സഹയാത്രികര്‍

Friday, May 28, 2010

വീണ്ടും ജനിക്കാന്‍ മോഹം


എന്റെതാം അഹങ്കാരത്തിന്‍
നൂലിഴകളില്‍ കുടുങ്ങിയ ഒരു ഉറുമ്പ് ആണ് ഞാന്‍ ...
പിടഞ്ഞു വീഴുമ്പോഴും കുരുക്കുകള്‍ മുറുകുന്നു ........

ഒരു സാമ്രാജ്യത്തിന്‍ തകരലില്‍
എന്റെതാം ചെയ്തികള്‍?

പിടയുന്ന രൂപങ്ങള്‍ ....
ശ്വാസ നാളങ്ങളില്‍ നിശ്വാസത്തിന്‍
കുറുകല്‍ ,
ഒരു വിരല്‍ തുമ്പിന്‍
നൂലിഴ സ്പര്‍ശം ബാക്കിയാവുന്നു ...

അറിയുന്നീലോന്നും .
കുളിരോലും കൊച്ചു വളകള്‍ തന്‍ കിലുക്കം ,
നടുവിരലില്‍ പതിഞ്ഞ അണിയാത്ത
കുങ്കുമം,
ദൂരെയാം ഗ്രാമത്തില്‍ ,
ഓര്‍ത്തോര്‍ത്ത് ചിണുങ്ങും മഴയില്‍,
കൂരയില്‍ , ഒരന്തിതിരി വെട്ടത്തില്‍
നിഴല്‍രൂപമായ് നാട്ടുവഴിയില്‍
പടര്‍ന്നലിഞ്ഞു ഞാന്‍ ,
ഒരു വയര്‍ തേങ്ങി,
പിറവിയില്‍ ഒതുങ്ങുന്ന ഒരു വിലാപം ....

നാട്ടുവഴികള്‍ കത്തിയമര്‍ന്നു.
പിടിക്കപെടാത്ത തെറ്റുകള്‍ ബാക്കിയാവുന്നു .
ഇന്നും...
ശിക്ഷകളുടെ കാലവര്‍ഷ കാറ്റില്‍
പൊന്നിന്‍ തിളക്കം അറിയുന്നു ഞാന്‍ .

വീണ്ടും ഒരു പകല്‍ ..
തെളിഞ്ഞു ഉണരും വിചിന്തനങ്ങള്‍ .
പക്ഷെ.
തിരിച്ചു പിടിക്കാന്‍
ബാക്കിയെന്ത്‌ ?
കാണാപൊന്ന് തേടി പോയ
ഗുഹാ തീരങ്ങള്‍ ....!!!
മഞ്ഞിലലിഞ്ഞ കനല്‍ വഴികള്‍ ..!!
കാനനങ്ങളിലെ ഇരുള്‍ ,
വഴിയോരങ്ങളിലെ
വിറങ്ങലിച്ച ജീവിതങ്ങള്‍ ,
ഒരു കാറ്റു വീശുന്നു .
ഈ തുലാവര്‍ഷ കാറ്റില്‍
ഞാനലിയുന്നു. അലിഞ്ഞലിഞ്ഞ് ..
വീണ്ടും .. ജനിക്കാന്‍ .

Wednesday, May 26, 2010

അവസാനം സൌഹൃദവേദിയില്‍ സംഭവിക്കുന്നത്‌


ലക്‌ഷ്യം
-------
പുറംവേലി പൊളിച്ചകത്ത്
കടന്നവനും ,
ഹൃദയഭിത്തി തകര്‍ത്തകത്ത്
കടന്നവള്‍ക്കും
ലക്‌ഷ്യം ഒന്നായിരുന്നു.
ഉന്മൂലനം.

സംഘബലം
----------

കടുത്ത നിയമങ്ങളും
അയഞ്ഞ സമീപനവും
ചേരുമ്പോള്‍
ഒരുവശത്തേക്ക്‌ വീര്‍ക്കുന്ന
ബലൂണ്‍ പോലെയാവും
സംഘബലം .
ഒരു സൂചിമുനയ്ക്ക്.......

തൂവലുകള്‍ കൊഴിയുമ്പോള്‍
----------------------
ഓരോ തൂവലുകള്‍ കൊഴിയുമ്പോഴും
പുതിയവ പൊട്ടിമുളക്കുന്നു .
പഴയവയുടെ സൌകുമാര്യം
ആരും വാഴ്ത്തിപാടാറില്ല.
അവരിരുന്നയിടം കിളയ്കുകയാണ്....

