സഹയാത്രികര്‍

Wednesday, November 7, 2012

വീട് വിട്ടവന്‍



 തെരുവുകളില്‍ നിന്ന് തെരുവുകളിലേയ്ക്ക് .
 വീട് മാത്രം കണ്ടില്ല
 ഒരു വീടിന്റെയും കരച്ചില്‍ കേട്ടില്ല.
 ഒരു സാക്ഷ തുറക്കുന്നതിന്റെയോ ,
 ഒരു ജന്നല്‍ അടയുന്നതിന്റെയോ ,
 കിണറ്റിന്‍ കരയില്‍ കപ്പി കരയുന്നതിന്റെയോ ...

രാത്രിയുടെ മഞ്ഞിറക്കത്തില്‍
 ജലദോഷം പിടിച്ച ഒരു വീടുണ്ടായിരുന്നു.
 ദൂരെ ദൂരെ ഒരിടത്ത്.
 ഒച്ചയടഞ്ഞ അതിന്റെ കറ കറ ശബ്ദം ..

 ഒരിക്കല്‍ ആ വീടുപേക്ഷിക്കുമ്പോള്‍
 പൊളിഞ്ഞ  ഭിത്തികള്‍ക്കിടയില്‍   നിന്നും
 ഗൌളികള്‍  ശബ്ദിച്ചു...
 ശുഭം... അശുഭം ....

 വീടെവിടെയെന്നറിയില്ലിപ്പോള്‍ .
 ഒന്നിളവേല്‍ക്കാന്‍ .
 കറ കറ ശബ്ദം കാതിലുണ്ട്.
 ജലദോഷം പിടിച്ചൊരു വീടുണ്ട്.
 അതിര് ചാഞ്ഞിടത്തൊരു കോളാമ്പി ചെടിയുണ്ട്.
 പൊളിഞ്ഞ വേലിക്കരുകില്‍ അരിപ്പൂകാടുകളുണ്ട്.
 മുളങ്കോല്‍ മാറ്റി മുറ്റം കടക്കുമ്പോള്‍
 നന്ത്യാര്‍വട്ടമുണ്ട് , ചെമ്പനീര്‍ ഉണ്ട്...
 ഇനിയെന്റെ വീടിനൊരടയാളമില്ല ..

 വീടകങ്ങള്‍ എനിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്
 മതിയാക്കിയോ ആവോ..
 ഇത് രാത്രിയുടെ അന്ത്യയാമം .
 ഒരു കരച്ചില്‍....
 എന്റെ വീടിന്റെ കരച്ചില്‍ ആണോ!!!
 എന്റെ വീട്..... എന്റെ വീട്....

Friday, September 14, 2012

ദേശവിളക്ക്



പ്രകാശമാനമാവുകയാണ്  ഹൃദയങ്ങള്‍ .

തിരിനാളങ്ങളുടെ പ്രഭയില്‍
ഇരമ്പുകയാണ് .
മണ്‍കട്ടകള്‍ നിറഞ്ഞ   വയലുകള്‍
ദ്വേഷത്തിന്റെ അവശിഷ്ടങ്ങള്‍ക്കായും
ഒരുങ്ങുന്നു .
പകയുടെയും , കനലെരിച്ചിലിന്റെയും
പാകപ്പെട്ട കഥകള്‍ രാവൊഴിയുകയാണ്.
തെരുവുകള്‍ ഉറയുകയാണ്.
തീവെട്ടിയുടെയും, തിരിയുഴിച്ചിലിന്റെയും
ഘോഷയാത്രകള്‍ എരിയുകയാണ്.
രുദ്രതാളങ്ങള്‍ക്കിടയില്‍ ഉറങ്ങാത്ത രാവിന്റെ
കനം തൂങ്ങുന്ന നിമിഷങ്ങള്‍ക്കിടയില്‍
അല്‍മരചോട്ടില്‍ പാണ്ടിമേളം കൊഴുക്കുന്നു.
മണ്‍കട്ടകള്‍ ചിതറുമ്പോള്‍
കൈതചെടിയില്‍ തെറിച്ചു വീണ ചോരത്തുള്ളികളില്‍
നിലാവിന്റെ അവസാന ചുംബനം .
രാത്രി കഥ പറഞ്ഞു തീരുകയാണ്.
കളിമുറ്റത്ത്  യാത്ര പറഞ്ഞു പിരിയുന്ന
ഭഗവതി  തെയ്യങ്ങള്‍ക്ക്  വിരഹച്ചുവ കലര്‍ന്ന
മന്ത്രങ്ങള്‍  അകമ്പടിയായ് .
പുലര്‍കാലത്തിന്റെ തുടക്കത്തില്‍
അമരക്കാരില്ലാത്ത ഒരു നാടിന്റെ കരിന്തിരിയായി ഈ വിളക്കുകള്‍.......

