സഹയാത്രികര്‍

Friday, July 8, 2016

നൈൽ നദി അഥവാ മനുഷ്യജീവിതം


അതൊരുഴുക്കായിരുന്നു…
നിശ്ചലതയിൽ നിന്നൊരു ചാട്ടം .
ഉൾനിറവിലൂടെ
ഉൾക്കാടിലൂടെ
ഉണർന്നുലഞ്ഞൊരു യാത്ര.
അതിനുഗാണ്ടയെന്ന് പേർ .

ഒരു കൂടിച്ചേരൽ
ആദ്യാനുഭൂതി .
അനർവചനീയം .
എങ്കിലും മറ്റൊരിടത്ത് വെച്ചായിരുന്നു
ആ സംഗമം
എന്നിലേക്ക്‌ നീ നീലമഴയായി
പെയ്തിറങ്ങിയ ഖാർത്തൂം .
പിന്നീടായിരുന്നു ഒഴുക്ക്.
ഒഴുകിയൊഴുകി നമ്മൾ
എത്ര നിബിഡ വനങ്ങൾ
എത്ര പാറക്കെട്ടുകൾ
എത്ര നിശബ്ദ…
സമതല..നിലങ്ങൾ .
നൂബിയാ മരുനിലങ്ങളിലൂടെ ..
എങ്കിലും ജീവന്റെ തുടിപ്പറിഞ്ഞു .
നമ്മുടെ വിയർപ്പണിഞ്ഞ
മണലാരണ്യം
നമ്മെ പഠിപ്പിക്ക്കുകയായിരുന്നു .
ജീവന്റെ നന്മകൾ
ചോർന്നു പൊകുന്നത് .
ഒരു ഹൃദയം കീറി പിളർന്നു കൊണ്ട്
എത്ര ദൂരം…
ദൂരങ്ങൾ പിന്നെയും…
എന്നിട്ടും നമ്മൾ അവിടെയൊരു തുരുത്ത് നിർമ്മിച്ചിരുന്നു .
പിന്നെയൊരു സംഗമമായിരുന്നു .
അതൊരുഴുക്കായിരുന്നു .
വീണ്ടുമൊന്നാവൽ
വല്ലാത്തൊരു ശബ്ദത്തോടുകൂടിയായായിരുന്നു
ഞങ്ങൾ ഒന്നായി സമുദ്രത്തിൽ ലയിച്ചതും

സദാചാരപോലീസ്

ഇന്നലെ
ഇടവഴിയിലൂടെ
മാനംനോക്കി നടന്ന
എന്നെ
ഞാനെന്ന
സദാചാരപോലീസ്
പിടിച്ചു. 


തല്ലിക്കൊന്ന്
പെരുവഴിയിലിട്ടു .

എന്നെ
ഇല്ലാതാക്കിയപ്പോൾ
ഞാൻ സ്വതന്ത്രനായി .
ഇനി
ഞാൻ
ഇടവഴികൾ
നിരങ്ങട്ടെ ...
എന്നെ പേടിക്കാതെ...

അവളുടെ ജീവചരിത്രം


1980 ൽ ജനിച്ചു
1998 ൽ വിവാഹിതയായി
2000 ത്തിൽ ഗ്യാസടുപ്പിലെരിഞ്ഞു തീർന്നു .

കളി

നിമിഷങ്ങൾ
പൊട്ടിയടരുന്ന
കുമിളകൾ .
ഹൃദയ മിടിപ്പുകൾ .


പെട്ടെന്ന്
തീരുന്ന
ജീവിതകളിയാട്ടം.

ഇമയനക്കങ്ങൾ

ഇമയനക്കങ്ങൾ
നിർവൃതിയുടെ
സൂചകങ്ങളാണ് .

സ്നേഹലാളനങ്ങളുടെ ,
കരുണയുടെ ,
കടമയുടെ ,.
വൈരത്തിന്റെ ,
പുച്ഛത്തിന്റെ ,
വെറുപ്പിന്റെ
കണ്ണിമയനക്കങ്ങൾ .

കൺപോളകളിലെ
രക്തയോട്ടത്തിന്റെ
അഗ്നിനിറവ് .

അനക്കങ്ങൾ
നിന്നുപോയ
ജഡത്തിന്റെ .
തുറന്ന കണ്ണുകൾ
എന്നോട് രഹസ്യമായി
പറഞ്ഞതാണിതൊക്കെ !!