Sunday, May 23, 2010

എഴുത്തിലെ സഞ്ചാരം


എഴുത്തിന്റെ സഞ്ചാര പഥങ്ങളില്‍
ദിക്കുകള്‍ കാണാതെയലയുന്ന
രാത്രിഞ്ചരന്മാര്‍ .
മഷി പരന്ന വികലമായ മനസ്സുകള്‍.
മതേതരത്വത്തിന്റെ
പ്ലേകാര്‍ഡുകളില്‍
മുഖമൊളിപ്പിച്ച്,
അയല്‍ക്കാരന്റെ
രഹസ്യങ്ങളില്‍
ചിലന്തിയെപ്പോലെയവന്‍
ഇഴയുന്നു.
സഞ്ചാരപഥങ്ങള്‍ മങ്ങുന്നു.
കാഴ്ചകള്‍ എരിപൊരികൊള്ളുമ്പോള്‍
മുഖം തിരിച്ച് മടങ്ങി
ജാലകങ്ങള്‍ കൊട്ടിയടച്ചുറങ്ങുന്നു .
ഒരു ചോദ്യത്തിന്
മറുചോദ്യം ഉത്തരം .
മഷിയുണങ്ങിയ പേനകള്‍ കാട്ടി
നിര്‍വ്വികാരനായ്
കുറ്റസമ്മതം നടത്തുന്നു.
പോയ കാലങ്ങളെ
വഴി മറന്നുപോയ
സ്വപ്ന ഗൃഹം പോലെ
വൃഥാ പരതികൊണ്ടിരിക്കുന്നു.
കലക്ക വെള്ളത്തില്‍
പ്രതിബിംബം നോക്കിയും,
കാട്ടുപന്നികളുടെ
കുതിപ്പുപോല്‍
തട്ടകം കിളച്ചു മറിച്ചും,
രാത്രികളിലൂടെ
ഊളിയിട്ട്
പ്രഭാതസവാരിക്കിറങ്ങുന്നു.
ഇന്നിന്റെ കൂലിയെഴുത്തുകാര്‍...

Saturday, May 22, 2010

അന്ധനായ്‌ ഞാന്‍


പ്രാകൃതനാകുന്നുണ്ട് ഞാന്‍ .
ആകൃതിയില്‍ തന്നെ
ചെറുതാകുന്നത് പോലെ ..
ഏറെ ഇഷ്ടപെട്ടവരുടെ
ചെറുവാചകങ്ങള്‍ക്ക് പോലും
ചെവികൊടുക്കാതെ മാന്യനാവുന്നത്.
എന്നെ കീഴ്പെടുത്തിയ വാചകങ്ങള്‍ക്കും ,
എന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച കാഴ്ചകള്‍ക്കും ,
നടുവില്‍
എന്നെ വിരല്‍ കാണിച്ചു നടത്തിയിരുന്ന
സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തിയുടെ
നിഴല്‍ വീണ വഴികളില്‍
ഇന്നും അന്ധനായി തന്നെ.....

Thursday, May 20, 2010

അരക്കവിതകള്‍


ഒതുക്കുകല്ലുകള്‍
----------------
ചവിട്ടടികളിലെ താളം
ചിലപ്പോള്‍ രൌദ്രം
ചിലപ്പോള്‍ സൌമ്യം ..
മഴപ്പെയ്ത്തു കഴിഞ്ഞ സന്ധ്യയില്‍
പതിഞ്ഞ കാലൊച്ചയില്‍
ആരോ വിറപൂണ്ടിറങ്ങിപ്പോയി ..
പിന്നാലെ എന്‍റെ നനവിലേക്ക്
ചൂടുള്ള അശ്രുകണങ്ങള്‍
മഴയോടൊപ്പം മത്സരിച്ചു പെയ്തു ...

അടുക്കളയില്‍ നിന്ന്
-------------------
അരങ്ങത്തേക്ക് വന്നവള്‍
ഇന്നടുക്കളയില്‍ .
അടുക്കളയില്‍ പുക വിഴുങ്ങിയവള്‍
ഇന്നമരത്തും...
ചിലത് കെട്ട് ചീഞ്ഞും പോയി...

ഞാന്‍ നിന്നിലേക്ക്‌
------------------
നീ എന്നിലേക്ക്‌ പ്രവഹിച്ച നാള്‍
ഞാനൊരഗ്നിപര്‍വ്വതലാവയായിരുന്നു .
ഇന്നു ഞാന്‍ തണുത്തുറഞ്ഞൊരു ശിലാഖണ്ഡം .
നീയെന്നില്‍ തഴുകുന്നൊരു കാട്ടരുവിയും...

Wednesday, May 12, 2010

കവി വാക്യം


കവി പറയുന്നു
കഴുത്തിനു ഊഞ്ഞാലാടാന്‍
കിണറ്റിന്‍ കരയിലെ കയര്‍
ഞാന്‍ മുറിക്കുന്നു.
കൂട്ടിച്ചേര്‍ക്കാതെ
പിന്തിരിഞ്ഞു നടന്നു പോയ
സത്യവും , സ്നേഹവും ,
എന്നോട് ചൊല്ലിയ പോലെ.
ഞാനും ഇനി തീര്‍ത്തും ഒരു അന്വേഷി ആവട്ടെ.

അസ്വസ്ഥത


പിറവിയില്‍ തുടങ്ങി
മറവിയില്‍ അമരുന്ന
വ്യാകുലതകളും, വിലാപങ്ങളും.

മറവിയില്‍ ഒടുങ്ങിപ്പോയ
വാക്കുകളുടെ അഗ്നിസ്ഫുലിംഗങ്ങള്‍
വേരറുത്തു മാറ്റിയ
ബോണ്‍സായി മരത്തിന്റെ
ജീവതടസ്സം ഓര്‍മ്മിപ്പിക്കുന്നു.

കാഴ്ച്ചയുടെ തുറന്ന വിതാനങ്ങളില്‍ ,
അമര്‍ത്തിപിടിച്ച വായുവേഗങ്ങളില്‍,
പിറവിയിലും, യാത്രകളിലും
വിടാതെ പിന്തുടരുന്ന ,
എന്നെ വിരല്‍ ചൂണ്ടി നടത്തുന്ന
നിഴല്‍ സഞ്ചാരി.

അവന്‍റെ ജീവ ശ്വാസം ഏറ്റു
തണുക്കുന്നു എന്‍റെ ഉടല്‍,മനം...

ഒരു പിന്തിരിഞ്ഞു നോട്ടത്തില്‍ ,
നിഴല്‍ മറഞ്ഞ നേരത്തില്‍ ,
കൂട്ടിനായ് വീണ്ടും വന്നുചേര്‍ന്നു
വ്യാകുലതകളും, വിലാപങ്ങളും.

Wednesday, May 5, 2010

പറയാതിരുന്നത് .. പറയേണ്ടതും..


പറയേണ്ടത് പറയാതെ പോകുമ്പോഴാണ് ,
വാക്കുകളുടെ ചിലമ്പല്‍ ഉള്ളില്‍ പിടഞ്ഞുതീരുമ്പോഴാണ് ,
ഗ്രഹിക്കപെടാതെ പോയ പ്രവര്‍ത്തികളുടെ
മൂല്ല്യം നമ്മെ പിന്തുടരുന്നത്.

മുനയൊടിഞ്ഞ കത്തിയുമായി ആദ്യം
തറവാട് കുളംതോണ്ടാനിറങ്ങിത്തിരിച്ചത്
പഴംകഥയിലെ പടുകിഴവന്‍ .
കാവല്‍ക്കാരില്ലാത്ത അതിര്‍ത്തികളില്‍
നൂണ്ടുകയറ്റം.
അല്ലെങ്കില്‍ വേദപുസ്തകത്തിലൂടെയെങ്കിലും.
കാരണം അവിടം പിശാച് കാവലാളാണല്ലോ ..

കര്‍ത്തവ്യത്തിന്റെ ലേബല്‍ ഒട്ടിച്ച
ചലിക്കുന്ന വിഷ സസ്യങ്ങള്‍ .
നരകത്തില്‍ നിന്നും പറിച്ചു നടപ്പെട്ടത്.
കറുക നാമ്പിന്റെ നാട്ടുപച്ചയിലേക്കുള്ള
കടന്നുകയറ്റം .

ശിക്ഷകള്‍ ചിറക് അരിയാത്ത
തുടര്‍പ്രവര്‍ത്തികളില്‍ ,
വേപഥു പൂണ്ടു കരയുന്നവര്‍ക്ക് നേരെ
കോടാലികള്‍ വീണ്ടുമുയര്‍ന്നേക്കാം .
ഇവരിനി
പ്രധിരോധത്തിന്റെ ഏതിടം വരെ പോകേണ്ടിവരും?