സഹയാത്രികര്‍

Friday, June 10, 2016

വായിക്കാതെ പോയ മനസ്സുകൾ


നിലാവിലിറങ്ങി വരും.
നിഴൽ വീണു കിടക്കുന്ന
ഒളിവിടങ്ങളിൽ ഒളിഞ്ഞിരുന്ന് നോക്കും.

വായിക്കാതെ പോയ മനസ്സിനെ കുറിച്ചോർക്കും ,
ആരും കാണാതെ പോയ നോട്ടങ്ങളെ ,
കേൾക്കാതെ ഒടുങ്ങിപ്പോയ വാക്കുകളെ ,
എന്തിനെന്നറിയാതെ നടന്ന പാതകളെ,
ഉറങ്ങാതെ ഉണർന്നിരുന്ന നീലരാവുകളെ ,
ഞെട്ടിയുണർന്ന പുലരികളെ .
ഉരുകിയൊലിച്ച മധ്യാഹ്നങ്ങളിൽ
കൺപീലിയടയാതെ കാത്ത ജീവിതങ്ങളെ ....

എല്ലാമോർക്കുമ്പോഴേക്കും
തിരികെ പോവാറായിട്ടുണ്ടാവും.
പുലരി തുടുക്കുന്നുണ്ടാവും ...

എന്നാലും വരും എല്ലാ രാവിലും..
നിലാവില്ലാത്ത രാത്രികളിലും ....
എന്റെ അടിത്തട്ടിലെ വേവ് നിങ്ങളറിയുന്നുണ്ടോ ,

എന്നിലേയ്ക്ക് കൂപ്പുകുത്തിയ ബാല്യങ്ങൾക്കതറിയാം ,


ഇന്ന് പായൽ മൂടിയ നിശ്ചലത .

ആകാശം കാണാനാവാത്ത ദൈന്യം .


ഒരിക്കലല്ല, പലവട്ടം.
പുലർകാലത്തിന്റെ അകമ്പടിയോടെ
തുടിച്ചു പാടിയ തരുണികൾ .


ഒരു പുടവയെന്നപോലെ എന്നെയവർ
വാരിയണിഞ്ഞിരുന്നു . 


തൂവിതെറിപ്പിച്ചിരുന്നു . 


കൽപ്പടവിലിരുന്നവർ പൂ ചൂടിയിരുന്നു. 


ഈ കരിഞ്ഞ വേനലിൽ
ഉണങ്ങിയ ചെമ്പകപൂക്കളെന്റെ മാറിൽ 

പായലിൽ വിശ്രമിക്കുന്നു. 

പ്രതീക്ഷയുടെ ഓളങ്ങളില്ല .

കാറ്റിന് പോലും ചലനം മറന്നത് പോലെ....


ഇനിയമ്മേ ...
മാറ് പിളർന്നെന്നിലെ അവശേഷിച്ച നീരും
നിന്നിലേയ്ക്ക് ഊറ്റുക .

ഒരിയ്ക്കലൊരു മഴയായെങ്കിലും പെയ്യാലോ....!!!
ഞാനിനിയില്ലെന്ന് പറഞ്ഞ്
നടത്തം നിർത്താൻ തുടങ്ങിയപ്പോഴാണ്
ഞാനുണ്ടിനിയുമെന്നുമെന്ന് നീ മൊഴിയുന്നതും .


തുടരാം നടത്തമെന്നു ചൊല്ലി നീ
മൃദുവിരൽസ്പർശം നല്കിയതും.


ഇത്ര നാളൊന്നും പറഞ്ഞില്ല നീ.
ഞാനൊറ്റയായിരുന്നല്ലോയെന്നും 


അത് നിന്റെ തോന്നലെന്നവൾ
എന്നുമുണ്ടായിരുന്നു ഞാൻ കൂടെ

ഒന്നുമറിഞ്ഞില്ല നീയൊന്നുമറിഞീല
എന്നെയുമെന്റെ കിനാക്കളെയും .


കൈനീട്ടുന്നു ഞാനിനി നടക്കാമിനി
കാലം കുറച്ചേയുള്ളുവെങ്കിലും

നടക്കാം നടക്കാം നമുക്ക്
നടന്നേ മരിയ്ക്കാം.

അത്യാപത്ത്


മത്ത് പിടിച്ച വാക്ക്
നാൽക്കവലയിൽ കാലിടറി വീണു.


ആരോ ചുരണ്ടിയെടുത്ത്
കടത്തിണ്ണയിൽ കിടത്തി.


മയക്കമുണർന്ന വാക്കിനു ചുറ്റും
നെഞ്ചിടിപ്പോടെ ആരൊക്കെയോ !!


അല്പജ്ഞാനികളും , അരസികരും കൂടെ
വാക്കിനെ പങ്കിട്ടെടുത്തു.


