സഹയാത്രികര്‍

Saturday, January 14, 2012

വീടണയാത്തവര്‍


പാതിവഴിയില്‍ ആണ് ഇറങ്ങിയത്‌.
കുരുതി നടക്കുന്നിടത്തേക്കാണ്‌ പോയത്.
അത് മാത്രമറിയാം .
തിരികെ വീടണയാത്തതാണ്‌ മനസ്സിലാവാത്തത് .

പത്രമാഫീസുകള്‍ കയറിയിറങ്ങിയതാണ് .
ചാനലുകള്‍ വെടിപറഞ്ഞാഘോഷിച്ചതാണ് .
പക്ഷെ വീടണഞ്ഞില്ല .

വീട്ടിലെ കരുവേപ്പു ചെടി ചോദിച്ചു .
" ഇന്ന് വെള്ളം കണ്ടില്ല "
നിന്റെ ദാഹം അകറ്റേണ്ടുന്നവന്‍ വീടണഞ്ഞില്ല .
നിനക്ക് വേണ്ടി വെള്ളം കോരിയവന്‍ .

കാര്‍ബണ്‍ പൊടി തെറിപ്പിച്ച്
അരളി മരം പറഞ്ഞു.
" ഇന്നിവിടെയെങ്ങും ആ ശബ്ദം കേട്ടില്ല "
ആരോ നിശബ്ദമായ് മൊഴിഞ്ഞു .
" എവിടെയും കണ്ടില്ല "

വീട്ടിലെ ചെത്തി തേക്കാത്ത ചുമരും ,
മറയില്ലാത്ത കിണറും ,
കയറും, പാളയും ,
മുറികളില്ലാത്ത വീടും പറഞ്ഞു.....
" ഞങ്ങള്‍ക്കാ ശബ്ദം മാത്രം മതി .
ഇടവഴി കടന്നൊന്ന്
കയ്യാല മറിഞൊന്ന്
വന്നാല്‍ മതി.
ആ പദസ്വനം കേട്ടാല്‍ മതി "

കാറ്റിനു മാത്രം അറിയാമായിരുന്നു ആ രഹസ്യം.
വീടണയാതെ പോയവരുടെ കഥകള്‍ .

Thursday, January 12, 2012

വന്മരങ്ങള്‍ക്കൊപ്പം ഒരു കുഞ്ഞുചെടിയും ...



വന്മരങ്ങള്‍ക്കേ

കൊടുങ്കാറ്റിനെ
പേടിക്കേണ്ടതുള്ളൂ....

കാറ്റിന്റെ നീണ്ട

താണ്ഡവ രാത്രികളിലൊന്നില്‍
ഇല കൊഴിഞ്ഞമര്‍ന്ന
പതുപതുപ്പുള്ള ആവരണത്തിന്നടിയില്‍
ജന്മസുകൃതത്തെയോര്‍ത്ത് ഞാന്‍ .
മുടിയഴിഞ്ഞ കാറ്റിന്റെ ഹുങ്കാരം
എന്റെ ജീവനില്‍ ഊഷ്മളതയായി.

നനവിന്റെ ഊറലിലൂടെ
കറുത്ത പശിമയുള്ള മണ്ണിലേക്ക്
ഒരു കുഞ്ഞു വേര്.
രോമരാജികള്‍ പടര്‍ന്ന കുഞ്ഞു നോവ്‌.
എന്റെ പൊട്ടിവിടരലലില്‍
ഞാനൊന്ന് വിജ്രംഭിച്ചിരുന്നു .
കാറ്റൊന്നു പരിഹസിച്ചു...
മഴയൊന്നു തൂവി തെറിപ്പിച്ചു...
ഞാന്‍ വളര്‍ന്നു തുടങ്ങി......
അന്ന് വീണ്ടും കാറ്റടിച്ചു.
ആ ഹുങ്കാരവത്തില്‍
രാവിന്റെ അന്ത്യയാമത്തിലാണത്രേ
അതെന്റെ തൊട്ടരുകിലായ് നിപതിച്ചത് .
ആ വന്മരം.
മണ്ണിലമര്‍ന്ന അതിന്റെ കൂറ്റന്‍ ചില്ലകളില്‍
തലചായ്ക്കാന്‍ അപ്പോള്‍ ഞാന്‍ വെമ്പല്‍ കൊണ്ടു.
അപ്പോഴും മുകളില്‍ കാറ്റങ്ങിനെ വീശി വീശി .....

