സഹയാത്രികര്‍

Sunday, June 22, 2008

ഒഴിയാത്ത കൈകള്‍ ...

അകാലത്തില്‍ ചരമമടഞ്ഞ
എന്റെ പ്രിയതമക്ക്
ആയിരം പൂക്കളിലെ പൂമ്പൊടിയും..
അവിചാരിതമായി എന്നെ വിട്ടു പിരിഞ്ഞ
എന്റെ സ്നേഹിതന്
പുണര്‍ന്നുറങ്ങിയ നേരത്തെ
സ്നിഗ്ദ നൊമ്പരങ്ങളും ......
അകാലത്തില്‍ വൃദ്ധയായ
എന്റെ മേദിനിക്ക്‌
ഉറവ തേടി പോയ നദിയുടെ
ഉയിര്‍ത്തെഴുന്നേല്‍പ്പും ,
പൊലിയാത്ത നക്ഷത്ര കൂട്ടങ്ങളും ,
മാനം കാണാത്ത മയില്‍ പീലിയും....
തകര്‍ന്നടിഞ്ഞ എന്റെ രാജകൊട്ടാരത്തിന്
ഓട്ട തോണിയില്‍ സുഖവാസത്തിനു പോയ
രാജകുമാരന്റെ കാറ്റില്‍ അലിയാത്ത -
നെടുവീര്‍പ്പും ....
വഴി പിരിഞ്ഞു പോയ എന്റെ മകന്
ചരസ്സില്‍ ജീവിച്ച എന്റെ മകനായ്
ആയിരം മനുഷ്യ ജന്മത്തിന്റെ തീക്ഷ്ണതയും .......

Sunday, June 8, 2008

ശപിക്കപെട്ട ഒരു ദിനം..........

ശപിക്കപെട്ട ഒരു ദിനം .......................

കണ്ണില്‍ പീള കെട്ടി നിറഞ്ഞ സന്ധ്യ...
അവള്‍ ദുഖിതയായിരുന്നു...
പകലിന്റെ സ്വപ്നങ്ങളില്‍
അവള്‍ക്ക് സ്ഥാനമില്ലായിരുന്നു........
പകലിന്റെ ഗര്‍ഭത്തില്‍ നിന്ന് അവള്‍
പുറത്തുവന്നത് ഗര്‍ഭപാത്രത്തിന്റെ
നേര്‍ത്ത പാളികളില്‍ കീറലുകളോടെ....
രക്തമൊഴുകി പരന്നു തളം കെട്ടി...
പകലിന്റെ മാതൃത്വം പാഴിലായി....
സന്ധ്യ കൈകള്‍ കൂപ്പി പകലിനു വിട ചൊല്ലി..
നിശ്വാസങ്ങള്‍ പരന്നു...
ശാന്തിയുടെ ഗീതങ്ങള്‍ ചൊല്ലി..
കരളില്‍ ദുഖം വിങ്ങി നിറഞ്ഞു..
ഒടുവില്‍ .......
സന്ധ്യ അല്പായുസോടെ വിട പറഞ്ഞു.........
സ്നേഹത്തിന്റെ ഗീതം ചൊല്ലി
‍അവള്‍ ..സന്ധ്യ.. പിറവി എന്ന ശാപം ‍ഏറ്റുവാങ്ങിയവള്‍ ,
അവള്‍ക്ക് മരണമില്ല.....
ശാപത്തിന്റെ വചനങ്ങള്‍ കേട്ട് കൊണ്ട്
അവള്‍
പുനര്‍ ജനനങ്ങളുടെ പട്ടിക രചിക്കുന്നു.......................

വീണ്ടും ജനിക്കാന്‍ മോഹം ....

വീണ്ടും ജനിക്കാന്‍ മോഹം .....

