സഹയാത്രികര്‍

Wednesday, June 10, 2009

മുഖം നഷ്ടപെട്ടവര്‍

നട്ടുച്ച നേരങ്ങളില്‍
മരിച്ചവര്‍
എന്നോട് സംസാരിച്ചിരുന്നു.
പലപ്പോഴും.
അവസാനം വന്ന പെണ്‍കുട്ടി പറഞ്ഞു :
"എന്നെ വിസ്മൃതിയുടെ കവാടം
കടക്കാന്‍ അനുവദിക്കരുതേ .
ഞാനശക്തയാണ് ..
എനിക്ക് കാല്‍കളില്ല ..
കൈകളില്ല .."
തേങ്ങി പറഞ്ഞ അവള്‍ക്ക്
മണ്ണെണ്ണയുടെ ഗന്ധമായിരുന്നു .

വൃദ്ധയായ സ്ത്രീ പറഞ്ഞത് :
" നീ വേദനിക്കാതിരിക്കാന്‍
വേദന വിഴുങ്ങിയവള്‍ ഞാന്‍ "
വിതുമ്പി പറഞ്ഞ അവര്‍ക്ക്
കൊട്ടന്‍ചുക്കാദിയുടെ ഗന്ധമായിരുന്നു .

പതുങ്ങി വന്ന വൃദ്ധന്‍ പറഞ്ഞത് :
" വറ്റി തീരാത്ത
ഉരുക്കിയൊഴിച്ച
ഞാനെന്ന ലാവയില്‍
എന്തിനെന്നറിയാതെ ..."
മാപ്പിരക്കുന്ന കണ്ണുകളോടെ
കഞ്ചാവിന്റെ മണം നിറച്ച്‌ അയാളും...

ഇടയ്ക്കു കയറി വന്ന
ചെറുപ്പക്കാരന്‍ ഒരിക്കല്‍ പോലും
തല താഴ്ത്തിയിരുന്നില്ല .
" വേഗതയുടെ അളവുകോല്‍ ഞാന്‍.
ഏത് കിനാക്കളും എന്റെ കാല്‍കീഴില്‍.
പൊടിഞ്ഞമരുന്ന കാലങ്ങളില്‍ ,
തീച്ചുണ്ട് ചുംബിക്കുന്ന
അനിയന്ത്രിതമായ ശരവേഗം ഞാന്‍ .
എനിക്ക് മേല്‍ ഞാന്‍ മാത്രം ."
അവന്‍ മറയുമ്പോള്‍
ആദ്യമായ്‌ ഗര്‍വിന്റെ മണം എനിക്കനുഭവപ്പെട്ടു .
പക്ഷെ എന്നാലും ..
ചെറുപ്പക്കാരനോട്‌ മാത്രം
ഞാന്‍ പൊരുത്തപ്പെട്ടുപോയിരുന്നു .
കാരണം
അവനു എന്റെ ഛായയായിരുന്നു .

Tuesday, June 9, 2009

വിട പറയുന്നു ഞാന്‍...

കൊച്ചീ നഗരമേ ഇനി വിട,
എന്റെയീ ജീവിത ചരിത്രത്തില്‍
വഴിത്തിരിവില്‍ ,പകര്‍ന്നു പോകുന്നു
ഞാനെന്‍ ആത്മ നൊമ്പര ചാറുകള്‍..

ദൂരെയായ് കായല്‍ ചാലില്‍ കപ്പലിന്‍
ഹുങ്കാരം, ഓളപരപ്പില്‍ ഊളിയിട്ടിറങ്ങി
പൊങ്ങിയെന്നെ പുല്കുമീയിളം കാറ്റും...
വയ്യെനിക്കൊര്‍ക്കുവാനോന്നും .....

ഒരു പൂക്കാലം നീയെനിക്കെകിയോരിക്കല്‍ ,
പൂവട്ടക തന്നെ നീ തട്ടിപറിച്ചു.....
തേരേറ്റി കൊണ്ടുപോയ് നീയൊരിക്കല്‍,
തേര്‍ചക്രം തന്നെ നീ ഊരിയെറിഞ്ഞു..

വഴുക്കലില്‍ തെന്നിവീഴാതെ ,
ഇരുളിന്‍ മറ പറ്റി നടക്കാതെ ,
പുറകിലായ് ഒരു മുഖവും
ഒരു പിന്‍വിളിക്കിട നല്‍കാതെ ...
നടന്നു നീങ്ങുന്നു.. ഞാന്‍....

ദൂരെയായ് , ഈ ത്രിസന്ധ്യ തന്‍ മാറില്‍
ചാഞ്ഞോരാ ഗ്രാമ സൌന്ദര്യം
പിന്നിലായ് വിളിച്ചോതുന്നു..
തിരികെ വരുക നീ.. തിരികെ വരുക..