സഹയാത്രികര്‍

Thursday, September 30, 2010

അഭിവാദ്യങ്ങള്‍

അതിര്‍ത്തികള്‍ ഭേദിക്കുന്നു
-----------------------------
മുള്ള് വേലിയ്ക്കപ്പുറം
അതിര്‍ത്തിയിടാത്ത
ഒരു നദിയുണ്ട്.
നിന്നില്‍ നിന്ന് എന്നിലേക്ക്‌
ഒഴുകിയെത്തുന്നത് .
ഇന്നന്നെ കൂച്ച് വിലങ്ങണിയിച്ച
നിന്നോടുള്ള
എന്റെ ദാഹത്തിന്
ഒരിയ്കലും അത് മതിയാവുന്നില്ലല്ലോ !


മിടുക്ക്
------
ആരുടെ മിടുക്കായാലും
സഹോദരാ ,
നീയകറ്റപ്പെട്ടെന്ന
യാഥാര്‍ത്ഥ്യം മാത്രം
എന്നോടെന്നും കളവുകള്‍ പറയുന്നു.

എന്നാലും
ഗോതമ്പ് മണമുള്ള
നിന്റെ കാറ്റിന്
പിഴയടക്കാതെ ,
വിസയില്ലാതെ
എന്നിലൂടെ നിര്‍ഭയം സഞ്ചരിക്കാം .

Wednesday, September 29, 2010

എഴുതാത്ത വിധി

ഏതൊരു വിധിയ്ക്കാണ്
ഇനി കാത്തിരിക്കേണ്ടത്?
നൂറ്റാണ്ടുകള്‍ക്കു മുന്‍പേ
വിധിച്ചതാണ് .
ഇപ്പോള്‍ പുതിയൊരു
വിധിക്കും മുന്‍പേ
പ്രതിവിധി അറിയാതെ
ഉഴറുകയാണ് ഞങ്ങള്‍ .

Saturday, September 25, 2010

ഔപാസനം

ഒരു തിരി തെളിയുന്നു.
രണ്ടാത്മാക്കളുടെ
അന്തരാളത്തിന്റെ
കെടാത്ത തീ.

കര്‍മ്മങ്ങള്‍ക്കൊടുവില്‍
അന്ത്യയാത്രയില്‍
കൂട്ടായ് വരേണ്ടത്.

ഉലയാത്ത നാളവും
ഉണ്മ തേടുന്ന ജീവിതങ്ങളും
കെടാത്ത നാളത്തിന്റെ
വിശപ്പിന്റെ അവസാനത്തെ രുചി .

എരിഞ്ഞു തീരുന്ന ചിതാഗ്നിയോടൊപ്പം
കൂടെ കരുതിയ നെഞ്ചിലെ തീയും.

പ്രാര്‍ത്ഥനയാണ്
അവസാനം വരെ.
ദു:ഖങ്ങള്‍ക്ക് മേല്‍
അടയിരിക്കുന്ന ,
കര്‍മ്മങ്ങള്‍ക്ക് അന്ത്യവിധിയാകുന്ന,
പാപങ്ങള്‍ക്ക്‌ നീരൊഴുക്കാവുന്ന,
ജലസമാധിയില്‍ മുങ്ങിയമരുന്ന,
മോക്ഷ വഴികളിലേയ്ക്കുള്ള
അവസാന പടികളിലെ
വിഘ്നമില്ലാത്ത കാത്തുനില്‍പ്പിന് ....
അതിനു മാത്രം.

Sunday, September 19, 2010

ഉജ്വല കവിത

അക്ഷര ശ്ലോകങ്ങളെഴുതി നിറയ്ക്കുന്നു
തല്‍ക്ഷണമിവിടെയിവര്‍ മിടുക്കന്മാര്‍ മിടുക്കികളും
ഉഷ്ണിച്ചിട്ടോ ഞാനുമെഴുതിയിടട്ടെയിവിടെ
കഷ്ണം കഷ്ണമായ് വാക്കുകളമ്പൊത്തൊന്നക്ഷരങ്ങള്‍......