തീര്‍ത്ഥകണങ്ങള്‍ പോലെയാവണം വാക്കുകള്‍ . ഓംകാരവഴിയിലൂടെ ഇറ്റി വീഴുന്ന കണങ്ങള്‍ . ഒന്ന് ചേര്‍ന്നൊരു നനുത്ത മഴയായ് നമ്മളിലേയ്ക്ക് നിപതിച്ചത്. ഒരു തുറന്ന വിതാനത്തിലേയ്ക്ക് കയറിയിരിയ്ക്കുന്നയെന്നിലേയ്ക്ക് ഒരു രാമഴയായാണത് പെയ്തത് . ഒരു വെളിപാട് മഴ. എനിയ്ക്ക് പിന്നീടൊന്നും മറച്ചു വെയ്ക്കേണ്ടതായി വന്നിട്ടില്ല. സുഹൃത്തിനെയും ദ്വേഷിയെയും ഞാന്‍ ഒരേപോലെ ..... യാത്രയങ്ങിനെ സുഗമമായിരുന്നു . ഇന്നലെയും ഒരു മഴ പെയ്തു . കടുത്ത വാക്കുകള്‍ ചരടറുത്ത് വിട്ട പെരുമഴ . പക്ഷെ അത് മുഴുവന്‍ തുപ്പലായിരുന്നു. ഉമിനീര്‍ഗ്രന്ഥിയുടെ വൃത്തികെട്ട വെളുത്ത പാട . അതെന്നില്‍ ഇനിയുംവീഴുംമുന്‍പെനിയ്ക്കീ രാജ്യം വിടണം . ഈ രാജ്യമുപേക്ഷിക്കണം.
പാതിവഴിയില്‍ ആണ് ഇറങ്ങിയത്.
കുരുതി നടക്കുന്നിടത്തേക്കാണ് പോയത്.
അത് മാത്രമറിയാം . തിരികെ വീടണയാത്തതാണ് മനസ്സിലാവാത്തത് .
പത്രമാഫീസുകള്‍ കയറിയിറങ്ങിയതാണ് . ചാനലുകള്‍ വെടിപറഞ്ഞാഘോഷിച്ചതാണ് . പക്ഷെ വീടണഞ്ഞില്ല .
വീട്ടിലെ കരുവേപ്പു ചെടി ചോദിച്ചു . " ഇന്ന് വെള്ളം കണ്ടില്ല " നിന്റെ ദാഹം അകറ്റേണ്ടുന്നവന്‍ വീടണഞ്ഞില്ല . നിനക്ക് വേണ്ടി വെള്ളം കോരിയവന്‍ .
കാര്‍ബണ്‍ പൊടി തെറിപ്പിച്ച് അരളി മരം പറഞ്ഞു. " ഇന്നിവിടെയെങ്ങും ആ ശബ്ദം കേട്ടില്ല " ആരോ നിശബ്ദമായ് മൊഴിഞ്ഞു . " എവിടെയും കണ്ടില്ല "
വീട്ടിലെ ചെത്തി തേക്കാത്ത ചുമരും , മറയില്ലാത്ത കിണറും , കയറും, പാളയും , മുറികളില്ലാത്ത വീടും പറഞ്ഞു..... " ഞങ്ങള്‍ക്കാ ശബ്ദം മാത്രം മതി . ഇടവഴി കടന്നൊന്ന് കയ്യാല മറിഞൊന്ന് വന്നാല്‍ മതി. ആ പദസ്വനം കേട്ടാല്‍ മതി "
കാറ്റിനു മാത്രം അറിയാമായിരുന്നു ആ രഹസ്യം. വീടണയാതെ പോയവരുടെ കഥകള്‍ .
കാറ്റിന്റെ നീണ്ട താണ്ഡവ രാത്രികളിലൊന്നില്‍ ഇല കൊഴിഞ്ഞമര്‍ന്ന പതുപതുപ്പുള്ള ആവരണത്തിന്നടിയില്‍ ജന്മസുകൃതത്തെയോര്‍ത്ത് ഞാന്‍ . മുടിയഴിഞ്ഞ കാറ്റിന്റെ ഹുങ്കാരം എന്റെ ജീവനില്‍ ഊഷ്മളതയായി.
നനവിന്റെ ഊറലിലൂടെ കറുത്ത പശിമയുള്ള മണ്ണിലേക്ക് ഒരു കുഞ്ഞു വേര്. രോമരാജികള്‍ പടര്‍ന്ന കുഞ്ഞു നോവ്. എന്റെ പൊട്ടിവിടരലലില്‍ ഞാനൊന്ന് വിജ്രംഭിച്ചിരുന്നു . കാറ്റൊന്നു പരിഹസിച്ചു... മഴയൊന്നു തൂവി തെറിപ്പിച്ചു... ഞാന്‍ വളര്‍ന്നു തുടങ്ങി...... അന്ന് വീണ്ടും കാറ്റടിച്ചു. ആ ഹുങ്കാരവത്തില്‍ രാവിന്റെ അന്ത്യയാമത്തിലാണത്രേ അതെന്റെ തൊട്ടരുകിലായ് നിപതിച്ചത് . ആ വന്മരം. മണ്ണിലമര്‍ന്ന അതിന്റെ കൂറ്റന്‍ ചില്ലകളില്‍ തലചായ്ക്കാന്‍ അപ്പോള്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. അപ്പോഴും മുകളില്‍ കാറ്റങ്ങിനെ വീശി വീശി .....
