സഹയാത്രികര്‍

Saturday, October 22, 2016

...........

അക്ഷരങ്ങളെയാണല്ലേ നീയിഷ്ടപ്പെട്ടത്‌ .
അതെപ്പോഴാണ്‌ ഞാന്‍ അറിഞ്ഞത്.!!

ഈ ഹൃദയവും , ശരീരവും
നിന്നെ ഉന്മത്തയാക്കിയില്ലെന്നോ .

നീ ചുരണ്ടിയെടുത്തതെന്റെയക്ഷരങ്ങളെ .
എനിക്കനുഭവപ്പെട്ടതെന്റെ
ഹൃദയത്തില്‍ .
ഒരു പോറലില്‍ ഒരായിരം വിലാപങ്ങള്‍ .

മടക്കയാത്രയില്‍
ഒതുക്കുകല്ലില്‍
ഇടറിവീണയെന്റെ
അക്ഷരത്തുണ്ട്
ഞാന്‍ കൊടുത്തുവിടുന്നു .
എന്റെ ശ്വാസം അതില്‍ പുരളാതിരിക്കാന്‍
ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്..........

ഒരിക്കലുമെഴുതാത്ത കവിത


എഴുതാൻ പറ്റാത്ത വരികളുണ്ട് മനസ്സിൽ .
ദീർഘനിശ്വാസത്തോടൊപ്പം എന്നുമെഴുതുന്നത് .
എന്റെ മനസ്സ് വായിക്കുന്നത്.
മറ്റാരും വായിക്കാത്തത് .

എന്റെ ആദ്യത്തേതും അവസാനത്തേതും ആയ കവിത.

ആരിൽ നിന്നും രക്ഷതേടി !!


ഏകാന്തതയിൽ
വാക്കുകളെന്റെ ഓരം ചേർന്നുറങ്ങുകയാണ് .
കളിയരഞ്ഞാണങ്ങളഴിഞ്ഞവ ,
വിദ്യുത് തരംഗങ്ങളൊഴിഞ്ഞവ ,
തളർന്ന, വിയർപ്പുണങ്ങുന്ന നിമിഷങ്ങൾ .

കാറ്റിന്റെ മൃദുതലോടലിലും ശീൽക്കാരം .
വരണ്ട ചുണ്ടിലും
മിടിപ്പ് നിലച്ച ഹൃദയവടിവുകളിലും
കാറ്റിന്റെ കടന്നുകയറ്റങ്ങൾ .

ഏകാന്തതയിൽ പോലും ഞാനുലയുകയാണ് .
പരുഷസ്വരങ്ങളിൽ നിന്നും
എത്രയോ അകലെയെങ്കിലും
ആരോ പറഞ്ഞുവിട്ട വാക്കുകളെന്റെ ചുറ്റിനും
പെയ്തു തീരാതെ വിങ്ങുകയാണ് .

എന്റെ മറുവാക്കുകൾ വിശ്രമത്തിലാണെന്നു പറഞ്ഞല്ലോ!!
ഇനിയുമുള്ളോട്ടു പോകണം.
നിന്റെ സ്വരങ്ങളെന്നെ കണ്ടെത്താത്ത , കേൾക്കാത്ത , പറയാത്ത
ഇടത്തിലേക്ക് ...

............

കാറ്റ് കൊണ്ടുപോയ മഴയപ്പോൾ
ചുരം കയറുകയായിരുന്നു.
കാറ്റും മഴയും കൂടി
കൈകോർത്തുപിടിച്ചു കൊണ്ട് ഓടി .
പശ്ചിമഘട്ടത്തിലെ
ഏതോ കൊടുമുടിയിൽ തട്ടി തളർന്നു വീണു .

താഴ്‌വാരത്തിലൂടെ ഒഴുകിപ്പോയ
മഴയും,
മഴക്കാടുകളിൽ തളർന്നു വീണ
കാറ്റും
പിന്നീടിന്നേ വരെ കണ്ടിട്ടില്ലത്രേ !!

ഇഷ്ടങ്ങൾ

കാൽക്കീഴിലെ
മണ്ണൊലിച്ചു പോവുമ്പോഴും
ഒറ്റക്കാലിൽ തപസ്സു
ചെയ്യാനാണിഷ്ടം .