ആ നാൽക്കവല അന്ന് ചോരക്കളമായി.

മുറിഞ്ഞ വീണ ഒരു വാക്കിൻ തുണ്ട്
അപ്പോഴും ഒരു ജ്ഞാനിയെ ഓർത്ത്‌
കണ്ണീർ വാർക്കുന്നുണ്ടായിരുന്നു.

ജീവൻ


നിലനിൽക്കുമ്പോഴറിയുന്നില്ല
അതിന്റെ പിടച്ചിൽ .


കൂട്ടത്തിൽ ചുമ്മാ കൂടിയൊരു
യാത്രക്കാരനെ പോലെ. 


യാത്രക്കാരൻ കൈയിൽ തൊട്ടൊരു
കഥ പറയുമ്പോലെ .


അതിലേറെ അനുഭവിക്കാറില്ല .


രാത്രിമയക്കങ്ങളുടെ
ഉഷ്ണസഞ്ചാരങ്ങളിൽ
ഒരു നോവായി പിടഞ്ഞത്
നീയായിരുന്നോ !


പടയൊരുക്കത്തിന്റെ നാളുകളിൽ
ഒരിക്കൽ നീയെന്നിൽ
പിടഞ്ഞുപിടഞ്ഞുണർന്നതായ്
ഞാനോർക്കുന്നു .


അന്ന് ഞാൻ നിന്നെ പരിഹസിച്ചതും ,
അടങ്ങിക്കിടക്കാൻ കൽപ്പിച്ചതും ..


നീണ്ടൊരു യാത്രയുടെ ഇടയിലെ
പിരിമുറുക്കങ്ങൾക്കിടയിൽ
നീ നിന്റെ സാന്നിധ്യമറിയിച്ചതും
യാത്രാന്ത്യത്തിന്റെ ശുഭപര്യവസായിയിൽ
നീ ദീർഘം നിശ്വസിച്ചതും
ഞാൻ കണ്ടില്ലെന്നു നടിച്ചു. 


ഞാനും നീയും ചേർന്ന
ഒരു ഹൃദയമിടിപ്പിന്റെ നേരറിവിൽ,
ദ്രുതചലനത്തിന്റെ
കൈകാൽകുഴച്ചിലിൽ
നിന്റെ നിതാന്തമായ
അകൈതവ നൈർമ്മല്ല്യം ..

ഞാൻ ഒരിക്കലെ തിരിച്ചറിഞ്ഞുള്ളൂ .

അപ്പോഴേക്കും ഞാൻ നിന്നെ വിട്ടുള്ള
യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നല്ലോ !!

തിരികെ തരാത്തത് .


വലിച്ചെറിഞ്ഞതാണെന്നും
തിരികെ കിട്ടണമെന്ന് മോഹിക്കുന്നത് .


ഏതൊരു വാശിപ്പുറത്തായാലും
പ്രിയപ്പെട്ടതാണെന്നും
ഉപേക്ഷിക്കുന്നതും .


അത്രമേൽ പ്രിയമായതെന്തോ
ജീവിതത്തിന്റെ
ഇരുൾനിലങ്ങളിൽ
തിളങ്ങിക്കൊണ്ടേയിരിക്കയാണ് .


എന്നെ കൊതിപ്പിച്ചുകൊണ്ടും
വിഷമിപ്പിച്ചുകൊണ്ടും ...

ശ്വാസംനിർമ്മലമായ സ്നേഹത്തിനു മുൻപിൽ
നിശബ്ദശ്വാസം .അപമാനത്തിന്
പിടിച്ചമർത്തിയത് .


കോപത്തിന്
കൊടുങ്കാറ്റ് വേഗം .


പ്രണയത്തിന്
രണ്ടൊന്നാവുന്നത് .


മരണനിമിഷങ്ങളിൽ
വേർപെട്ടു പോയത് .


എന്റെ ശ്വാസം നിലയ്ക്കുമ്പോൾ
ഞാനിതൊന്നുമറിയുന്നില്ല .

എല്ലാം അറിഞ്ഞിട്ടും...!!


എന്നെയെങ്ങിനെ അറിയുന്നു നീയെന്നൊർത്തു ഞാൻ
വേവലാതിപ്പെടാറുണ്ട് പലപ്പോഴും...


ഇന്ന് നീയെന്നെയറിയാതെയല്ലെങ്കിൽകാണാതെ
കണ്ടെന്നു നടിക്കാതെ പോയതും 


പിറകിൽനിന്നൊന്നു വിളിക്കാനാഞ്ഞതും ,നിശബ്ദം
നിന്റെ നടത്തം നോക്കി ഞാൻ നിന്നതും 


പഴയകാലത്തല്ല ,ഇന്നിന്റെ പുറമ്പോക്കിൽ നിന്ന്
വെറുതെ വന്നൊന്നു പോയി നീ . 


