സഹയാത്രികര്‍

Friday, May 29, 2009

ഹൃദയം പറഞ്ഞത്

ഭൂതഗണങ്ങളെ പോലെ
വാക്കുകള്‍ ഉറഞ്ഞു തുള്ളുമ്പോള്‍
വഴിയരുകിലേക്ക്
പതുങ്ങുന്ന ഒരു മുഖം .

ഒരു വ്യാളീമുഖം
തീര്‍ക്കുന്നു ഞാന്‍ .

ഏറ്റുമുട്ടലിലും ,
വാക്ക്‌ പയറ്റിലും
സ്വന്തമായ്‌ ഒരു വേദി .
പിടഞ്ഞു മാറുന്നവനെ...
അന്നം തരുന്നവനെ ...
സത്യം പറയുന്നവനെ ...
ഒടുവില്‍
ദൃക്‌സാക്ഷി ആയവനെ പോലും
പകയൊടുങ്ങാതെ
ഞാന്‍ ‍...


അവയവങ്ങളെ
സ്നേഹം കൊണ്ടളക്കുമ്പോള്‍
ഹൃദയം എന്നോട് പിണങ്ങും .
അറുത്തു മാറ്റിയ
ഹൃദയാന്തര്‍ ഭാഗത്ത്
ഏറ്റവും അടിത്തട്ടില്‍
എന്നിട്ടും
ഒളിമങ്ങാതെ കിടന്നതെന്താണ് ?
എനിക്ക് ഉത്തരമേ വേണ്ട ..
ഒന്നിനും ...
കൈയൊഴിയുന്ന
ഹൃദയങ്ങള്‍ എല്ലാംകൂടി
എനിക്കുവേണ്ടി
ഒരു ഇരിപ്പിടം തെയ്യാറാക്കിയെക്കും .
അവിടെ
ഹൃദയസ്പന്ദനം നിലച്ച് ,
നീലവര്‍ണ്ണമായ്‌ ,
അനന്തവിഹായസ്സില്‍ കണ്ണും നട്ട്
ഒരു പ്രതിമ പോല്‍ ഞാന്‍ ...

Tuesday, May 26, 2009

അമ്മയുടെ മണം

പകല്‍ ചൂടിന്റെ കാഠിന്യത്തില്‍ ,
ഉള്ളില്‍ അമരുന്ന
പെരും കടച്ചിലില്‍ ,
ഉഷ്ണ സഞ്ചാരങ്ങളുടെ
തീവേഗങ്ങളില്‍ ,
വീടണയാത്ത ..
കാല്‍ കുഴഞ്ഞ
ഇരുളിന്‍ യാത്രയില്‍ ,
വൈകാരികതയുടെ
തനി നിറങ്ങളില്‍ ...
കാല്‍ മുട്ട് വിറയലില്‍ ,
തേങ്ങി പറഞ്ഞ
പിടഞ്ഞു പറഞ്ഞ
വാക്കിന്‍ സഞ്ചാരങ്ങളില്‍ ,
അവസാനം
ആര്‍ത്തു കരഞ്ഞ
അവബോധങ്ങളിലൂടെ
ബോധം വിട്ടൊഴിഞ്ഞപ്പോള്‍
ചങ്ങല കുരുങ്ങിയ
വൃണച്ചാലുകളില്‍
നിന്റെ കരസ്പര്‍ശം മാത്രം ...
എങ്ങും പാല്‍ മണം മാത്രം.
അമ്മിഞ്ഞപ്പാല്‍ മണം മാത്രം .

Saturday, May 16, 2009

ഇനിയും വൈകിയിട്ടില്ല...

പച്ച മണ്ണിന്റെയും
ചന്ദനതിരിയുടെയും
ഗന്ധം പേറുന്ന ഖബറുകള്‍ ..
വഴികാട്ടികളെ പോലെ....

വായ്താരികളൊടുങ്ങാത്ത ,
യുദ്ധക്കളങ്ങള്‍ മാത്രം സൃഷ്ട്ടിക്കപെടുന്ന
ഈ ഭൂമിയില്‍
ഞാന്‍ ഒരു പ്രവാസിയായോ?

അന്ന്
സാക്ഷാത്ക്കാരത്തിന്റെ
നിര്‍വൃതിയില്‍ ,
മണല്‍ മേടുകളില്‍
വിരിഞ്ഞ
ഇതള്‍ കൊഴിയാത്ത പുഷ്പം.
നൂറ്റാണ്ടുകളായ്
കനല്‍ എരിയുന്ന
പ്രകാശ നാളം .