നിന്റെ നിശ്ചലാവസ്ഥയില്‍ ചവിട്ടിയാണ് ജനങ്ങളുടെ നില്‍പ്പ് . നീ പ്രണയിച്ചാല്‍ , സ്വകാര്യങ്ങള്‍ പറഞ്ഞാല്‍ , സകലതും തകരുമെന്ന് അവര്‍ ഭയക്കുന്നു . കെട്ടിപ്പടുത്തതൊക്കെയും... നിന്റെ അനുയായികള്‍ നിന്റെ ക്ഷേമം കാംഷിക്കുന്നവര്‍ !!!
കുരുതി കഴിഞ്ഞു. വെളിച്ചപ്പാട് ബൈക്കില്‍ യാത്രയായി. നീര്‍ചാലായ് ഒഴുകിയ കുരുതി വെള്ളം ചത്ത പാമ്പ് പോല്‍ കിടന്നു. കരിഞ്ഞ തിരികള്‍ മഞ്ഞള്‍ പൊടിയില്‍ കുളിച്ചുറങ്ങി . നിലാവിന്റെ ഒരു കഷ്ണം പീഠത്തില്‍ , ചുവന്ന പട്ടില്‍ വീണു കിടന്നു. കുരുത്തോലകള്‍ തൂങ്ങിച്ചത്ത രാമനെ ഓര്‍മ്മിപ്പിച്ചു. കുരുത്തോല പോലെ മെലിഞ്ഞവന്‍ . കൈനീട്ടി വാങ്ങിയ പൂവിതളുകളില്‍ ചിറകൊടിഞ്ഞ ഒരു പൂമ്പാറ്റ . തെറിച്ചു വീണ തീര്‍ഥകണങ്ങളില്‍ വിയര്‍പ്പുനാറ്റം . കരിന്തിരി കത്തുന്ന ശ്രീകോവിലില്‍ വിളറിയൊരു മുഖം. രാത്രിയുടെ അവസാന യാമത്തില്‍ നിഴലിനെ പ്രണയിച്ചും, കാമിച്ചും ഞാന്‍. തെങ്ങിന്റെ നിഴല്‍പ്പാടുകളില്‍ ഇന്നും കത്തിയെരിയാത്ത ഒരു ചിത.... അമ്മയ്ക്ക് ഇപ്പോഴും വിശക്കുന്നുണ്ടത്രേ!!!
വംശനാശം സംഭവിച്ചെന്നു മനുഷ്യന്‍ പറയുന്നു . എന്റെ ജീവിതമൊടുക്കിയവന്‍ .... ഇണയെ വേര്‍പിരിച്ചവന്‍.. കുലദ്രോഹി ... കാറ്റടിക്കുന്ന നിമിഷങ്ങളില്‍ , മഴയുടെ രുദ്രതാളങ്ങളില്‍ , വേനലിലെ പകല്‍മയക്കങ്ങളില്‍, അടിവയറ്റില്‍ ഒരു നോവ് പടരും.... കുളിര്‍ജലത്തില്‍ എന്റെ മുഖം നോക്കുമപ്പോള്‍ ഞാന്‍. അപാരതയില്‍ കണ്ണെറിയും ഞാന്‍, സമാധിയിലമരും .
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് നിന്നിലൂടെയുള്ള യാത്രയ്ക്ക്. ഗോപാല്‍പുരിയിലെ കടല്‍, ബാഗ്മതീ തീരത്തെ എരിയുന്ന ചിത , ഞാനെന്നെ വിവസ്ത്രയാക്കുകയാണ് . കാറ്റ് കൊള്ളുമ്പോള്‍ കടല്‍ ചെരുക്കില്ല . ബാഗ്മതീ തീരത്തെ ആളുന്ന ചിതയില്‍ എരിയുന്നത് എന്റെ മനസ്സാണ് . നിന്നോടോട്ടുന്ന നിമിഷത്തില്‍ ഞാന്‍ സനാഥ .
പൊക്കിള്‍കൊടി വേര്‍പെട്ട, എന്നില്‍ നിന്നൂര്‍ന്ന രക്താംശം നിഷേധിക്കപ്പെട്ട സകല യാഥാര്‍ത്യങ്ങളും നിന്റെ കരവലയത്തില്‍ ... ഞാനെന്നും ദുഖിതയാണ് ... ഞാനെന്നും സനാഥയാണ് ..
