സഹയാത്രികര്‍

Saturday, September 26, 2009

മേല്‍കൂരയില്ലാത്തവര്‍

(ഇത് കവിതയില്‍ ഒരു പരീക്ഷണം ആണ്. രണ്ടു പേര്‍ ചേര്‍ന്ന് എഴുതിയത്. സ്വീകരിക്കുക. അനുഗ്രഹിക്കുക. ഞാന്‍ ഗിരിഷ് വര്‍മ ആന്‍ഡ്‌ ഡോക്ടര്‍ സലില മുല്ലന്‍.)

പരസ്പര വിശ്വാസത്തിന്‍
സാധാരണ കരാറില്‍
വിളങ്ങി ചേരുന്ന ചോതന .
ചതി മണക്കുന്ന കരാറില്‍
പങ്കുകച്ചവടത്തിന്റെ
ശേഷിപ്പുകള്‍
വിഴുപ്പായ്‌ ചുമക്കേണ്ടുന്ന ദീനത...

മുതുകില്‍ നികുതിഭാരം കെട്ടിവച്ച്
ചാട്ടവാറോങ്ങി
കഴുത്തില്‍ കുരുക്കിട്ടു വലിച്ച്
ആസിയാനെന്ന വാള്‍മൂര്ച്ചയിലേക്ക് .

മുന്നിലും പിന്നിലും കണ്ണാടി വച്ച്
ചീര്‍ത്ത ഉടല് പ്രദര്‍ശിപ്പിച്ച്
അത് ഞാനെന്നു വിശ്വസിപ്പിച്ചു .
അല്ലെയോ കണ്കെട്ടുകാരാ ,
അവസാന തുള്ളി ചോരയും
വാര്‍ന്നു പോകുമ്പൊള്‍
പിന്നെ നീ എന്തിനാകും
നാവുനീട്ടുക ?

കളകള്‍ നിറഞ്ഞ വയലുകള്‍ .
ഇത്തിള്‍ക്കണ്ണികള്‍ നീരൂറ്റുന്ന
നാട്ടുമരങ്ങള്‍.
പന്നികൂറ്റന്മാര്‍ ഉഴുത് മറിക്കുന്ന
സമതലങ്ങള്‍ .
കാകന്മാര്‍ കൂടുപേക്ഷിക്കുന്ന
തെങ്ങിന്‍മണ്ടകള്‍.
അവശേഷിച്ച ചാരക്കൂനയില്‍ നിന്നു
പെറുക്കിയടുക്കിയ അസ്ഥിഖണ്ഡങ്ങളില്‍ നിന്ന്
നീ എന്താണ്‌ പടുത്തുയര്‍ത്താന്‍
വ്യാമോഹിക്കുന്നത് ?

അടഞ്ഞ പീടികയുടെ വരാന്ത
ഓരോ രാത്രിയിലും സാമ്രാജ്യമാക്കി
നായയോടൊപ്പം,
തല ചായ്ക്കാന്‍ ഇടമില്ലാതെ
തെരുവില്‍ അലയുന്നവന്‍.
ഏന്തിവലിഞ്ഞു നീങ്ങുമ്പോഴും
പാദങ്ങള്‍ തേയുമ്പോഴും
ഓരോ ചോദ്യവും മരിച്ചു വീഴുന്നു,
ഇനിയുമെത്ര ദൂരം,
എവിടേക്ക്?

Saturday, September 19, 2009

വിശുദ്ധപശു


ആകാശചന്തയിലെ
കന്നുകാലി കൂട്ടങ്ങള്‍
കുളമ്പടിച്ച് തിമിര്‍ക്കുന്നു .
കാരണം
സ്വര്‍ഗത്തിലെ കാമധേനു
അവരെ തിരിച്ചറിഞ്ഞിരിക്കുന്നു .

