സഹയാത്രികര്‍

Monday, August 22, 2011

ഒരുമ

അവനും അവളും അവരും
------------------------------------
ഒന്നിനോടൊന്നു ചേരാത്തത് നീ മാത്രം .
ഒന്നിലും ഉറച്ചു നില്‍ക്കാത്തത് നീ മാത്രം .
ഒന്നില്‍ പിണങ്ങി മറയുന്നത് ,
ഒന്നില്‍ തലമറന്നെണ്ണ തേക്കുന്നത് ,
ഒന്നായി മാറാത്തത് ,
ഒന്നെന്നെണ്ണി മൌനിയാവുന്നത്,
ഒന്നിലെന്നെ അകറ്റുന്നത് ....

ഇവനും ഇവളും ഇവരും
-----------------------------------

ഒന്നെനിക്കേകി പിന്മാറുന്നതും,
ഒന്നെന്നോതി പുണരുന്നതും ,
ഒന്നായ് മറന്നോഴുകുന്നതും
ഒന്നിനെ തേടി നിര്‍വൃതി കൊള്ളുന്നതും
ഒന്നില്‍ നിറഞ്ഞു നില്‍ക്കുന്നതും ...

അനുഭവത്തിന്റെ മുഖമുദ്രകളില്‍
നിദ്രയില്‍ പോലും നടുക്കുന്നതും ,
തഴുകുന്നതുമായവ.........Wednesday, August 17, 2011

ആഗോളംഒരു നിലവിളക്കും ഞാനൂതിക്കെടുത്തില്ല ..
ഒരു കൊടിമരവും ഞാന്‍ അശുദ്ധിയാക്കില്ല..
ഒരു ശ്രീകോവിലിലെ ബിംബത്തിന്റെ മുന്‍പിലും
ഞാന്‍ നെഞ്ച് വിരിച്ചു നില്‍ക്കില്ല..
ഒരു തുളസീ ദളവും എന്റെ കാല്‍ക്കീഴില്‍
അരഞ്ഞുപോവില്ല ..
ഒരു ബലിക്കല്ലും മറികടന്നു ഞാന്‍ പോകില്ല ..
എന്നിട്ടും
വിശന്ന മനുഷ്യന്റെ മുന്‍പില്‍
ഇതെല്ലാം നിഷ്പ്രഭം എന്ന്
ആരാണെന്നെ മനസ്സിലാക്കിത്തന്നത് ..?

Sunday, August 14, 2011

അരാജകവാദിഉള്ളത് ഇല്ലാതാക്കിയവന്‍,
ഇല്ലാത്തതിനെ തേടിയവന്‍ ,
സ്ത്രീലിംഗമില്ലാത്ത ജാതി,
സ്ത്രീപീഡനത്തിന്നുത്തരവാദി .

കുടുംബചിന്തയില്ലാത്തവന്‍
തെരുവ് കുടുംബമാക്കിയവന്‍
മലിനതയില്‍ മേയ്ക്കിട്ടു കയറിയവന്‍
മലിനത ഭൂഷണമാക്കിയവന്‍ .

ലഹരിയിലുന്മത്തനായവന്‍
തന്നെത്തന്നെമെത്തയാക്കിയുറങ്ങി
യോന്‍
കാരുണ്യലവലേശമില്ലാത്തോന്‍
ഒരുണ്ണിയെ പോറ്റാന്‍ കെല്പ്പില്ലാത്തോന്‍
------------------------------
​--------
നിന്നെ പറ്റി പറഞ്ഞു തീരില്ല .
ശാപം നേടിയ
ജന്മങ്ങള്‍ക്കിടയില്‍
ഒറ്റയാന്‍ ആയി അലയാന്‍
നിന്റെ വിധി .

Sunday, August 7, 2011

തീരങ്ങളില്‍ അലയടിക്കുന്നത്
എന്താണെന്നറിയില്ല

എന്റെ അകക്കാമ്പിലെ
മധുരം ചുരണ്ടുന്ന നീ
എന്തിനെന്റെയെല്ലില്‍ വരെ
പോറലേല്‍പ്പിക്കുന്നെന്ന്!!