എന്റെതാം അഹങ്കാരത്തിന്‍ നൂലിഴകളില്‍
കുടുങ്ങിയ ഒരു ഉറുമ്പ് ആണ് ഞാന്‍ ...
പിടഞ്ഞു വീഴുമ്പോഴും കുരുക്കുകള്‍ മുറുകുന്നു ........
ഒരു സാമ്രാജ്യത്തിന്‍ തകരലലില്‍
എന്റെതാം ചെയ്തികള്‍ .???
പിടയുന്ന രൂപങ്ങള്‍ ....
ശ്വാസ നാളങ്ങളില്‍ നിശ്വാസത്തിന്‍ കുറുകല്‍ ...
ഒരു വിരല്‍ തുമ്പിന്‍ നൂലിഴ സ്പര്‍ശം ബാക്കിയാവുന്നു ...
അറിയുന്നീലോന്നും ........
കുളിരോലും
കൊച്ചു വളകള്‍ തന്‍ കിലുക്കം ......
നടുവിരലില്‍ പതിഞ്ഞ അണിയാത്തകുങ്കുമം......
ദൂരെയാം ഗ്രാമത്തില്‍ ......
ഓര്‍ത്തോര്‍ത്തു ചിനുങ്ങും മഴയില്‍ ...
കൂരയില്‍ ...
ഒരന്തിതിരി വെട്ടത്തില്‍ നിഴല്‍ രൂപമായ്‌ ..
നാട്ടുവഴിയില്‍ ‍...പടര്‍ന്നലിഞ്ഞു ഞാന്‍ .......
ഒരു വയര്‍ തേങ്ങി ...
പിറവിയില്‍ ... ഒതുങ്ങുന്ന ഒരു വിലാപം ....
നാട്ടുവഴികള്‍ കത്തിയമര്‍ന്നു ............
ചൂട്ടു കറ്റകള്‍ വഴിയറിയിച്ചു...
പിടിക്കപെടാത്ത തെറ്റുകള്‍ ബാക്കിയാവുന്നു ...
ഇന്നും...
ശിക്ഷകളുടെ കാലവര്‍ഷ കാറ്റില്‍ ....
പൊന്നിന്‍ തിളക്കം .... അറിയുന്നു ഞാന്‍ ....
വീണ്ടും ഒരു പകല്‍ ..
തെളിഞ്ഞുണരും വിചിന്തനങ്ങള്‍ ....
പക്ഷെ... തിരിച്ചു പിടിക്കാന്‍ ബാക്കിയെന്തു ??
കാണാപൊന്ന് തേടി പോയ ഗുഹാ തീരങ്ങള്‍ ....!!!
മഞ്ഞിലലിഞ്ഞ കനല്‍വഴികള്‍ ..!!
കാനനങ്ങളിലെ ഇരുള്‍ ...
വഴിയോരങ്ങളിലെ വിറങ്ങലിച്ച ജീവിതങ്ങള്‍ ...
ഒരു കാറ്റ് വീശുന്നു ..
ഈ തുലാവര്‍ഷ കാറ്റില്‍ ഞാനലിയുന്നു...
അലിഞ്ഞലിഞ്ഞ് ..വീണ്ടും .. പുനര്‍ജനിക്കാന്‍ ...

വന്ദനങ്ങള്‍ ...

വന്ദനങ്ങള്‍

‍ചിരിക്കും ഉഷസന്ധ്യയോട് ,
വീണ്ടും....
വിളറിയ ചിരിയൊതുക്കുമുച്ചയോട് .....
സായാഹ്നത്തിലുണര്‍ന്നു ചിരിക്കും.....
കൈ കൂപ്പി നമിക്കും രജനിയെ ‍ഞാന്‍ .........

സ്നേഹം ......

സ്നേഹം

സൌഹൃദത്തിന്‍ കുഞ്ഞു തലോടലേല്‍ക്കുമ്പോള്‍ ,
പൂചക്കുഞ്ഞിനെ പോലെ
എന്റെ മനസ്സ് സുഖാലസ്യത്തില്‍ മയങ്ങുന്നു.........
ഇടറി വീഴുന്ന വാക്കുകളിലൂടെ
ഞാനെന്നില്‍ പുനര്‍ജനിക്കുന്നു..
ശിശിര മാസത്തിന്‍
‍സമ്മാനമായ തണുത്ത സ്നേഹം...
വാരി പൊതിഞ്ഞ് നിര്‍വൃതി കൊള്ളട്ടെ ഞാന്‍ .....

ഒരു യാത്രയുടെ അന്ത്യം

ഒരു യാത്രയുടെ അന്ത്യം .....