Friday, July 20, 2012

കടല്‍ക്കവിത



ഒരു മുത്തു കളയാതെ സൂക്ഷിക്കാനാണീ
പെരുങ്കളിയാട്ടങ്ങളും , നിലയില്ലാച്ചുഴികളും .

ആര്‍ത്തലക്കുമ്പോഴും ഉള്ളിലുലഞ്ഞാടുന്നൊരു മുത്ത്‌.

തോണിക്കാരന്റെ തുഴ സ്പര്‍ശിച്ചുപോവുന്നു.
കപ്പല്‍പങ്കകളുടെ ചുംബനമേല്ക്കാതെ വഴുതുന്നു.

പായല്‍വനങ്ങളില്‍ ഈറന്‍കാറ്റിനൊപ്പം സഞ്ചാരം.


ചുഴികളില്‍ കാറ്റാവാഹിക്കപ്പെടുന്നു.

അകമ്പടിയായ് കാറ്റ് .
കടലിലെ രാജവീഥികളില്‍ ,
തണല്‍മരങ്ങളുടെ  സുഖസ്പര്‍ശത്തില്‍ ,
രാത്രികള്‍ മാത്രമുണരുന്ന അടിത്തട്ടില്‍ ,
ഞാനൊളിച്ചും  പതുങ്ങിയുമങ്ങിനെ  ....

അപഹരിക്കപ്പെടുന്ന മാത്രയില്‍

കടല്‍ വറ്റിയൊരു നീര്‍ച്ചാലാകും.
തിരമാലകളാഹൂതി ചെയ്കയാണ്
കാലങ്ങളായെന്റെ നിലനില്‍പ്പിനായ്‌..  

Monday, May 28, 2012

ആരോ വന്നു പോകുന്നു



മഞ്ഞ് നേര്‍മ്മയായി പെയ്യുന്നുണ്ട്.

ആരോ മനസ്സില്‍ കോറി വരയ്ക്കുന്നുണ്ട്.
കണ്ണടച്ച് മഞ്ഞ് കൊള്ളുന്നുണ്ട് .
ഉള്ളിലൊരു ചിത്രം വരച്ചാരോ യാത്രയായി.

കൈ ചൂണ്ടി നടത്തുന്നുണ്ട്.
തുറന്ന മൈതാനത്തിലേയ്ക്ക്‌.
ഒരു പുല്കൊടിക്കും നോവാതെ
നടക്കണമെന്ന് മൊഴിയുന്നുണ്ട്.

കല്ലത്താണിയില്‍ പുറം ചൊറിയുന്ന
കഴുതയാവരുതത്രേ !
യാത്രികര്‍ക്ക് ഏതിരവിലും
ഒരു തിരിനാളം ബാക്കി വെക്കണമത്രേ!

ശിശുവായി ചിരിക്കുകയെന്നും
മൃദുവായി മൊഴിയുകയെന്നും
ഉണര്‍ന്നുറങ്ങുകയെന്നും
മെല്ലെ ചരിക്കുകയെന്നും ..
ആരോതുന്നു..!
ആരോ വിലക്കുന്നു !
വാതിലില്‍ മുട്ടി മുട്ടി കൈകുഴഞ്ഞൊരു സ്വരം ...
" വാതില്‍ തുറക്കൂ .... വാതില്‍ തുറക്കൂ "

Tuesday, May 22, 2012

രമയും, മീനാക്ഷി ടീച്ചറും പറയുന്നത്



കോളം നിറയെ ഒന്ന് കരഞ്ഞു പോട്ടെ ഞങ്ങള്‍ .

ജീവിതം ചീന്തിയെടുത്തവര്‍ക്ക് തന്നെ
ഞങ്ങള്‍ കണ്ണീരും പങ്കുവെക്കുന്നു .

ആരോ പറയുന്നു , ഞങ്ങള്‍ റീ ചാര്‍ജ് ചെയ്ത ബാറ്റെറികള്‍ .

ആരോ ഊതിവീര്‍പ്പിക്കുന്ന ബലൂണുകള്‍ .

ഒരു കത്തിയുഴിച്ചിലില്‍ ,

ഒരു വാള്‍ വീശലില്‍ ,
ഒരു നെടുനിശ്വാസം ഞങ്ങള്‍ കേട്ടു.

പുലരിയിലെ സൂര്യനും
അന്തിമേഘങ്ങളുടെ മേല്‍
ചരമക്കുറിപ്പ് എഴുതുന്നവനും ഏറ്റുമുട്ടി .

ചോരയും, നീരും അവസാനം പങ്കുവെച്ചെടുത്തപ്പോള്‍
കണ്ണീരുപ്പിനു നികുതി കൂട്ടി.

ഹൃദയപാരാവാരക്കരയില്‍ ഞങ്ങള്‍ ഉപ്പു കുറുക്കുന്നു.
കുറുവടിയും , വരിയോലകളുമായ് ഇനി ആരെങ്കിലും വരാനുണ്ടോ ?

