സഹയാത്രികര്‍

Sunday, March 22, 2009

തികച്ചും വൈയക്തികം

നൊമ്പരങ്ങളുടെ
വിറയ്ക്കുന്ന
പനിതുരുത്തിലാണെങ്കിലും
പൈശാചികമായ
അമരത്വം കാക്കുന്ന ,
ജീവനില്‍ വിഷമുള്ള്
ഒളിപ്പിച്ചവന്‍ ഞാന്‍ .

കാല്‍കീഴിലമര്‍ന്നവനെയും ,
കാലടികള്‍ ചുംബിച്ചവനെയും
കാരാഗൃഹത്തിലേക്കുള്ള
ഇടനാഴി കാട്ടികൊടുത്തവന്‍ .

പ്രാര്‍ത്ഥന ഗീതികളാലപിക്കുന്നവരുടെ
തുറന്ന വായിലേക്ക്
ഇരുമ്പ് ചീളുകള്‍ ചിതറിച്ചവന്‍ .

സ്വശരീരം
അകംപുറം മറിച്ച്‌
മിടിക്കുന്ന
ഭീഭല്‍സമാം
ഹൃദയം കാണിക്കുന്നവന്‍ .

കാലിടറിയവന്റെ
ചുമലില്‍,
വിലപിക്കുന്നവന്റെ
കണ്ണ് ചൂഴ്ന്നു വെച്ച്
ചേതനയറ്റ ദൃശ്യങ്ങള്‍
കാണിക്കുന്നവന്‍ .

അത്താണികള്‍
പങ്കുവെപ്പുകാരുടെ
കൂത്തരങ്ങാവുമ്പോള്‍ ,
അയച്ചുവിടുന്ന
നിശ്വാസങ്ങള്‍
വാമോഴിയായ് പരിണമിക്കുമ്പോള്‍ ,
വാതില്‍ കൊട്ടിയടച്ച്,
മൌനചിതല്‍പുറ്റുകളില്‍
ഒളിക്കുന്നു ....

ഉള്ളില്‍ രൂപപ്പെടുന്ന
കടും സിദ്ധാന്തങ്ങളുമായ്,
കൂര്‍ത്ത നഖമുനയുമായ് ,
ശരീരം തന്നെ ആയുധമാക്കി
ഞാന്‍ പുനര്‍ജനിക്കും