സഹയാത്രികര്‍

Sunday, July 31, 2011

ഒഴുക്ക്ഞാന്‍ ദഹിക്കുകയാണ്.
ആരോ ആര്‍ത്തു ചിരിക്കുന്നു.

എന്റെ എല്ലുകള്‍ കത്തിയമരുകയാണ്.
ആരോ ഞരിപിരികൊണ്ട് ഉന്മത്തനാവുകയാവുകയാണ് .

ദേഹവും ആത്മാവും വേര്‍പിരിയുകയാണ് .
പുകവെട്ടത്തില്‍ അവന്റെ രൂപം കാണുകയാണ് ഞാന്‍ .


എന്നിലേക്ക്‌ ഒരു നദി ഒഴുകുന്നുണ്ട്.
അതെന്തുകൊണ്ട് എന്റെ ചിതാഗ്നി ദാഹിക്കുന്നു... ?

Monday, July 25, 2011

നിന്നിലേയ്ക്ക് തന്നെ


നിന്നെ ചുഴുന്ന ഗഹനതയാണെന്നെ
നിര്‍ന്നിമേഷനാക്കുന്നത്.

നിന്റെ ഏകാന്തതയിലെ
യുഗങ്ങളോളമുള്ള നിര്‍വികാരത
പൊടുന്നനെയൊരു
അട്ടഹാസമായ് മാറുന്നതും
നിന്റെ വ്യര്‍ത്ഥതയിലെ
ചരടനക്കം മാത്രം.

ഒരു പൂവില്‍ നീ പ്രതിഫലിക്കുന്നു.
ഒരു മഞ്ഞുതുള്ളിയില്‍ നീ ചിരിക്കുന്നു .
ഒരു ചോരത്തുള്ളിയില്‍ നീ പിടയുന്നു.

മന്വന്തരങ്ങളുടെ മിടിപ്പുകള്‍
നിന്റെ സിരകളില്‍
നിന്റെ നിതാന്തമൌനത്തില്‍
പെരുമ്പറകള്‍ മുഴക്കുന്നുവോ ?

കാറ്റടിച്ചുലയുന്ന
ജീവനാളങ്ങള്‍
നിന്റെ മുന്‍പില്‍ കൈകൂപ്പി
നിന്നിലേയ്ക്ക് തന്നെ .

മണലാരണ്യവും
മുളങ്കാടുകളും
സമുദ്രങ്ങളും
സ്വച്ഛവനങ്ങളും
തരിശുനിലങ്ങളും
നിന്റെ മൃദുമര്‍മ്മരങ്ങള്‍
ഏറ്റുപറയുന്നു.

സ്വപ്നാടനങ്ങളുടെ
സ്വര്‍ണ്ണവനങ്ങളില്‍
കാറ്റേറ്റ് മയങ്ങുന്ന
നിന്റെ സന്തതികള്‍.

കടല്‍ചെരുക്കോടെ
നിശായാനത്തിന്റെ
സഞ്ചാരപഥങ്ങളില്‍
തുഴയെറിയുന്ന
എകാന്തയാത്രികനും....

ഒരിയ്ക്കല്‍ കൂടി
പിറന്നിരുന്നുവെങ്കില്‍ .
നിന്റെ നിലാകമ്പളങ്ങള്‍
വാരിപ്പുതച്ചുറങ്ങിയേനെ ഞാന്‍ ...
ഇനിയും കൊതി..
തീരാത്ത കൊതി...

Tuesday, July 19, 2011

സാളഗ്രാമം


നൂറ്റാണ്ടുകള്‍ക്കു മുന്‍പ്
കടലിന്നഗാധതയിലെവിടെയോ
രൂപാന്തരം പ്രാപിച്ച്
അവസാനം പ്രണവത്തില്‍ ലയിച്ചത്‌ ...

യുഗങ്ങളുടെ നിതാന്തതാളം
ശ്രവിച്ചത് .
എന്നെ അറിഞ്ഞത്
നിന്നെ അറിഞ്ഞത്
നമ്മിലൂടെ സഞ്ചരിച്ചത് .

ഒരു ക്ലേശ മനുഷ്യ ജന്മത്തിനു
വീണ്ടും നീ പുനര്‍ജനി നല്കുന്നുവോ!!

ഒരു നിശ്ചല പ്രളയത്തിന്റെ
ശൂന്യാവസ്ഥയില്‍
ആദിയില്‍ നീ ആലിലയില്‍ ആയിരുന്നത്രെ!!

അവാഹനത്തിന്റെ
തുടര്‍ചെയ്തികളില്‍
നീ പുഞ്ചിരിയോടെ
സാളഗ്രാമത്തില്‍
കുടിയിരുന്നു......
നൂറ്റാണ്ടുകള്‍ക്കു മുന്‍പേ
ഫോസിലോടൊപ്പം
നീ വസിക്കുന്നെന്നു ആരുമറിഞ്ഞില്ല.

ഇന്ന് മണിയടികള്‍ നിറഞ്ഞ
മച്ചിനുള്ളില്‍
കടവാതിലുകളുടെ ശൂന്യജീവിതം പോല്‍
നീ തൂങ്ങി മയങ്ങുന്നു.
നീയും മറ്റൊരു ജന്മം കാംഷിക്കുന്നോ ?
ഭഗവാന്‍ .... നീയും ?

ജാലകം കാഴ്ചതന്‍ അതിരാണ്


എന്നെക്കുറിച്ചെന്തെഴുതിടാത്തൂ ?
മുന്നെയൊരു ചിരിതൂകി ചൊല്ലിയവള്‍ .
പിന്നെ പതിയെയലസമാം മൊഴി പാളി
"എന്തിന്നെഴുതേണ്ടു,ചൊല്ലിടാനെന്തിരിപ്പൂ"

പറഞ്ഞുവല്ലോ സകലതും നീ
അറിഞ്ഞുവല്ലോയൊന്നും വിടാതെ
കരിഞ്ഞു വീഴുമൊരു പൂവിന്നിതള്‍
അരിഞ്ഞു തള്ളുന്നുവോ കാലവും ലോകവും.

പൊടിപാറി ദൂരെയായ് ഘോഷവും മേളവും
അടിപതറാതെയെത്തുമീയസംഖ്യം ജനങ്ങളും
പറയാതെ പോവുന്നുമൊന്നുമേ പറയാതെ
മറയുന്നു സകലവും ജാലകകാഴ്ചകള്‍.

ജീര്‍ണ്ണമായോര്‍മ്മകള്‍
നിര്‍വര്‍ണ്ണമായ്, ചാരമായ്.
വഴുതിമറയുന്നവസാന ധൂമവും
വിലയനം വാനിലായ്‌ , സര്‍വ്വവും വിലയനം .

അഴല്‍ തിങ്ങി വീണ്ടും മനം മുറിച്ചിടെണ്ട
എഴുതിടെണ്ടെന്നെക്കുറിച്ചൊരിയ്ക്കലും
തഴുതിട്ടു പോയൊരാ കാലവും മോഹവും
വഴിമാറി വരില്ലിനിയോരിക്കലും നിശ്ചയം

Sunday, July 17, 2011

ദുരിയാന്‍ പഴം *


ശവം പോലെ നാറുമത്രേ!!
അമൃതം പോലെ സ്വാദും !!

ജീവിതങ്ങള്‍ ഇണ ചേരുമ്പോള്‍
ഈ നാറ്റവും സ്വാദും
കിട്ടാത്തത് എന്താണാവോ ?

* ഇന്തോനേഷ്യന്‍ ഫലം .
( എസ കെ പൊറ്റെക്കാടിനോട് കടപ്പാട് )

Thursday, July 14, 2011

ഹൃദയവും ഹൃദയവും


ട്രാഫിക് ജാമിലൂടൊരു ഹൃദയം
ഒഴുകിയെത്തിയത്
ജീവന്റെ
സ്പന്ദനത്തിലേക്ക്

ഹൃദയമൊഴിഞ്ഞ
ശൂന്യതയില്‍
വിലയ്ക്കെടുത്ത ഹൃദയം
മിടിച്ചു തുടങ്ങി .

ധമനികളിലൂടൊഴുകിയ
ചോരയില്‍
കമ്പിവേലികള്‍
മുറിഞ്ഞു തെറിച്ചു.

ലാഹോറും, കല്‍ക്കട്ടയും
ഇസ്ലാമാബാദും, അഹമ്മദാബാദും
പഞ്ചാബും, പഞ്ചാബും
കാശ്മീരും, കാശ്മീരും
തോളുരുമ്മിക്കൊണ്ടിരുന്നു.

ഒളിത്താവളങ്ങളും
ചാവേറുകളും
ഗൂഡാലോചനകളും
ഒരു ഹൃദയമിടിപ്പിന്റെ
നിതാന്തജാഗ്രതയില്‍
നിശ്ചലമായെങ്കില്‍ !!!
( വാര്‍ത്ത ::: ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ , ഒരു ഇന്ത്യക്കാരന്റെ ഹൃദയം ഒരു പാക്കിസ്ഥാന്‍കാരന് )

Saturday, July 2, 2011

വേനലില്‍ പുകഞ്ഞ ഒറ്റമരംതാളത്തോടെ ഒരു വരി കവിത
മനസ്സില്‍ വഴുതിക്കളിക്കുന്നു .

മേളത്തോടെ ഒരു ഹൃദയം
ഉള്ളില്‍ പൂത്തുലയുന്നു.

വഴിവക്കിലെ മെയ് മാസപുഷ്പങ്ങള്‍
മറ്റൊരു ഋതുവില്‍ മയങ്ങുന്നു.

സാഫല്യ ജന്മങ്ങള്‍ ഇതള്‍ കൊഴിയാത്ത
മരങ്ങളായ്‌ വേനലുകളിലും തളിര്‍ക്കുന്നു.

വന പുഷ്പങ്ങളുടെ ഇരുണ്ട മേനിയില്‍
കാലം പരാഗണം നടത്തുന്നു.

പാടിത്തളര്‍ന്ന കുയിലുകള്‍ മടങ്ങുമ്പോള്‍
അലകളടങ്ങിയ മഹാപ്രപഞ്ചം വിതുമ്പുന്നു.

വേപഥു പൂണ്ട പെണ്‍ചകോരം മാത്രം
ഓര്‍മ്മകളില്‍ തൂവല്‍ കൊഴിച്ചുകൊണ്ടിരുന്നു.

പൂമൊട്ടുകളില്‍ കാറ്റിന്റെ കടന്നുകയറ്റം .
കുഴഞ്ഞ മണ്ണില്‍ വിഷം തുപ്പിയ നിഷ്ക്രിയത്വം .
നീരാളം വിരിച്ച ശയ്യയില്‍ തകര്‍ന്ന വീണയുടെ
വിലാപകാവ്യങ്ങള്‍ ....................

വിണ്ടകന്ന വയലോരത്തില്‍
സായന്തനത്തിന്റെ നേര്‍ത്ത കുളിരില്‍
കൈതപ്പൂമണമുള്ള കാറ്റിലൂടെ....
ഒരു വിലാപകാവ്യമെഴുതാന്‍
വേഷമഴിച്ചുവെച്ചിരുന്നവന്‍ ....