Saturday, May 19, 2012

ക്ഷമിക്കണം



എന്റെ മുഖത്തു വെട്ടരുത് .
എന്റെ പാതിയുറക്കത്തില്‍
ഹൃദയത്തോട്
ചേര്‍ത്തുറങ്ങുന്ന
ഒരു പെണ്‍കുട്ടിയുണ്ട് ....

Friday, May 18, 2012

അപ്പൂപ്പന്‍ താടി



ലാഘവത്വം അനുഭവിക്കുന്നുണ്ടോ !
പൊട്ടിവിടര്‍ന്ന് ആലംബമില്ലാതെ വായുവില്‍ .

കാറ്റൊരുഴുക്കാണ്.....
അമ്മേയെന്നു മൊഴിഞ്ഞ്‌ ഞാനും കൂടെ.
കാറ്റൊരു നില്‍പ്പാണ്.
ആ നില്‍പ്പില്‍ ആണ് നൂറു ചിറകുകള്‍ വീശി
ഞാനൊന്ന് ഉന്മേഷവാനാവുന്നത് .

പിന്നീടുള്ള കാറ്റൊഴുക്കില്‍
ദിക്കറിയാതെ
ദിശയറിയാതെ
നിലനില്‍പ്പറിയാതെ ഒരു പോക്കാണ്.

ചിലപ്പോള്‍ ഒരു പൂവിന്റെ രാത്രി സല്ലാപങ്ങളില്‍
ചുണ്ടിലെ പുഞ്ചിരിയാവും ഞാന്‍.

പുലര്‍ക്കാല കാറ്റില്‍ വീണ്ടും യാത്ര.

ഇന്നെന്റെ നിറം ചുവപ്പാണ്.
കവലയിലെ തളം കെട്ടിയ ചോരകുണ്ടില്‍
കാറ്റോടൊപ്പം  ഞാന്‍ ചെന്ന് വീണു.
അല്ലെങ്കില്‍ കാറ്റെന്നെ വീഴ്ത്തിയതുമാവാം .
പിന്നീട് കാറ്റിനെ കണ്ടിട്ടില്ല.
നിയമപാലകര്‍ വലിച്ചു കെട്ടിയ റിബണുകള്‍ക്കുള്ളില്‍
ഞാനൊരു തടവുകാരനായ് .

നിറം ചുവപ്പാണ്.
കണ്ണിലും, മൂക്കിലും, വായിലും , ചെവിയിലും
രക്തം കയറിയതിനാല്‍
ഞാനെന്നെത്തന്നെ കാണുന്നില്ല...
എന്റെ മുകളില്‍ ആകാശം കനക്കുന്നു.
 പക്ഷെ മഴയെന്നെ...?

Sunday, April 29, 2012

ഖബര്‍



ഒരു കൈ സ്പര്‍ശം ,
അല്ലെങ്കില്‍ ഒരു തീപ്പൊരി .
അതുമല്ലെങ്കില്‍ മറഞ്ഞിരുന്ന്
അന്യന്റെ നിയന്ത്രണം .
അപ്പോഴും അകാരണമായ്
പൊട്ടിത്തെറിക്കേണ്ടത് ഞാന്‍ മാത്രം.
പൊട്ടിയടരുന്നത് ഞാന്‍ മാത്രം.

നിശബ്ദമായ് ഒരു വിളിയെനിക്ക് കേള്‍ക്കാം.
എന്റെ പുഴയുടെ , തെളിമയുടെ, പച്ചയുടെ വിളി.
പച്ച മണ്‍കൂനയില്‍ അലിയുന്നത്
ചന്ദനത്തിരി ഗന്ധവും, നിശ്വാസങ്ങളും .

നാട്ടുവഴിയിലൂടൊരു ഘോഷയാത്ര ,
ഉറൂസിന്റെ വെള്ളിത്തിളക്കങ്ങളില്‍
മന്ദമാടുന്നു നീളന്‍ കൊടികള്‍ .
ഇടവഴിയില്‍ ചൂട്ടുകറ്റകള്‍ ,
അസ്സൈനാര്‍ക്കയുടെ കോല്‍ക്കളിപ്പാട്ട് ,
വിരുന്നു വന്ന കുഞ്ഞാലിക്ക.
കഥയുടെ വെള്ളിക്കൊലുസുകള്‍ ഞാത്തിയിട്ട
കിനാവിലെ സുന്ദര രാവുകള്‍ ....

ശൂന്യം. ശൂന്യം .

ശൂന്യതയില്‍ നിന്നും




ഒരനിഷ്ടവും പ്രകടിപ്പിക്കാതെ ഇഷ്ടപ്പെട്ടു പോവുന്നു.
പുലര്‍കാലത്തെന്നോ, പാതിരയെന്നോ വ്യത്യാസമില്ലാതെ
വിളിച്ചുണര്‍ത്തി ഒരു കെട്ട് വാക്കുകള്‍ തരും .
ഇരമ്പലോടെ വന്നു പോകുന്നത് അറിയാം .
ദൃഷ്ടിയില്‍ പെടാതെ മാറിനില്‍ക്കുന്നുവെന്നും അറിയാം .
തൊട്ടാല്‍ തരളിതയാവുന്നത് അനുഭവപ്പെടും .
പലപ്പോഴും ശൂന്യതയില്‍ വിലയം പ്രാപിക്കുമ്പോഴേ
മടങ്ങിയതായി മനസ്സിലാക്കപ്പെടൂ .
അപ്പോള്‍ മാത്രമേ ശൂന്യതയിലെ ഒരിടം
എന്താണെന്ന് വേര്‍തിരിഞ്ഞു വരുള്ളൂ.
വാക്കുകള്‍ ഒരു വലയത്തില്‍പെടുമ്പോള്‍
പതുക്കെ താളത്തോടെ കടന്നു വരും.
ചിലപ്പോള്‍ കളത്തില്‍ നിന്നും പിന്മാറി
മുടിയഴിച്ചിട്ട് അലറിവിളിച്ച്‌ അപ്രത്യക്ഷയാകും .
മറ്റു ചിലപ്പോള്‍ ഒരു നറുപുഞ്ചിരിയോടെ
വിരലില്‍ ഒന്ന് സ്പര്‍ശിച്ച് കടന്നു പോകും.
എന്നും പെയ്തുതീരാതെ മാത്രമേ
അവള്‍ മടങ്ങിപോവാറുള്ളൂ ....

സ്നേഹ മഴ നനഞ്ഞുകൊണ്ട് ( ഒരു തീക്കുനി മഴ )



മഴയില്‍ കുതിര്‍ന്നൊരു ദിവസം ആയിരുന്നു ഇന്നലെ
മഴയെ അറിയാന്‍ ശ്രമിച്ച ദിവസം.
മഴയുടെ ഗന്ധം അറിയാന്‍ കഴിഞ്ഞത് ,
മഴയെ ചുംബിച്ചത്
എന്നിലേക്കും പെയ്തു വീണതും,
മഴയെ വാരി പുണര്‍ന്നതും,
മഴയില്‍ അലിഞ്ഞു ചേര്‍ന്നതും ,
മഴയോടൊപ്പം നനഞ്ഞതും
ഇന്നലെ ആയിരുന്നു.
മഴ കയ്യൊപ്പിട്ടൊരു പുസ്തകവും തന്നു..
പൊള്ളുന്ന മഴയെന്ന് മനസ്സില്‍ പറഞ്ഞ്
മഴയുടെ പടവുകള്‍ ഇറങ്ങി ഞാന്‍.....
ഒരു തണുത്ത മഴക്കാലത്ത് വീണ്ടും വരുവാന്‍....

ഹൃദയം ? അതെവിടെയാ ?



കാണുമ്പോള്‍ കാണാം
നോക്കുമ്പോള്‍ നോക്കാം
അറിയുമ്പോള്‍ അറിയാം
ഇവനോ മനുഷ്യന്‍ ......

ഒരു കവിത എന്നില്‍ തുടിക്കുന്നുണ്ട്

അത് വേണമെങ്കില്‍ ഒരിടവഴിയിലൂടെ പോയി കണ്ടെത്താം .
ഒരൂടുവഴിയിലൂടെ നൂണ്ടിറങ്ങി ................

ഈ വഴിയൊന്നും മനുഷ്യന്‍ വരാറില്ലെന്നും
പ്രാകിക്കൊണ്ട്‌ മറ്റാരോ....

ഒരു കല്ലില്‍ രാകിക്കൊണ്ട്
ഒരു കല്‍ ദൈവം പ്രസവിപ്പിക്കാന്‍
ഇന്നൊരു നീലിയില്ല.............

അവള്‍ക്കേ...
ഒറ്റ രൂപക്ക് കിട്ടുന്ന റേഷനരി വാങ്ങണം.....
ഇടവഴി കടന്നത്‌
മൂപ്പര്‍ക്ക് വില്‍ക്കണം .

ലോ ഫ്ലോര്‍ ബസ്സ്



എന്റെ നഗരം
എന്റെ ബസ് സ്റ്റാന്റ്
എന്റെ അളിഞ്ഞ ഇടവഴിയോരങ്ങള്‍..
നഗരത്തില്‍
മരിച്ച നദി -
യെന്നിലൂടൊഴുകുന്നത് .
ഠിംങ്ങ് .... ഠിംങ്ങ്
ചായ ... ചായ
ഒരു മാറ്റവുമില്ല.
നദിയപ്പോഴും നിശബ്ദമായ് ..

