സഹയാത്രികര്‍

Monday, February 22, 2010

തറവാട്കിഴക്കിനി
-------------
ജാലകത്തിനപ്പുറം
കാത്തിരിപ്പിന്റെ ശങ്കയും
ആശങ്കയും ഇഴ ചേര്‍ന്നത്‌ .
ഇരുളും വെളിച്ചവും
ഇണ ചേര്‍ന്നത്‌ .
കൊട്ടിയടച്ച മരപ്പാളികളില്‍
കാറ്റ് തലതല്ലികരയുന്നത്...

തെക്കിനി
------------
ചാരുകസേരയിലും
ചാവടിയിലും
അലസതയുടെ
ഉച്ചമയക്കം .
അധികാരത്തിന്റെ
പൂണൂല്‍ച്ചരടില്‍
ഞരടുന്ന സമത്വം .

വടക്കിനി
-----------
വേരറുത്ത കൂട്ട് വ്യവസ്ഥക്ക്
ആദ്യമായ് മറ്റൊരു
അടുപ്പ് പൂട്ടിയത് .
ശിഥിലതയിലേക്ക്
ജന്മങ്ങളെ
വലിച്ചെറിഞ്ഞയിടം.

പടിഞ്ഞാറ്റ
-------------
തൃസന്ധ്യകള്‍
പൂവിളക്കിനു ചുറ്റും
നിറഞ്ഞാടുന്നത് .
സുഗന്ധപൂരിതം .
നാമജപനിമ്നോന്നതങ്ങള്‍ .

വടക്കേ മച്ച്
---------------
തണുപ്പൂറും നിലം .
മയക്കത്തിനൊടുവില്‍
അമ്മൂമ്മയുടെ തണുത്ത ജഡം
പുല്‍കിയുണര്‍ന്നയിടം .
എങ്കിലുമൊരു വിളിയുണ്ട്
പുറകില്‍.....
"ആരൂല്ലേ .. ന്ന്യോന്നെണീപ്പിക്കാന്‍ "....

വടക്കേ കെട്ട്
-----------------
പതം പറയുന്ന
ഉഷ്ണ സഞ്ചാരങ്ങളുടെ
ദാസി മുഖങ്ങള്‍ .
വിയര്‍പ്പിന്റെ
ഉപ്പുനിലങ്ങള്‍ ..
വിരല്‍ഞൊടിക്ക് പുറകില്‍
അഴിഞ്ഞു വീഴുന്ന
സമര്‍പ്പണത്തിന്റെ
നിശാ വസ്ത്രങ്ങള്‍ ....

പത്തായപ്പുര
----------------
ഒരു പുനര്‍ജനിയില്‍
അമ്മയുടെ മുഖവും ,
കത്തിച്ച നിലവിളക്കും.

സര്‍പ്പക്കാവ്
-----------------
സ്വപ്നങ്ങളുടെ
നിഴല്‍സന്ധ്യകളില്‍
ഇരുളില്‍ തെളിയുന്നത് .
കാട്ടുവള്ളികളില്‍
പിണയുന്ന നാഗം .
പിണയുന്ന നിഴലുകളും ...

ശിഷ്ടം
----------
ഓര്‍മ്മകളില്‍
അടയിരിക്കുന്നു
മച്ചിലെ അമ്പലപ്രാവും , ഞാനും ...

Saturday, February 20, 2010

ഞാന്‍ ആരോ....?ഞങ്ങള്‍ ഒരേ മുറിയില്‍ ആയിരുന്നത്രെ
ഒന്നിച്ചു കിടന്നിരുന്നത്...
ഇന്നീ ജാലകവിരികള്‍ വകഞ്ഞുമാറ്റുമ്പോഴും ,
നീലവിരി മാറ്റുമ്പോഴും ,
ആരും പറഞ്ഞിരുന്നില്ല..
അവള്‍ എനിക്കന്ന്യയായിരുന്നു എന്ന്...

മുല്ലപ്പെരിയാര്‍പൊള്ളയായ ഒരു കരാറിന്റെ
ബലത്തില്‍
ഒരു ജനതയുടെ
ആക്രോശം .

പൊള്ളയായ ഒരു അണക്കെട്ടിന്റെ
ബലത്തില്‍
ഒരു ജനതയുടെ
ആശങ്കയും.