Wednesday, January 4, 2012

ഷര്‍മിളയിലേക്കെത്ര ദൂരം !!



ഷര്‍മിളാ നീയാരെയും പ്രണയിക്കരുത്.
നീയൊരു പ്രതീകമാണ്.
നീയിപ്പോള്‍ ചില്ലുകൂട്ടിലെ
ഒരു അപൂര്‍വ വസ്തുവാണ്.
നിന്റെ നിശ്ചലാവസ്ഥയില്‍
ചവിട്ടിയാണ് ജനങ്ങളുടെ നില്‍പ്പ് .
നീ പ്രണയിച്ചാല്‍ ,
സ്വകാര്യങ്ങള്‍ പറഞ്ഞാല്‍ ,
സകലതും തകരുമെന്ന്
അവര്‍ ഭയക്കുന്നു .
കെട്ടിപ്പടുത്തതൊക്കെയും...
നിന്റെ അനുയായികള്‍ നിന്റെ ക്ഷേമം കാംഷിക്കുന്നവര്‍ !!!

കുരുതിയോര്‍മ്മകള്‍




കുരുതി കഴിഞ്ഞു.
വെളിച്ചപ്പാട് ബൈക്കില്‍ യാത്രയായി.
നീര്‍ചാലായ് ഒഴുകിയ കുരുതി വെള്ളം
ചത്ത പാമ്പ് പോല്‍ കിടന്നു.
കരിഞ്ഞ തിരികള്‍
മഞ്ഞള്‍ പൊടിയില്‍ കുളിച്ചുറങ്ങി .
നിലാവിന്റെ ഒരു കഷ്ണം പീഠത്തില്‍ ,
ചുവന്ന പട്ടില്‍ വീണു കിടന്നു.
കുരുത്തോലകള്‍
തൂങ്ങിച്ചത്ത രാമനെ ഓര്‍മ്മിപ്പിച്ചു.
കുരുത്തോല പോലെ മെലിഞ്ഞവന്‍ .
കൈനീട്ടി വാങ്ങിയ പൂവിതളുകളില്‍
ചിറകൊടിഞ്ഞ ഒരു പൂമ്പാറ്റ .
തെറിച്ചു വീണ തീര്‍ഥകണങ്ങളില്‍
വിയര്‍പ്പുനാറ്റം .
കരിന്തിരി കത്തുന്ന ശ്രീകോവിലില്‍
വിളറിയൊരു മുഖം.
രാത്രിയുടെ അവസാന യാമത്തില്‍
നിഴലിനെ പ്രണയിച്ചും, കാമിച്ചും ഞാന്‍.
തെങ്ങിന്റെ നിഴല്‍പ്പാടുകളില്‍
ഇന്നും കത്തിയെരിയാത്ത ഒരു ചിത....
അമ്മയ്ക്ക് ഇപ്പോഴും വിശക്കുന്നുണ്ടത്രേ!!!

Monday, December 19, 2011

ഏകാകി




എന്റെ കണ്ണിലേയ്ക്കൊന്നു നോക്കൂ ...
ഏകാന്തതയുടെ സാഗരം കാണുന്നില്ലേ .
വര്‍ണ്ണമില്ലാത്ത സാഗരം .
പച്ചപ്പിന്റെ സമൃദ്ധിയില്‍ ,
ഈ നിഗൂഡവനത്തില്‍ ,
ഇലവീഴാ പൂഞ്ചിറയ്ക്കരുകില്‍
സമാധിയില്‍ ഞാന്‍ .

വംശനാശം സംഭവിച്ചെന്നു
മനുഷ്യന്‍ പറയുന്നു .
എന്റെ ജീവിതമൊടുക്കിയവന്‍ ....
ഇണയെ വേര്‍പിരിച്ചവന്‍..
കുലദ്രോഹി ...
കാറ്റടിക്കുന്ന നിമിഷങ്ങളില്‍ ,
മഴയുടെ രുദ്രതാളങ്ങളില്‍ ,
വേനലിലെ പകല്‍മയക്കങ്ങളില്‍,
അടിവയറ്റില്‍ ഒരു നോവ്‌ പടരും....
കുളിര്‍ജലത്തില്‍ എന്റെ മുഖം നോക്കുമപ്പോള്‍ ഞാന്‍.
അപാരതയില്‍ കണ്ണെറിയും ഞാന്‍,
സമാധിയിലമരും .

ഇനി നിങ്ങള്‍ക്കെന്റെ ചിത്രങ്ങളെടുക്കാം..

Thursday, December 15, 2011

ടി . പത്മനാഭന്



ഗൌരി
----------

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്
നിന്നിലൂടെയുള്ള യാത്രയ്ക്ക്.
ഗോപാല്‍പുരിയിലെ കടല്‍,
ബാഗ്മതീ തീരത്തെ എരിയുന്ന ചിത ,
ഞാനെന്നെ വിവസ്ത്രയാക്കുകയാണ് .
കാറ്റ് കൊള്ളുമ്പോള്‍
കടല്‍ ചെരുക്കില്ല .
ബാഗ്മതീ തീരത്തെ ആളുന്ന ചിതയില്‍
എരിയുന്നത് എന്റെ മനസ്സാണ് .
നിന്നോടോട്ടുന്ന നിമിഷത്തില്‍
ഞാന്‍ സനാഥ .

പൊക്കിള്‍കൊടി വേര്‍പെട്ട,
എന്നില്‍ നിന്നൂര്‍ന്ന രക്താംശം
നിഷേധിക്കപ്പെട്ട സകല യാഥാര്‍ത്യങ്ങളും
നിന്റെ കരവലയത്തില്‍ ...
ഞാനെന്നും ദുഖിതയാണ് ...
ഞാനെന്നും സനാഥയാണ് ..

കടയനെല്ലൂരിലെ സ്ത്രീ
---------------------------
വിഷാദമെന്തിന്?
അവള്‍ ചോദിക്കുന്നു.
കനല്‍ മൊത്തി
ചുണ്ട് കരിഞ്ഞ പ്രണയിനി .
കണ്ണിലെ വരണ്ട സ്വപ്നങ്ങളില്‍ കൂടി
എന്റെ ഹൃദയത്തിനു കുരുക്കിട്ടവള്‍.
അവള്‍ ഒരു സ്ത്രീയാണ് .
വികാരവതി.
സ്നേഹിക്കപ്പടേണ്ടവള്‍...

പ്രകാശം പരത്തുന്ന പെണ്‍കുട്ടി.
--------------------------------------------

ഒരു മന്ദസ്മിതം മതിയായിരുന്നു
എന്നിലെ കാറ്റൊതുങ്ങാന്‍ .
എന്നില്‍ അലകളായി
പടര്‍ന്നു കയറുകയായിരുന്നു
പ്രതീക്ഷകള്‍ നിറഞ്ഞ മനസ്സിലേയ്ക്ക്.
പൊട്ടിച്ചിരിയിലും , കാത്തിരിപ്പിലും
അമൃതം തേച്ചത്.
പ്രതീക്ഷകളില്‍ പ്രകാശ ഗോപുരങ്ങള്‍ .
ഞാനപ്പോള്‍ ജീവിക്കാന്‍ കൊതിക്കുകയായിരുന്നു .