ഭീമാകാരമായ
ഫ്ലാറ്റുകളിലേയ്ക്
അളിഞ്ഞ മണം ഒരു മഴക്കുമിളയായ്...
ചിലപ്പോള്‍ ഒരു ദൂതന്റെ രൂപത്തിലും
സംതൃപ്തിയോരങ്ങള്‍ സൃഷ്ടിക്കുന്നു.

ഈ ലോ ഫ്ലോര്‍ ബസ്സില്‍
ശീതളിമയുണ്ട് .
എന്നിട്ടും നിങ്ങള്‍ ഉണ്ടാക്കിയ
ആ ഉയര്‍ച്ചയും , താഴ്ചയും ഉണ്ട് .
പക്ഷെ...
ഈ ഉയര്‍ച്ചയും, താഴ്ചയും
ഞങ്ങള്‍ക്ക് നല്കുന്ന ആ സൌകുമാര്യം ....
ഈ അതിര്‍ത്തി സൃഷ്ടിക്കുന്ന സുഖം ...

മീസാന്‍ കല്ലുകള്‍



കടല്കാറ്റേറ്റ് മയങ്ങുന്നു
അത്മാവുകളും, നിശ്വാസങ്ങളും .
ശക്തമായ കാറ്റില്‍ പോലും
ഒന്നും അകലേയ്ക്ക് മാറ്റപ്പെട്ടില്ല,
വഴിമാറി പോയതുമില്ല.

മരണത്തിന്റെ നഗ്നമായ ചിഹ്നം .
മീസാന്‍ കല്ല് .
ആത്മാക്കളുടെ
തണുത്ത ഇരിപ്പിടം .
കശുമാവിന്‍ പൂക്കള്‍
ചുംബിച്ചു വീഴുന്ന
നനുനനുത്ത പ്രതലം .
ജീവാത്മാവും, പരമാത്മാവും
ജീവനെ പുണരുന്നയിടം .
നെഞ്ചില്‍ ആഴ്ന്നിറങ്ങിയ
മീസാന്‍ കല്ലുകളാണത്രെ
തലയ്ക്കലും മരണടയാളങ്ങളായ് വരുന്നത്!!.

ചന്ദനത്തിരിപ്പുകയാല്‍
സൃഷ്ടിക്കപ്പെട്ട പാതയിലൂടെ
ഒരിയ്ക്കല്‍ ഞാന്‍ സ്വര്‍ഗ്ഗകവാടം കണ്ടു .
അപ്പുറം നരകത്തില്‍
ദീനസ്വരങ്ങള്‍.

ആകാശത്തില്‍ നിന്ന് നോക്കുമ്പോള്‍
കൂര്‍ത്ത മുനകള്‍ മാത്രം.
നോവറിവിനും, ഈര്‍ഷ്യകള്‍ക്കും നടുവില്‍
ഞാനപ്പോള്‍ സൃഷ്ടിക്കപ്പെട്ട
ലോകത്തായിരുന്നു.
ഒരു തൃശങ്കു ..........

സ്മാരകങ്ങള്‍



ഒറ്റ രൂപ വാടക കൊടുത്ത്
ഞാന്‍ നിന്റെ പ്രണയം
കാത്തു സൂക്ഷിച്ചു..

ഏകാന്തതയുടെ പച്ചത്തുരുത്തില്‍
നമ്മള്‍ സല്ലപിച്ചു.
സ്മാരകശിലയില്‍ നിന്നും
ഊര്‍ന്നിറങ്ങി നീ നിശ്വസിച്ചു.
ഏണിപ്പടികള്‍ കയറി വന്ന കൊതുകങ്ങള്‍
നമ്മളെ നോക്കി ചിരിച്ചു .
ഒടുവില്‍ അവസാനത്തെ വാടകയും കൊടുത്ത്
ഞാന്‍ നിന്റെ പ്രണയത്തിലേക്ക്
തിരികെ നടന്നു കയറി ......

ചിന്ത



നിന്നില്‍ നിന്നും നീ ഊര്‍ന്നുപോയപ്പോള്‍
നീ യോഗിയായി .
എന്നില്‍ നിന്നും നീ പടിയിറങ്ങിയപ്പോള്‍
ഞാന്‍ ഭ്രാന്തനുമായി .
------ 2 -------
സൂര്യനും ചന്ദ്രനും
അഹങ്കരിച്ചോട്ടെ .
ഒരസ്തമയം
അവര്‍ക്കുമുണ്ടല്ലോ നിശ്ചയം.

-------3 ----------
ഞാന്‍ പറഞ്ഞു ഞാന്‍ കേട്ടു.
നീ പറഞ്ഞു ഞങ്ങള്‍ കേട്ടറിഞ്ഞു.

അവള്‍ അനാമിക --- 3



പറഞ്ഞറിവിലായിരുന്നു തല കുനിച്ചു കൊടുത്തത് .

ആലിലപ്പൊന്‍ മൃദുദളമായ് കൂമ്പി നിന്നു.
യാത്രയില്‍ നീളെ കാഴ്ച കാണിച്ചു തന്നു.