Sunday, February 14, 2010

മഹാപഥത്തിലേക്കുള്ള വഴി


ഇരുണ്ട പഥങ്ങള്‍ക്കൊടുവില്‍
വെണ്മയാര്‍ന്ന മഹാപഥം.
മുമുക്ഷുക്കളുടെ കേദാരം .
സ്നാനഘട്ടങ്ങള്‍ ഏറ്റുവാങ്ങിയ
പാപ സഞ്ചയങ്ങളുടെ
വിടുതലില്‍ നിന്ന്
സത്യപഥത്തിലേക്ക് ,
മഹാ പഥത്തിലേക്ക് .
പുകമറയില്‍ വഴിയടഞ്ഞ
പിന്‍ താഴ്വരകളില്‍ നിന്നും ,
ഹിമക്കാറ്റില്‍
ഒരു ചുടു നിശ്വാസം വന്നുവോ ?
ഉപേക്ഷിച്ചു പോവുന്ന ആത്മാവും ,
പിന്നിട്ട കര്‍മ്മപഥങ്ങളും
തികട്ടിയെറിഞ്ഞ ഒരു സത്യമുണ്ട് .
ഉഴറിപിടഞ്ഞത്‌ .
ഉയിര്‍ത്തെഴുന്നേറ്റ്
സ്നാനഘട്ടങ്ങള്‍ തോറുമലയാന്‍
വിധിക്കപ്പെട്ട പേ പിടിച്ച നരന്‍ .
കവാടത്തില്‍ കാത്തുനില്‍പ്പിന്റെ
നീളം അളന്ന വെറും ശരീരങ്ങളും .
സ്നാനഘട്ടങ്ങള്‍ തിളച്ചുമറിയുകയാണ് .
മഹാപഥത്തിന്റെ കവാടങ്ങള്‍
അടഞ്ഞേ കിടക്കുകയാണ് .
ശരീരവും , ആത്മാവും
വേറിട്ട കാഴ്ചകള്‍ .
മോക്ഷഘട്ടങ്ങള്‍
ശാന്തമാവുന്നതും,
കവാടങ്ങള്‍ തുറക്കുന്നതും കാത്ത് കാത്ത്
ആത്മാക്കളുടെ നീളുന്ന വരികള്‍ ...

Sunday, February 7, 2010

ഇടറി വീണപ്പോള്‍


അടരുവാന്‍ വയ്യ...
ആരോ പാടുന്നു.
കനല്‍മാരി പെയ്തിറങ്ങുന്നു .
കടവത്തൊരു തോണി യാത്രയാവുന്നു.
കനലെരിയും മുന്‍പ് ,
കടവിയിടിയും മുന്‍പ് ,
ഇടവപ്പാതിയുടെ ഇരുണ്ട മുഖം മറന്ന്
കനവില്‍ നിന്നൊരു മടക്ക യാത്ര ...

ചോരയില്‍ മണക്കുന്നത്

യാത്രക്കിടയിലെപ്പോഴോ
വിപ്ലവകാരിയായി.
കരളില്‍ കൊടി നാട്ടി ,
തീപ്പന്തങ്ങളില്‍ പുതുസൂര്യനെ കണ്ടു .
ജ്വാലാമുഖിയായി .
ഇടറിയ പദ ചലനങ്ങള്‍ക്ക്
വേഗതയുടെ വിശേഷണമായി .
നിറം ചേര്‍ക്കാത്ത ചിന്തകളില്‍
ഒറ്റ മനുഷ്യനായി .
എന്നിട്ടും..
ഒരമ്പില്‍ തന്നെ അയാളിലെ
വിപ്ലവകാരിയുടെ പടം പൊഴിഞ്ഞു .
നഗ്നനായ ദൈവത്തെ കൂട്ട് പിടിച്ച്
അയാള്‍ വര്‍ഗീയ വാദിയായി
യാത്ര തുടര്‍ന്നു..........

Friday, February 5, 2010

രണ്ടു കവിതകള്‍-- സൌഹൃദം , കവികള്‍


സൌഹൃദം
--------------
ഹൃദയങ്ങള്‍ സംസാരിച്ചിരുന്നില്ലത്രേ !
തള്ളിയകറ്റുമ്പോഴും
മണ്ണോടു ചേര്‍ന്ന്
യാചിച്ചിരുന്നു.
ഹൃദയങ്ങള്‍ പറിച്ച് മാറ്റരുതെന്ന്!
പ്രസവത്തില്‍ വീണ്ടും ചാപ്പിള്ള തന്നെ !
ഉത്തരം മുട്ടിക്കുന്ന ഒരു ചോദ്യമായ്
സൌഹൃദം .


കവികള്‍
------------
കള്ളിന്റെ കലിപ്പില്‍
തെറിയും, കവിതകളും.
സംസ്കാര ഭണ്ഡാരം
കട്ടില്‍ ചുവട്ടില്‍ .
മലര്‍ന്നു കിടന്നൊരു കവിത .
കാര്‍ക്കിച്ചൊരു തുപ്പും.
ഗന്ധര്‍വനാണോ കവി ?
അതോ
ജലപ്പിശാച്ജന്മമോ ?