സഹയാത്രികര്‍

Monday, November 22, 2010

എന്റെ ഇരുമുഖങ്ങളും തേങ്ങുന്നു


പൂജയും സ്നാനവും

പൂജക്ക്‌ മുന്‍പ്
സ്നാനം നിര്‍ബന്ധമാണ്‌ .
പക്ഷെ ..
ദൂരങ്ങളില്‍
പന്ടകള്‍
നിലവിളിക്കുകയാണ്.
വിലപിടിച്ച കടലാസിലെ
ഗാന്ധിയെ
സ്വീകരിക്കാന്‍
ഇതോഴിവാക്കികൂടെയെന്നു...

2


ഒരവസാനം

ആര്‍ക്കുവേണ്ടിയായാലും
ഞാനെന്റെ ജീവിതം
അവസാനിപ്പിച്ചേക്കാം ..
പക്ഷെ അപ്പോഴും..
ഒരു വിടര്‍ന്ന പൂവും ,
അതിന്റെ സുഗന്ധവും ,
വിറകൊണ്ടൊരാ
നയനവും
മറക്കുവാനോ!!
കഴിയില്ല
കഴിയില്ല

ഞാനിപ്പോഴന്ധനായി ,
ബധിരനായി ,
മൂകനായി....

(പന്ടകള്‍ ...അക്ഷരതെറ്റ് ഉണ്ട്..... ശരിക്കും , ചേര്‍ത്തു എഴുതണം... ക്ഷമിക്കുക . എന്നാല്‍ആവുംവിധം നോക്കി . ആയില്ല )

Tuesday, November 16, 2010

വിലാപങ്ങള്‍

ജയ്‌ ശ്രീരാം .
അത് ശൂലമുനയിലെ വിലാപം .
വളച്ചൊടിച്ചത്.
പിരിച്ചകറ്റിയത് .
വാളിന്‍ തുമ്പിലെ പിടയുന്ന
തത്വ ശാസ്ത്രം.

അള്ളാഹു അക്ബര്‍ .
ഇത് ബോംബിന്റെ
റിമോട്ടിന്റെ പതിഞ്ഞ താളം.
വായുവില്‍ രക്തക്കറ ചാലിക്കുന്നത്‌.

കൂട്ടം തെറ്റി മേയുന്നവര്‍ക്കിടയില്‍
അലോസരപ്പെടുത്തുന്ന
വാക്ക് സഞ്ചാരങ്ങളുമായ്
വിടാതെ പിന്തുടരുകയാണ്
ശബ്ദങ്ങള്‍....

Monday, November 15, 2010

പലായനത്തിന്റെ പൊരുള്‍


പലായനങ്ങളുടെ അവസാനം
നിന്റെ ഊഴമായിരുന്നു.

നിന്റെ വിടപറയലിന്റെ
കാഠിന്യത്തില്‍
ഖുറൈശിക്കൂട്ടങ്ങള്‍
മരുഭൂമിയില്‍ എന്നേയ്ക്കുമായി
തളച്ചിടപ്പെടുകയായിരുന്നു .

ഒഴിഞ്ഞയിടങ്ങള്‍
നിറയുകയാണിന്ന് .
മരുഭൂമിയില്‍ വീണ
നിന്റെ കണ്ണുനീരിലും,
ചക്രവാളത്തോളം നീണ്ട
പാലായനയാത്രകളിലും,
നിന്റെ വിട പറച്ചില്‍
പ്രതിധ്വനിക്കുന്നു.

മരുക്കാറ്റ് വീശുന്ന
ഏകാന്ത തുരുത്തില്‍
ഞാനെന്നും തനിച്ചായിരുന്നു.

പ്രദക്ഷിണ വഴികളില്‍
ഞാനുമിപ്പോള്‍
മനുഷ്യ പ്രളയ ജലത്തോടൊപ്പം .
അതെന്തൊരുഴുക്കായിരുന്നു!!!


എന്റെ ഏകാന്ത തുരുത്തും
മരുക്കാറ്റും
എന്നോട് പറയാത്ത
എന്തോ ഒന്ന് ....
ഇവിടെ കണ്ടെത്തുകയായിരുന്നു.

ഈ പ്രളയ ജലത്തില്‍ ഞാന്‍ മുങ്ങി താഴട്ടെ .
തുടര്‍ച്ചയായ
സങ്കീര്‍ത്തനങ്ങളോടൊപ്പം
നിന്റെ വേവലാതി സ്വരവും
എനിക്ക് കേള്‍ക്കാം.
ഞാന്‍ കേള്‍ക്കാതെ പോയ
സ്വരം.

ഇപ്പോള്‍ എന്റെ മനസ്സില്‍
നിന്റെ മുഖം തെളിഞ്ഞു വരുന്നുണ്ട്.

Thursday, November 11, 2010

എന്‍ഡോസള്‍ഫാന്‍

പറങ്കിമാവിന്‍തോട്ടത്തില്‍
നീളന്‍ നിഴലുകള്‍
കുടിയിരിക്കുന്നു

ശരീരം കുറുകി
തല വീര്‍ത്തവ ..

ആരോ ,
പെയ്തുവീഴുന്ന
വിഷധൂളികളിലേക്ക്
മുഖം ചേര്‍ക്കുന്നു.

കൈകാല്‍ പിടഞ്ഞ്
നുരയൊലിപ്പിച്ച്
ജീവിതം
കരയ്കണയുന്നു !

വായുവിനും
മണ്ണിനും
പേയിളകിയിരിക്കുന്നു.

മരുന്ന് തളിച്ച
ഹെലികോപ്റ്റര്‍
പറന്നകന്നിരിക്കുന്നു.

കണ്ണടയ്ക്കാത്ത
ക്രൌര്യങ്ങള്‍ക്കൊടുവില്‍
അടിവരയിട്ട്,
പൂക്കള്‍ അര്‍പ്പിച്ച്
മൌന ജാഥ നടത്താന്‍
സമയമായോ !?

ലക്ക് കെട്ട സഞ്ചാരത്തിന്
ലാക്കറിയാന്‍
ഇനി ഞാന്‍
മരുന്നടിക്കേണ്ട കാര്യമില്ല ..

ഉണര്‍വിലേക്ക്
ഒരു തുള്ളി ഉത്തേജക മരുന്നും ,
കുതിപ്പിലേക്ക്
ഒരു പിടിച്ചു തള്ളലും.
ഇത്രയും മതി
ഒരു ജനതയ്ക്ക്
സംഘബല മുണ്ടാകാന്‍ .
ഓര്‍ക്കുക ..
ഒരു രാജ്യം കീഴ്പ്പെടാനും ,
അരാജകത്വത്തിലേക്ക്
തെന്നി മാറാനും....