സഹയാത്രികര്‍

Friday, January 29, 2010

മൂന്നു കവിതകള്‍


രാത്രി സഞ്ചാരിയുടെ നിഴല്‍
-------------------------------------

നിഴലിനു പാകമായ വസ്ത്രം.
കറുപ്പിന്റെ പശിമയില്‍
ഇഴചേര്‍ന്ന ഒറ്റയുടുപ്പ്.
ആക്രോശിക്കുമ്പോള്‍ വായില്ല,
വീശിയടിക്കുമ്പോള്‍ കൈകളില്ല,
ഓടിയടുക്കുമ്പോള്‍ കാല്‍കളില്ല.
എന്നാലും
എന്നിലേക്ക്‌ താഴ്ത്തിയിറക്കുന്ന
കത്തിമുനക്ക് തിളക്കമുണ്ട് .
കര്‍മ്മകാണ്ഡം കഴിഞ്ഞു.
അവന്റെയും, എന്റെയും.

ഒറ്റയാന്‍
-----------
ചിന്നംവിളിച്ചലറുന്നോരുടല്‍ കാണാം
ഉന്നംതെറ്റാതിമകള്‍ കൊയ്യും കരുത്തറിയാം
തെന്നിതെറിച്ചമറും മനസ്സിന്‍ വിങ്ങലുകള്‍
മണ്ണിലിന്നിതാരറിവൂ സ്വയം ഹത്യകള്‍ .

ജാലക വിരികള്‍
----------------------
കാഴ്ച നഷ്ടപ്പെടുത്തികൊണ്ട് ,
വായു സഞ്ചാരം തടസ്സപ്പെടുത്തികൊണ്ട് ,
ജാലക വിരികള്‍ .
വകഞ്ഞു മാറ്റിയാല്‍
ഓര്‍മ്മകളുടെ തുലാവര്‍ഷം .
ഞാനാകെ നനയുകയാണ്‌ .
വിരികള്‍ താഴ്ത്തിക്കോട്ടേ ?

Friday, January 22, 2010

മഞ്ഞ ലോഹം സംസാരിക്കുമ്പോള്‍

ഒരു പ്രദര്‍ശന വസ്തുവിന്റെ
അസ്ഥിത്വം പേറുന്ന
യാഥാര്‍ത്യങ്ങള്‍ എന്നെ
കളങ്കപ്പെടുത്തിയിരിക്കുകയാണ് .
കാലങ്ങളായി തുടര്‍ന്ന്കൊണ്ടേയിരിക്കുന്നത് .
കണ്ണീരുപ്പു വീണു കറുത്ത
എന്റെ ഉടല്‍.
കണ്ണുള്ളവര്‍ കാണാത്തത്.
നിറം മങ്ങിയ
അല്ലെങ്കില്‍
കടുത്ത യാതനകള്‍ എനിക്ക്
ഇന്നും നിത്യ കാഴ്ചകളാണ് .
താലോലിക്കപ്പെടുമ്പോഴും,
ഭ്രാന്തമായ് എന്നേ വാരിപ്പുണരുമ്പോഴും
പൊട്ടിച്ചിരികള്‍ക്കിടയിലെ
പടര്‍ന്നുകയറുന്ന ദീനത
എനിക്ക് മാത്രമറിയാം.
രാഷ്ട്രങ്ങള്‍ നിധികുംഭമായ്
എന്നെ നിലനില്‍പ്പിന്റെ അടയാളമാക്കുന്നു .
കുടുംബങ്ങള്‍ പറിച്ചു ചീന്തിയ
സ്നേഹ രഹിത വിപ്ലവത്തിലും
എന്നെ മുന്നില്‍ നിര്‍ത്തുന്നു.
പടിയിറങ്ങുന്ന പെണ്‍കുട്ടികളുടെ മാനം
എന്നില്‍ തട്ടി പിടഞ്ഞു തീരുന്നു.
ഞാന്‍ തീര്‍ത്തുമൊരനാവശ്യ വസ്തുവാണെന്ന്
എന്നാണീ വിഡ്ഢികള്‍ മനസ്സിലാക്കുന്നത് ?
എന്നിലേല്‍ക്കുന്ന തീരാ കളങ്കങ്ങള്‍ ,
ശാപ വചനങ്ങള്‍ , എല്ലാം...
കണ്ണിയടര്‍ന്ന മനുഷ്യ ബന്ധം പോലെ
ചിതറി പടരുകയാണ്.
വീര്‍പ്പുമുട്ടലിന്റെ
അത്യുംഗശ്രുംഗങ്ങളില്‍ ഞാന്‍ .
പിടഞ്ഞുണരാത്ത മനുഷ്യ മനസ്സാക്ഷി കൂടുകളില്‍ നിന്ന്
ഇനി ഒരിക്കലും നീതി ലഭിക്കുകയില്ല .
മലിനയായിരിക്കുന്നു ഞാന്‍ .
ഭൂമിയുടെ ഉള്‍ച്ചൂട് ഇപ്പോഴും എനിക്കറിയാം.
രൂപമില്ലാത്ത ആ പ്രാകൃതനാളുകള്‍
മതിയെനിക്ക് .
എനിക്ക് തിരിച്ചുപോവണം.
മണ്ണിന്റെ ഊഷ്മളതയിലേക്ക് .
എന്റെ ലോകത്തേക്ക് .