Thursday, December 8, 2011

തുണ പോകുന്നവര്‍



ശിവന് തുണ ഭൂതഗണങ്ങള്‍
ആള്‍ദൈവത്തിനോ ഗുണ്ടകളും

ചാവുകടല്‍



തിരയടങ്ങിയ നാളുകളാവും ഇനി .
ദാഹാര്‍ത്തയായി തീരുകയാണോ ഞാനും!!
എന്റെ ദാഹം എന്നെത്തന്നെ
കുടിച്ചു വറ്റിച്ചതാണോ!

തീരത്തോട് യാത്ര പറഞ്ഞു കഴിഞ്ഞിരിക്കുന്നു .
എത്തിപിടിക്കാന്‍ ഇനി കഴിയില്ല .
മണല്‍തീരങ്ങള്‍ കഴിഞ്ഞ്‌
പശിമയിലേക്ക് വഴുതുകയാണ്.

എന്നോ എന്നിലേക്കാഴ്ന്ന
ഒരു പടക്കപ്പലിന്റെ അവശിഷ്ടം ,
അടിത്തട്ടില്‍ ശ്വാസം മുട്ടി മരിച്ച
മത്സ്യ കന്യകയുടെ മുടിച്ചുരുള്‍ .
ഭാവിയില്‍ ഞാനൊരു പ്രദര്‍ശനശാല ആയേക്കും.

എന്നിലേക്ക്‌ കടുംനിറത്തില്‍ ചേര്‍ന്നിരുന്ന
ഒരു നദിയുണ്ടായിരുന്നു.
നഗരത്തിന്റെ തള്ളിച്ചയില്‍
അവള്‍ പര്‍വതത്തില്‍ തന്നെ
ആത്മഹത്യ ചെയ്തത്രേ !

ഇനി ഒരു മടക്കമില്ല ,
വിശ്രാന്തിയുടെ മയക്കങ്ങളില്‍
ഇടവേളകളില്ലാതെ ,
ആ പ്രണവമന്ത്രത്തിന്റെ
നേരൊലികളില്‍ വറ്റി തീരുകയാണ് ഞാന്‍.

Tuesday, December 6, 2011

ഒളിച്ചുവെക്കുന്നത്



കാട്ടിലലഞ്ഞപ്പോള്‍
എനിയ്ക്കൊന്നും മറയ്ക്കാനില്ലായിരുന്നു.
നാടിന്റെ വിശാലതയില്‍
ഇന്ന് ഞാന്‍
നൂറു വസ്ത്രങ്ങളണിഞ്ഞ
നഗ്നനായിരിക്കുന്നു .
ഓരോ തുറിച്ചുനോട്ടങ്ങളിലും ,
ചോദ്യങ്ങളിലും
ഞാന്‍ പൂര്‍ണ നഗ്നനായ്
നിലകൊള്ളേണ്ടി വന്നു .
എന്റെ പൌരുഷത്തിലേയ്ക്കായിരുന്നു
അവരുടെ ചുഴിഞ്ഞുനോട്ടം .
ഒരു ഞെട്ടലില്‍
ഞാന്‍ മനസ്സിലാക്കി.
അവിടം ശൂന്യമായിരുന്നു.
നിമ്നമായോരവസ്ഥ .
അപ്പോള്‍ ഞാനിത്രനാള്‍ ലാളിച്ചിരുന്നത് !!!

ചന്ദ്രക്കല



പൂര്‍ണ്ണമായ്
ഉദിച്ചുയരേണ്ടതായിരുന്നു .
ഒരിയ്ക്കലും വിരിയാത്ത
ഒരു പൂമൊട്ടിന്റെ
വിങ്ങല്‍ പോലെ
ആകാശക്കോണില്‍
സര്‍വ്വര്‍ക്കും ദൃഷ്ടിഗോചരമായ്
അപമാനിതനായ -
തങ്ങനെ നിലകൊണ്ടു .
കഴിഞ്ഞതും, വരാനുള്ളതും,
നഷ്ടമായ്
ഇന്നിന്റെ തെരുവോരത്ത്
അതങ്ങിനെ ... അങ്ങിനെ ....

