സഹയാത്രികര്‍

Sunday, January 18, 2009

നിക്കാഹ്

അറബി കല്യാണങ്ങള്‍
അണിയറയില്‍
മയങ്ങുമ്പോള്‍
മംഗലാപുരത്ത് നിന്നൊരു മാരന്‍.
ഏതൊരു യാതനക്കുമൊടുവില്‍
കനവിന് ചുറ്റും
മതിലുകള്‍ കെട്ടാന്‍ വന്നവന്‍.
മരുഭൂവില്‍ ചിതറിയ
പഴകിയ മീസാന്‍ കല്ലുകള്‍ .
അത് നെഞ്ചില്‍ പാകിയാണ്
അവള്‍ അന്ന് കടല്‍ കടന്നത്......
ഇന്നും .. ആര്‍ക്കു വേണ്ടിയാണ്
ഞാന്‍ ഈ അതിര്‍ത്തി കടന്നു വന്നത്.
അഞ്ചില്‍ ഒരുവള്‍ ആയിരിക്കുന്നു ഞാന്‍.

വിശുദ്ധിയില്‍,
ഉള്‍ക്കരുത്തില്‍,
ബലി സമര്‍പ്പണങ്ങളില്‍,
മരുക്കാറ്റിലെ ഉള്‍ചൂടില്‍ ,
പ്രദക്ഷിണ വഴികളില്‍ ,
കല്ലേറിന്‍റെ മാഹാത്മ്യത്തില്‍ ,
അതിലേറെ ..
എന്‍റെ വയലോരങ്ങളില്‍
ഉഷസ്സിലും ,
മധ്യാഹ്നത്തിലും,
പ്രദോഷത്തിലും,
പഞ്ചാക്ഷരങ്ങള്‍ ഓതിയവര്‍...
ഒരിക്കല്‍ പോലും എന്നെ തേടിയില്ല.
എന്നെ കണ്ടത് പോലുമില്ല .!!
പിറവിക്കു മേലെ മറ്റെന്താണ് ഉള്ളത് ?
ഉണ്ടെങ്കില്‍ എനിക്കുള്ള ഉത്തരവും
ഞാന്‍ തന്നെ തേടേണ്ടിയിരിക്കുന്നു.
പറങ്കിമാവിന്‍റെ ശിഖരങ്ങള്‍ തഴുകുന്ന ,
മഞ്ഞപ്പുല്‍ക്കാടിന്നിടയില്‍,
എന്നും വിഹ്വലതയില്‍ കഴിഞ്ഞൊരെന്നെ ,
കൂര്‍മ്പിച്ച കല്ലിന്‍റെ അടയാളത്തില്‍
ഉറക്കികിടത്തുമോ നിങ്ങള്‍. ?
നിങ്ങളില്‍ നിന്ന് എന്‍റെ പ്രതീക്ഷ
ഇത് മാത്രം ..

