സഹയാത്രികര്‍

Sunday, December 27, 2009

കരച്ചില്‍ നഷ്ടപ്പെട്ടതെപ്പോള്‍ ..


താളത്തോടെ കരഞ്ഞിരുന്നോ
ഞാന്‍ പണ്ട് ,!!
ഓര്‍മ്മകള്‍ രൂപം പ്രാപിക്കും മുന്‍പ് .
പല്ല് മുളക്കും മുന്‍പാവാം.
അത് കഴിഞ്ഞെപ്പോഴാണ് ഞാന്‍
കരച്ചിലിന്നൊരു താളം കണ്ടെത്തിയത്.
അത് ആരെ കൈവിട്ട് പോയപ്പോഴായിരുന്നു .
ഒരു ദ്രുതതാളം മനസ്സിലുണ്ട് .
പിന്നണിയിലെ ഉപകരണങ്ങളോടോപ്പം
അഭിനയിച്ച് കരഞ്ഞത് .
ആള്‍കൂട്ടത്തില്‍ നിന്ന്
ആര്‍ക്കോ വേണ്ടി
മൂക്ക് പിഴിഞ്ഞ് കരഞ്ഞത് .
നീ എന്തിനാണ് കരയുന്നത് ?
ആരാണെന്നോട് ഒരിക്കല്‍ ചോദിച്ചത് ?
ആരും കാണാത്തോരീയിരുണ്ട
ഇടനാഴിയില്‍
ഞാന്‍ മുഖം പൊത്തി തേങ്ങി ....
ആരും കണ്ടില്ല .
എന്‍റെ കരച്ചില്‍ .
ആര്‍ത്തലക്കുന്ന നിലവിളികള്‍ക്കിടയില്‍
ഞാനിപ്പോള്‍ തേങ്ങാന്‍ പോലുമാവാതെ ...........
........

Monday, December 21, 2009

വാര്‍ത്തയാവാഞ്ഞത്


ഉറക്കച്ചടവില്‍
പുതുവാര്‍ത്തകള്‍ തേടുന്നവന്റെ
നെഞ്ചിലേക്ക്
വാര്‍ത്തകളില്ലാത്ത അല്ലെങ്കില്‍ ഉണ്ടാക്കുന്ന
ഒരു പത്രം.
വാര്‍ത്തകള്‍ കിടിലങ്ങളാവാന്‍
പാര്‍ശ്വവല്‍ക്കരിക്കണം .
സത്യത്തിനും വേണം
പൊള്ളയായ ഒരു വശം.
കണ്ണടക്കുന്ന നിമിഷം
സത്യം മറുകര കടന്നിരിക്കണം.
മണ്മറഞ്ഞ ദേശീയ മഹാരഥന്മാര്‍
സാക്ഷികളല്ലേ.
ഇപ്പോള്‍ കാറ്റ് മാറി വീശിയതല്ലേ.
പത്രധര്‍മം അല്ലാതെ മറ്റെന്താണ്
ഉലയുക.
അതും വയനാടന്‍ കാറ്റില്‍.

Friday, December 4, 2009

ആറാമിന്ദ്രിയം - കവിത സമാഹാരം

ഈ മാസം പന്ത്രണ്ടാം തിയ്യതി അതായത് ഡിസംബര്‍ 12 നു എന്റെ കവിതകള്‍ പ്രസിദ്ധീകരിക്കുകയാണ് . ഈ സന്തോഷ വിവരം എല്ലാ ബ്ലോഗര്‍മ്മാരെയും അറിയിച്ചുകൊള്ളുന്നു. "ആറാമിന്ദ്രിയം " എന്നാണു കവിത സമാഹാരത്തിന്റെ പേര്‍. മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് ആണ് പുസ്തകം പുറത്തിറക്കുന്നത്. കോഴിക്കോട് അരയടത്തുപാലം ഗ്രൗണ്ടില്‍ ഭാഷ ഇന്‍സ്റ്റിട്യൂട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. സമയം നാല് മണി .
പ്രാകാശകന്‍ : ശ്രീ. എന്‍.മാധവന്‍ കുട്ടി.സ്വീകര്‍ത്താവ് : ശ്രീ.പി.കെ. ഗോപി.പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത് - പ്രോഫസ്സര്‍. സി.പി.അബുബക്കര്‍.