Saturday, December 3, 2011

നഗ്നശരീരം



എന്റെ ശബ്ദം മാറിയ
കൌമാരത്തിലായിരുന്നു
ചുണ്ടോട് ചുണ്ട് ചേര്‍ത്തവള്‍
വിറകൊണ്ട് പറഞ്ഞത് .
"നിന്റെ ശബ്ദം ഞാനെടുത്തിരിക്കുന്നു .
ഇനി നിന്റെ ശബ്ദമുയരണമെന്നും"
അടുത്തിടെയായുള്ള
എന്റെയമറലലില്‍ കൂടി
ഞാനവളുടെ ശബ്ദം
അപഹരിച്ചതവളറിഞ്ഞില്ല ....

അവന്‍



കാവ്യബിംബങ്ങള്‍
തേടിയലയുകയായിരുന്നത്രേ!

യാത്രകളില്‍
അതവന് കിട്ടികൊണ്ടിരുന്നോ ?

യഥാര്‍ത്ഥത്തില്‍
എന്താണവന്‍ തേടിയിരുന്നത് ?

ഉടഞ്ഞ ബിംബങ്ങള്‍
കണ്മുന്‍പില്‍ കാണാഞ്ഞിട്ടാണോ
ഈയലച്ചില്‍ .

ദൂരെയൊരു കിളി കരഞ്ഞത് ,
ഒരു കൂട് തകര്‍ന്നത് ,
കണ്മുന്‍പിലെ നിഴല്‍രൂപങ്ങള്‍
പൂര്‍ണ്ണ ബിംബമായത് ,
നാട്ടുവഴിയിലെ
പുളിമരകൊമ്പില്‍
ജീവസത്ത കനച്ചു നിന്നത് ,
അവനറിഞ്ഞില്ലത്രെ !!

അവനെന്നും യാത്രയിലായിരുന്നല്ലോ !
ബിംബങ്ങള്‍ തേടിയുള്ള
യാത്രയില്‍ .
ഒടുവില്‍ അവന്‍ എന്ത് കണ്ടുവോ ആവോ !!

Wednesday, November 30, 2011

മനുഷ്യനായതില്‍!!!!!

അണപൊട്ടിയൊഴുകുന്നു .
ജനരോഷമാണെടോ
!!

തല
തല്ലികീറുന്നു .
ഉള്‍ഭീതിയാണെടോ
!!

കൊടുംകാറ്റു
വീശുന്നു .
നിശ്വാസമാണെടോ
!!

ശുംഭനെന്നോതുന്നു
.
സ്വയംതന്നെയാണെടോ
!!

Wednesday, November 23, 2011

ആത്മഹത്യയുടെ സുഗന്ധം



കാറ്റിനു സുഗന്ധം ആണ് .
എന്റെ കണ്‍പോളകളിലതമരുന്നു .

ഇഞ്ചിനീരിന്റെ വീറും ,ശൂരും
മണ്ണിന്റെ ജീവശ്വാസം .
അതെന്റെ നെഞ്ചിലേക്കും
തലച്ചോറിലേക്കും വീതുളിയുടെ
മൂര്‍ച്ചപോലെ താഴുന്നു.

കഴുത്തുലഞ്ഞ കതിര്‍ക്കുലകള്‍
എന്റെ നോട്ടമേല്‍ക്കാനാവാതെ...

കുടിയേറിയ മണ്ണിന്റെ
പ്രാകൃതത്തിലേറ്റ കിളയ്ക്കലോ !!
നോട്ടമയഞ്ഞ പ്രാകൃതമായ
ഇന്നിന്റെ കഴിവുകേടിലോ !!