ഋതുക്കൾ വന്നുപോവുമ്പോഴും
ഒരേ വികാരത്തോടെ
നിൽക്കാനാണിഷ്ടം

മുഷ്ടിചുരുട്ടി വരുന്നവന് നേരെ
ഒന്ന് പുഞ്ചിരിക്കാനാണിഷ്ടം

പെയ്തു നിറയുന്ന
കർക്കിടകരാത്രിയിൽ
നിന്നോടൊത്തുചേരാനാണിഷ്ടം

യാത്രാനേരങ്ങളിൽ
ശബ്ദങ്ങൾ കടന്നുവരാത്ത
നിമിഷങ്ങളാണിഷ്ടം

ആർത്തലയ്ക്കുന്ന
ഒരു നീണ്ട മഴയോടൊപ്പം
കുടയൊന്നും ചൂടാതെ
ഒരു യാത്രയും കൂടെ പോവണം...
ആ ഒരു പോക്ക്
ഇഷ്ടങ്ങളുടെ അവസാനമായിരിക്കണം...


 

യാത്ര പോവണം ഇനിയും ദൂരേക്ക്


പുറപ്പെട്ടുപോയീന്നൊക്കെ
കേട്ടിട്ടുണ്ട് ..കുട്ടിക്കാലത്ത് .
ചിലർ .
പക്ഷെ അതൊരിക്കലും
തിരിച്ചുവരാത്തൊരു പോക്കായിരുന്നു.
വാഗ്മൊഴികൾ അങ്ങിനെയാണ് പറഞ്ഞുതന്നതും.
സത്യത്തിനൊരിപ്പിടവുമായിരുന്നു ആ വാക്കുകൾ.
അവരൊരിക്കലും വരാതിരുന്നപ്പോൾ .

പുറപ്പെട്ടു പോയവരുടെ കൂടെയാണ്
ഇന്നുമെന്റെ കുട്ടിക്കാലം.
അതുകൊണ്ടു അതാദ്യകാമ്യം .

ഇന്നും യാത്രകളെന്നെ കൊണ്ടുപോവുന്നത്
ആ ഒരു പുറപ്പെട്ടുപോവൽ കാലത്തേക്കാണ്.

പക്ഷെ ഓരോ യാത്രകളും കഴിയുമ്പോൾ
എന്നെ പുറപ്പെട്ടയിടം തിരിച്ചു വിളിക്കും.

എന്റെ പഴയ ആ യാത്രികരെ അങ്ങിനെ ഒന്നും വിളിച്ചിരുന്നില്ലയോ ആവോ !!

അവള്‍ അനാമിക -- നാല്


ചിന്തകളെരിഞ്ഞമരുമ്പോള്‍
ചാരത്തോടുകൂടി നിമഞ്ജനം ചെയ്യപ്പെടാനോ !
ചോദിച്ചു വാങ്ങിയ ജന്മമല്ല.
കനിഞ്ഞരുളിയതാണ് .
എരിവു കൂട്ടുന്ന സുഖപ്രദായിനി.
എന്‍ പേര്‍.
എഴുതി കൂട്ടിയ പുസ്തകങ്ങളിലൊക്കെ
എനിക്ക് സുമലാസ്യഭാവങ്ങള്‍ .
കശക്കിയെറിയുന്നവയിലൊക്കെ എന്റെ ചോരയും.
എന്റെ ഗര്‍ഭപാത്രത്തില്‍ വരെ നിന്റെ
കടന്നുകയറ്റം.
എന്റെ നിശാന്ത താഴ്വരകളില്‍ വരെ നിന്റെ നിഷേധങ്ങള്‍ .
നീയില്ലാതെ ഒരു നിലനില്‍പ്പ്‌ ..
ഞാനില്ലാത്ത നിന്റെ അവസ്ഥ ...
ശൂന്യാവസ്ഥയില്‍ നിന്റെ തൃശങ്കു .

നിനക്കെതിരെ ആയിരിക്കും ഇനി എന്റെ സംസാരം,
പ്രവര്‍ത്തി.
കാരണം എനിക്ക് നിന്നെ വീണ്ടെടുക്കണം.

തുലാവർഷ മിന്നൽ


ആ വെളിച്ചം മതി
ജീവനെടുക്കാൻ ...

നിന്റെ കൺവെളിച്ചം .
എന്നെ എത്ര നാൾ
വഴിതെറ്റിയലച്ചു.

