സഹയാത്രികര്‍

Thursday, May 19, 2011

മലയാള കവിത


മലയാള കവിതയെ
കാണ്മാനില്ലെന്നു !

വരികള്‍ക്ക് ചോട്ടിലായ്
ഒളിച്ചു നടക്കുകയാണെന്ന് !

വരിയുടെ വാരിയെല്ലിനെ
ആരോ ബലാല്‍ക്കാരം ചെയ്തെന്ന്!

വരിയുടയ്ക്കപ്പെട്ട്
വിരിമാറില്‍ പടര്‍ത്തിയതാണെന്നും!

വീരവാദത്തിന്റെ ചേകോന്‍മാര്‍ക്ക്
പിന്‍കുറിപ്പായ് പോവാത്തവള്‍
കവിത.

വാദ് വെച്ച വിവാദ ചര്‍ച്ചകളില്‍
വീണ വായിക്കാത്തവന്‍ കവിത .

അവനും ,
അവനിലെ അവളും
എന്റേത് മാത്രം.

എന്റെ ശ്യാമസന്ധ്യകളില്‍
വിഷാദസാന്ദ്രമായ്
എന്നെ പുല്‍കി
എന്നിലൂടൊഴുകുന്നോരെന്റെ കവിത.

നിന്നിലെ തീച്ചൂളകളില്‍
വേനല്‍മഴയാവുന്നോരെന്റെ കവിത .
എന്റെ മാത്രം കവിത .
നിന്റെതെന്നു അവകാശപ്പെടാവുന്നതും ....

Tuesday, May 10, 2011

ഗാന്ധിജിയും ,കല്ലന്‍ബാക്കും


മൂര്‍ത്തമായ ഒരു ബന്ധത്തിന്റെ
സ്നേഹപെരുക്കത്തില്‍
ലാളിച്ചത് ഹൃദയങ്ങളായിരുന്നു .

കടന്നു കയറി ,
ഞളിപിരികൊണ്ട് ,
ചുടു നിശ്വാസങ്ങളുതിര്‍ത്ത്,
ചുറ്റിപ്പിണഞ്ഞത്
വാക്കുളായിരുന്നു.

നെറികേടിന്റെയും
വര്‍ണ്ണവിവേചനത്തിന്റെയും
കൈവീശലില്‍
മേല്‍പ്പല്ല് പൊഴിഞ്ഞ
മുറിവിലേയ്കാണ്
കല്ലന്‍ബാക്ക്‌ ചുണ്ടമര്‍ത്തിയത്.

അപമൃത്യു സംഭവിച്ച
പടിഞ്ഞാറന്‍ സംസ്മാരത്തിന്റെ
ഇടനാഴിയില്‍
ഗാന്ധിജിയെയും
കല്ലന്‍ബാക്കിനെയും
നൂല്‍ബന്ധമില്ലാതെ
കെട്ടിയിട്ട്
ധൂമകേതുവിന്റെ
ചരിത്രാന്വേഷണങ്ങള്‍ .!!

മുറിവിലൂടെയുള്ള
സഞ്ചാരങ്ങളില്‍
ഹൃദയം തുളച്ചു പായുന്ന
മറ്റൊരു വെടിയുണ്ട
താലോലിക്കേണ്ട
ഗതികേടിലേയ്ക്ക്
വീണ്ടുമെന്റെ മഹാത്മാവ് ....

Sunday, May 8, 2011

തുടര്‍ ഭരണം


സാധാരണമായ ഒരു ജീവിതം .
ഒരു തിരിച്ചു വരവില്‍
ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനം .

നീയുണരുമ്പോള്‍
നിന്റെ മുന്‍പിലെ
വിറങ്ങലിച്ച കണി .
അതിനു ഒരറുതി ഉണ്ടായേക്കും.

ഏതൊരു മയക്കത്തിലും
നിന്നിലേക്ക്‌ സംക്രമിക്കുന്ന
നേര്‍ത്ത നിലാവൊളി .
സംരക്ഷിക്കപ്പടെണ്ടത് .
ബാധ്യതയും....

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് .
നിന്നിലേക്ക്‌ ഒഴുക്കുന്ന
കള്ളങ്ങള്‍ക്ക്‌.
ഒരു തടയണ പണിയേണ്ടേ?

ഓരോ കാലത്തിലെയും
വിരല്‍ മാഷിപ്പാടിനു
നിന്നിലെ തൃപ്തിക്ക്
അക്ഷയ പാത്രങ്ങള്‍
തീര്‍ക്കാന്‍ ആവാറില്ല .....
ഇപ്പോഴും അക്ഷയ പാത്രങ്ങള്‍
തീര്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല...
വറവ് ചട്ടിയില്‍ നിന്ന്
പുല്‍പ്പായിലേക്ക്
ഒരു ഇടവേളയിലെ
വിശ്രമം മാത്രം....

അപ്പോഴും ഞങ്ങള്‍ നിലവറയിലും
പടനിലങ്ങളിലും
ഒരേ പോലെ പണിയെടുക്കെണ്ടിയിരിക്കുന്നു ,

Wednesday, May 4, 2011

കുയിലിന്റെ മണിനാദം കേട്ടു....


വിളറിയ മുഖാവരണത്തിനും ,
അകന്നു പോവുന്ന നോട്ടങ്ങള്‍ക്കും
ഇടയില്‍
ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്‌ ഗാനം
വിതുമ്പുന്നു.. പൊട്ടി ചിതറുന്നു...

അലതല്ലുന്ന ഗാനവീചികള്‍ക്ക്
പിടി തരാതെ കടന്നുപോയ
ആരുടെയോ ശബ്ദമിശ്രണം .

ഒഴുക്കന്‍മട്ടില്‍
ചാഞൊഴുകുന്ന
വിഷാദതന്ത്രിസ്വനം .

വേപഥു പൂണ്ടു നില്‍ക്കുന്ന
തീരത്തിന്റെ
നീരവമൌനം .

കടല്‍ വിതുമ്പുന്ന
ഹൃദയ കവാടങ്ങളില്‍
കുമിഞ്ഞു കൂടുന്ന
ഉപ്പു പരലുകള്‍
വിറ കൊള്ളുന്നു .

എന്നേയ്കുമായ് പറഞ്ഞു വെച്ച ,
എന്നുമൊരു ഗാനത്തോടൊപ്പം
പിടഞ്ഞുണരുന്ന ,
അര്‍ത്ഥവത്തെന്നു
മനസ്സിനെ പറഞ്ഞ്
പഠിപ്പിച്ച
ഒരേ രാഗത്തിലെഴുതിയ
ഭാവ തരംഗങ്ങള്‍
മെഴുകിയൊരുക്കിയ
ഒരു നിശബ്ദ ചിത്രം...

കടല്‍ മയക്കത്തിന്റെ
പൌര്‍ണമി രാവുകളില്‍
ഇതള്‍ വിരിഞ്ഞ്
മണം പരത്തുന്നത് .

ഉപ്പു പരലിന്റെ
ചവര്‍പ്പുരസത്തില്‍
അതിന്നും
ഒരു സുഗന്ധവാഹിയായ കാറ്റാണ്..

വിതുമ്പലിന്റെ ആഴങ്ങളില്‍ നിന്ന്
പുനര്‍ജനിക്കുന്നത് ...