Friday, January 15, 2010

കാമം ക്രോധം മോഹം


-1-
വെടികൊണ്ട ചെന്നായ പോലു-
ഴറിപാഞ്ഞു നടക്കുന്നു മനം .
ചുവന്ന നാക്കിന്‍ തുമ്പില്‍
രക്തത്തുള്ളികള്‍ , വളഞ്ഞ ദ്രുംഷ്ടങ്ങള്‍ .

മലര്‍ന്നു തൂങ്ങും തുറിച്ച കണ്ണില്‍
കലര്‍ന്നു ജഗത്തിന്‍ സര്‍വ്വ പാപങ്ങളും .
തളര്‍ന്നു വീഴും നേരമായല്ലോ
വിളര്‍ത്തു മയങ്ങും വിറച്ചോരുടലും .
-2-
പിന്നാമ്പുറത്തു മയങ്ങും മനസ്സും
മുന്നിലായ് തിളങ്ങും വജ്രായുധങ്ങളും ,
കോപ്പുകൂട്ടി പടക്കിറങ്ങുന്നു
രാത്രിഞ്ചരന്മാരിരുള്‍ഗുഹാജീവികള്‍ .

പടവെട്ടുന്നു സ്വയം നെഞ്ചിലാഴ്ത്തുന്നു ഖഡ്ഗം
വിരല്‍ താഴ്ത്തുന്നു കടുംനിറമുറിപ്പാടുകളില്‍ .
അത്യുഗ്രമാം വിറയലില്‍
ക്രോധാഗ്നി ജ്വാലയില്‍
എരിഞ്ഞമരുന്നു സ്വയം
പിടഞ്ഞു തീരുന്നു സ്വരവും.
-3-
വിളറും മൃഗതൃഷ്ണപോല്‍ പുളയും ,
വിരല്‍തുമ്പിനാലുഴറി പരതും,
നെഞ്ചകത്തില്‍ പിടഞ്ഞുണരും കിളി
മയങ്ങും ക്ഷണനേരങ്ങളില്‍ .

മലരും തേനൂറും സുഗന്ധപുഷ്പങ്ങള്‍
ചാന്ദ്ര രാവില്‍ തേടും പ്രണയ സന്ദേശങ്ങള്‍ .
കൊഴിയും വരണ്ട വിഷാദ പുഷ്പങ്ങ-
ളറിയുമിരുളിന്‍ തീരാകളങ്കങ്ങള്‍

Thursday, January 14, 2010

ഒളിവിലെ ലൈംഗികത


ഒളിവിലെ ലൈംഗികതയെപ്പറ്റി
കാമാത്തിപ്പുരയില്‍ നിന്നാരോ ...
ഉണ്ടിരിക്കുമ്പോള്‍ ഉള്‍വിളിയായോ
ചടഞ്ഞിരിക്കുമ്പോള്‍ പിടഞ്ഞുണര്‍ന്നോ
ഉയിര്‍ കൊണ്ടതാവാം .
അക്ഷരങ്ങള്‍ കലപില കൂട്ടി
അഗ്നിവളയങ്ങളായി.
അക്ഷരങ്ങളുടെ പിറകിലൊളിച്ചത്
സല്‍ക്കര്‍മങ്ങള്‍ അറിയാത്തവന്‍ .
വര്‍ഷാവര്‍ഷം വാക്കുകളുടെ ശേഖരം
തെമ്മാടിക്കുഴിയില്‍ നിക്ഷേപിക്കുന്നവന്‍ .
പുറകിലെ ശൂന്യതയും ,
മുന്നിലെ വന്യതയും
കണ്ടു ഭയന്നവന്‍ .
ആള്‍കൂട്ടത്തെ വിലയ്ക്ക് വാങ്ങാനാവില്ലല്ലോ !!
കാറ്റ് പറത്തിവിട്ട വാക്കുകളുടെ
വിഷധൂളികള്‍ ജോലി ലഘൂകരിക്കും .
പുരസ്കാരങ്ങള്‍ ഇനിയും വേണം.
ആശംസകള്‍ നിറയെ വേണം .
വരും കാലങ്ങളില്‍ എന്റെ മാവ് ആദ്യം പൂക്കണം .
ഞാനുമൊരു തേന്മാവാവണം .
അതിനിന്നേ തുടങ്ങണം.
ഇതിനൊക്കെ ഞാനെന്റെ
കര്‍മ്മങ്ങളിലെ സത്യസന്ധത
വിളിച്ചു പറഞ്ഞേ പറ്റൂ..
ഒളിവിലെ കര്‍മ്മഫലം ..