സഹയാത്രികര്‍

Monday, December 19, 2011

ഏകാകി
എന്റെ കണ്ണിലേയ്ക്കൊന്നു നോക്കൂ ...
ഏകാന്തതയുടെ സാഗരം കാണുന്നില്ലേ .
വര്‍ണ്ണമില്ലാത്ത സാഗരം .
പച്ചപ്പിന്റെ സമൃദ്ധിയില്‍ ,
ഈ നിഗൂഡവനത്തില്‍ ,
ഇലവീഴാ പൂഞ്ചിറയ്ക്കരുകില്‍
സമാധിയില്‍ ഞാന്‍ .

വംശനാശം സംഭവിച്ചെന്നു
മനുഷ്യന്‍ പറയുന്നു .
എന്റെ ജീവിതമൊടുക്കിയവന്‍ ....
ഇണയെ വേര്‍പിരിച്ചവന്‍..
കുലദ്രോഹി ...
കാറ്റടിക്കുന്ന നിമിഷങ്ങളില്‍ ,
മഴയുടെ രുദ്രതാളങ്ങളില്‍ ,
വേനലിലെ പകല്‍മയക്കങ്ങളില്‍,
അടിവയറ്റില്‍ ഒരു നോവ്‌ പടരും....
കുളിര്‍ജലത്തില്‍ എന്റെ മുഖം നോക്കുമപ്പോള്‍ ഞാന്‍.
അപാരതയില്‍ കണ്ണെറിയും ഞാന്‍,
സമാധിയിലമരും .

ഇനി നിങ്ങള്‍ക്കെന്റെ ചിത്രങ്ങളെടുക്കാം..

Thursday, December 15, 2011

ടി . പത്മനാഭന്ഗൌരി
----------

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്
നിന്നിലൂടെയുള്ള യാത്രയ്ക്ക്.
ഗോപാല്‍പുരിയിലെ കടല്‍,
ബാഗ്മതീ തീരത്തെ എരിയുന്ന ചിത ,
ഞാനെന്നെ വിവസ്ത്രയാക്കുകയാണ് .
കാറ്റ് കൊള്ളുമ്പോള്‍
കടല്‍ ചെരുക്കില്ല .
ബാഗ്മതീ തീരത്തെ ആളുന്ന ചിതയില്‍
എരിയുന്നത് എന്റെ മനസ്സാണ് .
നിന്നോടോട്ടുന്ന നിമിഷത്തില്‍
ഞാന്‍ സനാഥ .

പൊക്കിള്‍കൊടി വേര്‍പെട്ട,
എന്നില്‍ നിന്നൂര്‍ന്ന രക്താംശം
നിഷേധിക്കപ്പെട്ട സകല യാഥാര്‍ത്യങ്ങളും
നിന്റെ കരവലയത്തില്‍ ...
ഞാനെന്നും ദുഖിതയാണ് ...
ഞാനെന്നും സനാഥയാണ് ..

കടയനെല്ലൂരിലെ സ്ത്രീ
---------------------------
വിഷാദമെന്തിന്?
അവള്‍ ചോദിക്കുന്നു.
കനല്‍ മൊത്തി
ചുണ്ട് കരിഞ്ഞ പ്രണയിനി .
കണ്ണിലെ വരണ്ട സ്വപ്നങ്ങളില്‍ കൂടി
എന്റെ ഹൃദയത്തിനു കുരുക്കിട്ടവള്‍.
അവള്‍ ഒരു സ്ത്രീയാണ് .
വികാരവതി.
സ്നേഹിക്കപ്പടേണ്ടവള്‍...

പ്രകാശം പരത്തുന്ന പെണ്‍കുട്ടി.
--------------------------------------------

ഒരു മന്ദസ്മിതം മതിയായിരുന്നു
എന്നിലെ കാറ്റൊതുങ്ങാന്‍ .
എന്നില്‍ അലകളായി
പടര്‍ന്നു കയറുകയായിരുന്നു
പ്രതീക്ഷകള്‍ നിറഞ്ഞ മനസ്സിലേയ്ക്ക്.
പൊട്ടിച്ചിരിയിലും , കാത്തിരിപ്പിലും
അമൃതം തേച്ചത്.
പ്രതീക്ഷകളില്‍ പ്രകാശ ഗോപുരങ്ങള്‍ .
ഞാനപ്പോള്‍ ജീവിക്കാന്‍ കൊതിക്കുകയായിരുന്നു .

Thursday, December 8, 2011

തുണ പോകുന്നവര്‍ശിവന് തുണ ഭൂതഗണങ്ങള്‍
ആള്‍ദൈവത്തിനോ ഗുണ്ടകളും

ചാവുകടല്‍തിരയടങ്ങിയ നാളുകളാവും ഇനി .
ദാഹാര്‍ത്തയായി തീരുകയാണോ ഞാനും!!
എന്റെ ദാഹം എന്നെത്തന്നെ
കുടിച്ചു വറ്റിച്ചതാണോ!

തീരത്തോട് യാത്ര പറഞ്ഞു കഴിഞ്ഞിരിക്കുന്നു .
എത്തിപിടിക്കാന്‍ ഇനി കഴിയില്ല .
മണല്‍തീരങ്ങള്‍ കഴിഞ്ഞ്‌
പശിമയിലേക്ക് വഴുതുകയാണ്.