എങ്ങിനെ ഓർക്കുന്നു നീ ,എങ്ങിനെ അറിയുന്നു നീ
എന്നെയെന്റെയെല്ലാമെന്നു ചോദിക്കുന്നാരോ !!

വാക്കിരമ്പൽ


കവിതേ, കനവ്‌ നെയ്യുന്ന കനലൊളിപ്പാതയിൽ
കരവിരുതെന്ന് കരുതുന്ന കഥയില്ലായ്മ ഞാൻ . 


കടവിലേയ്ക്കെത്തി നില്ക്കുന്നു ഞാൻ
പകച്ചൊന്നു കാലൂന്നാതെ ,പതറിയോ !


കനവിലെ തോണി നീങ്ങുന്നു പതിയെ വീണ്ടും
കടവകന്നെങ്ങോ മറയുന്നു ,തളരുന്നു. 


വരവ് വെയ്ക്കാനെത്തുന്നുവോ പകൽക്കിളികൾ
പതിര് കൊത്തി മടങ്ങുന്നുവോ വെറുതെ !


ഇരവിലേയ്ക്കെന്നോ , വിതുമ്പുന്നു സന്ധ്യയും
നിനവിലെന്നും നിനയ്ക്കാത്തറിവുകൾ , കാഴ്ചകൾ


പിറുപിറുക്കുന്നു കുരുന്നിണക്കിളികൾ , വാകപ്പൂവുകൾ
കരഞ്ഞൊട്ടി വിളിക്കുന്നു മെയ്മാസപ്പുലരികൾ .


സന്ധ്യ മയങ്ങുന്നു , നിഴലുകൾ കുറുകുന്നു
മഴപ്പാറ്റകൾ ചിറകുകൾ മാറ്റിയിഴയുന്നു .


അസംഖ്യം മാംസഭോജികളെത്തിടുന്നു ഞാനെന്നെ-
ത്തന്നെ ബലി നല്കീടുന്നു ,നിർവൃതി പുൽകുന്നു .


കവിതേ, കരള് പിളരുന്ന വരമൊഴിക്കാഴ്ച്ചയിൽ
കനകവാക്കിന്റെ കാവലാൾ ദുഃഖം ഞാൻ.

നിന്നിലേയ്ക്ക്


അന്ന് കാട്ടുചെമ്പകമാണെന്ന് പറഞ്ഞപ്പോൾ
ചെത്തിക്കോരി വെളിമ്പറമ്പാക്കിക്കോളാൻ .


ചെമ്പരത്തിയാണെന്ന് പറഞ്ഞപ്പോൾ
ചെവിയിൽ ചൂടിക്കോളാൻ .


മല്ലികപ്പൂവായിത്തീരാമെന്നു പറഞ്ഞപ്പോൾ
ചവിട്ടിയരച്ചു കളയുമെന്ന് .


അരളിപ്പൂവെങ്കിലുമെന്ന് കേണപ്പോൾ
പരിസരത്തെങ്ങും വന്നുപോവരുതെന്നും .


കുഞ്ഞു മുക്കുറ്റിയാവാം
പൂവായി ജന്മമൊടുക്കുന്ന
ഓടപ്പൂവെങ്കിലുമാവാം ..


ഒന്നിനുമനുവദിക്കാതെ നീയൊരു
കൊടിത്തൂവയെന്നപോലെന്നെ
പറിച്ചു ദൂരെയെറിഞ്ഞു..


ഇന്നും ഞാനൊരു താരകപ്പൂവായി
വാനിൽ,നിന്നെയെന്നും കണികണ്ട് കണ്ട് ...

കാലവർഷം ഒരു പൈങ്കിളി പെയ്ത്ത്


ആർത്തലച്ചു വരുന്നുണ്ട്.
കഴിഞ്ഞ കാലങ്ങളിലെ എല്ലാ വേനലിലേയ്ക്കും
പെയ്തിറങ്ങാനായി .


മേഘഗർജ്ജനങ്ങൾ .
നിലാവിനെ തോൽപ്പിക്കുന്ന
ഒളിമിന്നൽപ്പിണരുകൾ .


നിന്റെയോരോ ഇടിമിന്നലുമെന്റെ
മാറിലേറ്റ ശരപ്പാടുകൾ .


കാലവർഷമെന്റെ ദാഹശമിനി
നീയെന്റെ ഉൾത്താപമേറ്റുന്നവൻ .


പേര് നിനക്ക് വേനൽമഴയെങ്കിലു-
മെന്റെ പുറംതൊലിയിൽ നീ പെയ്തൊഴിയുന്നു.

വൃഥാ പെയ്തൊഴിയുന്നു.