ഉറക്കകവിതകൾ

റീത്ത്

ആരൊക്കെ വരും.
ഞാനുണർന്നിരിക്കുമ്പോൾ .
ഒരു രാവ് കഴിഞ്ഞൊരു
പകലും കഴിഞ്ഞു.
ആരും വന്നില്ലാരും.

ആരൊക്കെ വരും.
ഞാനുറങ്ങുമ്പോൾ .
അവസാനമായുറങ്ങുമ്പോൾ .
പ്രകൃതിയിലേക്ക് ചേർന്നുറങ്ങുമ്പോൾ .

ഒരായിരം പൂക്കുടയുമായ്
വട്ടപൂക്കുടയുമായ്
നിങ്ങൾ വന്നു..

എത്ര വണ്ടുകൾ
എത്ര ചിത്രശലഭങ്ങൾ

നന്ദി ... നന്ദി...
----------------------------------------------------
ഉറക്കം


ഉറങ്ങുന്നുണ്ട് രാത്രിയിൽ .
കിടന്നയുടനെയുറക്ക-
മെന്റെ രീതി.
പതുപതുത്തതാം മെത്തയിൽ
നിനക്കുറക്കമില്ലെന്നോ !!
അറിയാം നിൻ തിരിച്ചിൽ
മറിച്ചിൽ നിശ്വാസജ്വാലകൾ .
കണ്ണിലൊരു ദീപം തെളിയുമന്നേരം .
"എന്നെ മറന്നുവോ"യെന്നൊരു ചോദ്യം
--------------------------------------------------------------
ഉറങ്ങുന്നുണ്ട് ഞാൻ .


ഒരു മഴ പെയ്ത് പെയ്ത് നടക്കുന്നുണ്ട്.
ഇടയ്ക്ക് ചാറും.
ഒറ്റ കുതിപ്പോടെ വരും...
( ഒറ്റ ഓട്ടം ഓടും ഞാൻ അകത്തേക്ക്
പിന്നെ പയ്യെ പയ്യെ വന്ന്
ചോദിക്കും... "എന്താ ഉദ്ദേശം ")
ഒരു കുളിർമ കിട്ടിയില്ലേ .
അതെ ഉദ്ദേശിച്ചുള്ളൂ ..

ഇന്നൊരു നല്ല മഴ പെയ്തു..
മനസ്സിൽ .
കണ്ണടച്ചുറങ്ങുന്നുണ്ട് ഞാൻ .

വഴികാട്ടിയാവാത്ത ഗുഹകൾ


എന്റെ കാലത്തിലെ
കവിതകളിലൂടെ കടന്നുപോവുമ്പോൾ
ഞാനേതോയിരുണ്ട
ഗുഹയിലൂടെ സഞ്ചരിച്ചിടുമ്പോലെ.

വാക്കുകളുടെ കൂർത്ത
പാറച്ചില്ലുകളെന്നെ
മുറിപ്പെടുത്തുന്നു.

വെളിച്ചമില്ലാത്ത
അറ്റം കാണാത്ത
ഒരു ഇരുണ്ട ഗുഹയാണോ
ഇന്നത്തെ കവിത !

എന്റെ ശബ്ദം
എന്നിലേയ്ക്ക് തന്നെ തിരിച്ചെത്തുന്നു.

ഈ ഗുഹയ്ക്ക് ഒരൊറ്റ
പാതയെ ഉള്ളൂ...
നീണ്ടൊരു കറുത്ത പാത.
വളവുകളില്ലാത്തത് ,
കൈവഴികൾ പിരിഞ്ഞു പോവാത്തത്.

നനവില്ലാത്ത
ചൂടസഹ്യമായ ഗുഹ.
എത്രയും പെട്ടെന്നീ ഗുഹയിൽ
നിന്ന് രക്ഷപ്പെടണം.

ഒരു ഗുഹാമുനമ്പ്
തേടിയുള്ള യാത്രയിലാണ് ഞാൻ.
അവിടെ വെച്ചെങ്കിലും
ഇതിന്റെ ഒരളവെങ്കിലും
എനിക്ക് പറയാമല്ലോ !

അല്ലാതെയീ ഗുഹയെപ്പറ്റി
മറ്റെന്തു പറയാൻ !

ഒന്നുമില്ല.
ഇരുട്ടായത് കൊണ്ട്
മറ്റെവിടെയാണെന്ന് പറഞ്ഞാലും
ഒരു തെറ്റിധാരണയുണ്ടാവുകയുമില്ല...