സഹയാത്രികര്‍

Wednesday, March 31, 2010

ജയം


എനിക്കായ് അവനെപ്പോഴും ഒരു മറുപടി
തെയ്യാറാക്കി വെക്കുന്നു.
ചിലപ്പോള്‍ അതെന്നെ എന്നേക്കും
ഇല്ലാതാക്കുന്നതാവാം ..
പക്ഷെ തൃപ്തി ആണ് എനിക്കെപ്പോഴും പ്രിയം.
അപ്പോള്‍ ഞാന്‍ സംതൃപ്തനല്ലേ ?
ഒളിവിലും മറവിലും എയ്തുവീഴ്ത്തുകയാണ് .
സീല്‍ക്കാര ശബ്ദം ഉയരുന്നുണ്ട് .
അത് അവന്‍റെ ജയഘോഷം അല്ലേ .?
അപ്പോഴും ഞാന്‍ തൃപ്തനായി ..
അതവന്റെ ജയമല്ലേ . ?

Friday, March 26, 2010

നീര്‍മാതളവും... ഗുല്‍മോഹറും...

1
കടല്‍ക്കാറ്റടിച്ച് കയറുന്ന വീട്ടിലെ
ഏകാന്തതയില്‍
കടല്‍ മയൂരങ്ങളുടെ ജനനം ,

ഉപ്പുകാറ്റമര്‍ന്ന ചുണ്ടുകളില്‍
പ്രണയ ഗുല്‍മോഹര്‍ പൂവിന്റെ
സൂര്യതേജസ്സ് .

അസംതൃപ്തിയുടെ ഇരുളകറ്റാന്‍
പിടഞ്ഞു തീരുന്ന കാമനകള്‍ .

നീയും പിടഞ്ഞു തീരുകയായിരുന്നു.
2
നീര്‍ മാതളത്തിന്റെ ചുവട്ടിലെ
ഇളം തണുപ്പില്‍ നിന്നും
ഗുല്‍മോഹറിന്റെ കീഴിലെ
അന്ത്യ നിദ്രയിലക്ക് .
3
തലമുറകള്‍ക്ക് മേല്‍
നീ ഉണര്‍ത്തിയ ഉടല്‍ സ്വാതത്ര്യം .
അല്ലെങ്കില്‍
നഗ്നമായ ഉടലില്‍
നിന്റെതായ ഒരു പച്ചകുത്ത്.
നീ എന്നേക്കും നല്‍കിയ തിരിച്ചറിവ് .
4
അവ്യക്തമാവുന്ന ഏതോ
ചിത്രങ്ങളില്‍ ,
മനസ്സുകളുടെ തുടര്‍ സഞ്ചാരങ്ങളില്‍,
ഗഹനതയില്‍ നിന്ന് ഗഹനതയിലേക്ക് .
അസംതൃപ്തിയുടെ
ഗോവണിപ്പടികള്‍ ചവിട്ടി കടന്ന്
മട്ടുപ്പാവിന്റെ അടഞ്ഞ ലോകത്തേക്ക്
നിന്റെ അവസാന യാത്രകള്‍.
ഘനീഭവിച്ച നിശബ്ദതയില്‍
സര്‍പ്പക്കാവിന്റെ ഇരുളില്‍ നിന്നും
സര്‍പ്പ ഗന്ധിപ്പൂക്കളുടെ തുടിപ്പില്‍ നിന്നും
ഊര്‍ന്നിറങ്ങി
പ്രകാശയാനങ്ങളുടെ കുതിപ്പില്‍
നിയന്ത്രണം നഷ്ടപെട്ട തേരാളിയായ്‌
ഒടുവില്‍ തളര്‍ന്നു മയങ്ങിയവള്‍.
ഗുല്‍മോഹറിന്റെ ചുവട്ടിലെ
തണുത്ത നിശബ്ദതയില്‍
അനേകരോടൊപ്പം ,
അവരെപ്പോലെ നീയും....

Tuesday, March 23, 2010

പിടയുന്ന നാട്ടുവഴികള്‍


ഓരോ നാട്ടുവഴികളും പിടയുകയാണ്.
ഇടവഴികള്‍ കയറി ചെല്ലുന്ന
പരുപരുത്ത നാട്ടുവഴികളില്‍
യാത്രക്കാരന്റെ കാലടികള്‍ പതിയുന്നില്ല.
കാലങ്ങളായി ചരലുകള്‍ നിറഞ്ഞ
ഈ ഗ്രാമ പാതയില്‍ .
കാളവണ്ടികളിഴഞ്ഞതും ,
ഓ ഓ വിളികളില്‍ കീഴാളര്‍
മയങ്ങി വീണതും ,
ഒറ്റമുണ്ടുടുത്ത ,
മാറ്മറയ്കാത്ത നീലിപെണ്ണ്
വിരണ്ടോടിയതും ...
ഒടുവിലായ് വന്നത് നീലിയുടെയും ,
കേളന്റെയും, ചാത്തന്റെയും നേതൃത്വത്തില്‍
വിളംബരജാഥ ആയിരുന്നു.
ചരല്‍ ചുവന്ന ദിനം...
എന്‍റെ മാറില്‍ പതിഞ്ഞ കളങ്കം
ഇന്നും തേച്ചു കഴുകാതെ .....
ആ ചുവപ്പില്‍ ഞാനിന്നും ... കഴുകപെടാതെ...

Monday, March 22, 2010

അവസാനത്തെ യാത്ര





ഓര്‍ത്തുവെച്ചതൊക്കെ
പഴങ്കഥകളിലെ
പതിരുകളാവുന്നു.

പ്രണയലാവയൊഴുകിപ്പരന്ന്
ഹൃദയവടിവുകള്‍ നഷ്ടമായ
ഒരു വെറും പരുത്ത പ്രതലം !!

ഞരമ്പുണര്‍വിന്റെ
കഴിഞ്ഞകാലങ്ങളില്‍ നിന്ന്
മുറിവൊലിച്ച് പറക്കുന്നൊരു
തൂവല്‍ കൊഴിയും പക്ഷിയുണരുന്നു .

വിരല്‍ തൊടുന്ന
ഗദ്ഗദങ്ങളുടെ
അവശേഷിപ്പുകളില്‍
കാലം വീര്‍പ്പടക്കി
കമഴ്ത്തിയൊഴിക്കുന്ന കാനല്‍ജലം .

നഷ്ടങ്ങളുടെ ഉറവയില്‍ കിനിയുന്നതും,
നിറവിന്റെ വ്യാപ്തിയില്‍ കുമിളകള്‍ ചിലമ്പുന്നതും,
പിരിമുറുക്കത്തിന്റെ മഹാമേരുക്കളില്‍
വിറങ്ങലിച്ചു തീരുകയാണ്.

പച്ചപ്പിന്റെ ഒരു കണികയും
ഈ ഭൂമിയിലില്ലന്നോ?

ഇളകുന്ന പ്രതിഛായയില്‍
എന്‍റെ മുഖം
വിറങ്ങലിച്ച പ്രതിരൂപം.

ഇനിയും യാത്ര .
മടുപ്പിക്കുന്നത്.
അവസാനിക്കാത്തത് .

Wednesday, March 17, 2010

പുക


അവസാനത്തെ പുകയില്‍
അവശേഷിച്ച രസവും കലരുന്നു.
തുടര്‍ന്ന് കയ്പ്പ് രസം ആണെന്നറിയാം ...
അത് കഴിഞ്ഞു രസമില്ലായ്മയും.
രുചിയുടെ ഈ കലര്‍പ്പില്‍
ഉമിനീരില്‍ , രസമുകുളങ്ങളില്‍
പിടഞ്ഞു തീരുന്ന മാധുര്യമുണ്ട്‌ ...
കയ്പ്പിന്റെ അധിനിവേശത്തില്‍
ഒതുങ്ങിപോകുന്നത് .
തീരാത്ത ഭാവരസങ്ങളുടെ കുത്തൊഴുക്കില്‍
ഒഴുകിപോയത്‌.
എനിക്കുവേണ്ടി മാത്രം കടഞ്ഞെടുക്കാന്‍
ഒരു കടകോല്‍ അന്വേഷിക്കുകയാണ് ഞാന്‍ .

Wednesday, March 10, 2010

കുറുങ്കവിതകള്‍


പട്ടുനൂല്‍പുഴുക്കള്‍
------------------

വാക്കുകള്‍ തനിക്ക്
പട്ടുനൂല്പുഴുക്കളെ പോലെയെന്ന്
സുഹൃത്ത്.
വാക്കുകള്‍ കച്ചവടചരക്കോയെന്ന്
ഞാന്‍ .
പക്ഷെ എന്നിട്ടും..
അവയുടെ സില്‍ക്ക് നൂലുകള്‍
ഞാന്‍ മറ്റാരും അറിയാതെ
നെയ്തു സൂക്ഷിച്ചിരുന്നു .

അവള്‍
-------
രാത്രിയുടെ പുളപ്പില്‍
സൌഗന്ധികങ്ങള്‍ പൂത്ത രാവില്‍ ,
ഒന്നായ് തുന്നി ചേര്‍ത്ത
ഒറ്റപുതപ്പിന്നുള്ളില്‍ ....

രാവിന്റെ മറ്റൊരു യാമത്തില്‍
പൂവിതള്‍ കൂമ്പിയ മൌനത്തില്‍
അവള്‍ മറ്റൊരുവളുടെ രൂപത്തില്‍ .
എന്നിലേക്ക്‌ പുല്‍കിയിറങ്ങാന്‍ ... വീണ്ടും...
അവളുടെ ദാഹം നിറഞ്ഞ ശബ്ദം ...
" എന്നെ വിട്ടു പോകരുതേ "

യക്ഷി
------
പാലപൂവിന്‍ സുഗന്ധത്തില്‍ ,
വെറ്റില നീരിന്‍ തുടിപ്പില്‍ ,
എന്നിലേക്ക്‌ പല്ലുകളാഴ്ത്തിയവള്‍ .
ഒരിക്കല്‍
ഈ പാലച്ചുവടില്‍
ഞാനും എല്ലിന്‍ തുണ്ടുകളാവും ....

ബാല്ല്യം
--------
അനാഥമാം ബാല്യങ്ങള്‍
വളര്‍ന്നേറും അസ്ഥിപഞ്ചരങ്ങള്‍ .
പകര്‍ന്നാടുമീ താളമേളങ്ങളില്‍
ജീവനില്‍ കുരുങ്ങുമുഷ്ണസഞ്ചാരം നീ .

കാട്ടുമരങ്ങളില്‍ വള്ളിയൂഞ്ഞാലില്‍
കാഴ്ചകള്‍ തേടും വനസ്ഥലികളില്‍
കാട്ടാറിലൊഴുകും വന പുഷ്പങ്ങളില്‍
വേട്ടനായ്ക്കള്‍ പടര്‍ന്നമരും നേരങ്ങളില്‍ .......
( നിന്‍ വഴികളില്‍ തടസ്സമാരാണ്

Tuesday, March 9, 2010

പ്രണയമാണ് പോലും


പ്രണയമാണ് പോലും..

പിടലി തിരിച്ച് കടന്നു പോയത്‌,
പ്രതിമ കണക്കെ നിന്നു കൊടുത്തത്,

പ്രവാഹമായ് തുടങ്ങിയതും,
പ്രഹേളികയായ്‌ അടങ്ങിയതും,

ഇടുങ്ങിയ വഴികളില്‍ തിങ്ങി ഞരുങ്ങിയത് ,
ഇരുളില്‍ പതുങ്ങി പിടിച്ചടക്കിയത് ,
ഇത്രമേല്‍ മധുരമെന്നു വെറുതെ മൊഴിഞ്ഞത് ,
ഇതളുകള്‍ കൊഴിഞ്ഞ മന്ദാരമായത് ,

അലകടല്‍ പോലെയിളകി മറിഞ്ഞത് ,
അരമതില്‍ കടന്നു കവര്‍ന്നു പോയത്‌ ,
അഴകുമാഗ്രഹവും ചേര്‍ന്ന് പിഴ നല്‍കിയത്,
അഭിനയം കണ്ട് മനം മാഴ്കിയത് ....

എന്നിട്ടും പ്രണയമാണ് പോലും..പ്രണയം...

Saturday, March 6, 2010

കല്‍വിളക്ക്‌



(നിഴലുകളോട് മത്സരിക്കുകയാണ്
കല്‍വിളക്കിലെ നാളം.)
നിഴലുകളുടെ ഒളിച്ചുകളി
മാത്രമാണെന്നറിയാം .

കടന്നുകയറ്റത്തിന്റെ
അനിവാര്യമാം
തുടര്‍ക്കഥകളില്‍
ഇരുട്ടിന്റെ ഇളിഞ്ഞ മുഖം കാണാം .

പകലുറക്കത്തിന്റെ
ദീനതയില്‍ പിറന്ന
ജളത്വം.

ഗുഹാമുഖങ്ങളില്‍ നിന്നും,
ഇരുട്ടറകള്‍ തുറന്നും,
ഈയ്യലുകള്‍ നിറഞ്ഞ മാളങ്ങളില്‍ നിന്നു പോലും
ബഹിര്‍ഗമനം.

നിലനില്‍പ്പിന്റെ അങ്കം
തുടക്കംമുതലേ...

കാറ്റാണ് സഹായി .
എരിയും നാളങ്ങളെ ഉലക്കുന്നവന്‍ .
പക്ഷെ എന്നാലും
ഒരു കരിന്തിരി കാണുമ്പോള്‍
ഉള്ളമറാന്‍ തുടങ്ങും.
അടുത്ത നിമിഷം തന്നെ പ്രവേശം
ഉറപ്പാകുകയാണല്ലോ !!

Tuesday, March 2, 2010

ഒരു ജന്മം പഴകുമ്പോള്‍



മറ്റെന്താണ് ഞാന്‍
പഴകിപ്പോയ ഒരു
ജന്മത്തെ ക്കുറിച്ച് പറയുക ?
പാതി വഴിയില്‍
കരിഞ്ഞു പോയതെന്നോ ?
ക്ലീഷേ .....
സുഹൃത്ത് അലറി ചിരിച്ചു ..
ഞാന്‍ നിശബ്ദനായി ..
ആയിരമായിരമവതാരങ്ങള്‍
പിറവിയെടുത്തവന്‍
സുഹൃത്ത് !!!!!!
എന്‍റെ മുന്നില്‍ തെളിയുന്ന ദീപങ്ങള്‍
തല്ലിക്കെടുത്തി
ഞാന്‍ പറയും.....
കരഞ്ഞെങ്കിലും പറയും....
അല്ല .. അല്ല...
പക്ഷെ ......
നിങ്ങളോ?