നിന്റെ വാക്കുകളേക്കാൾ മുൻപേ
നിന്റെ നോട്ടം അറിഞ്ഞിരുന്നുവെങ്കിൽ ....!!

....

നിലാവിൻ നീരെടുത്തോരു
ചെരാത് തെളിയിക്കുന്നുണ്ട് ഞാൻ.
നീ വരുമോ അതിൻ നിഴലായ്
എന്നോടൊത്തോതുവാൻ
എന്നോടൊത്താടുവാൻ ...

ഞാനില്ലാതാവും നാൾ..


നിലാവേ ,നിഴലേ ,നീലരാവേ
നീയെന്നെയോർക്കുമോ .
പ്രണയമേ,പ്രപഞ്ചമേ,പ്രദോഷമേ
നീയെന്നെയറിയുമോ
അക്ഷരമേയമൃതകുംഭമേയപാരതേ
ഞാനെന്ന് നീയറിയുമോ .

തുറക്കാതെ .. അടയ്ക്കാതെ


ജാലകങ്ങൾ തുറക്കട്ടെ.
ശുദ്ധവായു .
ഒരു കവിൾ നുകരുന്നു.
അടയ്ക്കട്ടെ .
ഞാനെന്നിൽ ഉരുകട്ടെ.
അടയ്ക്കലിലും
തുറക്കലിലും
ഒരു ജീവിതം പിടയ്ക്കുന്നു.
തുറക്കാതെയും
അടയ്ക്കാതെയും
ഉള്ളിലിരുന്നുറങ്ങുന്ന
ജീവിതം....

എന്തിനാണ് ചിലരൊക്കെ ആത്മഹത്യചെയ്യുന്നത് !!


ആത്മഹത്യ, മരണത്തോടുള്ള ഇഷ്ടമാണോ !
എങ്കിൽ ചിരിച്ചുകൊണ്ടായിരിക്കും
മരണത്തെ സ്വീകരിക്കുന്നത്..

ജീവിതത്തോടുള്ള വെറുപ്പാണോ !
അതുകൊണ്ടാവും കണ്ണുതുറിച്ച്
പകയോടെ നോക്കിയിരിക്കുന്നത്.

ആത്മാവ് മരിച്ച ശരീരങ്ങൾ
ജീവനുള്ളവയെന്ന് നിങ്ങൾ പറയുന്നവ
എന്നോ ആത്മത്യ ചെയ്തവരാണ്.

പിന്നീടൊരു മരണത്തിനുമവരെ
കീഴ്പ്പെടുത്താനാവില്ല.!!!

..........

ഈണം മറന്നപ്പോൾ
കവിത മടങ്ങി .
കവിത പോയപ്പോൾ
മനസ്സ് മങ്ങി.
മനസ്സ് മങ്ങിയപ്പോൾ
ജീവിതം ചുരുങ്ങി.

ചിന്ത


നിന്നില്‍ നിന്നും നീ ഊര്‍ന്നുപോയപ്പോള്‍
നീ യോഗിയായി .
എന്നില്‍ നിന്നും നീ പടിയിറങ്ങിയപ്പോള്‍
ഞാന്‍ ഭ്രാന്തനുമായി .
------ 2 -------
സൂര്യനും ചന്ദ്രനും
അഹങ്കരിച്ചോട്ടെ .
ഒരസ്തമയം
അവര്‍ക്കുമുണ്ടല്ലോ നിശ്ചയം.

-------3 ----------
ഞാന്‍ പറഞ്ഞു ഞാന്‍ കേട്ടു.
നീ പറഞ്ഞു ഞങ്ങള്‍ കേട്ടറിഞ്ഞു.

---4-----
ജീവിതം

ഒരു ഹൃദയമിടിപ്പിന്റെ
ബലത്തിൽ
അഹങ്കരിച്ചുജീവിക്കുന്നു.

യഥാർത്ഥ ഇഷ്ടങ്ങൾ


ജഡത്തിനും കിട്ടുമിഷ്ടങ്ങൾ
അരിമണികളുടെ
ജലത്തിന്റെ
പൂക്കളുടെ

ജീവിതത്തിലെ പിന്മാറ്റങ്ങൾ പോലെയല്ല
ഈയിഷ്ടങ്ങൾ
തന്നോടൊപ്പം തന്നെ ദഹനം.

