സഹയാത്രികര്‍

Thursday, April 29, 2010

ഒഴുകിപ്പോയത്

ഒഴുക്കിലെ ഇല
-------------
കുത്തിയൊഴുകിപ്പോയതൊക്കെ
കൈയെത്തിപ്പിടിച്ചിരുന്നെങ്കില്‍
ഞാനിന്ന് പ്രപഞ്ചനാഥനായേനെ ..
പക്ഷെ ഒഴുക്കിലെ ഒരിലയുടെ
ഗദ്ഗദം പോലും എനിക്ക് കേള്‍ക്കാം.
ഇടിഞ്ഞു തീരുന്ന തീരത്തിന്റെ
അസ്തിത്വ ദുഃഖം പോലെ ...
അനിവാര്യമായ
ഒരു മലവെള്ളപ്പൊക്കം പ്രതീക്ഷിച്ച് ഞാനിന്നും...

ജന്മം
----
ഹൃദയത്തിലേക്കായിരുന്നു
ആദ്യത്തെ പ്രളയം കടന്നുവന്നത് .
ഒരു യാത്രമൊഴിയില്‍ ഒതുക്കി
പടിയിറങ്ങിയപ്പോള്‍ ..
എന്നിട്ടും ഹൃദയങ്ങള്‍
ശുദ്ധീകരിക്കപ്പെട്ടോ എന്ന് സംശയം !!

ഭാഷ
-----
ഇടുങ്ങിയ കടവിലെ
കല്‍പ്പടവുകളില്‍
വഴുതി വീഴുന്നു ,
പാഴായിപോവുന്നു ,
വാക്കുകളുടെ ഉച്ചാരണശുദ്ധി .
പക്ഷെ ഒഴുകിപ്പോവാതെ അത്
പാടകെട്ടികിടക്കുകയാണ് ...

Friday, April 23, 2010

ഇടറിയ പാദങ്ങള്‍


സുഹൃത്ത് എറിഞ്ഞിട്ടുപോയ
വാക്കുകള്‍ പെറുക്കികൂട്ടി
ഒരു ജപമാലയില്‍ കോര്‍ത്ത്‌
ഞാനവന് തിരിച്ച് നല്‍കി .

ജീവിതയാത്രയില്‍ ഒരു വരമായി ,
മന്ത്രമായി , അനുഗ്രഹമായി
അതവനില്‍ ജീര്‍ണിച്ചു ചേര്‍ന്നു .

ഒരിക്കല്‍ പോലും പുറത്തെടുക്കാത്ത
കുന്നിമണികള്‍ , ബാല്യത്തിന്റെ
അടുക്കുപാത്രത്തില്‍ സൂക്ഷ്മതയോടെ...

കുന്നിമണികളും , ജപമാലയും
ചങ്ങാതിയുടെ കളഞ്ഞുപോയ സമ്പാദ്യം .

പിടിച്ചുപറിച്ചു നേടിയതും ചേര്‍ത്ത്
അവന്‍ ഒരിക്കല്‍ കൂടി
എന്നെ തേടി വന്നു.

അന്ന് കുന്നിമണികളും
ജപമാലയും ചേര്‍ന്നു
അവനെ കളിയാക്കി ചിരിച്ചു.

തിരിച്ച് പോകുമ്പോള്‍ അവന്‍
എന്നോട് ചോദിച്ചു :
എന്‍റെ സമ്പാദ്യങ്ങള്‍ കണ്ടിട്ടാവും
അവറ്റകള്‍ ചിരിച്ചത് അല്ലേ?

Monday, April 12, 2010

ഇല്ലാത്ത കല്ലത്താണികള്‍


അലയടിക്കുകയാണ്.
മനസ്സില്‍
വേര്‍പിരിഞ്ഞു ചിതറുകയാണ്
സൃഷ്ടിയുടെ ദുരൂഹതകള്‍ .
കണ്ണുനീരിന്റെ
കുമിഞ്ഞു കൂടുന്ന ഉപ്പുപാടങ്ങള്‍.
ചോരയുടെ
ചൂരുള്ള ഗന്ധവാഹിനികള്‍ .
കൂര്‍ത്ത നോട്ടങ്ങളില്‍
കുരുങ്ങിയ നേരിന്റെ പരല്‍മീനുകള്‍ .
ഓരോ യാത്രയിലും
പകര്‍ന്നു കിട്ടുന്ന
വരണ്ട ശ്വാസവേഗത്തിന്റെ
വേനല്‍കുറിപ്പുകള്‍.
കരിഞ്ഞ പുല്‍നാമ്പും ,
നാവുറഞ്ഞ മാന്‍പേടയും .
ഒരേ ശൂലത്തില്‍
തറഞ്ഞു കിടക്കുകയാണ് നാമിന്നും.
വേദനകള്‍ വഴിമാറി പോവുമ്പോള്‍ ,
വഴിയോരങ്ങളിലെ കല്ലത്താണികള്‍
ഭാരമേറ്റ് വളയുമ്പോള്‍,
വാക്കുകളുടെ ചാട്ടവാറടിയാല്‍
ഇന്നും നമ്മള്‍ മുതുകുതാങ്ങികള്‍ മാത്രം .
ഓരോ യാത്രയിലും
എനിക്ക് വേണ്ടത് കിട്ടുന്നുണ്ട്‌.
മനസ്സിലാക്കാനുള്ളത് ...
എന്നേക്കും
ഓര്‍ത്തുവെക്കാനുള്ളത്...