ഭൂമിയുടെ സ്പര്‍ശനം
അറിയാത്ത കാമധേനുവിനു
സ്വര്‍ഗത്തില്‍ രാജകീയ മേയല്‍ .
നക്ഷത്ര കൊട്ടാരത്തില്‍
സ്വര്‍ണ്ണ പാത്രത്തില്‍
അകിട് ചുരത്തല്‍ .
തലപ്പാവ് ധരിച്ച സേവകന്മാര്‍
വൈക്കോല്‍ തുറുവിന് കാവല്‍ .
വാഴ്ത്തപ്പെട്ടവരുടെ കൂട്ടത്തില്‍
ഈ വിശുദ്ധ പശുവും
ചരിത്രത്തിന്റെ താളുകളിലേയ്ക്കോ ?

Thursday, September 17, 2009

അഹം ബ്രഹ്മാസ്മി

ഓര്‍മ്മകളില്‍ തീനാമ്പ് .
മിന്നുന്ന നക്ഷത്രകൂട്ടങ്ങളോടൊപ്പം
ഒരു രാത്രിസഞ്ചാരിയുടെ
നെടുവീര്‍പ്പുകള്‍ .
മിന്നല്‍പ്പിണരുകളും,
ഇടിമുഴക്കങ്ങളും,
പ്രകമ്പനം കൊള്ളുന്ന
ഇരുളടഞ്ഞ നിലവറയിലെ
ഉഷ്ണസഞ്ചാരം .
പേരറിയാത്ത
ഭാഷയറിയാത്ത
പൊരുളറിയാത്ത
നിലവിളികള്‍ ഉയരുന്ന തടവുമുറി.
എവിടെയാണ് ഞാന്‍?
ഒന്നിനും വഴങ്ങാത്ത
അവയവങ്ങള്‍ .
ഉമിനീരൊലിക്കുന്ന മുഖം തുടക്കാന്‍ ..
സ്വന്തം പേര് പറഞ്ഞു പഠിക്കാന്‍ ..
ആരോ കരയുന്നുണ്ട് ..
കണ്ണീരൊലിക്കുന്ന മുഖം .
ഇവള്‍... ആര് ?
****
അവസാനത്തെ സ്വപ്നം എന്തായിരുന്നു?
കടലാസ് വഞ്ചിയില്‍
തീരം കാണാത്ത ഒരു യാത്ര .
എനിക്കറിയാം.. എല്ലാം..
എന്നെയും, എന്റെ സര്‍വ്വസ്വവും ..
ഹുങ്കാരത്തോടെ
ഒരു കൂറ്റന്‍ തിരമാലയില്‍
ഞാന്‍ മുങ്ങി താണു.
കയ്യില്‍ പിടികിട്ടിയ
വലംപിരി ശംഖില്‍
കൊത്തിവെച്ച പേര്
സ്പഷ്ടമായ്‌ വായിക്കാം .
മലര്‍ന്നു കിടക്കുമ്പോള്‍
നെഞ്ചില്‍ തന്നെയുണ്ടായിരുന്നു
ശംഖ് .
ഹൃദയം പുറത്തു വിടുന്ന ശ്വാസത്തില്‍ ..
ശംഖിലൂടെ ...
-അഹം ബ്രഹ്മാസ്മി -

Wednesday, September 16, 2009

തുറന്നടച്ച മനസ്സ്

ആര്‍ത്തിരമ്പു കയായിരുന്നു അവിടം.
ഉള്ളില്‍ കൂടാരങ്ങള്‍ തീര്‍ത്ത
സ്വപ്നതുണ്ടുകള്‍ക്ക്
പ്രഹരമേറ്റ രാവുകളില്‍ ,
പേടിസ്വപ്നങ്ങളുണര്‍ത്തിവിട്ട
ആ രാവുകളിലൊന്നില്‍,
നെഞ്ചമര്‍ത്തിപ്പിടഞ്ഞപ്പോള്‍ ,
ഇഴകള്‍ ചേര്‍ന്ന
ജീവിത യാത്രയില്‍ ,
കെട്ട് മുറുകുന്ന
ദശാ സന്ധിയില്‍ ,
ഇനി ഒരിക്കലും കൂടെ വരില്ലെന്ന്
പറഞ്ഞു കുഞ്ഞുനിഴല്‍ .
പതുങ്ങുന്ന ആ കാഴ്ച ..
പിന്നിട്ട വഴികളില്‍ അനാഥത്വം ,
മുന്നിലും..

ഏകാന്തതയുടെ നിഴല്‍ മറഞ്ഞ ,
മങ്ങിയ സായന്തനങ്ങളില്‍
അവ വീണ്ടും
എന്തോ ഓര്‍മ്മപ്പെടുത്തുന്ന
സീല്‍ക്കാര ശബ്ദത്തോടെ ,
മുന്നറിയിപ്പുമായ്..
-ഇനി കാത്തിരിക്കേണ്ടെന്ന് -
"എന്നും അരികത്തുള്ളതിനെ
മറ്റൊരു കാത്തിരിപ്പെന്തിനു "
ഉച്ചത്തില്‍ പറഞ്ഞവസാനിപ്പിച്ചത്
നിറഞ്ഞ മനസ്സോടെ ,
എന്നിട്ടും,
ആര്‍ത്തിരമ്പുകയായിരുന്നു അവിടം...

Tuesday, September 8, 2009

ഒറ്റയാള്‍ പട്ടാളം


(സബീന പോള്‍ എന്ന ധീര വനിതക്ക് )


ഹാലിളകി പായുന്ന
പെരുംകുതിരകള്‍ ,
പെരുച്ചാഴിപടയുടെ
മുന്നേറ്റത്തില്‍
അസ്ഥിവാരം തകര്‍ന്ന
നിലപാട് തറകള്‍ ,
പങ്കുവെപ്പുകാരും ,
ഇലനക്കി ചാരന്മാരും
രമിച്ചു പാര്‍ക്കുന്ന,
തിട്ടൂരം കൈമാറ്റം നടത്തുന്ന
പളുങ്ക് മാളികകള്‍ ,
ഉത്സവ ചാര്‍ത്തിനുള്ള
ചേരുവകള്‍ തീര്‍ക്കുമ്പോള്‍
കിടിലം കൊള്ളാന്‍
പ്രത്യേക വെടി വഴിപാടുകള്‍ .

അസ്വസ്ഥതയുടെ
പൂര്‍ണ്ണകുഭങ്ങളാലെതിരേറ്റി ,
നിശാചരരുടെ
ചവിട്ടു നാടകം കാണിച്ച്
സ്വീകരണ ഘോഷങ്ങള്‍ .
പെരുങ്കള്ളന്മാരുടെ
കാറ്റ് പറഞ്ഞ കഥകള്‍ കേട്ടു
ഭയപ്പാടോടെ ...

കിനാവുറഞ്ഞ രാത്രികളിലേക്ക്
മന്ദസ്മിതത്തില്‍ കൊടുങ്കാറ്റ്
സൃഷ്ടിച്ചു കൊണ്ട്
കടന്നു വന്നവള്‍ .
ഉരുക്കിയെടുത്ത പകല്‍ നിയമങ്ങളുടെ
സര്‍വ്വവിജ്ഞാനകോശം
ചുട്ടെരിക്കാന്‍
അളവുകോലുകള്‍ തെറ്റിച്ച
കണക്കു മന്ദിരങ്ങള്‍
ഇടിച്ചു നിരത്താന്‍ ..
ഒറ്റയാള്‍ പട്ടാളം .
ശിക്ഷാ കാലങ്ങള്‍ ഇനിയും വന്നേക്കാം .
ഞങ്ങള്‍ ചെവി യോര്‍ക്കുനത്
പ്രൌടമായ ഈ ആജ്ഞാസ്വരംമാത്രം .

പോയ കാലം പറഞ്ഞ ഒരു
കഥയുണ്ട് മനസ്സില്‍
കേള്‍വിയുടെയും, കാഴ്ചയുടെയും
മൂര്‍ദ്ധന്യാവസ്ഥയില്‍
തെളിയുന്ന കൂട്ട്കച്ചവടം .
ആവര്‍ത്തനത്തിന്‍റെ വിരസതയില്‍ ഇന്നും
തകര്‍ത്താടുന്നത്‌ ..