സഹയാത്രികര്‍

Wednesday, November 7, 2012

വീട് വിട്ടവന്‍



 തെരുവുകളില്‍ നിന്ന് തെരുവുകളിലേയ്ക്ക് .
 വീട് മാത്രം കണ്ടില്ല
 ഒരു വീടിന്റെയും കരച്ചില്‍ കേട്ടില്ല.
 ഒരു സാക്ഷ തുറക്കുന്നതിന്റെയോ ,
 ഒരു ജന്നല്‍ അടയുന്നതിന്റെയോ ,
 കിണറ്റിന്‍ കരയില്‍ കപ്പി കരയുന്നതിന്റെയോ ...

രാത്രിയുടെ മഞ്ഞിറക്കത്തില്‍
 ജലദോഷം പിടിച്ച ഒരു വീടുണ്ടായിരുന്നു.
 ദൂരെ ദൂരെ ഒരിടത്ത്.
 ഒച്ചയടഞ്ഞ അതിന്റെ കറ കറ ശബ്ദം ..

 ഒരിക്കല്‍ ആ വീടുപേക്ഷിക്കുമ്പോള്‍
 പൊളിഞ്ഞ  ഭിത്തികള്‍ക്കിടയില്‍   നിന്നും
 ഗൌളികള്‍  ശബ്ദിച്ചു...
 ശുഭം... അശുഭം ....

 വീടെവിടെയെന്നറിയില്ലിപ്പോള്‍ .
 ഒന്നിളവേല്‍ക്കാന്‍ .
 കറ കറ ശബ്ദം കാതിലുണ്ട്.
 ജലദോഷം പിടിച്ചൊരു വീടുണ്ട്.
 അതിര് ചാഞ്ഞിടത്തൊരു കോളാമ്പി ചെടിയുണ്ട്.
 പൊളിഞ്ഞ വേലിക്കരുകില്‍ അരിപ്പൂകാടുകളുണ്ട്.
 മുളങ്കോല്‍ മാറ്റി മുറ്റം കടക്കുമ്പോള്‍
 നന്ത്യാര്‍വട്ടമുണ്ട് , ചെമ്പനീര്‍ ഉണ്ട്...
 ഇനിയെന്റെ വീടിനൊരടയാളമില്ല ..

 വീടകങ്ങള്‍ എനിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്
 മതിയാക്കിയോ ആവോ..
 ഇത് രാത്രിയുടെ അന്ത്യയാമം .
 ഒരു കരച്ചില്‍....
 എന്റെ വീടിന്റെ കരച്ചില്‍ ആണോ!!!
 എന്റെ വീട്..... എന്റെ വീട്....