Sunday, April 11, 2010

ചാന്തുമുത്തുവും ഫെമിനിസ്റ്റുകളും


"ഞാന്‍ മറന്നുപോയി. നാളെ ചാന്തുമുത്തൂനു പാവാട തയ്പിച്ചു തരാട്ട്വോ "
"മാണ്ട" അവള്‍ പറഞ്ഞു.
"തെക്കന് *കൊട്ത്താ മതി "
"അതെന്താ ചാന്തുമുത്തൂനു കുപ്പായം വേണ്ടേ?"
"തെക്കമ്പല്താവട്ടെ "**

NB : ഫെമിനിസ്റ്റുകള്‍ ഇളകിമറിഞ്ഞു.
ജടമുടിയില്‍ തഴുകി എഴുത്തുകാരി.
ആണ്‍വര്‍ഗ്ഗത്തിന്റെ പിന്നാമ്പുറത്തു
കടിച്ചുതൂങ്ങുന്നവള്‍.
വളര്‍ച്ചയും, രുചിയും വരെ
തീറെഴുതി കൊടുത്തവള്‍ .
അവനു ഉയരങ്ങള്‍ താണ്ടാന്‍
വഴിയോതുങ്ങി പോയവള്‍.
ചാന്തുമുത്തു കരിങ്കാലീ ..
പറയുക പറയുക...
ചാന്തുമുത്തു മൊഴിഞ്ഞു.
"ഞാന്‍ ജനിച്ചിട്ടേ ഇല്ല "
ഫെമിനിസ്റ്റുകള്‍ വിധിയെഴുതി .
നപുംസകം.
നിറവിന്റെ സുഖലഹരിയില്‍ ഞാനൊന്നുകൂടി
അമര്‍ന്നിരുന്നു .


*ചെക്കന്‍
** ചെക്കന്‍ വലുതാവട്ടെ


Tuesday, April 6, 2010

ശിവരാമന്നായരുടെ ഞാറ്റുപുര


രക്തസമ്മര്‍ദത്തിന്റെ
കുതിച്ചു കയറ്റം
ഞാറ്റുപുരയിലെ
ഞരമ്പിറക്കത്തിന്‍റെ കൂടെ ....
ചെതലിമലയിലെ
സായന്തനത്തിലെ
ഇരുണ്ട മാനം
വീണ്ടും ഒരു സങ്കടകടലാവുന്നു..
ഒറ്റ ഈരഴത്തോര്‍ത്തും
പച്ചമഞ്ഞളും .
അപ്പോള്‍ ...
ഞാറ്റുപുര ഒരു സമ്മാനമാണ് ..
ഞാന്‍ കനിഞ്ഞു നെല്കിയത് .
കാട്ടുതേനാട്ടികളില്‍ പൊതിഞ്ഞ മേഘം
എന്‍റെ വാസനകളില്‍ നിറഞ്ഞത്‌ .
എനിക്കറിയാമായിരുന്നുവല്ലോ .. എല്ലാം

Friday, April 2, 2010

നാന്തകം വിറയ്ക്കുന്നു


ഒന്ന്
------
ചിതറിത്തെറിച്ച ചോറും, ചോരയും .
കാല്‍ക്കരുത്തിന്റെ ഉഗ്രത
പെണ്ണടിവയറിനു നേരെ .
മുഷ്ടിചുരുട്ടി കുതിപ്പ്
കുഴിഞ്ഞ മുഖത്തിനു നേരെ .
തലയിലെ വിദ്യുത് തരംഗങ്ങള്‍
കീഴ്പ്പെടുത്താന്‍ മാത്രം .
വൃഥാവിലാവുന്ന ആണ്‍കരുത്ത്...

രണ്ട്
------
കാളിയാട്ട മഹോത്സവം കെങ്കേമം .
*നാന്തകം എഴുന്നള്ളിപ്പ് അതി സുന്ദരം .
ലോകമാതാവിന്റെ നിറഞ്ഞ മൌനത്തില്‍
നാന്തകം വിറക്കുകയാണ്.
ചോരയുടെ ഗന്ധം നുകരാന്‍ .
ചോരയില്‍ മുങ്ങി നിവരാന്‍ .

* ഭദ്രകാളിയുടെ വാള്‍.