എന്നോ എന്നിലേക്കാഴ്ന്ന
ഒരു പടക്കപ്പലിന്റെ അവശിഷ്ടം ,
അടിത്തട്ടില്‍ ശ്വാസം മുട്ടി മരിച്ച
മത്സ്യ കന്യകയുടെ മുടിച്ചുരുള്‍ .
ഭാവിയില്‍ ഞാനൊരു പ്രദര്‍ശനശാല ആയേക്കും.

എന്നിലേക്ക്‌ കടുംനിറത്തില്‍ ചേര്‍ന്നിരുന്ന
ഒരു നദിയുണ്ടായിരുന്നു.
നഗരത്തിന്റെ തള്ളിച്ചയില്‍
അവള്‍ പര്‍വതത്തില്‍ തന്നെ
ആത്മഹത്യ ചെയ്തത്രേ !

ഇനി ഒരു മടക്കമില്ല ,
വിശ്രാന്തിയുടെ മയക്കങ്ങളില്‍
ഇടവേളകളില്ലാതെ ,
ആ പ്രണവമന്ത്രത്തിന്റെ
നേരൊലികളില്‍ വറ്റി തീരുകയാണ് ഞാന്‍.

Tuesday, December 6, 2011

ഒളിച്ചുവെക്കുന്നത്കാട്ടിലലഞ്ഞപ്പോള്‍
എനിയ്ക്കൊന്നും മറയ്ക്കാനില്ലായിരുന്നു.
നാടിന്റെ വിശാലതയില്‍
ഇന്ന് ഞാന്‍
നൂറു വസ്ത്രങ്ങളണിഞ്ഞ
നഗ്നനായിരിക്കുന്നു .
ഓരോ തുറിച്ചുനോട്ടങ്ങളിലും ,
ചോദ്യങ്ങളിലും
ഞാന്‍ പൂര്‍ണ നഗ്നനായ്
നിലകൊള്ളേണ്ടി വന്നു .
എന്റെ പൌരുഷത്തിലേയ്ക്കായിരുന്നു
അവരുടെ ചുഴിഞ്ഞുനോട്ടം .
ഒരു ഞെട്ടലില്‍
ഞാന്‍ മനസ്സിലാക്കി.
അവിടം ശൂന്യമായിരുന്നു.
നിമ്നമായോരവസ്ഥ .
അപ്പോള്‍ ഞാനിത്രനാള്‍ ലാളിച്ചിരുന്നത് !!!

ചന്ദ്രക്കലപൂര്‍ണ്ണമായ്
ഉദിച്ചുയരേണ്ടതായിരുന്നു .
ഒരിയ്ക്കലും വിരിയാത്ത
ഒരു പൂമൊട്ടിന്റെ
വിങ്ങല്‍ പോലെ
ആകാശക്കോണില്‍
സര്‍വ്വര്‍ക്കും ദൃഷ്ടിഗോചരമായ്
അപമാനിതനായ -
തങ്ങനെ നിലകൊണ്ടു .
കഴിഞ്ഞതും, വരാനുള്ളതും,
നഷ്ടമായ്
ഇന്നിന്റെ തെരുവോരത്ത്
അതങ്ങിനെ ... അങ്ങിനെ ....

Saturday, December 3, 2011

നഗ്നശരീരംഎന്റെ ശബ്ദം മാറിയ
കൌമാരത്തിലായിരുന്നു
ചുണ്ടോട് ചുണ്ട് ചേര്‍ത്തവള്‍
വിറകൊണ്ട് പറഞ്ഞത് .
"നിന്റെ ശബ്ദം ഞാനെടുത്തിരിക്കുന്നു .
ഇനി നിന്റെ ശബ്ദമുയരണമെന്നും"
അടുത്തിടെയായുള്ള
എന്റെയമറലലില്‍ കൂടി
ഞാനവളുടെ ശബ്ദം
അപഹരിച്ചതവളറിഞ്ഞില്ല ....

അവന്‍കാവ്യബിംബങ്ങള്‍
തേടിയലയുകയായിരുന്നത്രേ!

യാത്രകളില്‍
അതവന് കിട്ടികൊണ്ടിരുന്നോ ?

യഥാര്‍ത്ഥത്തില്‍
എന്താണവന്‍ തേടിയിരുന്നത് ?

ഉടഞ്ഞ ബിംബങ്ങള്‍
കണ്മുന്‍പില്‍ കാണാഞ്ഞിട്ടാണോ
ഈയലച്ചില്‍ .

ദൂരെയൊരു കിളി കരഞ്ഞത് ,
ഒരു കൂട് തകര്‍ന്നത് ,
കണ്മുന്‍പിലെ നിഴല്‍രൂപങ്ങള്‍
പൂര്‍ണ്ണ ബിംബമായത് ,
നാട്ടുവഴിയിലെ
പുളിമരകൊമ്പില്‍
ജീവസത്ത കനച്ചു നിന്നത് ,
അവനറിഞ്ഞില്ലത്രെ !!

അവനെന്നും യാത്രയിലായിരുന്നല്ലോ !
ബിംബങ്ങള്‍ തേടിയുള്ള
യാത്രയില്‍ .
ഒടുവില്‍ അവന്‍ എന്ത് കണ്ടുവോ ആവോ !!