സഹയാത്രികര്‍

Friday, July 8, 2016

വഴികാട്ടിയാവാത്ത ഗുഹകൾ


എന്റെ കാലത്തിലെ
കവിതകളിലൂടെ കടന്നുപോവുമ്പോൾ
ഞാനേതോയിരുണ്ട
ഗുഹയിലൂടെ സഞ്ചരിച്ചിടുമ്പോലെ.

വാക്കുകളുടെ കൂർത്ത
പാറച്ചില്ലുകളെന്നെ
മുറിപ്പെടുത്തുന്നു.

വെളിച്ചമില്ലാത്ത
അറ്റം കാണാത്ത
ഒരു ഇരുണ്ട ഗുഹയാണോ
ഇന്നത്തെ കവിത !

എന്റെ ശബ്ദം
എന്നിലേയ്ക്ക് തന്നെ തിരിച്ചെത്തുന്നു.

ഈ ഗുഹയ്ക്ക് ഒരൊറ്റ
പാതയെ ഉള്ളൂ...
നീണ്ടൊരു കറുത്ത പാത.
വളവുകളില്ലാത്തത് ,
കൈവഴികൾ പിരിഞ്ഞു പോവാത്തത്.

നനവില്ലാത്ത
ചൂടസഹ്യമായ ഗുഹ.
എത്രയും പെട്ടെന്നീ ഗുഹയിൽ
നിന്ന് രക്ഷപ്പെടണം.

ഒരു ഗുഹാമുനമ്പ്
തേടിയുള്ള യാത്രയിലാണ് ഞാൻ.
അവിടെ വെച്ചെങ്കിലും
ഇതിന്റെ ഒരളവെങ്കിലും
എനിക്ക് പറയാമല്ലോ !

അല്ലാതെയീ ഗുഹയെപ്പറ്റി
മറ്റെന്തു പറയാൻ !

ഒന്നുമില്ല.
ഇരുട്ടായത് കൊണ്ട്
മറ്റെവിടെയാണെന്ന് പറഞ്ഞാലും
ഒരു തെറ്റിധാരണയുണ്ടാവുകയുമില്ല...

No comments: