സഹയാത്രികര്‍

Saturday, March 26, 2011

കവിതയും കഥയും


കവിതയുള്ളവനേ കഥ വഴങ്ങുള്ളൂ
കഥയുള്ളവനേ കവിത വരുള്ളൂ...

Saturday, March 19, 2011

മാധ്യമ സിണ്ടിക്കെറ്റ്

ഒരു മുഴം മുന്നേ എറിഞ്ഞ വടിയില്‍
കാലിടറി വീണു.
നാക്ക് നീട്ടിയ വെടിയരങ്ങില്‍
കാതറ്റുപോയി.
തന്ത്രിമുഖ്യന്‍ ചാട്ടുളി വീശി .
ശീലായ്മകള്‍ വെടിഞ്ഞ്
പത്രശാലകള്‍ ഉണര്‍ന്നു.
കൂട്ടം കൂടിയ ബ്രാണ്ടികുപ്പിയും
വറുത്ത കപ്പലണ്ടിയും ബാക്കി .
ഒരു കുതിപ്പ് മറന്ന് അല്ലെങ്കില്‍
ഒരു കുതിപ്പ് പാഴായതില്‍
മനം നൊന്ത്
പടയൊരുക്കത്തിന്റെ കൂട്ടായ്മ മറന്ന്
പുതു വാര്‍ത്തകളുടെ
രസം കൊല്ലിയെ ശപിച്ച്
പുതു വഴികള്‍ തേടി യാത്രയാവുന്നു.

Thursday, March 17, 2011

ഞാനുറങ്ങാതിരിക്കുന്നു


കാവല്‍ മാടങ്ങളുടെ
ദീനതയാണെന്റെ
ഉറക്കം കെടുത്തിയത് .

ഒരു രാത്രി മയക്കത്തിന്റെ
നേര്‍ത്ത ഇഴകളില്‍ നിന്നാണ്
ഞാനെന്റെ പ്രാണനെ
വേര്‍പെടുത്താന്‍ ശ്രമിച്ചത് .

പണ്ടെന്റെ സുഷുപ്തിക്കൊടുവില്‍
കൈവന്ന പൂര്‍ണ്ണത ,
പക്ഷെ അത് ശൂന്യതയില്‍
നിന്നുള്ള കണ്‍തുറക്കല്‍ .

കണ്ണടയ്ക്കാത്ത കാഴ്ചയില്‍
ദുര്‍നിമിത്തങ്ങളുടെ
പ്രഹേളിക .

ഉറക്കം മുറിയലിന്റെ
ആദ്യ പ്രഹരത്തില്‍
ഞാന്‍ കണ്‍ തുറക്കുകയായിരുന്നു.
ഇത്തിരി കാഴ്ചവെട്ടത്തില്‍
മണ്ണില്‍ മുടിയിഴഞ്ഞ
പാടുകള്‍ പോലും
കാണുവാന്‍ കഴിഞ്ഞു .
ആലംബമില്ലാത്ത തേങ്ങല്‍
പോലും കേള്‍ക്കുവാനും.

ഇപ്പോള്‍,
എന്റെ രാവുകളും, പകലുകളും
നിദ്രാ വിഹീനങ്ങളായിരിക്കുന്നു .

Wednesday, March 16, 2011

വെയിലില്‍ അലിയുന്ന പകലുകള്‍


ഒരു കണ്‍നിറവിന്റെ
സായൂജ്യ മയക്കങ്ങളില്‍
ഒരു തൂവല്‍ നനവായ്
സുഖിപ്പിച്ചു പോവുന്നു നീ.

പിന്നെയും അര്‍ദ്ധമയക്കത്തിന്റെ
പടവുകളിടിയുന്ന
കയറ്റിറക്കങ്ങളില്‍
ഒരു നൂല്‍ വഴക്കമായെങ്കിലും നീ .

പകല്‍നേരങ്ങളുടെ
വിഷാദ ഗഹനതയില്‍
തീച്ചില്ല കുടയുന്ന
നൊവേറ്റ് മയങ്ങുമ്പോള്‍
ജാലകങ്ങള്‍ തുറന്ന
ഊഷ്മാവാകുന്നു നീ .

ധനുമാസ രാത്രികളുടെ
തളിര്‍ക്കുന്ന
വികാരശ്രേണികളില്‍
മാന്ത്രിക രഹസ്യങ്ങളുടെ
നീരാളം വിരിക്കുന്നു നീ.

എന്റെ ശൃംഗാര കുതൂഹലങ്ങളില്‍
ഞരമ്പിഴയുന്ന
ആസക്തി രാഗങ്ങളില്‍
നീ പത്രങ്ങള്‍ കൊഴിഞ്ഞ
മന്ദാരമായ് മാറിയിരിക്കുന്നു.

ഞാന്‍ വെയിലില്‍ കരിഞ്ഞ ശലഭം .
നീ അലസമായ് മൊഴിഞ്ഞു.

ഇന്ന് ഞാനും വെയിലില്‍
അലിയുന്ന പകലുകളിലേക്ക്
ചേക്കേറുന്നു.

Tuesday, March 15, 2011

ഹൈക്കു


സുനാമിയായും, ഭൂകമ്പമായും
അണുവിസ്പോടനമായും
ജപ്പാനിലെ പ്രകൃതി ഒരു
ഹൈക്കു കവിതയെഴുതി.

Friday, March 11, 2011

ഗ്വാണ്ടനാമോയിലെ ഉമര്‍ ഖാദറിന്


ഉമര്‍
നീ ഈജിപ്തിന്റെ
മുലപ്പാലറിഞ്ഞ
തരുണന്‍.

നീ പൊറുക്കുക.
നിവര്‍ന്നു നിന്ന്
അഹങ്കരിക്കുന്നവര്‍ ഞങ്ങള്‍

ഇപ്പോള്‍,
കുനിഞ്ഞും, ഇഴഞ്ഞും
ദിനരാത്രങ്ങളുടെ
കനത്ത കരിങ്കല്‍പ്പാളികള്‍
പിഴുതു മാറ്റുകയാവും നീ.

തിളച്ചു മറിയുന്ന
ഉഷ്ണമാപിനിയാണോ
തടവറ !

ഏത് മനസ്സിന്റെ
ചക്രവാളങ്ങളില്‍
നിന്റെ ദീനസ്വരം
പ്രതിധ്വനിക്കുന്നു !

ഉമര്‍

നീയൊരു യാത്രികനാണ് .
കൊടും യാതനകളുടെ
പിരിയാത്ത കൂട്ടുകാരന്‍.
തടവറകള്‍ വലിച്ചു കുടിച്ചു
നീര് വറ്റിയ കരിഞ്ചണ്ടി.

"പ്രപഞ്ച നാഥ"ന്റെ
പിരിച്ചകറ്റിയ
മാമൂല്‍ വഴക്കങ്ങളില്‍
ബലിക്കല്ലില്‍
വെച്ചരച്ച
വന കുസുമം .

ഉമര്‍

നീ വെട്ടിയരിയപ്പെട്ട
ദര്‍ശന വൈവിധ്യം .
വിചാര സീമകള്‍ക്കപ്പുറം
നീ പറിച്ചു ചീന്തപ്പെട്ട
അനര്‍ഘ വാചനം .
നിന്നെ വായിച്ചറിയാന്‍
രോഗാതുരമായ
പടിഞ്ഞാറിനാവില്ല .

നിന്റെ മന:സഞ്ചാര വീഥികള്‍
നടുവൊടിഞ്ഞ
പരുത്ത യാത്രാ നിലങ്ങള്‍.

നിന്നില്‍
മുദ്ര ചാര്‍ത്തപ്പെട്ട
കളങ്കം
നഗ്ന രാജാവിന്റെ
തിട്ടൂരം.

കുഞ്ഞേ

ഏറ്റുവാങ്ങേണ്ടത്
ഏത് കാഹളങ്ങളാണ്?
ഏത് വാക്ക്ധോരണികള്‍ക്കാണ്
ഇനി ചെവിയോര്‍ക്കേണ്ടത് ?

നിദ്ര പറിച്ചെറിഞ്ഞ
ചിന്താ സരിത്തുകളില്‍ നിന്നും
നീ വാറ്റിയെടുക്കുന്ന
ചുടു നിശ്വാസങ്ങള്‍
ലാവാസമം ..

കനത്ത സീല്‍ക്കാരങ്ങള്‍
നിന്നെ ഞരുക്കി ക്കടന്നുപോവും
എന്നറിയാം.

ചവിട്ടിക്കുഴച്ച നിന്റെ
കൌമാര രാഹിത്യം
ഊര്‍ന്നിറങ്ങി
നനയുന്ന രേതസ്സ് .

നിന്നിലിന്ന്
പുനര്‍ജീവനം
മരുപ്പൂക്കള്‍
വിരിയുന്ന പകല്‍ സ്വപ്‌നങ്ങള്‍
മാത്രമോ?

(അഫ്ഗാനിസ്ഥാനില്‍ വെച്ച് അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അഹമ്മദ് സയ്യിദ് എന്നയാളുടെ പുത്രനാണ് ഉമര്‍ ഖാദര്‍. ബാപ്പ കൊല്ലപ്പെടുമ്പോള്‍ വെറും പതിനഞ്ചു വയസ്സ് പ്രായമുള്ള ഉമര്‍ അമേരിക്കന്‍ സേന സര്‍ജന്റ് ക്രിസ്റ്റഫര്‍ സ്പിറിനെ ഗ്രനേടെറിഞ്ഞു കൊന്നതിന്റെ പേരില്‍ മുസ്ലീം കൊടും തീവ്രവാദിയായി മുദ്രകുത്തി കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയില്‍ വെച്ച് മൃഗീയമായി പീഡിപ്പിക്കുകയാണ്. ഇപ്പോള്‍ വയസ്സ് ഇരുപത്തിനാല് . ഉയരം കുറഞ്ഞ മുറിയില്‍ നടു നിവര്‍ത്താന്‍ കഴിയാതെ ഇഴഞ്ഞു, നിരങ്ങിയും ഉമര്‍. സര്‍വ്വ പീഡനങ്ങളും ഏറ്റുവാങ്ങുന്ന ഉമര്‍ ഖാദറിന്റെ ജീവിതത്തെപ്പറ്റി കാനഡയിലെ ടോറോന്റോ സ്റ്റാര്‍ പത്രത്തിന്റെ ലേഖിക മിഷേല്‍ ഷെഫാര്‍ട് അന്വേഷിച്ചറിഞ്ഞു ഒരു പുസ്തകം എഴുതിയിട്ടുണ്ട്.)

Wednesday, March 9, 2011

വിഷമല്ലാത്ത എന്‍ഡോസള്‍ഫാന്‍


-ഒന്ന് -
ഇവര്‍ പറഞ്ഞവസാനിപ്പിക്കും .
അടിവരയും , ഫുള്‍ സ്റ്റോപ്പും
ചാര്‍ത്തി
വിരാടപുരുഷന്മാരാകും .‍.
അല്ലെങ്കില്‍
മലം ഉരുട്ടിക്കൊണ്ടുപോവുന്ന
നികൃഷ്ട കീടങ്ങളാകും.
സമാനമായ പ്രവര്‍ത്തികള്‍ തന്നെ....


-രണ്ട്-
ഉച്ചസ്ഥായിയില്‍
അളിഞ്ഞവായു
പുറത്തുവിടുന്ന
റിപ്പോര്‍ട്ട് പ്രമാണികള്‍.

ഓരോ തുള്ളി ജലത്തിലും
വ്യതിയാനങ്ങളില്ലാത്ത
അമൃതശുദ്ധി കണ്ടെടുക്കുന്നു.

മനുഷ്യ വിഷ സസ്യങ്ങളെ
ജനിതക തകരാറില്‍
കുരുക്കിയിടുന്നു.-മൂന്ന്-
നാട്ടുവഴികളിലെ
ശൂന്യതയില്‍ നിന്ന്
ഒരു കവിള്‍ ശ്വാസം .

പൂത്തുലഞ്ഞ മാമ്പൂക്കളില്‍ നിന്ന്
ഒരു കുമ്പിള്‍ സുഗന്ധം.
കറയിറ്റുന്ന കശുമാങ്ങകളില്‍ നിന്ന്
ജീവനൊഴിഞ്ഞ
കുഞ്ഞാത്മാക്കളുടെ
യാത്രാമൊഴികള്‍.

കറയിറ്റുന്ന മണ്ണിലേക്ക് ,
ജീവസരസ്സ്
വറ്റിത്താഴുമിടത്തേക്ക് ....
------------------------------

Monday, March 7, 2011

എം ടി ക്ക് ഒരു ഉപഹാരം


നാലുകെട്ടിന്റെ നെരിപ്പോടുകളില്‍ നിന്ന്
ഇറങ്ങി വരുന്ന സാധാരണ മനുഷ്യരെ അറിയാം॥

കാലത്തിന്റെ മുറിപ്പാടുകള്‍ ഏറ്റുവാങ്ങിയ
വേദനയുടെ നിഴല്‍ രൂപങ്ങളെ ആശ്ലേഷിക്കാം..

അസുരവിത്ത്‌ വീണു മുളക്കുന്ന മണ്ണില്‍ നിന്ന്
കളകളോടൊപ്പം നീക്കം ചെയ്യാം ..

മഞ്ഞു വീണു കിടക്കുന്ന ഭൂപ്രദേശങ്ങള്‍ താണ്ടി
നമുക്ക് സ്നേഹദൂദരാകാം ..

വിലാപയാത്രകളുടെ അവസാനം
ചവിട്ടി മെതിക്കപെട്ട
പൂക്കളും, കിനാക്കളും തൊട്ടറിയാം ..

പാതിരാവും പകല്‍വെളിച്ചവും ഇടകലര്‍ന്ന
ജീവിത പ്രഹേളികയെ അറിയാം ..

അറബിപൊന്ന് തേടിപോയി
മരുഭൂമികളില്‍ നീരുറവ തേടുന്ന
പ്രിയപെട്ടവരെ ഓര്‍ക്കാം ..

രണ്ടാമൂഴം ആണെങ്കിലും
നിര്‍വൃതിയുടെ നിമിഷങ്ങള്‍
പകര്‍ന്നാടുന്നുണ്ടെന്നു അറിയാം..

ഇരുട്ടിന്റെ ആത്മാവും ,
ഒരിക്കലും കാണാത്ത
പെണ്ണിന്‍ ഹൃദയവും അറിയാം..

ഓളവും തീരവും ഇണചേരുന്ന
മോഹഭംഗങ്ങള്‍
കാല്‍പ്പാടുകള്‍ക്ക് എന്നേ അറിയാം..

കുട്ട്യേടത്തി ഉപേക്ഷിച്ച
ഇരുമ്പു പെട്ടിയിലെ വാടാമലരുകള്‍
ഉള്ളറിവിന്റെ പരിഛേദം..

വാരിക്കുഴികള്‍ തീര്‍ക്കുന്നവര്‍ക്കിടയില്‍ ,
സ്വര്‍ഗം തുറക്കുന്ന സമയം
എപ്പോഴാണാവോ ?

ബന്ധനം ..
പതനം..
വാനപ്രസ്ഥം .. ഒടുവില്‍ ..
നിന്റെ ഓര്‍മ്മയ്ക്ക്‌ .. എല്ലാം സമര്‍പ്പിക്കുന്നു..