വലതുകാല്‍ വെപ്പ് നൂറോളം കണ്ണുകള്‍ക്ക്‌ വേണ്ടി.....

കാടരുകിലായിരുന്നു വീട്....
മയിലുകള്‍, മാന്‍ എന്നിവ കുണുങ്ങി കുണുങ്ങി വന്നിരുന്നു.
മുളംകാടിനരുകില്‍ ഒരു മയില്‍ പീലി വിടര്‍ത്തി
വിറപ്പിച്ചത് ശ്രദ്ധയോടെ നോക്കുമ്പോളായിരുന്നു
എന്റെ കന്യകാത്വം കാടന്‍പൂച്ച കവര്‍ന്നത്.

ഒരിക്കല്‍ കാട് കാണാന്‍ കൊണ്ടുപോയി .
രാജസിംഹം ഉറങ്ങിയ ഗുഹ കാണിച്ചു തന്നു.
താനൂറി ചിരിച്ചു.
ഇപ്പോള്‍ കാട്ടില്‍ സിംഹങ്ങള്‍ ഇല്ലത്രെ .
കുറുക്കനുറങ്ങിയ ഗുഹ കാട്ടിത്തന്നു .
പനംകുരു കാട്ടം ചിതറിയ ,
ചൂടുള്ള ചൂര് നിറഞ്ഞ നാറ്റം.
ചില രാത്രികളില്‍ എന്നെ പുല്‍കുന്ന നാറ്റം.
എന്നിലേക്ക്‌ അളിഞൊഴുകുന്ന ചൂര് .
എന്റെ കാമനകളെ ഇപ്പോള്‍ ഉണര്‍ത്താതെ
ചവര്‍പ്പുനീര്‍ തരുന്ന ചൂര്...

അന്ന് കാട്ടില്‍ നിന്നും ഇറങ്ങിയതാണ്....
പിന്നീടിന്നുവരെ കാടും, നാടും എനിക്കന്ന്യമാണ് .

മഴഗാനം



ഇന്ന് പുതുമഴ പെയ്തു വീണത്‌
എന്റെ വ്യഥയിലേയ്ക്കാണ്.
ആദ്യമഴ സഹസ്രാരവങ്ങള്‍ തീര്‍ത്തെന്ന്
സുഹൃത്തിന്റെ സന്ദേശം.
മഴയിലെയ്ക്കൊരു വെയില്‍ വീണു കിടന്നു.
കുട്ടിക്കാലം ആര്‍ത്തുചിരിച്ചു ...
"കുറുക്കന്റെ കല്ല്യാണം "
വീണ്ടുമൊരു സന്ദേശാറിയിപ്പ്‌ ....
" മഴയെന്നെ അറിയുന്നു "
ദൂരത്തൊരു സന്തോഷം .
അരികിലൊരു മര്‍മ്മരം.
ഹൃദയം വ്യഥയൊഴിഞ്ഞു പാടുന്നു ..
മഴയോടോത്തു പാടുന്നു.....

അച്ഛന്‍



ഭയങ്കര സ്നേഹം ആയിരുന്നു.
രാവിലെ പോകുമ്പോള്‍ ഒരു മുത്തം .
മോളേഎന്നൊരു വിളിയും .
വൈകീട്ട് വരുമ്പോള്‍ ഒന്നുകൂടെ.
രാത്രിയില്‍ കിടക്കകരുകില്‍
പതുങ്ങി വന്നൊരു മുത്തം കൂടെ....
പക്ഷെ അതച്ഛനായിരുന്നില്ല...
ഏതാണ്ട് അതെ ച്ഛായ മാത്രം ...
അപ്പോഴും വിളിക്കും മോളേയെന്ന്...

Thursday, March 8, 2012

സ്ത്രീയേ



നീയെന്തിനെന്റെ വാരിയെല്ലില്‍ നിന്നൂര്‍ന്നു പോയി.

നീയെന്റെ പകുതിയായിരുന്നപ്പോള്‍
ഞാന്‍ ശക്തനായിരുന്നു .
ഇന്ന് നീ പിണങ്ങി മാറിനില്‍ക്കുകയാണ് .
നീയൂര്‍ന്നു പോയിടത്ത് ശൂന്യതയാണിപ്പോഴും.
തിരികെ വരികയെന്റെ മാറിലമരുക.
വീണ്ടുമൊന്നാവുക.
ഒറ്റ ശരീരത്തില്‍ നമുക്ക് കാലങ്ങളോളം
കലഹിക്കാം, സല്ലപിക്കാം.

ചിത്രം



തെളിയുന്നു നീയെന്നും ഒരു മന്ദഹാസമായ്

ഒളിമിന്നുന്നെന്നുമുള്ളില്‍ ഋതുതാരമായ് .
അളി വന്നു മൂളുന്ന അതിരോദനങ്ങളില്‍
തെളിയുന്നു മുന്നിലാ നഗ്നചിത്രാങ്കണം.

Wednesday, February 22, 2012

അനാവശ്യ ചിന്തകള്‍



മതം തലയിണയാക്കിയാണ്
ഞാന്‍ ഉറങ്ങാറ് .
അടുത്ത ദിവസം കവലയില്‍
പ്രസംഗമുണ്ട് .
മതേരത്വം കുടയാക്കിപ്പിടിച്ചു
കയറിചെല്ലണം .
നനയാതെ നോക്കേണ്ടത്
എനിക്കാവശ്യമായി വരുമല്ലോ !!

Friday, February 10, 2012

തുറന്നുപറയേണ്ടത്



തീര്‍ത്ഥകണങ്ങള്‍
പോലെയാവണം വാക്കുകള്‍ .
ഓംകാരവഴിയിലൂടെ
ഇറ്റി വീഴുന്ന കണങ്ങള്‍ .
ഒന്ന് ചേര്‍ന്നൊരു
നനുത്ത മഴയായ് നമ്മളിലേയ്ക്ക്
നിപതിച്ചത്.
ഒരു തുറന്ന വിതാനത്തിലേയ്ക്ക്
കയറിയിരിയ്ക്കുന്നയെന്നിലേയ്ക്ക്
ഒരു രാമഴയായാണത്‌ പെയ്തത് .
ഒരു വെളിപാട് മഴ.
എനിയ്ക്ക് പിന്നീടൊന്നും
മറച്ചു വെയ്ക്കേണ്ടതായി വന്നിട്ടില്ല.
സുഹൃത്തിനെയും
ദ്വേഷിയെയും ഞാന്‍
ഒരേപോലെ .....
യാത്രയങ്ങിനെ സുഗമമായിരുന്നു .
ഇന്നലെയും ഒരു മഴ പെയ്തു .
കടുത്ത വാക്കുകള്‍
ചരടറുത്ത് വിട്ട പെരുമഴ .
പക്ഷെ അത് മുഴുവന്‍ തുപ്പലായിരുന്നു.
ഉമിനീര്‍ഗ്രന്ഥിയുടെ
വൃത്തികെട്ട വെളുത്ത പാട .
അതെന്നില്‍
ഇനിയുംവീഴുംമുന്‍പെനിയ്ക്കീ
രാജ്യം വിടണം .
ഈ രാജ്യമുപേക്ഷിക്കണം.

Saturday, January 14, 2012

വീടണയാത്തവര്‍


പാതിവഴിയില്‍ ആണ് ഇറങ്ങിയത്‌.
കുരുതി നടക്കുന്നിടത്തേക്കാണ്‌ പോയത്.
അത് മാത്രമറിയാം .
തിരികെ വീടണയാത്തതാണ്‌ മനസ്സിലാവാത്തത് .

പത്രമാഫീസുകള്‍ കയറിയിറങ്ങിയതാണ് .
ചാനലുകള്‍ വെടിപറഞ്ഞാഘോഷിച്ചതാണ് .
പക്ഷെ വീടണഞ്ഞില്ല .

വീട്ടിലെ കരുവേപ്പു ചെടി ചോദിച്ചു .
" ഇന്ന് വെള്ളം കണ്ടില്ല "
നിന്റെ ദാഹം അകറ്റേണ്ടുന്നവന്‍ വീടണഞ്ഞില്ല .
നിനക്ക് വേണ്ടി വെള്ളം കോരിയവന്‍ .

കാര്‍ബണ്‍ പൊടി തെറിപ്പിച്ച്
അരളി മരം പറഞ്ഞു.
" ഇന്നിവിടെയെങ്ങും ആ ശബ്ദം കേട്ടില്ല "
ആരോ നിശബ്ദമായ് മൊഴിഞ്ഞു .
" എവിടെയും കണ്ടില്ല "

വീട്ടിലെ ചെത്തി തേക്കാത്ത ചുമരും ,
മറയില്ലാത്ത കിണറും ,
കയറും, പാളയും ,
മുറികളില്ലാത്ത വീടും പറഞ്ഞു.....
" ഞങ്ങള്‍ക്കാ ശബ്ദം മാത്രം മതി .
ഇടവഴി കടന്നൊന്ന്
കയ്യാല മറിഞൊന്ന്
വന്നാല്‍ മതി.
ആ പദസ്വനം കേട്ടാല്‍ മതി "

കാറ്റിനു മാത്രം അറിയാമായിരുന്നു ആ രഹസ്യം.
വീടണയാതെ പോയവരുടെ കഥകള്‍ .

Thursday, January 12, 2012

വന്മരങ്ങള്‍ക്കൊപ്പം ഒരു കുഞ്ഞുചെടിയും ...



വന്മരങ്ങള്‍ക്കേ

കൊടുങ്കാറ്റിനെ
പേടിക്കേണ്ടതുള്ളൂ....