വിരസതയുടെ നീണ്ട പകലുകള്‍
‍അറുതിയില്ലാതെ തുടരുന്നു..
മുളങ്കാട്‌ കുലുക്കി കടന്നു പോവുന്ന കാറ്റും ..
വൈകുന്നേരത്തെ ഈ വരണ്ട അന്തരീക്ഷവും .........
പെയ്തോഴിയാത്ത ആരവങ്ങള്‍ പേറുന്ന മനസ്സിലായ്‌
പ്രകമ്പനങ്ങള്‍ തീര്‍ക്കുന്നു....
നോവിന്റെ വേര് അറുത്ത ‍പകലുകള്‍ ...
ബന്ധങ്ങളുടെ വേര് തോണ്ടല്‍
ജനനത്തിലൂടെ ....
ജനനത്തിലും വേര്‍പാട് ...
മരണത്തിലും...
സാധ്യമാവുന്നതും അതുമാത്രം.
കൂടി ചേരലുകള്‍ അസാധ്യം തന്നെ....
എനിക്കറിയാം....
ഉഷ്ണസൂര്യന്റെ പ്രയാണം...
എല്ലാത്തിനും അപ്പുറം എരിഞ്ഞമരുന്ന ഒരു മനസ്സ്...
കാലപ്രവാഹത്തില്‍ ഉരുകി അമരുകയാണെന്നും അറിയാം ...
ഒരു വിരല്‍തുമ്പ് പോലും തേടി വരില്ലെന്നും അറിയാം ...
ആകാശം കറുക്കുന്നു...
ഉത്തരമില്ലാത്ത ഒരു ചോദ്യമായ്
ഇളം കാറ്റ് തഴുകി കടന്നു പോയി.....

മനസ്സ് നിറയെ ...

മനസ്സു നിറയെ ....

തളിരിലകളുടെ മര്‍മ്മരം ....
വിതുമ്പുന്ന കാറ്റിന്റെ കരസ്പര്‍ശനം .....
കാലത്തിന്റെ കുതിര കുളമ്പടികള്‍ ..
എതോ ആരണ്യകത്തിന്റെ ഉള്ളറയില്‍ വിരിയുന്ന വസന്തം ...
ഇടത്താവളങ്ങള്‍ തേടുന്ന വിണ്‍മേഘങ്ങള്‍ ...
ഇവയില്‍ ഉണരുന്ന ഉള്‍തുടിപ്പ്
നിനക്ക് എങ്ങിനെയാണ് വര്‍ണ്ണിക്കാന്‍ കഴിയുക ???

ഓര്‍ക്കാതിരിക്കാന്‍

ഓര്‍ക്കാതിരിക്കാന്‍ .....

എത്ര ദിനാന്ത്യങ്ങളിനി
ഓമലാളിന്‍ കറുത്ത മുഖത്തിന്‍
തീക്ഷ്ണദ്യുതിയേല്‍ക്കണം?
എത്ര സ്വര്‍ഗങ്ങളിനിയുടച്ചുടച്ചു
വരാത്തോരുഷസ്സിന്‍ കണിയെയോര്‍ക്കണം...?
നീലാകാശത്തിലൊളിചിന്നും
താരകങ്ങള്‍ കണ്ടതാണൊരുജ്വല
തേജസ്സാര്‍ന്നൊരു ഹൃത്തിന്‍ ആനന്ദ ‍ദീപാങ്കുരങ്ങള്‍ ..
ഇന്നും നീ മാത്രമറിയുന്നു,
എരിയുന്നൊരെന്റെ ഹൃത്തിന്‍ ദുഃഖ തീജ്വാലകള്‍ ...
തേടുന്നു താരകെ, നിന്റെയിളം നീലദ്യുതി ,
നാമിന്നു സമാനഹൃദയര്‍ ‍,
നീ പണ്ട് ചൊല്ലിയെതാമേതോ രാഗത്തിലാരാണ -
പശ്രുതി തേടി പിടിച്ചതതീവിധം വേദനിക്കണോ?
ഇത്ര ത്യാഗമോ?
മറക്കുക ..മറക്കുക
ഓര്‍മ്മതന്‍ ദുഃഖ രജനിയെ മറക്കുക ....

