സഹയാത്രികര്‍

Monday, February 22, 2010

തറവാട്കിഴക്കിനി
-------------
ജാലകത്തിനപ്പുറം
കാത്തിരിപ്പിന്റെ ശങ്കയും
ആശങ്കയും ഇഴ ചേര്‍ന്നത്‌ .
ഇരുളും വെളിച്ചവും
ഇണ ചേര്‍ന്നത്‌ .
കൊട്ടിയടച്ച മരപ്പാളികളില്‍
കാറ്റ് തലതല്ലികരയുന്നത്...

തെക്കിനി
------------
ചാരുകസേരയിലും
ചാവടിയിലും
അലസതയുടെ
ഉച്ചമയക്കം .
അധികാരത്തിന്റെ
പൂണൂല്‍ച്ചരടില്‍
ഞരടുന്ന സമത്വം .

വടക്കിനി
-----------
വേരറുത്ത കൂട്ട് വ്യവസ്ഥക്ക്
ആദ്യമായ് മറ്റൊരു
അടുപ്പ് പൂട്ടിയത് .
ശിഥിലതയിലേക്ക്
ജന്മങ്ങളെ
വലിച്ചെറിഞ്ഞയിടം.

പടിഞ്ഞാറ്റ
-------------
തൃസന്ധ്യകള്‍
പൂവിളക്കിനു ചുറ്റും
നിറഞ്ഞാടുന്നത് .
സുഗന്ധപൂരിതം .
നാമജപനിമ്നോന്നതങ്ങള്‍ .

വടക്കേ മച്ച്
---------------
തണുപ്പൂറും നിലം .
മയക്കത്തിനൊടുവില്‍
അമ്മൂമ്മയുടെ തണുത്ത ജഡം
പുല്‍കിയുണര്‍ന്നയിടം .
എങ്കിലുമൊരു വിളിയുണ്ട്
പുറകില്‍.....
"ആരൂല്ലേ .. ന്ന്യോന്നെണീപ്പിക്കാന്‍ "....

വടക്കേ കെട്ട്
-----------------
പതം പറയുന്ന
ഉഷ്ണ സഞ്ചാരങ്ങളുടെ
ദാസി മുഖങ്ങള്‍ .
വിയര്‍പ്പിന്റെ
ഉപ്പുനിലങ്ങള്‍ ..
വിരല്‍ഞൊടിക്ക് പുറകില്‍
അഴിഞ്ഞു വീഴുന്ന
സമര്‍പ്പണത്തിന്റെ
നിശാ വസ്ത്രങ്ങള്‍ ....

പത്തായപ്പുര
----------------
ഒരു പുനര്‍ജനിയില്‍
അമ്മയുടെ മുഖവും ,
കത്തിച്ച നിലവിളക്കും.

സര്‍പ്പക്കാവ്
-----------------
സ്വപ്നങ്ങളുടെ
നിഴല്‍സന്ധ്യകളില്‍
ഇരുളില്‍ തെളിയുന്നത് .
കാട്ടുവള്ളികളില്‍
പിണയുന്ന നാഗം .
പിണയുന്ന നിഴലുകളും ...

ശിഷ്ടം
----------
ഓര്‍മ്മകളില്‍
അടയിരിക്കുന്നു
മച്ചിലെ അമ്പലപ്രാവും , ഞാനും ...

2 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ശിഷ്ടം ഇഷ്ടായി.

Bijli said...

പത്തായപ്പുരയും.....ശിഷ്ടവും..ഒത്തിരി ഇഷ്ടായി..........