സഹയാത്രികര്‍

Thursday, July 10, 2008

സായന്തനം

കണ്ണുകളടയുന്നു.....
മനസ്സിന്‍ മോഹത്തിന്‍
ആദ്യനക്ഷത്രമെരിഞ്ഞു വീഴുന്നു...
വയല്‍വരമ്പില്‍ തനിച്ചിരുന്നു
മൌനം കത്തിച്ച തിരികള്‍ എണ്ണുമ്പോള്‍ആദ്യം അമ്പരന്നു ,
കണ്ണു മിഴിച്ചു...
മൌനം പടുതിരി കത്താതെ മണക്കുന്നു !!
" നേര്‍ത്ത മഞ്ഞിന്‍ പുഞ്ചിരി ആലോലം
പുല്ലിന്‍ തുമ്പി‍ല്‍ ,കാറ്റിന്‍ കൈകളാലാലോലം"
ആരിത് പാടുന്നു....??
പാതിയടഞ്ഞ മിഴികള്‍ താഴ്ത്തി
എന്നമ്മയിരുന്നു പാടുന്നു.....?

ഒഴിയാബാധ

കരഞ്ഞും, ചിരിച്ചും, പിറുപിറുത്തും
പെയ്തൊഴിയുന്ന മഴയുടെ മനസ്സിനെ അവള്‍ മറന്നു....
ഒരിക്കല്‍ മഴ അവളുടെ സ്വന്തമായിരുന്നു...
പകല്‍ സ്വപ്നങ്ങളില്‍ പേടിപെടുത്തുന്ന

വാതില്‍പ്പടിയിലെ അരൂപിയുടെ നിഴല്‍ മറന്നു അവള്‍ ...
കാരണം പകലിനെ തന്നെ അവള്‍ മറന്നിരുന്നു...
അഗ്രഹാരത്തിലെ നട്ട് നനച്ചു വളര്‍ത്തിയ തുളസിയെ ...

പടിയിറങ്ങിയ നാള്‍ മുതല്‍മനസ്സില്‍ പേറിയവയൊക്കെയും ....
അഴുക്കു വസ്ത്രങ്ങള്‍ ,
കലപില കൂട്ടും അടുക്കള പാത്രങ്ങള്‍ ,
ചിതല്‍ കയറും വാതില്‍ പാളികള്‍ ‍,
കടല്‍ കടന്നെത്തുന്ന വിയര്‍പ്പിന്റെ ഉപ്പു പറ്റിയ
മണിയോര്‍ഡറുകള്‍ .....
ഇലകളനങ്ങാത്ത നട്ടുച്ച നേരങ്ങളില്‍ ,

സായന്തനത്തിന്റെ വിളറിയ സമയങ്ങളില്‍
അവള്‍ കവിതകള്‍ കുറിച്ചിരുന്നു .... പണ്ട്....
ചുവരലമാരയിലെ ഒട്ടിച്ചേര്‍ന്ന പുസ്തകങ്ങള്‍
മറ്റൊരു ദുരന്ത കഥ രചിക്കുകയായിരുന്നു ...
അവളുടെ പ്രിയ പുസ്തകങ്ങള്‍ ...

യാഥാര്‍ത്യങ്ങളുമായി
പൊരുത്തപെടാനാവാതെ
വേരിറങ്ങിയ കാലുകളുമായി അവള്‍ സോഫയില്‍ ...
മെഗാ സീരിയലുകളുടെ പ്രളയത്തില്‍
അവള്‍ പുളകിതയായി..
കണ്ണീര്‍പാടുകള്‍ തുടച്ചു മാറ്റി..
കഥാപാത്രങ്ങളെയും ...
സ്ഥലങ്ങളെയും, കാലങ്ങളെയും മറന്നു..
അടുത്ത അധ്യായങ്ങളെ കാത്തിരുന്നു അവ‍ള്‍ ...
നായകനും, പ്രതിനായകനും,
നായികയും ഇടകലര്‍ന്ന
ജീവിത പ്രയാണങ്ങള്‍ ...
അതില്‍ അവളുടെ റോള്‍ എന്തായിരുന്നു...?
സ്വയം മറവിയിലേക്ക് ചുരുങ്ങിയിരുന്ന
അവളുടെ മസ്തിഷ്കം ...പക്ഷെ ... പ്രതികരിച്ചില്ല ......

Wednesday, July 9, 2008

അണിയറ രഹസ്യങ്ങള്‍ ...

പുറകിലായഗ്നിജ്വാല വിശപ്പിനാല്‍ വിളിക്കുന്നതെന്നെയോ ?
ആലിംഗനത്തിന്‍ അമൃതുമായ് വിളിക്കുന്നതെന്നെയോ?
സ്നേഹ സമസ്യകള്‍ നീറിയടങ്ങിയതും ,
ഗ്രീഷ്മത്തിന്‍ കടുത്ത ചൂടെറിഞ്ഞതും
കല്‍മഷവികാരത്തിന്‍ പുതപ്പും,
ഏതോ കാത്തിരിപ്പിന്‍ സ്വാര്‍ത്ഥ ജ്ഞാനങ്ങളും
കത്തിയമര്‍ന്നതതിലാണല്ലോ !!
വിറകൊണ്ട നീണ്ട തണുത്ത രാത്രിയില്‍
ഈ യാത്രയിലാരാണെനിക്കീ -
ബോധോദയത്തിന്‍ കമ്പിളി പുതപ്പേകി?
വിഷാദമുള്‍വലിഞ്ഞിറങ്ങി കരളില്‍ കുടിയിരിക്കുന്നു,
പ്രാക്തനമാമേതോ മാമൂല്‍ ‍ചിന്തകള്‍ ,
പഴക്കത്തിന്‍ കൂടാരത്തില്‍ ജപനത്തിന്നോലികള്‍ ,

ജീവിതത്തിന്നകകാമ്പ് തേടുമീ പുണ്ണ്യ യാത്രയില്‍ ,
ആ സാധന തന്‍ സിദ്ധിയൊരു
വിറയലാല്‍ പിറകോട്ടു മാറുന്നുവോ?
തുളസിയിലതന്‍ നറു മണമൊഴുകും കാറ്റും,
വഴിയും സാന്ധ്യദീപ്തി തന്‍ ഛായാപടവും..
തളിരിലകളുലയുമരയാല്‍ മരവും,
ചുറ്റമ്പലം വലം വെച്ചും,
ചുണ്ടില്‍ വിറയലുമായ് നീങ്ങുന്ന നരനും..
തെളിയുന്നു കണ്‍മുന്‍പില്‍ ...
ഉറയുന്നു ചിന്തകള്‍ ...
വീണ്ടുമുറയുന്നുവോ ചിന്തകള്‍ ??

Wednesday, July 2, 2008

നിധി...

ഒരു വീടിന്റെ ഭാരവും പേറി
ഞാന്‍ നാട്ടിലേക്ക്...
നാലുകെട്ടിന്റെ മഹാമൌനത്തിനു മുന്‍പില്‍
ഒരു കൊച്ചു വീട്....
അച്ഛനും അമ്മയും ഉറങ്ങുന്ന
മണ്ണോടു ചേര്‍ന്ന്....
കൂട്ടിനായ്.. എന്നും കാത്തു സൂക്ഷിക്കുന്ന
ഒരു അമൂല്യ നിധി..
മുന്‍പ് അച്ഛന്‍ ഏല്‍പ്പിച്ച
വിതക്കാത്ത വിത്തുകളുടെ പൊതിയും ...
അമ്മയുടെ പഴയൊരു
മാലയുടെ ലോക്കറ്റും ...