സഹയാത്രികര്‍

Friday, June 10, 2016

നിന്നിലേയ്ക്ക്


അന്ന് കാട്ടുചെമ്പകമാണെന്ന് പറഞ്ഞപ്പോൾ
ചെത്തിക്കോരി വെളിമ്പറമ്പാക്കിക്കോളാൻ .


ചെമ്പരത്തിയാണെന്ന് പറഞ്ഞപ്പോൾ
ചെവിയിൽ ചൂടിക്കോളാൻ .


മല്ലികപ്പൂവായിത്തീരാമെന്നു പറഞ്ഞപ്പോൾ
ചവിട്ടിയരച്ചു കളയുമെന്ന് .


അരളിപ്പൂവെങ്കിലുമെന്ന് കേണപ്പോൾ
പരിസരത്തെങ്ങും വന്നുപോവരുതെന്നും .


കുഞ്ഞു മുക്കുറ്റിയാവാം
പൂവായി ജന്മമൊടുക്കുന്ന
ഓടപ്പൂവെങ്കിലുമാവാം ..


ഒന്നിനുമനുവദിക്കാതെ നീയൊരു
കൊടിത്തൂവയെന്നപോലെന്നെ
പറിച്ചു ദൂരെയെറിഞ്ഞു..


ഇന്നും ഞാനൊരു താരകപ്പൂവായി
വാനിൽ,നിന്നെയെന്നും കണികണ്ട് കണ്ട് ...

No comments: