സഹയാത്രികര്‍

Friday, December 19, 2008

ഉഷ്ണ സന്ധ്യകള്‍ II

കടം പോലും പറയാതെ
രാത്രികളിലെ നിശ്വാസങ്ങള്‍
ആഴ്ന്നിറങ്ങിയ കൂടാരങ്ങള്‍ .
തീക്കടല്‍ തിരയേറ്റികൊണ്ടുപോയതും ..
തുറമുഖങ്ങള്‍ പിന്‍വലിഞ്ഞോളിച്ചതും..
വഴിവിളക്കുകള്‍ വൃഥാ തെളിഞ്ഞതും..
ഉന്‍മാദിനികള്‍ കൂട്ട് ചേര്‍ന്നതും..
പഴയ ഭ്രഷ്ടിന്‍റെ കഥകള്‍ പറഞ്ഞു ചിരിച്ചതും
താത്രികുട്ടി ഇന്നും ഓര്‍ക്കുന്നു.
പേര്‍ വിളിച്ചു പറയാം ഞാന്‍...

രചയിതാവിന്‍റെ പ്രക്രിയകളില്‍
കരവിരുതിന്‍റെ പ്രീണനങ്ങള്‍ .
മോഹാലസ്യങ്ങളില്‍ കുടുങ്ങിയ
ഇന്ദ്രിയാനുഭൂതികള്‍ .
ലാസ്യത്തിന്‍റെ
പിന്നാമ്പുറങ്ങളില്‍
കരഞ്ഞുറങ്ങിയ ഒരു ജന്മ്മത്തിന്‍റെ
നിഷേധത്തിന്‍റെയും , വിശ്വാസത്തിന്‍റെയും
കണ്ണികള്‍ അടര്‍ന്ന ചേതനകള്‍ .
പകയടങ്ങിയ ആദ്യത്തവള്‍ ആരാണ്??
പൌരാണികതയില്‍ തുടങ്ങി
കാലങ്ങളോളം
നിന്നില്‍ അമരുന്ന
തീരാകളങ്കങ്ങള്‍.
ഒരു യാത്രയിലും
കൂട്ടായ് വരാത്തവള്‍ !!
അവനോടു പിണങ്ങിയേ
അവളുടെ ജീവിതസമസ്യക്ക്
ഉത്തരം കിട്ടുകയുള്ളൂവെന്നോ ?

Sunday, December 14, 2008

ഉഷ്ണസന്ധ്യകള്‍ ...

നീ
അകകാമ്പിലെ കനല്‍കണ്ണ്.
കടും നിറങ്ങളില്‍ എഴുതിയ
വ്യാജരേഖകളില്‍
എഴുതാപുറങ്ങളിലെ
അദൃശ്യ സാന്നിദ്ധ്യം.
ഇടനിലക്കാരുടെ പേകൂത്തുകളില്‍
അഴിഞ്ഞുലഞ്ഞ നിശാവസ്ത്രം നീ .
നിഴല്‍ മയങ്ങുന്ന നിലാരാത്രികളില്‍
ആനന്ദമൂര്‍ഛയിലെ
അശ്രുകണം നീ.
വേരറ്റു ചിതറിയ
മഹാ വൃക്ഷത്തിന്‌
പൂമരത്തിന്റെ പേര് നല്‍കിയവള്‍ നീ .
ലാവണങ്ങളില്‍
പണക്കിഴികളില്‍ ബന്ധിതയായവള്‍.
അനുരാഗത്തിന്റെ
സമതലഭൂവില്‍
കടന്നുപോയവന്റെ
കൈരേഖകള്‍ പരതുന്നവള്‍.
ഞരമ്പുകളില്‍ കിളിര്‍ത്തത്
ഏതു അസ്വസ്ഥതയുടെ
തീനാമ്പുകളാണ് .?
കടന്നുപോയവരോട്
കലഹിക്കാതെ
കാടാറുമാസത്തിലെങ്കിലും
അത്യുഷ്ണത്തിന്‍റെ
പുതപ്പ് വലിച്ചെറിയാന്‍
കാത്തിരിക്കുന്നവള്‍.....
എന്തിനും, ഏതിനും ,
മറക്കാതെ കാത്തിരിക്കുന്നവള്‍.
അവള്‍ നീ തന്നെ.
നീ മാത്രം.