വയനാടന്‍ കാറ്റിന്റെ
താളക്രമത്തില്‍
ചുരമിറങ്ങുന്ന ജീവനുകള്‍ .

മണ്ണിലേക്ക് കൊയ്തു വീഴുന്ന
ജഡങ്ങള്‍ക്കൊപ്പം
കാവലിരിക്കുന്നത്
ഇന്ന് കോടമഞ്ഞും, നിശ്വാസങ്ങളും.

Saturday, November 12, 2011

മാറ്



ഇന്ന് പ്രദര്‍ശന വസ്തുവാണ് .
നിഷ്കളങ്കമായ
ചിന്തകളില്‍
കാറ്റും വെയിലും കൊണ്ടിരുന്നയിടം .

ചുഴിഞ്ഞ നോട്ടങ്ങളിലത്
കൈമറയ്ക്കുള്ളിലൊതുങ്ങി.

പുരോഗമനത്തില്‍
അതൊരു റൌക്കക്കെട്ടായി .

കാല്‍ത്തള്ളവിരലില്‍
കെട്ടഴിക്കാന്‍
സവര്‍ണ്ണ മേധാവിത്വം ..

ധീരയുടെ
മാററുക്കലില്‍
ആശ്ലീലകരം പോലും
ചോരയില്‍ അസ്തമിച്ചു.

ഇന്ന് പ്രദര്‍ശനമേളകള്‍ ആണ് .
" എന്റെ മാറൊന്നാവതാവണം"
"എന്റെ മാറ് ലോകം വാഴ്ത്തണം "

ഒരു പാല്‍നീരിന്‍
ചുടുനിശ്വാസങ്ങള്‍
പുഴപോലൊഴുകിയയിട-
മിന്നു വറ്റിവരണ്ടശാന്തമായ് ..

Friday, October 21, 2011

പ്രശാന്തി നിലയങ്ങള്‍



അടഞ്ഞു കിടന്ന മന്ദിര കവാടത്തിനു നേരെ
അടിവെച്ചടിവെച്ച് ആരൊക്കെയോ!
തുറക്കാത്ത വാതിലുകള്‍ക്ക് മുന്‍പില്‍
മുട്ടിയുഴലുന്നോര്‍ .
വായില്‍ നിറഞ്ഞ കരിഞ്ചണ്ടി തുപ്പി
വറവ്മണങ്ങള്‍ തേടിയവര്‍.
കാറ്റത്തുലയുന്ന ജീവജഡങ്ങള്‍ .

പ്രശാന്തി നിലയത്തില്‍ മണി മുഴങ്ങി .

കാറ്റഴിച്ചുവിട്ടപോലെ അന്തേവാസികള്‍
പിറവിയെ പ്രാകിക്കൊണ്ട്‌ നീങ്ങി .
നീലമഷി ഞരമ്പുകളില്‍
ജീവന്‍ വിലാപയാത്രയിലെ പോല്‍
ചത്തുകിടന്നു .
മണി മുഴങ്ങുന്നതെന്നും
ഓരോര്‍മ്മപ്പെടുത്തലാണ്.

പക്ഷെ മണി മുഴങ്ങുന്നതാര്‍ക്ക് വേണ്ടി !!

Tuesday, October 18, 2011

തുമ്പിയുടെ ജഡം



കാല്‍കീഴില്‍ അരഞ്ഞു പോവുന്നതിനു മുന്‍പ് തന്നെ

ഞാനാ ജഡം കണ്ടെത്തിയിരുന്നു.
ഒരു തുമ്പിയുടെ ജഡം .

ഫാനിന്റെ ഇളംകാറ്റില്‍ ഇളകുന്നത് ,

ആഹ്ലാദചിത്തരായ ഉറുമ്പുകളുടെ
ആനയിക്കലില്‍ ചലിക്കുന്നത്,
വെളുത്ത ഉടലും, ചിറകും ഉള്ളത് ...

