്ടിരുന്നു....
എന്നും... എപ്പോഴും...

Wednesday, January 19, 2011

തീരാനഷ്ടം

ഒരിക്കല്‍ കണ്ണ് തുറന്നതാണ്.
അപ്പോള്‍ എതിര്‍ ദിശയിലെ കണ്ണില്‍
തിളക്കം കണ്ടതാണ്.
എന്നിട്ടും
അവയവങ്ങള്‍ പറിച്ചെടുത്ത്
ഞങ്ങളെ അലയാന്‍ വിട്ടതാണ്.
പക്ഷെ ആ അലച്ചില്‍
ഇന്നും ചേര്‍ന്നു തന്നെയാണ്...

അതാണല്ലോ
അവന്റെ മാറില്‍ നിന്ന്
കൈ പറിച്ചെറിഞ്ഞ്
അവള്‍ ഓടി വന്നെന്നെ
പുണര്‍ന്നു പറഞ്ഞത്.
ഞാനെന്നും നിന്റെതാണെന്ന്....

Saturday, January 1, 2011

മയക്കിത്തിനൊടുവില്‍

എന്റെ കൈത്തണ്ടയില്‍
കിടന്നാണ് അവന്‍
ഉറങ്ങിയിരുന്നത്.
അര്‍ദ്ധ മയക്കം...
ഇടക്കെപ്പോഴോ പിറുപിറുത്തുകൊണ്ടിരുന്നു.
മരവിച്ച കൈയ്യിന്റെ
അറിയാത്ത ചലനങ്ങളില്‍
ഞാന്‍ വേപധു പൂണ്ടിരുന്നില്ല .
മയക്കത്തിനൊടുവില്‍
തടിച്ച കണ്പോളകള്‍ തുറന്ന്
അവനെന്നെ വീണ്ടും പുണര്‍ന്നു.
തടിച്ച ഫ്രൈമുള്ള കണ്ണട
ധരിച്ച് അവന്‍ പോകാനൊരുങ്ങി .
പ്രാകൃതമായ ഒരു ചിരി
കണ്ടോ ഞാന്‍ അവനില്‍?

Thursday, December 30, 2010

ആസക്തി

ഉറങ്ങാത്ത ഒരു രാത്രിയിലാണ് ഞാന്‍
നിലാവില്‍ പിണയുന്ന
നിഴലുകളെ ശ്രദ്ധിച്ചത്.

എന്റെ നഗ്ന ശരീരത്തിന്റെ
ദുഷിച്ച ഗന്ധം
നിലാവിലലിയിക്കുകയായിരുന്നു.

പിടഞ്ഞു മാറിയ നിഴലുകളില്‍
ഒന്ന് എന്തിനോ
തേങ്ങികൊണ്ടിരുന്നു.

ഏതോ മൃഗത്തിന്റെ
രൂക്ഷഗന്ധം .
വിയര്‍പ്പിന്റെ
ഒട്ടിചേരലില്‍
മനസ്സിന് എന്നേ
കാലിടറിയിരുന്നു.
എന്നിട്ടും
ഉറപ്പില്ലാത്ത സദാചാരത്തിന്റെ
ആണിക്കല്ലില്‍ വൃഥാ
തടവികൊണ്ടേയിരുന്നു .

മൃഗത്തിന്റെ ഒടുങ്ങാത്ത
കിതപ്പും,
ക്രിയകളിലെ
അവസാനത്തെ നെടുനിശ്വാസവും
എനിക്ക് മാത്രം സ്വന്തം.
എങ്ങിനെ പിണഞ്ഞാലുമുണ്ട്
അവസാനമൊരു
പുറം തിരിയല്‍.
അവിടെ ഞാനെന്നെ തൃപ്തനാക്കുന്നുണ്ട്.

ഓരോ മൃദു മന്ത്രണത്തിലും
ഒരുഗ്ര താപത്തിന്റെ
ഏറ്റകുറച്ചിലുകള്‍ .
ഓരോ പ്രതിജ്ഞയിലും
നിറവേറ്റാത്ത
കള്ള പെരുക്കങ്ങള്‍ .

അവസാനം
എന്റെ തൃപ്തിയ്കായ്
ഞാനെന്നെ തന്നെ
ഭോഗിച്ച്
തൃപ്തിയടയുന്നു.

Thursday, December 23, 2010

യേശുവേ ...

സര്‍വാംഗം വേദന തിങ്ങിയെങ്കിലും
പ്രാര്‍ത്ഥനയൊന്നിത് മാത്രം .
ക്ഷമിക്കണേ, മറക്കണേയിവര്‍
ചെയ്യുന്നതെന്തെന്നിവരറിയുന്നില്ല .

അറിയാതെ പോകുന്ന മഹാ -
പരാധങ്ങള്‍ ,കാണാതെ പോകുന്ന
കൈപ്പിഴകള്‍ , കൈ കഴുകലുകള്‍ ,
പിഴക്കാതെ തൊടുക്കുന്ന കൂരമ്പുകള്‍ .

നീ തന്നെ സര്‍വ്വവും ജന്മമേ , മനുഷ്യനെ ....
എന്തിനിത് ചൊല്ലുന്നു മഹാനുഭാവാ....
പ്രണാമമീ കാല്‍ക്കല്‍ , ശിരസ്
ചേര്‍ക്കട്ടെ പാപിയാമീ ഞാനും...
എന്‍ മോഹങ്ങളും....

ആരോട് കലഹിക്കണം ? പറയൂ ..

ഒരു ചേര്‍ന്നെഴുത്ത്
-------------------

(ശുദ്ധമായ നരവര്‍ഗ്ഗം ഇന്ന് ലോകത്തില്‍ ഒരിടത്തുമില്ലല്ലോ . (എസ് കെ പൊറ്റെക്കാട്‌ )

ഇരുട്ടില്‍ തിളങ്ങുന്ന

എന്റെ മുഖത്തിന്
ഞാന്‍ ഏത് രാജ്യത്തിന്റെ

പേരിടും?
അതിന് കാപട്യമോ?
വിഹ്വലതയോ ?

2
വാരഫലം

-----------


ഞങ്ങള്‍ ഏതില്‍

അടിയുറച്ചു വിശ്വസിക്കുന്നുവോ

അതിലൂന്നിയാണ്

പത്രങ്ങള്‍

അവരുടെ കോളങ്ങള്‍

പൂരിപ്പിക്കുന്നത്‌ .
സത്യത്തില്‍

അപ്പോഴാണറിയുന്നത്‌

നിന്റെ നാളില്‍ നിന്ന്

എന്റെ നാളിലേയ്ക്കുള്ള
അവിശുദ്ധ ദൂരം...
അവിടെയാണല്ലോ

നമ്മളുടെ പിണക്കത്തിന്റെ

തുടക്കവും...

Tuesday, December 21, 2010

എന്‍ഡോസള്‍ഫാന്‍ ചിത്രങ്ങള്‍

ജീവിതം പൂക്കുന്നവര്‍ക്കിടയില്‍
മാവുകള്‍
പൂക്കുകയും , കരിയുകയും ചെയ്തു .

ചിത്രങ്ങള്‍ തേടിയുള്ള
യാത്രയില്‍
ശരീരം പൂക്കുന്ന
ഒരു കുഞ്ഞിനെ കണ്ടു.
വെന്ത ശരീരമുള്ള
മാമ്പൂ.

പഴുപ്പിച്ച ശരീരങ്ങള്‍
ഇനി ചുറ്റിക കൊണ്ട്
പരത്തിയെടുക്കയെ വേണ്ടൂ .

ചെന്തീക്കനലുകള്‍
പൂപോലെ ചിതറുന്നുണ്ട്.

പണിയന്റെ ആലയിലെ
ഉലയില്‍ രൂപാന്തരം
പ്രാപിച്ചവയെ
കടലാസ്സില്‍ നിരത്തിയിട്ടുണ്ട്.

ഒരു അഗ്നിപര്‍വ്വതം
ലാവയൊഴുക്കുമ്പോള്‍
കാലങ്ങളായി
അടക്കിവെച്ച
നിര്‍വൃതിയുണ്ട് .

സമതലങ്ങളില്‍
ലാവയൊഴുക്കാന്‍
ആരൊക്കെയിനി
കനിവ് മരങ്ങള്‍
പിഴുതെറിയേണ്ടി വരും !!

എന്റെ ചൂടാറിയ
മനസ്സില്‍
നഗ്ന ശരീരങ്ങള്‍
ആളിപ്പടരുന്നുണ്ട്.

ഒരു പുനര്‍ജനിയിലും
ഒടുങ്ങാത്ത പാപങ്ങള്‍ ?

ഞാനിനി ആരുടെ
നിഴലായെങ്കിലും
സഞ്ചരിക്കും?

Saturday, December 11, 2010

കവികളോട് കൂട്ട് കൂടുന്ന സ്ത്രീകളോട്

കൂട്ടുകൂടുമ്പോള്‍
എഴുത്തുകാരോട് ,
പ്രത്യേകിച്ച്
കവികളോട്
നിങ്ങള്‍ ചോദിക്കുക .
നിങ്ങള്‍ ആത്മകഥ എഴുതുമോയെന്ന്...?

ഉണ്ടെങ്കില്‍
ഉറപ്പായും
അവര്‍ നിങ്ങളെ
പലതിന്റെയും
പ്രതീകങ്ങളാക്കും..

പിന്നീട് മാനത്തിന്
പുറകെ ഓടാന്‍
നിങ്ങള്‍ക്കാവില്ല...
അച്ചടി മഷി
നിങ്ങളുടെ മുഖം വരെ
പടര്‍ന്നിരിക്കും ..

കൌമാരത്തിന്റെയും ,
കുതൂഹലത്തിന്റെയും ,
നേര്‍ത്ത ഉള്‍ നിറവുകള്‍ വരെ
വിടര്‍ത്തുമവര്‍....

Monday, December 6, 2010

നന്നങ്ങാടികള്‍

പൂര്‍ണ്ണമാവാത്ത
കവിതകളില്‍ നിന്നാണ്
ഞാന്‍ വികൃതമായ ഭ്രൂണത്തെ
ചുരണ്ടിയെടുത്തത്.

ഒരു സൂക്ഷ്മാണുവിന്റെ
പതനം.
ഞാനറിവിന്റെ
പൊന്നറയ്ക്ക് മുകളില്‍
എഴുതി ചേര്‍ത്തു .

ഇലക്കുമ്പിളോടെ
അത് നെഞ്ചോട്‌ ചേര്‍ത്തു .
ദര്‍ഭപ്പുല്ലോട്കൂടെ
സ്വര്‍ഗ്ഗം കാണിച്ചു കൊടുത്തു.

ഈ ഭ്രൂണഹത്യയില്‍
കവിയ്ക്ക് പങ്കില്ല.

കൈ കഴുകി പിരിഞ്ഞുപോയ
കവിയും,
തെരുവില്‍ ഒറ്റപ്പെട്ട
മനുഷ്യനും
ദൂരങ്ങളിലേക്ക്
അകറ്റപ്പെട്ടിരുന്നു.

കവി അപ്പോഴേക്കും
ഞെക്കിപ്പിഴിഞ്ഞെടുത്ത
കവിതയില്‍
ഇടറി വീണുകഴിഞ്ഞിരുന്നു .