സഹയാത്രികര്‍

Wednesday, June 29, 2011

റിമോട്ട് അഥവാ അജ്ഞാതകരങ്ങളിലൂടെ


ഒരു വിഴുപ്പുഭാണ്ഡം പോലെ
ഞാനെന്താണെന്റെ
ഹൃദയത്തില്‍ പേറി നടക്കുന്നത്!!

ധമനികളിലൂടെയുള്ള
ഓരോ തള്ളലിലും
രക്തത്തിലതിന്റെ
നിശ്വാസം കലരുന്നുണ്ടായിരുന്നു.

ഓരോ കലരലിലും
ഞാന്‍ ഉന്മത്തനാവുന്നുണ്ടായിരുന്നു .

പിന്നീടെപ്പോഴോ
ഞാനൊറ്റയായ ഒരു സന്ധ്യയില്‍
അതെന്റെ മൂക്കിലൂടെ
വേരിറക്കി , പുറത്തേയ്ക്ക് .

ഹൃദയത്തിലെ
ലവണങ്ങള്‍ കലര്‍ന്ന
നനവോടെ
അതെന്റെ മുഖത്ത്
ഉരസ്സിക്കൊണ്ടിരുന്നു.

ഒടുവില്‍
കണ്ണിലൂടെ
ഒരു വേരിറങ്ങിയപ്പോള്‍
ഞാനത് മനസ്സിലാക്കുകയായിരുന്നു.

ഒരു ജീവന്റെ പൊടിപ്പ്
ഹൃദയത്തില്‍ വീണതും ,
വളര്‍ന്നതും, ഉണര്‍ന്നതും... എല്ലാം...

അപ്പോഴേയ്ക്കും
ഒരദൃശ്യനായ ശത്രുവിനെ
എനിയ്ക്ക് കാണാന്‍ കഴിഞ്ഞിരുന്നു.

അവന്റെ നാശത്തിനുള്ള
തിട്ടൂരവും
ഞാന്‍ കൈപ്പറ്റിയിരുന്നു.

Wednesday, June 15, 2011

രുചി


വായ്ക്കരി വീണയിടത്ത്
ചാലിട്ടൊഴുകിയ
എറുമ്പിന്‍കൂട്ടങ്ങളില്‍
ഒന്ന് ചര്‍ദ്ദിച്ചു.
കാരണം....
ഒരു പിഞ്ചു കുഞ്ഞിന്‍
മൃതനഗ്നശരീരം
രുചിയ്ക്കുന്ന
മനുഷ്യക്കൂട്ടങ്ങളെ കണ്ടുവത്രെ !!

Monday, June 6, 2011

മണി ചെയിന്‍ വിശേഷങ്ങള്‍


ഒരു ദിനം കോളിനോസ് ചിരിയുമായ് വന്നവന്‍
അരുകിലായ് കാഴ്ചയായ് വാഗ്ദാനക്കുലകളും .
ആയിരത്തില്‍ ഒരുവനെന്നോതിയെന്നോടായ്
ആയില്യം നാളിന്റെ ഗുണഗണവും .
ഒരിയ്ക്കലുമെന്നെത്തേടി വരാത്തവന്‍ ചൊല്ലി
താനൊരിക്കലും പിരിയാത്ത കൂട്ടുകാരന്‍ .
മുത്തമിട്ടു പറക്കുമാ വണ്ടിന്റെ ചേലിലവന്‍
വര്‍ത്തമാനം പറഞ്ഞെന്നെ മയക്കിയോ !
ചേര്‍ക്കണം ഞാനൊരുത്തനെയൊരുത്തിയെ
ആര്‍ക്കണം വന്‍പട പിന്നാലെയെത്തീടണം .
സംഖ്യകള്‍ മാസത്തില്‍ വര്‍ദ്ധിച്ചിടും പിന്നെ
സംഘത്തിന്‍ നേതാവായ് പൂജ്യനാവും .
സില്‍വറാവും, ഗോള്‍ഡാവും, ഡൈമണ്ടുമായിടും
സിലസില പാട്ടിന്റെ കൂട്ടുമാവും .
കോണ്‍ഫറണ്‍സില്‍ കണ്ഠകൌപീനമിട്ടവന്‍
കണ്‍കെട്ടുവിദ്യയാല്‍ മന്ദനാക്കിയെന്നെ .
മണ്ടനായോന്‍ ഞാന്‍ പിന്നെ വഷളനായി
മണ്ടിയവന്‍ പിന്നെ ഞാന്‍ ഷണ്ടനായി .

ഇത്രയും പറഞ്ഞു ഞാന്‍ പിരിയുന്നു കൂട്ടരേ
മാത്ര തെല്ലെങ്കിലും വിശ്രമിച്ചീടട്ടെ ....

ദീര്‍ഘ സുമംഗലീ ഭവ:ചുറ്റിലുമിരുള്‍ത്തീയിന്‍ ചൂടസഹ്യം ,
വിയര്‍ത്ത നെറ്റിത്തടത്തിലമര്‍ത്തു-
മിളംകാറ്റുമൊരു ദൂതനല്ലന്നോ ?

തെളിഞ്ഞു നില്‍ക്കുമംബരത്തിന്‍ സീമ
തേടലോ,വ്യര്‍ത്ഥം, ചാരുശിലതന്‍ മൌനമോ?
വിളറും ചന്ദ്രക്കലതന്‍ കടം വാങ്ങിയ പുഞ്ചിരിയോ?

അറിയാം, മൌനമൊരു സാഗരത്തിന്‍
ഗാനമാണെന്നാലുമായുള്‍ത്തുടിപ്പിന്നാര്‍ക്കുവേണ്ടി...
ഉള്‍ത്തുടിപ്പിന്നാര്‍ക്ക് വേണ്ടി ....! !