സഹയാത്രികര്‍

Sunday, March 17, 2013

Don't call me ( Jagadeesh Chavara യുടെ ഓര്‍മ്മയില്‍ )ഒരു മൌസ് ക്ലിക്കിലൂടെ
നീയെന്റെ ഹൃദയത്തില്‍ തൊട്ടിരുന്നു.
മഞ്ഞച്ചിരി കാണിച്ച്
നിന്റെ സന്ദേശങ്ങളും.
പൊള്ളുന്ന വാക്ക് പ്രഹരങ്ങളില്‍
ഉള്ളുരുകുമ്പോള്‍
നീയൊരു സ്പര്‍ശമായ് അനുഭവിപ്പിക്കും.
ചിലരുടെ അസാന്നിധ്യം
ശൂന്യതയ്ക്ക് അരയ്ക്കിട്ടുറപ്പിക്കല്‍.
മായികമായ ഒരറിവിന്റെ
പൊട്ടിത്തരിച്ച ഏതോരു
നിമിഷത്തിലാവാം നിന്റെ തിരിച്ചുപോക്കിന്റെ
തിരിച്ചറിവും.
അല്ലെങ്കില്‍ പിന്നെ ...
"Don't call me ..."
മനസ്സിലായിരം വട്ടം വിളിച്ചു നോക്കി .
പിന്നെയും നീ പറയുന്നു.
" Don't call me ........"

എന്‍ഡോസള്‍ഫാന്‍ ചതിഇരകള്‍ക്ക് നേരെ ഇളിച്ചുകാട്ടി
കടന്നു പോവുന്നവര്‍.
മാവിന്‍ ചോട്ടില്‍ ഒരു കുഞ്ഞു കരഞ്ഞു.
ഉച്ചവെയിലില്‍
ഇമകളിളിളകാത്ത കാത്തിരിപ്പ്.
ഇളിച്ചു കാട്ടിക്കൊണ്ട് മറ്റാരൊക്കെയോ !

പ്രമാണങ്ങള്‍ നിരത്തി, നിയോഗം ചാര്‍ത്തപ്പെട്ടവര്‍.
രുചിച്ചു നോക്കി ഗുണഗണങ്ങള്‍ നിരത്തി മറ്റു ചിലര്‍.
രാജകൊട്ടാരത്തിലേയ്ക്ക് വണ്ടി കയറി ഇനിയും ചിലര്‍.

ഇരകള്‍ ചവച്ചു തുപ്പുന്നു ,
തുപ്പിക്കൊണ്ടിരിക്കുന്നു
ചോരകട്ടകള്‍ .

കഴുമാവിന്‍ നിഴല്‍ പരുങ്ങുന്നു.
എന്നിലേയ്ക്ക് പടര്‍ന്നിറങ്ങിയ
മനുഷ്യാര്‍ത്തിയെ പഴിക്കുന്നു.

ഇരകള്‍ മയങ്ങുന്നു.
നാട്ടുവഴികള്‍ പെരുക്കുന്നു.
ജന്മങ്ങളില്‍ മരണം മണക്കുന്നു.
ചതിയുടെ നീര് വാറ്റി ചാരായം കുറുക്കി
ലേബലൊട്ടിക്കാതെ
പടിഞ്ഞാറില്‍ വില്പനച്ചരക്കാക്കുന്നു .

പ്രതീക്ഷകള്‍ക്ക് മേല്‍ ഭൂതവും ഭാവിയും കൂടി
കമ്പവലി മത്സരം നടത്തുകയാണ്.
ആരും ജയിച്ചാലും തഥൈവ......
കാരണം ചതിയറിയാന്‍ ജ്ഞാനികള്‍ ജനിചിട്ടില്ലത്രേ !!

പക്ഷിയുടെ മണംപിരിയൻ ഗോവണികൾ ചിലപ്പോൾ.
വിയർപ്പു മണം ശ്വസിച്ചു കൊണ്ട് ലിഫ്റ്റിലൂടെ ..
ഇടുങ്ങിയ ഇടനാഴികളിലൂടെ
നിലകൾ തോറും കയറിയിറങ്ങി
ഇല്ലാത്ത ഒരഡ്രസ്സ് അന്വേഷിച്ച്..

ജനൽച്ചില്ല് കരണ്ട പേരറിയാത്ത പക്ഷിയുടെ
വൃഥാ ശ്രമങ്ങൾ ഓർത്തുകൊണ്ട്‌.

നടപ്പാതകൾ മഞ്ഞുമൂടി മറഞ്ഞയിടത്തു നിന്നാണ്
പ്രയാണം തുടങ്ങിയത്.
ആണ്‍ കൂട്ടങ്ങൾക്കു നടുവിൽ
വസ്തങ്ങൾ ഉലഞ്ഞുകൊണ്ട്
ചിന്തകൾ താഴിട്ടു പൂട്ടിയ നിലയിൽ..
" നീ ഓർക്കുന്നുവോ"
അനുഭവസ്ഥയ്ക്ക് കിളിച്ചുണ്ട് പിളർന്ന ദാഹം .

ആഘോഷങ്ങളുടെ കാലുറയ്ക്കാത്ത ഇടങ്ങളിൽ
നീയിന്നും ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് മാത്രം..
ലഹരി നിറഞ്ഞ ചുണ്ടുകളും, കണ്ണുകളും.
ഇത് മാത്രം നിന്റെ സ്വത്ത്?

ലാഘവത്തോടെ പറക്കൽ അല്ല എന്റെ ലക്‌ഷ്യം.
സുതാര്യമായ ഒരിളം മയക്കത്തിന്റെ
സുഖാലസ്യം.
അതും അവകാശപ്പെടാൻ ആവാത്തത്.

വൃണങ്ങൾ കാട്ടി അമ്മ കേഴുന്നുണ്ടാവും ഇന്നും
പുഴുക്കൾ നിറഞ്ഞ ജീവിതം സമ്മാനിച്ചതാരാണ്‌ ?
കാലമോ ? മനുഷ്യനോ ?

നിന്റെ ആകർഷണ വലയത്തിൽ ഞാൻ .
ഒരു മഞ്ഞ ചിരി എന്റെ ചുണ്ടിൽ.
നിന്നിലൂടെങ്കിലും ഒരു പരിഗണന .
അർഹിക്കാവുന്ന ഒന്ന് .
വേപഥു പൂണ്ട തുടർ യാത്രകളിൽ
കാരുണ്യലവലേശമറ്റ നിശാന്ധകാരത്തിൽ
സ്പർശനസുഖം നല്കുവാൻ നിനക്ക് മാത്രം അവകാശം.

യാത്രാന്ത്യത്തിൽ കാത്തിരിപ്പിന്റെ അവസാനം.

ഈ ഇരുട്ടിൻ ആഴങ്ങളിലൂടെ
ഞാൻ നിന്നെ പുണർന്നുകൊണ്ട് ...