ഇന്ന്
എരിഞ്ഞമരുന്ന ജനസഞ്ചയങ്ങള്‍ .
പിറവി തൊട്ടേ
ചെയ്യാത്ത കര്‍മ്മങ്ങളാല്‍
ചരിത്രത്തിലേക്ക്
മുദ്ര ചാര്‍ത്തപെട്ടവര്‍ .
പെരും കളങ്കങ്ങളുടെ
ചെറിയ കൂട്ടായ്മയില്‍
വലിചിഴക്കപെട്ട ജനതതി .

സംരക്ഷകന്റെ സിദ്ധാന്തങ്ങളില്‍
പുരുഷപ്രജ ശക്തിയുടെ മാര്‍ഗത്തില്‍ ,
മരയഴികള്‍ക്കപുറത്തു
ഇരുണ്ട തുണിയില്‍ പൊതിഞ്ഞ
മജ്ജയില്‍ തീനാളങ്ങളുള്ളവളും ...
ഇവരെ വേര്‍തിരിക്കാനാര്‍ക്കും കഴിയരുതെ...

തോളോട് തോള്‍ ചേര്‍ക്കട്ടെ ..
ഭൂതവും , ഭാവിയും മറന്ന്
വര്‍ത്തമാനത്തിന്റെ
ദശാസന്ധിയില്‍
ഞങ്ങള്‍
പുതുചേരിയില്‍ അണി നിരക്കട്ടെ.
നാളേക്ക് നേരെ തിരിയുന്ന
സത്യം പറയുന്ന
ഘടികാര സൂചി പോലെ ..

വാക്കുകളുടെ വിലാപം

പിടഞ്ഞുണരുന്നു ...
പിടഞ്ഞു തീരുന്നു...
പക്ഷെ അതിലെ സാംഗത്യം !!!
അലിഞ്ഞു ചേരലില്‍
ഉളവായ
അഗാധതയിലെ നീരൊഴുക്ക്..
തെളിനീരോഴുക്ക്.
അതെനിക്ക് സ്പഷ്ടമായറിയാം.

ദൂരെ നിന്നൊരു വിളി...
വൈകി കിട്ടിയൊരെഴുത്ത്...
ദേശാടനം കഴിഞ്ഞെത്തിയ
പക്ഷി കൂട്ടം നെല്കിയ ദേശങ്ങള്‍
അളന്ന കുറിപ്പ്...
ഉത്തേജനം പകര്‍ന്ന
പ്രസരിപ്പ് , കാണാത്തിടങ്ങളിലേക്ക് ..

പക്ഷെ, ഒരിക്കല്‍
കളഞ്ഞു കിട്ടിയത്
വാക്കുകള്‍ അടക്കം ചെയ്ത
ഒരു പെട്ടി.
താക്കോല്‍ കൂട്ടം നഷ്ടപെട്ടതും ...
ഉള്ളില്‍ നിന്നും സീല്‍ക്കാരം..
പ്രകാശം കാണാത്തവയുടെ ...
ആയിരം മിന്നാമിനുങ്ങുകളുടെ
പ്രകാശ വലയത്തില്‍
ഞാന്‍ തുറന്നു വിട്ടതും ,
പറന്നിറങ്ങിയ
വെട്ടു കിളികളെ പോലെ
ക്ഷണ നേരം കൊണ്ടെല്ലാം !!!

എന്നാലും
വാക്കുകളുടെ മഹാ പ്രളയത്തില്‍
ഒരാലിലയില്‍ തന്നെ ഞാന്‍
കാല്‍വിരലീമ്പികിടക്കും ...
എല്ലാം ഏറ്റുവാങ്ങി കൊണ്ടും...
എല്ലാം തിരികെ നേടി കൊണ്ടും ...

Thursday, May 7, 2009

ചാവേര്‍ പറയുന്നത് ....

എന്റെ പള്ളിമിനാരത്തില്‍
ചിതറി തെറിച്ച
ചാവേര്‍ ഞാന്‍.

എന്റെ കര്‍ത്തവ്യത്തില്‍
എഴുതി ചേര്‍ത്ത
വ്യംഗ്യം.

കൂരാകൂരിരുട്ടില്‍
നെയ്തുണ്ടാക്കിയ
വരണ്ടുണങ്ങിയ തത്വം .

സ്വത്വം മറന്നത്.

അവസാനത്തെ ശ്വാസത്തില്‍
അവനും ഞാനും പറഞ്ഞത് .
" അള്ളാ ....."