ചിറകില്‍ തൂക്കി ജനല്‍ വഴിയോരേറ്,


വിരലറ്റത്ത് ചെറിയ തിളക്കം .


പൂവിന്റെ ഹൃദയവും ,

കാറ്റിന്റെ വേഗവും ,
ഇലയുടെ പച്ചയും,
ഏകാന്തതയുടെ ഉയിര്‍പ്പും ,
എന്നിലേക്ക്‌ സംക്രമിച്ചുകൊണ്ടിരിക്കുന്ന
ത്
ഞാന്‍ വ്യക്തമായ് അറിഞ്ഞുകൊണ്ടിരുന്നു...

Sunday, October 2, 2011

ഞാന്‍ എരിഞ്ഞടങ്ങുന്നു



ചിതയെരിയുന്നു
ഹൃദയാശംസകള്‍ നേരുന്നാരോ ..!!

ഒരു മാവിന്‍ ചിതയില്‍
എരിഞ്ഞടങ്ങുന്നു .
ഞാനും എന്റെ ചിന്തകളും
എന്റെ കലഹങ്ങളും ...

ഒരു നോവ്‌ എന്നിലെക്കെയ്തു വീഴുന്നു
ഒരമ്പ്.
മാവിന്‍ കൊമ്പിലതു പിടയുന്നു .
ജ്വാലകള്‍ ഉണരുന്നു.

ഏതൊരു നിശ്വാസം എന്നെ തേടി വരുന്നു .
മാപ്പിരക്കുന്നു.
ഒരു തീജ്വാലയിലതു മറയുന്നു.

ഒരു വിഷാദം എന്നിലേക്കമരുന്നു
ധൂമമായ് വിട്ടകലുന്നു.

നിന്റെ ഹൃദയത്തിന്‍ തണുപ്പായ്
തുള്ളി വീഴുന്നവസാനമായ്
ഒരു കുടത്തിന്‍ നീര്‍ത്തുള്ളികള്‍ ....

തൃപ്തനായ്‌ ഞാന്‍.

അക്ഷരങ്ങളേ നിങ്ങളും !!

അക്ഷരങ്ങളെയാണല്ലേ നീയിഷ്ടപ്പെട്ടത്‌ .
അതെപ്പോഴാണ്‌ ഞാന്‍ അറിഞ്ഞത്.

ഈ ഹൃദയവും , ശരീരവും
നിന്നെ ഉന്മത്തയാക്കിയില്ലെന്നോ .

നീ ചുരണ്ടിയെടുത്തതെന്റെയക്ഷരങ്ങളെ .
എനിക്കനുഭവപ്പെട്ടതെന്റെ
ഹൃദയത്തില്‍ .
ഒരു പോറലില്‍ ഒരായിരം വിലാപങ്ങള്‍ .

മടക്കയാത്രയില്‍
ഒതുക്കുകല്ലില്‍
ഇടറിവീണയെന്റെ
അക്ഷരത്തുണ്ട്
ഞാന്‍ കൊടുത്തുവിടുന്നു .
എന്റെ ശ്വാസം അതില്‍ പുരളാതിരിക്കാന്‍
ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.........

Saturday, September 17, 2011

മഴനേരം



ഉച്ചയുറക്കത്തിന്റെ
മ്ലാനത കലര്‍ന്ന മുഖം .

വെയിലൊഴിയുന്ന
നാട്ടുവഴികള്‍

ഇടവഴിയോരങ്ങളില്‍
ഇരുളഴുകിവീഴുന്ന
നിതാന്ത മൌനം

വെളിമ്പറമ്പുകളില്‍
അലസനായ കാറ്റും
ഈറന്‍ വികാരങ്ങളും
ഈയലുകള്‍ക്കൊപ്പം

സന്ധ്യയില്‍ പുതയുന്ന മഴനേരം.
പുതുമഴയിലെ ആദ്യതുടിപ്പ് .