സഹയാത്രികര്‍

Wednesday, November 25, 2009

സുഹൃത്തിനോടും ....


ഉച്ചയുടെ കൊടുംചൂടില്‍
വിയര്‍ത്തൊലിച്ചു കടന്നു വന്നവന്‍ .
വരണ്ട മുഖം പറഞ്ഞതും ,
വിറയ്ക്കുന്ന നനഞ്ഞ കൈകള്‍
മുടിയിഴകളിലുഴറി നടന്നതും ,
അലസമായ മൌനം കൊണ്ട്
ഞാന്‍ മറച്ചു കളഞ്ഞു.
വളരെമുന്‍പേ ,
കളിവഞ്ചികള്‍
മുക്കികളഞ്ഞ്
പളുങ്ക് കൊട്ടാരത്തില്‍
സുഖവാസത്തിലായിരുന്നു ഞാന്‍ .
സുഹൃത്തിന്റെ മുറിവായില്‍
വാക്കുകള്‍ പിടഞ്ഞുണര്‍ന്നു .
കോട്ടുവായിട്ടു , കളിയാക്കി,
ഈച്ചയാട്ടി, ഇമകളടച്ചൂ ഞാന്‍ .
തുടരുന്ന പരിദേവനങ്ങള്‍ക്കൊടുവില്‍
യാത്രപറച്ചില്‍ കഴിഞ്ഞിരുന്നു.
പടിവാതില്‍ ചാരിയമര്‍ന്നു.
നെടുനിശ്വാസത്തോടെ
ചാരുകസേരയില്‍ ഞാന്‍ .
" ഗുരുവായൂരപ്പാ രക്ഷിക്കണേ "

Wednesday, November 18, 2009

യാത്രാവസാനം

വേരുകള്‍ തേടുന്ന പാഴ്മരം പോല്‍
ഒരു പ്രണയജന്മത്തിന്റെ
അസ്തമനതീരത്തില്‍ നമ്മള്‍.
പഴുത്തിലകള്‍ ഭൂമിയോട് ചൊല്ലിയ
പഴങ്കഥകളില്‍
ഭൂമിയുടെ നെഞ്ചകം തുടിച്ചു.
തരിശു നിലങ്ങളിലെ
ഊഷ്മാവിന്റെ അലകള്‍
നിന്റെ കണ്‍കളില്‍ .
അസ്തമന സൂര്യന്റെ വാടിയ നിറങ്ങളില്‍
പ്രണയ നിരാസത്തിന്റെ
ക്ഷതമേറ്റ ചുവപ്പ് .
മൌനത്തിന്റെ അനന്തവിഹായസ്സില്‍
കൊഴിഞ്ഞു വീഴുന്ന
മയില്‍പീലികള്‍
വിരഹതാളം സൃഷ്ടിക്കുന്നു .
ഒരു മനുഷ്യ ജന്മത്തിന്റെ
എല്ലാ തീക്ഷ്ണതകളും
ഏറ്റുവാങ്ങി,
മടക്കയാത്രയില്‍
ഒരേ താളമായ്..
ഒരേ മന്ത്രമായ്..
പ്രപഞ്ചഹൃദയത്തിലേക്ക്
ഊളിയിട്ടിറങ്ങട്ടെ .Friday, November 6, 2009

വന്ദേമാതരം


കുടിവെള്ളത്തില്‍
കീടങ്ങളെന്ന് ചിലര്‍.
പ്രാണവായുവില്‍
വിശുദ്ധ പ്രണയത്തിന്‍
അശുദ്ധിയെന്നാരോ ..
നടക്കും വഴികളില്‍
മടക്കാത്ത വിഷപ്പത്തിയുമായ്
അവനും..
വിയര്‍ക്കും ശനിനേരങ്ങളില്‍
കയര്‍ക്കും നിഴലിനോടും .
മറക്കും അകക്കണ്ണ് കാണാതെ
പുറപ്പെട്ടു പോയവരെയും .
തകര്‍ക്കും സ്വഗൃഹങ്ങള്‍ ,
വിലക്കും സ്വാതന്ത്ര്യ ഗീതങ്ങളെ ,
കുടത്തിന്നുള്ളിലൊളിപ്പിക്കും
ഉദിക്കും സൂര്യനെയും..