സഹയാത്രികര്‍

Thursday, October 22, 2009

വേദി


ഇരിപ്പിടങ്ങള്‍ കൈയ്യടക്കിയവരാല്‍
വേദികള്‍ നിറഞ്ഞിരുന്നു.
അവ്യക്തമാം ഭാഷണങ്ങളാല്‍
സദസ്സ് നിര്‍ജ്ജീവമായ്‌ പോയിരുന്നു.
പാടിപ്പതിഞ്ഞ ഗാനങ്ങള്‍
വൃഥാ ആലപിച്ചും ,
പഴങ്കഥകളില്‍
വര്‍ത്തമാനത്തിന്റെ
നിഗൂഡതകള്‍ കലര്‍ത്തിയും
ആരൊക്കെയോ ...
അപ്പോഴും ,
കാത്തിരുന്നവരുടെ
കാല്‍സ്പര്‍ശമേല്‍ക്കാതെ
വേദി
മലര്‍ന്നു കിടന്നിരുന്നു.

Tuesday, October 20, 2009

യാത്രയില്‍ കണ്ടത്.....

കറുത്ത വൃത്തത്തില്‍
കാഴ്ചകള്‍ മങ്ങുമ്പോള്‍ ,
ഉണര്‍വേകിയോരിടം
മറഞ്ഞുപോകുമ്പോള്‍,
ചങ്കില്‍ കൊത്തി വലിക്കയാണ്
പങ്കുവെച്ചവരും , കൂടെ
പങ്കായം തുഴഞ്ഞവരും .....

Saturday, October 10, 2009

നമ്പൂരിവര


നമ്പൂരി രേഖ
വര്‍ണ്ണങ്ങളില്‍ അല്ല വിരിഞ്ഞത് .
അത് ജീവല്സ്പന്ദനമായിരുന്നു .
കറുത്ത വര്‍ണത്തില്‍ .
കറുപ്പില്‍ വര്‍ണ്ണം
ദര്ശിക്കാത്തവര്‍ക്കിടയില്‍
അത് തിളക്കമാര്‍ന്നിരുന്നു.
ഹൃദയരക്തമൊഴുക്കിയവന്റെ
ശ്വാസഗന്ധത്തില്‍
അവ ചുറ്റിപടര്‍ന്നിരുന്നു.
വരികളും , വരകളും
ചേര്‍ന്ന് വര്‍ണ്ണാഭമായ
ഒരു കാഴ്ച .
* * * *
എനിക്ക് മേല്‍
പടര്‍ന്നു കയറിയ
സുഗന്ധവാഹിയായ
പടര്‍വള്ളികള്‍ .

Wednesday, October 7, 2009

വിരലടയാളങ്ങള്‍


നിലവിളികളുടെ ആഴങ്ങളില്‍ നിന്ന്
ഉയരുന്ന കനത്ത നിശ്വാസങ്ങള്‍ .
കടന്നു പോവുന്ന ദിനങ്ങളില്‍ നിന്ന്
ഓര്‍ത്തുവെക്കേണ്ടതും ,
തിരിച്ച് പിടിക്കേണ്ടവയുമായ
മുറിവ് പറ്റി തിരികെ പോയ
യാഥാര്‍ത്യങ്ങളിലെ പഴമ്പൊരുളുകള്‍.
എനിക്ക് വേണ്ടി യാതൊന്നും
കരുതി വയ്ക്കേണ്ടതില്ല .
പുറകെ വരുന്നവന്
പതിച്ചു നല്‍കേണ്ടത് .
പുകമറ സൃഷ്ടിച്ച്‌ ,
വഴികള്‍ മുടക്കി ,
ജാലവിദ്യ കാണിച്ചു മയക്കി
കൂട്ടത്തില്‍ ആരൊക്കെയോ ...
ചോദ്യങ്ങള്‍ നിരത്തുന്നവര്‍ക്കിടയില്‍ ,
പിടിയമര്‍ത്തുന്ന കടല്‍കൊള്ളക്കാര്‍ക്കിടയില്‍
എന്റെ മുഖം
വരണ്ട കാറ്റിനു വഴങ്ങുന്ന
ഇല കൊഴിഞ്ഞ മരം പോലെ
വൃഥാ വേരുകള്‍ അമര്‍ത്തുകയാണ് .
മണല്‍ കാറ്റിനുമുണ്ടൊരു രുദ്ര താളം .
ഹുങ്കാരത്തോടെ വീശിയടിക്കുമ്പോള്‍
പതം പറഞ്ഞ രാവുകളും ,
പിന്‍നിലാവില്‍ മയങ്ങിയ സ്വപ്നങ്ങളും
ഒരു പിന്‍വിളിക്ക് പോലും
കാതോര്‍ക്കാതെ ഇടറി മാറുകയാണ് .
മുന്നോട്ടാണെങ്കിലും
സ്പഷ്ടമായി അറിയാം .
മടക്കയാത്രയിലാണെന്ന്.
വന്നിടത്തേക്കു തന്നെയെന്ന്‌.

Saturday, October 3, 2009

കതീശുമ്മക്ക്

കതീശുമ്മയുടെ സാഫല്ല്യം
ഒതുക്കപെട്ട ഒരു വിഭാഗത്തിന്റെ
തിരതള്ളിച്ചയാണ് .
ഇരുണ്ട മച്ചിലേക്ക്
കടന്നു വന്ന തിരിനാളമാണ്.
പുസ്തക താളുകളില്‍
അക്ഷരങ്ങള്‍ കരഞ്ഞുണര്‍ന്നത് ,
കാലം കനിഞ്ഞരുളിയ
നീണ്ട കാത്തിരിപ്പിന്റെ
അന്ത്യദശയിലാണെങ്കിലും,
ഏടുകള്‍ മറിയുമ്പോള്‍
കാലങ്ങള്‍ക്കു മുന്‍പ്
കല്‍പ്പഴുതിലൂടെ കണ്ടിരുന്ന
ദിവ്യ വെളിച്ചം .
അതറിവിന്റെ വെളിച്ചമായിരുന്നു .
അതാരാണടച്ചത് ?
അന്ധകാരകരിമ്പടകെട്ടില്‍ നിന്നും
മറ നീക്കി പുറത്തു വന്നപ്പോള്‍
ചുറ്റിനും പറന്നു നടക്കുന്ന
അക്ഷര കുഞ്ഞുങ്ങള്‍ .
വാരിപോത്തി ഹൃദയത്തോട്
ചേര്‍ത്തപ്പോള്‍
അക്ഷരങ്ങള്‍ക്കും കണ്ണീരിന്റെ നനവ് ,
ഉപ്പു രസം .
എന്തിനായിരുന്നു ഞങ്ങളെ ...?
കതീശുമ്മ തേങ്ങി .
അക്ഷരങ്ങള്‍
നിറകണ്ണുകളോടെ നോക്കിയിരുന്നു .


Friday, October 2, 2009

ചാരന്‍


ഏതോ ജന്മങ്ങള്‍ക്ക്
കാവലാളായി
പിറന്നു വീഴുന്നവന്‍ .
പുറപ്പെട്ടുപോവുന്നത്
മടങ്ങിയെത്താത്ത
നിയോഗവുമായി.
ദൃഷ്ട്ടിയൂന്നി ,
കാത്തു കൂര്‍പ്പിച്ച്,
ഒരു പാളയത്തില്‍ നിന്ന്
മറ്റൊന്നിലേക്ക്‌.
ആത്മസമര്‍പ്പണത്തിന്റെ
വേദിയില്‍
കൂരമ്പേറ്റ് പിടയേണ്ടവന്‍ .
അതാണ്‌ ജന്മസുകൃതം .
കടമയില്‍ വെള്ളം ചേര്‍ക്കാത്തവന്‍ .
നിനക്ക് നിഘണ്ടു സമവാക്യം.
അതിര്‍ത്തിരേഖകളില്‍
കാവലാളുകള്‍
നിനക്ക് വഴികാട്ടികള്‍ .
ഒരേ ബിന്ദുവില്‍
സമ്മേളിക്കേണ്ടുന്ന
പ്രവര്‍ത്തിമൂല്ല്യങ്ങളെ
പിരിച്ചകറ്റാന്‍
യാത്രയുടെ തുടക്കത്തില്‍
അന്ത്യശാസനം ചാര്‍ത്തപ്പെട്ടവന്‍ .
ചരിത്രത്തിന്റെ
അടുക്കിയ ഖണ്ഡങ്ങളില്‍
വികൃതമായി ചിത്രീകരണം.
നിനക്കുറങ്ങാമിനി .
ഇരുള്‍പൊയ്കകളില്‍ ,
മരുപറമ്പുകളില്‍ ,
നീയെറിഞ്ഞുടച്ച
ജീവന്റെ സ്പടികയാനങ്ങള്‍
ഉരുകിയമരുകയാണ് .
ഉരുകിചേര്‍ന്ന് പിടയുന്ന ജീവന്‍
മാപ്പ് തരില്ലോരിക്കലും .