സഹയാത്രികര്‍

Tuesday, December 8, 2015

നീ പ്രണയമെന്ന് പറയുമ്പോൾ
ഞാൻ പ്രയാണമെന്ന് കേൾക്കുന്നു .
ഞാൻ വിരഹമെന്ന് എഴുതുമ്പോൾ
നീ കലഹമെന്ന് വായിക്കുന്നു.
അവർ പ്രളയമെന്ന് അറിഞ്ഞപ്പോൾ
ഞങ്ങൾ തിരിച്ചറിവെന്ന് പഠിക്കുന്നു .
മഞ്ഞുരുകി വീണ്ടും മഹാ പ്രളയമാവും
അന്ന് പ്രണയം നിലച്ച് പ്രയാണമാവും
വിരഹം കഴിഞ്ഞ് കലഹമാവും
പ്രളയത്തെ നമ്മൾ തിരിച്ചറിയും.
ഒരാലിലയ്ക്ക് മുകളിൽ കോടി ജനങ്ങളൊന്നിച്ച് പകച്ചിരിക്കും !!!

Monday, December 7, 2015

ചിതറി തെറിക്കുകയാണ് ഞാന്‍



എഴുതാനറയ്കുന്നതും
പറയാനുഴറുന്നതും
ഒരേ വാചകങ്ങള്‍.

കൂട്ടി കെട്ടിയ പായ്‌ വഞ്ചികള്‍
സഞ്ചാരങ്ങളുടെ
തുഴച്ചില്‍ ദൂരങ്ങളുടെ
അളവുകോലുകളില്‍
വിസ്മയപ്പെട്ടിരുന്നു.


കെട്ടുറപ്പിന്റെ ആഴങ്ങളില്‍
കഴുക്കോലുകള്‍ ഊന്നാനാവാതെ
ഓളപ്പരപ്പില്‍ ഒഴുകി നടന്നിരുന്നു.
ഒരു സ്വര്‍ഗ്ഗത്തില്‍ ഒരു ദേവന്‍.
ഒരു സൂര്യനില്‍ ഒരു പുണ്യോദയം .
ഒരു പകലില്‍ ഒരേയൊരു നിഴല്‍.
ഓരോ രാത്രിയിലും
ഒരേ മിഴിയനക്കങ്ങളും...
പുഷ്പഹാരങ്ങളില്‍
പുഴുക്കുത്തേല്ക്കാത്ത സൂക്ഷ്മത .
അനിവാര്യതയില്‍ പോലും
മിഴിയടഞ്ഞ മൌനം .
സമ്പാദ്യങ്ങളുടെ നീക്കിയിരിപ്പില്‍
കാത്തുസൂക്ഷിപ്പിന്റെ
പതിവ് തെറ്റാത്ത ശ്രദ്ധ .
ജനന മരണ വേളകളില്‍
കര്‍ത്തവ്യപ്പെരുമയില്‍
കൂട്ടുത്തരവാദിത്വം
വെണ്‍കൊറ്റകുട ചൂടി നിന്നിരുന്നു.
തീരങ്ങളിലുയര്‍ന്ന
ജനിതക സംസ്കാരത്തിന്റെ
സുവര്‍ണ്ണ ലിപികള്‍.
മാറ്റുരക്കുമ്പോള്‍
കണ്ണിമയടയുന്ന
വെണ്‍ നിറവ്.
എന്നിട്ടും..
അസ്തമനത്തിന്റെ
നേരറിവില്‍ ,
വിങ്ങിയടരുന്ന
അസ്വാസ്ത്യങ്ങളില്‍ ,
ചാവേറുകളായി
ജീവിതം പെരുപ്പിക്കുന്ന ,
ജീവ സന്താനങ്ങളുടെ
നിലയില്ലാ തുഴച്ചിലില്‍
വേറിട്ട്‌ വേറിട്ട്‌ പോകുന്ന
തന്മാത്ര സ്പോടനങ്ങളില്‍
മിടിക്കുന്ന ഒരു ഹൃദയമെങ്കിലും ...