കടയനെല്ലൂരിലെ സ്ത്രീ --------------------------- വിഷാദമെന്തിന്? അവള്‍ ചോദിക്കുന്നു. കനല്‍ മൊത്തി ചുണ്ട് കരിഞ്ഞ പ്രണയിനി . കണ്ണിലെ വരണ്ട സ്വപ്നങ്ങളില്‍ കൂടി എന്റെ ഹൃദയത്തിനു കുരുക്കിട്ടവള്‍. അവള്‍ ഒരു സ്ത്രീയാണ് . വികാരവതി. സ്നേഹിക്കപ്പടേണ്ടവള്‍...
പ്രകാശം പരത്തുന്ന പെണ്‍കുട്ടി. --------------------------------------------
ഒരു മന്ദസ്മിതം മതിയായിരുന്നു എന്നിലെ കാറ്റൊതുങ്ങാന്‍ . എന്നില്‍ അലകളായി പടര്‍ന്നു കയറുകയായിരുന്നു പ്രതീക്ഷകള്‍ നിറഞ്ഞ മനസ്സിലേയ്ക്ക്. പൊട്ടിച്ചിരിയിലും , കാത്തിരിപ്പിലും അമൃതം തേച്ചത്. പ്രതീക്ഷകളില്‍ പ്രകാശ ഗോപുരങ്ങള്‍ . ഞാനപ്പോള്‍ ജീവിക്കാന്‍ കൊതിക്കുകയായിരുന്നു .
തിരയടങ്ങിയ നാളുകളാവും ഇനി . ദാഹാര്‍ത്തയായി തീരുകയാണോ ഞാനും!! എന്റെ ദാഹം എന്നെത്തന്നെ കുടിച്ചു വറ്റിച്ചതാണോ!
തീരത്തോട് യാത്ര പറഞ്ഞു കഴിഞ്ഞിരിക്കുന്നു . എത്തിപിടിക്കാന്‍ ഇനി കഴിയില്ല . മണല്‍തീരങ്ങള്‍ കഴിഞ്ഞ് പശിമയിലേക്ക് വഴുതുകയാണ്.
എന്നോ എന്നിലേക്കാഴ്ന്ന ഒരു പടക്കപ്പലിന്റെ അവശിഷ്ടം , അടിത്തട്ടില്‍ ശ്വാസം മുട്ടി മരിച്ച മത്സ്യ കന്യകയുടെ മുടിച്ചുരുള്‍ . ഭാവിയില്‍ ഞാനൊരു പ്രദര്‍ശനശാല ആയേക്കും.
എന്നിലേക്ക് കടുംനിറത്തില്‍ ചേര്‍ന്നിരുന്ന ഒരു നദിയുണ്ടായിരുന്നു. നഗരത്തിന്റെ തള്ളിച്ചയില്‍ അവള്‍ പര്‍വതത്തില്‍ തന്നെ ആത്മഹത്യ ചെയ്തത്രേ !
ഇനി ഒരു മടക്കമില്ല , വിശ്രാന്തിയുടെ മയക്കങ്ങളില്‍ ഇടവേളകളില്ലാതെ , ആ പ്രണവമന്ത്രത്തിന്റെ നേരൊലികളില്‍ വറ്റി തീരുകയാണ് ഞാന്‍.
കാട്ടിലലഞ്ഞപ്പോള്‍ എനിയ്ക്കൊന്നും മറയ്ക്കാനില്ലായിരുന്നു. നാടിന്റെ വിശാലതയില്‍ ഇന്ന് ഞാന്‍ നൂറു വസ്ത്രങ്ങളണിഞ്ഞ നഗ്നനായിരിക്കുന്നു . ഓരോ തുറിച്ചുനോട്ടങ്ങളിലും , ചോദ്യങ്ങളിലും ഞാന്‍ പൂര്‍ണ നഗ്നനായ് നിലകൊള്ളേണ്ടി വന്നു . എന്റെ പൌരുഷത്തിലേയ്ക്കായിരുന്നു അവരുടെ ചുഴിഞ്ഞുനോട്ടം . ഒരു ഞെട്ടലില്‍ ഞാന്‍ മനസ്സിലാക്കി. അവിടം ശൂന്യമായിരുന്നു. നിമ്നമായോരവസ്ഥ . അപ്പോള്‍ ഞാനിത്രനാള്‍ ലാളിച്ചിരുന്നത് !!!
എന്റെ ശബ്ദം മാറിയ കൌമാരത്തിലായിരുന്നു ചുണ്ടോട് ചുണ്ട് ചേര്‍ത്തവള്‍ വിറകൊണ്ട് പറഞ്ഞത് . "നിന്റെ ശബ്ദം ഞാനെടുത്തിരിക്കുന്നു . ഇനി നിന്റെ ശബ്ദമുയരണമെന്നും" അടുത്തിടെയായുള്ള എന്റെയമറലലില്‍ കൂടി ഞാനവളുടെ ശബ്ദം അപഹരിച്ചതവളറിഞ്ഞില്ല ....