ഒരെത്തിനോട്ടം

ഒരെത്തിനോട്ടം ....
ആശയങ്ങള്‍ ഹൃദയങ്ങളെ പുറംതള്ളിയിരിക്കുന്നു ..
ദുര്‍മനസാക്ഷിയാല്‍ നയിക്കപ്പെട്ട്‌
അയദാര്‍ത്ഥങ്ങളുടെ ദുര്‍മേദസ്സ് പൊതിഞ്ഞ്
ആരണ്യകത്തിന്റെ ഇരുള്‍ മനസ്സില്‍ നിറച്ച്
അതിനു ചുറ്റും ദുശാട്യങ്ങളുടെ പ്രാകാരങ്ങള്‍ പണിതീര്‍ത്ത്‌
സ്വയം നീതിമാന്മാരാവുന്നതാരാണ്?
കൊതുകുകളുടെ ജോലി ലഘൂകരിക്കപെട്ട്
പകരം മനുഷ്യന്‍ അതേറ്റെടുത്തിരിക്കുന്നു...
മനുഷ്യന്‍ മനുഷ്യനായ്‌ എല്ലിന്‍ കൂടുകള്‍ സമ്മാനിക്കുന്നു ..
പാതയോരങ്ങളില്‍ തകര്‍ന്നടിഞ്ഞ സത്രങ്ങള്‍ .
വഴിതെറ്റിയ യാത്രക്കാരന് വിശ്രമകേന്ദ്രങ്ങള്‍ ഇല്ലിനി ...
സത്രങ്ങള്‍ തകര്‍ക്കപെടാന്‍ കാരണം
സത്രം സൂക്ഷിപ്പുകാരുടെ കൊടും കാര്യസ്ഥതയും,
ഇടക്കിടെ ശക്തിയായി വീശിയിരുന്ന ഉപ്പുകാറ്റും മൂലമായിരുന്നു ...
വെടിയുണ്ട തുളച്ച കുപ്പായം പറയുന്നത് കേള്‍ക്കുക..
"ചതച്ചരക്കപെട്ട യൌവനത്തിന്റെ തുളവീഴ്തപെട്ട സാരംശമാണ് ഞാന്‍.."
സാധ്യതകള്‍ ഒരിക്കലും തള്ളിക്കളയാനാവില്ല......

കണ്ണനെ നഷ്ടപെട്ട ആ അമ്മക്ക് ..........

കണ്ണനെ നഷ്ടപെട്ട ആ അമ്മക്ക്....

അമ്മേ ....മിഴിനീരൊഴുകി പരന്ന നിന്‍ മുഖം
കാണുവാന്‍ വയ്യെനിക്ക് ...
ആരെയോ തേടുന്ന നിന്‍ മിഴിക്കുള്ളില്‍
ഒരു കൊച്ചു കണ്ണന്റെ വിലാപം ...
കണ്ണാ .. കണ്ണാ എന്നാര്‍ത്തു വിളിച്ചീടും
നിന്‍ മുഖം കാണുവാന്‍ വയ്യെനിക്ക് ...


ഒരു നാളീ ശാസ്ത്ര മുഖങ്ങള്‍ അമ്പരന്ന ദിനം..
ആയിരം കിനാക്കള്‍ മിഴിവാര്‍ന്നു നിന്‍ മുന്നില്‍ ...
കൈകാലിട്ടടിച്ച്‌ കരയുന്ന കൊച്ചു രൂപമാവോളം -
മുകര്‍ന്നു,തുടിച്ചു നിന്‍ ഹൃദയം,മൂലോകവും ജയിച്ചു..

താരാട്ടിന്‍ പുതിയോരീണങ്ങള്‍ ഞങ്ങള്‍ കേട്ടു...
ഒരു പുതു യുഗത്തിന്‍ കുളമ്പടികള്‍ ......
സര്‍വ്വം സഹയാം ഒരമ്മതന്‍ ആഹ്ലാദ തിരതല്ലലുകള്‍ ....
പ്രാണന്റെ തുടിപ്പാം കൊച്ചു മുഖം ....
പാറി പറന്ന കുനു കൂന്തല്‍
മാടിയൊതുക്കി ,മാമൂട്ടി ,പാടിയുറക്കി...
പുതുനാമ്പ് കരിയാതേ കാത്ത്‌ കാത്ത്‌ ...
എന്തിനായിരുന്നു എന്നാരോ പറയുന്നു....
നിന്‍ വറ്റാത്ത മിഴിനീരുറവകള്‍ കാണുവാന്‍ മാത്രം ...?
അമ്മേ .. നിന്നെ കുറിച്ചോര്‍ത്തു മാഴ്കുവാന്‍ മാത്രം...?
കണ്ണനെ തട്ടിപറിചെടുത്ത കൊടും വിധി...
കാത്ത്‌ നില്‍ക്കുന്നു....
ഏതൊരു സ്നേഹ കടലില്‍ വിഷംകലക്കുവാന്‍ ...
ഏതൊരു ദൈവം കൂട്ടു നില്‍ക്കുന്നു
കരള്‍ പിളരും കാഴ്ച ‍കാണിക്കുവാന്‍ ....