Friday, July 8, 2016

നൈൽ നദി അഥവാ മനുഷ്യജീവിതം


അതൊരുഴുക്കായിരുന്നു…
നിശ്ചലതയിൽ നിന്നൊരു ചാട്ടം .
ഉൾനിറവിലൂടെ
ഉൾക്കാടിലൂടെ
ഉണർന്നുലഞ്ഞൊരു യാത്ര.
അതിനുഗാണ്ടയെന്ന് പേർ .

ഒരു കൂടിച്ചേരൽ
ആദ്യാനുഭൂതി .
അനർവചനീയം .
എങ്കിലും മറ്റൊരിടത്ത് വെച്ചായിരുന്നു
ആ സംഗമം
എന്നിലേക്ക്‌ നീ നീലമഴയായി
പെയ്തിറങ്ങിയ ഖാർത്തൂം .
പിന്നീടായിരുന്നു ഒഴുക്ക്.
ഒഴുകിയൊഴുകി നമ്മൾ
എത്ര നിബിഡ വനങ്ങൾ
എത്ര പാറക്കെട്ടുകൾ
എത്ര നിശബ്ദ…
സമതല..നിലങ്ങൾ .
നൂബിയാ മരുനിലങ്ങളിലൂടെ ..
എങ്കിലും ജീവന്റെ തുടിപ്പറിഞ്ഞു .
നമ്മുടെ വിയർപ്പണിഞ്ഞ
മണലാരണ്യം
നമ്മെ പഠിപ്പിക്ക്കുകയായിരുന്നു .
ജീവന്റെ നന്മകൾ
ചോർന്നു പൊകുന്നത് .
ഒരു ഹൃദയം കീറി പിളർന്നു കൊണ്ട്
എത്ര ദൂരം…
ദൂരങ്ങൾ പിന്നെയും…
എന്നിട്ടും നമ്മൾ അവിടെയൊരു തുരുത്ത് നിർമ്മിച്ചിരുന്നു .
പിന്നെയൊരു സംഗമമായിരുന്നു .
അതൊരുഴുക്കായിരുന്നു .
വീണ്ടുമൊന്നാവൽ
വല്ലാത്തൊരു ശബ്ദത്തോടുകൂടിയായായിരുന്നു
ഞങ്ങൾ ഒന്നായി സമുദ്രത്തിൽ ലയിച്ചതും

സദാചാരപോലീസ്

ഇന്നലെ
ഇടവഴിയിലൂടെ
മാനംനോക്കി നടന്ന
എന്നെ
ഞാനെന്ന
സദാചാരപോലീസ്
പിടിച്ചു. 


തല്ലിക്കൊന്ന്
പെരുവഴിയിലിട്ടു .

എന്നെ
ഇല്ലാതാക്കിയപ്പോൾ
ഞാൻ സ്വതന്ത്രനായി .
ഇനി
ഞാൻ
ഇടവഴികൾ
നിരങ്ങട്ടെ ...
എന്നെ പേടിക്കാതെ...

അവളുടെ ജീവചരിത്രം


1980 ൽ ജനിച്ചു
1998 ൽ വിവാഹിതയായി
2000 ത്തിൽ ഗ്യാസടുപ്പിലെരിഞ്ഞു തീർന്നു .

കളി

നിമിഷങ്ങൾ
പൊട്ടിയടരുന്ന
കുമിളകൾ .
ഹൃദയ മിടിപ്പുകൾ .


പെട്ടെന്ന്
തീരുന്ന
ജീവിതകളിയാട്ടം.

ഇമയനക്കങ്ങൾ

ഇമയനക്കങ്ങൾ
നിർവൃതിയുടെ
സൂചകങ്ങളാണ് .

സ്നേഹലാളനങ്ങളുടെ ,
കരുണയുടെ ,
കടമയുടെ ,.
വൈരത്തിന്റെ ,
പുച്ഛത്തിന്റെ ,
വെറുപ്പിന്റെ
കണ്ണിമയനക്കങ്ങൾ .

കൺപോളകളിലെ
രക്തയോട്ടത്തിന്റെ
അഗ്നിനിറവ് .

അനക്കങ്ങൾ
നിന്നുപോയ
ജഡത്തിന്റെ .
തുറന്ന കണ്ണുകൾ
എന്നോട് രഹസ്യമായി
പറഞ്ഞതാണിതൊക്കെ !!