കാറ്റിന്റെ നീണ്ട

താണ്ഡവ രാത്രികളിലൊന്നില്‍
ഇല കൊഴിഞ്ഞമര്‍ന്ന
പതുപതുപ്പുള്ള ആവരണത്തിന്നടിയില്‍
ജന്മസുകൃതത്തെയോര്‍ത്ത് ഞാന്‍ .
മുടിയഴിഞ്ഞ കാറ്റിന്റെ ഹുങ്കാരം
എന്റെ ജീവനില്‍ ഊഷ്മളതയായി.

നനവിന്റെ ഊറലിലൂടെ
കറുത്ത പശിമയുള്ള മണ്ണിലേക്ക്
ഒരു കുഞ്ഞു വേര്.
രോമരാജികള്‍ പടര്‍ന്ന കുഞ്ഞു നോവ്‌.
എന്റെ പൊട്ടിവിടരലലില്‍
ഞാനൊന്ന് വിജ്രംഭിച്ചിരുന്നു .
കാറ്റൊന്നു പരിഹസിച്ചു...
മഴയൊന്നു തൂവി തെറിപ്പിച്ചു...
ഞാന്‍ വളര്‍ന്നു തുടങ്ങി......
അന്ന് വീണ്ടും കാറ്റടിച്ചു.
ആ ഹുങ്കാരവത്തില്‍
രാവിന്റെ അന്ത്യയാമത്തിലാണത്രേ
അതെന്റെ തൊട്ടരുകിലായ് നിപതിച്ചത് .
ആ വന്മരം.
മണ്ണിലമര്‍ന്ന അതിന്റെ കൂറ്റന്‍ ചില്ലകളില്‍
തലചായ്ക്കാന്‍ അപ്പോള്‍ ഞാന്‍ വെമ്പല്‍ കൊണ്ടു.
അപ്പോഴും മുകളില്‍ കാറ്റങ്ങിനെ വീശി വീശി .....

Wednesday, January 4, 2012

ഷര്‍മിളയിലേക്കെത്ര ദൂരം !!



ഷര്‍മിളാ നീയാരെയും പ്രണയിക്കരുത്.
നീയൊരു പ്രതീകമാണ്.
നീയിപ്പോള്‍ ചില്ലുകൂട്ടിലെ
ഒരു അപൂര്‍വ വസ്തുവാണ്.
നിന്റെ നിശ്ചലാവസ്ഥയില്‍
ചവിട്ടിയാണ് ജനങ്ങളുടെ നില്‍പ്പ് .
നീ പ്രണയിച്ചാല്‍ ,
സ്വകാര്യങ്ങള്‍ പറഞ്ഞാല്‍ ,
സകലതും തകരുമെന്ന്
അവര്‍ ഭയക്കുന്നു .
കെട്ടിപ്പടുത്തതൊക്കെയും...
നിന്റെ അനുയായികള്‍ നിന്റെ ക്ഷേമം കാംഷിക്കുന്നവര്‍ !!!

കുരുതിയോര്‍മ്മകള്‍




കുരുതി കഴിഞ്ഞു.
വെളിച്ചപ്പാട് ബൈക്കില്‍ യാത്രയായി.
നീര്‍ചാലായ് ഒഴുകിയ കുരുതി വെള്ളം
ചത്ത പാമ്പ് പോല്‍ കിടന്നു.
കരിഞ്ഞ തിരികള്‍
മഞ്ഞള്‍ പൊടിയില്‍ കുളിച്ചുറങ്ങി .
നിലാവിന്റെ ഒരു കഷ്ണം പീഠത്തില്‍ ,
ചുവന്ന പട്ടില്‍ വീണു കിടന്നു.
കുരുത്തോലകള്‍
തൂങ്ങിച്ചത്ത രാമനെ ഓര്‍മ്മിപ്പിച്ചു.
കുരുത്തോല പോലെ മെലിഞ്ഞവന്‍ .
കൈനീട്ടി വാങ്ങിയ പൂവിതളുകളില്‍
ചിറകൊടിഞ്ഞ ഒരു പൂമ്പാറ്റ .
തെറിച്ചു വീണ തീര്‍ഥകണങ്ങളില്‍
വിയര്‍പ്പുനാറ്റം .
കരിന്തിരി കത്തുന്ന ശ്രീകോവിലില്‍
വിളറിയൊരു മുഖം.
രാത്രിയുടെ അവസാന യാമത്തില്‍
നിഴലിനെ പ്രണയിച്ചും, കാമിച്ചും ഞാന്‍.
തെങ്ങിന്റെ നിഴല്‍പ്പാടുകളില്‍
ഇന്നും കത്തിയെരിയാത്ത ഒരു ചിത....
അമ്മയ്ക്ക് ഇപ്പോഴും വിശക്കുന്നുണ്ടത്രേ!!!