പെയ്തിറങ്ങുമ്പോള്‍ ......

പെയ്തിറങ്ങുമ്പോള്‍ ..........

വയനാടന്‍ മലകളില്‍ മഴ പെയ്തിറങ്ങുന്നു...
മേഘത്തിന്‍ സത്തയുതിര്‍ന്നു വീഴുന്നു...
വാനത്തിന്‍ ഗര്‍ഭപാത്രമൊഴിയുന്നു ......
ചിരന്തന മൌനമുതിര്‍ക്കും കാറ്റിന്‍ ഊഷ്മള സ്പര്‍ശവും ...
തളിരിടാന്‍ വെമ്പും വൃക്ഷ ലതാതികള്‍ തന്‍ പുളകവും ..
ഏറ്റുവാങ്ങാന്‍ കൊതിക്കുന്നിതെന്‍ മനം......

നിശൂന്യത ....

നിശൂന്ന്യത.....
തകര്‍ന്നടിഞ്ഞോരീ കൂത്തമ്പലത്തിന്ന -
രുകിലായൊടുവിലെത്തിയീ ഞാനും..
കൂട്ടിന്നായെന്നുമീ മാനസമൊരിക്കലുമൊരു -
കുറ്റവാക്കുമോതാതിരിക്കുന്നു ..
കുറ്റപ്പെടുത്തെരുതെന്നെ നീയെന്‍ ദുഃഖസാക്ഷി ..
നീയെന്‍ മനസാക്ഷി...
എവിടെയോ തെറ്റിപ്പറഞ്ഞ വാക്കായ്‌.....
എവിടെയോ മറന്നൊരാ താരാട്ടിന്നീണമായ്‌ ...
എവിടെയോ തേങ്ങി പറഞ്ഞതും ...
ഏതൊരു സായന്തനങ്ങളിലലിഞ്ഞതും ...
നിറഞ്ഞെന്നിലുണര്‍ന്നൊരാ സ്നിഗ്ദ-
സങ്കല്‍പ്പമിന്നൊരു മുകില്‍ച്ചാര്‍ത്തിന്‍
സഞ്ചാരമെന്നപോലായിരുന്നെന്നോ?
ഒടുവിലായ് താഴോട്ടു നിപതിച്ചു പോകവേ ,
ശ്യാമമേഘമൊഴിഞ്ഞ നഭസ്സിന്‍ ശൂന്യതയായ്‌ ,
പിന്നെയായ് രുധിരമുരുക്കും ജാല-
ത്തിലൂടൊരുഷസ്സിന്‍ കാത്തിരിപ്പും ...
***********
കെട്ടി പുണര്‍ന്നും , മുകര്‍ന്നും കഴിഞ്ഞോരാ
മുഗ്ദ സങ്കല്പ്പത്തിനൊരു സീമയെന്നോ സഖീ ...??
ആകാശത്തിനു കീഴില്‍ എന്തെല്ലാം... ഈ ഞാനടക്കം ശതകോടി ജന്മങ്ങള്‍ .... ജീവന്റെ നിലനില്‍പ്പ്‌ മാത്രം എല്ലാത്തിനും മുഖ്യം ... ജീവിച്ചു തീര്‍ത്തു മടങ്ങുമ്പോള്‍ എന്താണ് ഈ ഭൂമിക്കു വേണ്ടി നല്‍കിയത് .... ഭൂമിയെ നരകത്തിനേക്കാള്‍ കഷ്ടമാക്കി അല്ലേ? ജീവിതത്തിലേക്ക്‌ ഒരു തിരിഞ്ഞു നോട്ടം....