മജ്ജയിലൂടൊരു തീനാളം

കടന്നു പോവുമ്പോഴാണ്
നിന്റെ ചതി ഞാനറിയുന്നത് !!

നിര്‍വ്വികാരമായ

നിന്റെ മൌനം .
എന്നെ കടിച്ചുകീറി
നീ ഉപ്പുരസത്തോടെ
നുണയുന്നത്
എന്റെ വാചാലതയെയാണ് !!

എന്റെ വാക്കുകള്‍ക്ക്

നീ തടയിടുമ്പോള്‍
പുലരിയിലെ
കുഞ്ഞു സൂര്യനെയാണ്
കെടുത്തി കളയുന്നത് !!

രാത്രിനേരങ്ങളില്‍

നീ നിഴലുകളായ്
പതുങ്ങുമ്പോള്‍
എന്റെയുണര്‍വിനെയാണ്
മയക്കഗുളികകളില്‍
തളര്‍ത്തി വിടുന്നത് !!

മയക്കത്തിന്റെ

നാലകങ്ങളില്‍
തളച്ചിടുമ്പോള്‍
ആഘോഷങ്ങളുടെ
പെരുമ്പറകള്‍ മുഴങ്ങുന്നത്
അവ്യക്തമായറിയാം!!

അരുതെന്ന് പറയാനായ്

ഉയര്‍ത്തുന്ന കൈകളും
നീ വെട്ടിമാറ്റുന്നുവോ ?

തെരുവില്‍ നിന്നൊരു രൂപം

എന്നിലേയ്ക്ക് പടര്‍ന്നുകയറിയിരുന്നു
ഇന്നലെ ..
നിന്റെ മോഹത്തിന്റെ നെല്ലിപ്പടിയെനിക്കവന്‍
കാട്ടിത്തന്നു !!

നാളെ നിന്റെ വ്യാമോഹ

പെരും തുരങ്കത്തിന്റെ
അവസാനം
കാണാന്‍ പോവുന്നത്
കത്തുന്ന നിന്റെതെന്നു
നീയവകാശപ്പെടുന്ന
എന്റെ നെല്‍വയലുകളായിരിക്കും!!

ഇന്ന് ഞാനെന്റെ സ്വപ്നങ്ങളില്‍

ഒരു വയല്‍പ്പാട്ടിന്റെ
ഈണത്തില്‍ മയങ്ങുകയാണ് .
നിന്റെ എല്ലാ
കെട്ടുപാടുകളില്‍ നിന്നും
സ്വതന്ത്രനായിത്തന്നെ ....
എന്നെ ശല്ല്യം ചെയ്യരുതേ ...

Tuesday, August 2, 2011

തൊണ്ണൂറിലെ ഒരു വിവാഹ വീഡിയോ


ചലിക്കുന്ന ഇരുണ്ട ചിത്രങ്ങള്‍ .
മണ്‍മറഞ്ഞു പോയവരുടെ
അനുഗ്രഹാശിസ്സുകള്‍ .
വിറയ്ക്കുന്ന വലിയമ്മയുടെ
കറുത്ത വിരലുകള്‍ ,
അമ്മയുടെ മങ്ങിയ
മുഖത്തിന്റെ വിഷാദച്ഛവി .
വടക്കന്‍ കാറ്റില്‍ ഞെട്ടറ്റു
വീഴുന്ന ഒരു മന്ദാരപൂ..
ഗ്രാമാന്തരീക്ഷത്തിന്റെ
പഴയ അപൂര്‍വ ചാരുത.
പെയ്തു തീരാന്‍ അകം നൊന്ത്
കേണ് തപസ്സിരുന്ന
ചക്രവാളത്തിലെ തളര്‍ന്ന മേഘം.
കൊടുങ്കാറ്റടിച്ച ഇന്നിന്റെ അശാന്തിതീരങ്ങളിലേക്ക്
അന്ന് താലി ചാര്‍ത്തപ്പെട്ട
ഒരു നിര്‍ഭാഗ്യവതിയും..............