ഇന്നെന്നിലേയ്ക്കൊരു യാത്രയുണ്ട്.
വർഷമിന്നാണ് ,കാലവർഷം .
മാനമിരുണ്ടു,ദിക്കുകൾ മറഞ്ഞു.
ഞാൻ മലരുന്നു,നിന്നെയാവാഹിക്കാനായ് .

പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയ്ക്കുമായ് , ദാഹാർത്തയായ് .

അറിയുന്നുണ്ട് എല്ലാം

അറിയുന്നുണ്ട് എല്ലാം 

ചുണ്ടിലെ നീരൊലിപ്പു പോലും
തടയാൻ കൈ ഉയരുന്നില്ല.


അശക്തൻ..


നിന്റെ സ്നേഹാധിക്യം ഞാനിപ്പോൾ
അനുഭവിക്കുന്നു....


സത്യം..
അനുഭവിക്കുന്നു.


നിന്റെ വിറയാർന്ന ചുണ്ടുകൾ
എന്റെ ചെവിടരുകിലും
ചുണ്ടോരങ്ങളിലും
മർമ്മരമുതിർക്കുന്നു.


നീയെന്താണ് പറയുന്നത്.
എനിക്ക് ഓർമ്മകളില്ലെന്നോ!!!

ശരിയാണ് ...
ഓർമ്മപ്പൂക്കൾ വിടരുന്നില്ല!


സ്മൃതികൾ ശവന്നാറിപ്പൂക്കൾ ! 


ഇന്നൊരു മഴ പെയ്തില്ലേ ?
ഇന്നലത്തെ നിലാവിൽ
നീ മുറ്റത്തിറങ്ങി നടന്നില്ലേ....
ഏതോ അക്ഷരം തെറ്റിയപ്പോൾ
നീയെന്റെ കുഞ്ഞിനെ..
അല്ല നമ്മുടെ കുഞ്ഞിനെ..


( ഞാനോർക്കുന്നെല്ലാം ) 


ഇപ്പോൾ നീ ശാന്തമായി
ഉറങ്ങുകയാണ്.
കണ്ണീരുണങ്ങിയ നിന്റെ കവിൾത്തടം...
ഓർമ്മകൾ പോയെന്നു മാത്രം നീ പറയരുത്.... 


NB : ഒരു അൽഷിമേർസ് ദിനത്തിൽ എഴുതിയത്....

ഞാനൊന്ന് കറുപ്പിക്കട്ടെ


ഏത് ചായം തേച്ചാലാണ് ഞാനൊന്ന് കറുക്കുന്നത് .!
ഏത് തെരുവിൽ . എങ്ങിനെ നിന്നാലാണ്
ഞാനൊന്നു ശ്രദ്ധിക്കപ്പെടുന്നത് !


എന്റെ നിറം കറുപ്പാവണം !
കളറിലാണ് ജീവിതം എന്നവർ പറയണം !


ചായം തേയ്ക്കാത്ത
കറുപ്പിഴുകിയ
നിങ്ങൾ കാണാത്തിടത്ത്
വെളുപ്പ്‌ തേയ്ക്കാനാവില്ല.!


അതിന് മനസ്സ് വെയ്ക്കണം .
കൃത്രിമ ചായങ്ങൾ ഉപേക്ഷിച്ച്
ഞാൻ മനുഷ്യനാവണം !

അതാവാനാവില്ലല്ലോ !!!
എനിക്ക് കാറ്റാകാനാണിഷ്ടം
എന്ന് നീ പറഞ്ഞപ്പോൾ
ഞാൻ പതിയെ പറഞ്ഞു.

എനിക്ക് കരിയിലയാവാനാണിഷ്ടം

നീ വീശിയടിച്ചെന്നെ
പറത്തിപറത്തി
കാട്ടുതീയിൽ പെടുത്തുമെന്ന്
ഞാൻ കരുതിയില്ല....

മനുഷ്യപ്രണയം


കാറ്റിനോട്
കടലിനോട്
മരങ്ങളോട്
വിണ്ണിനോട്
വണ്ണാത്തിപ്പുള്ളിനോട്
പ്രണയം . 


അരയിൽ
കത്തി തിരുകി
അവനെതേടുന്ന
നിന്റെ കണ്ണിൽ
ചോരയോടും പ്രണയം.

ഗൂഗിൾ നീ മാത്രം...


ഗൂഗിൾ...
നിന്നിൽ തിരഞ്ഞപ്പോൾ
എന്നെപ്പറ്റി കുറെയേറെ അറിവുകൾ.
ഞാൻ പകർന്നതെങ്കിലും
നീയത് സൂക്ഷിച്ചല്ലോ.

പക്ഷെ..
എന്നിട്ടും
പ്രിയ സുഹൃത്തുക്കളിൽ
എത്രമാത്രം പരതിയിട്ടും
എന്നെപ്പറ്റി ഒരറിവുമില്ല...

ഗൂഗിൾ നീ മാത്രം..
ചുമ്മാ...