മറക്കാത്ത മാറാട്

കടല്‍കാറ്റിനും
മണല്‍ചൂടിനും ഇടയില്‍
വേവറിഞ്ഞ പകലുകള്‍.
പിറവിയെടുത്ത ജീവനും
കടല്‍ചൂരിലമര്‍ന്ന വികാരങ്ങള്‍ക്കും
പച്ചക്ക് തീ കൊളുത്തി
രണ്ടായി പിരിഞ്ഞ രാവുകള്‍.
രാത്രികളും, പകലുകളും
കൂട്ടി കിഴിച്ചപ്പോള്‍
ചേതനക്ക്‌ നഷ്ടമായ
ഉള്ളറിവ് പരതുന്നു ഞങ്ങള്‍.
പതിമൂന്നും, അറുപത്തിരണ്ടും
കൂട്ടിയാല്‍ ഒരു ജന്മ്മമാവുമോ ?
ജന്മ്മങ്ങളിലെ അവസാനത്തെ നോവറിവ് ?
പിടിവാശിയുടെ അത്യുംഗശ്രുംഗങ്ങളില്‍ ,
കാരണമറിയാത്ത കൂട്ട് ചേരലില്‍ ,
പിടഞ്ഞുണരാത്ത മനസ്സാക്ഷിവേദികളില്‍ ,
ആടിയുലയുന്ന പകല്‍സ്വപ്നങ്ങളില്‍ ,
നീരുറവയില്‍ കിനിയുന്ന സൂക്ഷ്മാണുക്കളും
ചേര്‍ന്ന് വീറോടെ കത്തിയത് ....
ഞങ്ങള്‍ അറിയുന്നു... എല്ലാം...
ഇത്തിള്‍ക്കണ്ണികളെ പോറ്റുന്ന യുവത്വം
മാറോടണച്ചത്
പൊട്ടിയൊലിച്ച തലച്ചോറില്‍ നിന്നും ,
വിങ്ങിയടര്‍ന്ന ഹൃദയങ്ങളില്‍ നിന്നും ,
രാകിയെടുത്തതും ,
ആകാശരാജാക്കന്മ്മാര്‍
പകര്‍ന്നു കൊടുത്ത
രസക്കൂട്ടും ചേര്‍ന്ന
പൊതിചോറ്.
കാരിരുമ്പിന്‍റെ കാഠിന്യം
മറന്ന ജേതാവിനെ പോലെ
ആരുടെ ഹൃദയങ്ങളാണ് അവര്‍ പോറ്റുന്നത് ?
ഇരുമ്പാണി പറിഞ്ഞ യക്ഷിയെപോലെ ,
കുടം തുറന്നു വിട്ട ഭൂതത്തെപോലെ ,
പിടിയമര്‍ന്ന,
പിണഞ്ഞു കയറിയ നാഗങ്ങള്‍ .
തേടിയലയുകയാണ് ഭൂതാത്മാവുകള്‍ ..
ശരീരങ്ങള്‍ രക്ഷയാക്കിയവര്‍.
രക്ഷയില്ലാത്തത് ശരീരങ്ങള്‍ക്കല്ല.
ആത്മാവുകള്‍ക്കാണ്.
ഒന്നും പറഞ്ഞു തീരാതെ പോയ
മടങ്ങി വരാത്ത ആത്മാക്കള്‍ക്ക് .
കടല്‍ കടന്ന യൌവനങ്ങള്‍ക്കും..

Sunday, January 4, 2009

ഉഷ്ണ സന്ധ്യകള്‍ III

അടിചേല്‍പ്പിക്കപെട്ട
കര്‍ത്തവ്യബോധത്തിന്‍റെ
ആളുന്ന ചിതയില്‍
ആദ്യം മുകുളിക.
പിന്നീട് അളക.
എന്നിട്ടും മധുചുംബനത്തിന്റെ
രസക്രീഡകള്‍
അയവിറക്കുവാന്‍ മാത്രം യോഗ്യന്‍ എന്നോ ഞാന്‍?
അതോ വിധിക്കപെട്ടവനോ ?
അന്ത്യനിമിഷത്തിലെങ്കിലും
ഒരാര്‍ത്തനാദം ഞാന്‍ കേട്ടല്ലോ !!
എല്ലാം കേള്‍ക്കേണ്ടവന്‍ എങ്കിലും ....
പദചലനങ്ങളിലെ
ഉണരാതെ പോയ
ആദിമ നാദം ഞാന്‍ കേട്ടില്ല.
പിടിച്ചുണര്‍ത്തിയ
ലാളനകളിലെ
അലിഞ്ഞു ചേരല്‍...
ഒന്നും..??
ആര്യാവര്‍ത്തത്തിനപ്പുറം
കാനനങ്ങളില്‍
കാല്‍പ്പാടുകള്‍ പോലും അവശേഷിപ്പിക്കാതെ
വിരസതയിലേക്ക്‌
നടന്നു പോയ എന്‍റെ യതി...
ഉത്തരം തന്നത് അവന്‍ മാത്രം .
എനിക്ക് വേണ്ടി പിടയപെട്ടത്‌ ..
ജീവിതം ഹോമിച്ചത് അവന്‍ മാത്രം..
അവള്‍ ..?
ആദിയിലും , അന്ത്യത്തിലും
പിടയുന്ന ഒരു ജീവനായ് ..
പിടി തരാത്ത ഒരു ജന്മ്മമായ് ..
അമാനുഷികതയില്‍ തുടങ്ങി
" എന്നെ മറക്കരുതേ " യെന്നു
പുലമ്പി...
കേള്‍വിക്കാരില്ലാതെ...
കാര്‍മേഘങ്ങള്‍ ഒടുങ്ങാതെ..
അയവിറക്കലില്‍ പിടയാതെ...
നീ ഇന്നും അശോകവനിയില്‍ തന്നെ..
നീ എന്നും കാരാഗൃഹത്തില്‍ തന്നെ..

( വി. എസ്. ഖണ്ടേക്കറിന്റെ യയാതി എന്ന നോവല്‍ വായിച്ചിട്ട്.