സഹയാത്രികര്‍

Friday, October 21, 2011

പ്രശാന്തി നിലയങ്ങള്‍അടഞ്ഞു കിടന്ന മന്ദിര കവാടത്തിനു നേരെ
അടിവെച്ചടിവെച്ച് ആരൊക്കെയോ!
തുറക്കാത്ത വാതിലുകള്‍ക്ക് മുന്‍പില്‍
മുട്ടിയുഴലുന്നോര്‍ .
വായില്‍ നിറഞ്ഞ കരിഞ്ചണ്ടി തുപ്പി
വറവ്മണങ്ങള്‍ തേടിയവര്‍.
കാറ്റത്തുലയുന്ന ജീവജഡങ്ങള്‍ .

പ്രശാന്തി നിലയത്തില്‍ മണി മുഴങ്ങി .

കാറ്റഴിച്ചുവിട്ടപോലെ അന്തേവാസികള്‍
പിറവിയെ പ്രാകിക്കൊണ്ട്‌ നീങ്ങി .
നീലമഷി ഞരമ്പുകളില്‍
ജീവന്‍ വിലാപയാത്രയിലെ പോല്‍
ചത്തുകിടന്നു .
മണി മുഴങ്ങുന്നതെന്നും
ഓരോര്‍മ്മപ്പെടുത്തലാണ്.

പക്ഷെ മണി മുഴങ്ങുന്നതാര്‍ക്ക് വേണ്ടി !!

Tuesday, October 18, 2011

തുമ്പിയുടെ ജഡംകാല്‍കീഴില്‍ അരഞ്ഞു പോവുന്നതിനു മുന്‍പ് തന്നെ

ഞാനാ ജഡം കണ്ടെത്തിയിരുന്നു.
ഒരു തുമ്പിയുടെ ജഡം .

ഫാനിന്റെ ഇളംകാറ്റില്‍ ഇളകുന്നത് ,

ആഹ്ലാദചിത്തരായ ഉറുമ്പുകളുടെ
ആനയിക്കലില്‍ ചലിക്കുന്നത്,
വെളുത്ത ഉടലും, ചിറകും ഉള്ളത് ...

ചിറകില്‍ തൂക്കി ജനല്‍ വഴിയോരേറ്,


വിരലറ്റത്ത് ചെറിയ തിളക്കം .


പൂവിന്റെ ഹൃദയവും ,

കാറ്റിന്റെ വേഗവും ,
ഇലയുടെ പച്ചയും,
ഏകാന്തതയുടെ ഉയിര്‍പ്പും ,
എന്നിലേക്ക്‌ സംക്രമിച്ചുകൊണ്ടിരിക്കുന്ന
ത്
ഞാന്‍ വ്യക്തമായ് അറിഞ്ഞുകൊണ്ടിരുന്നു...

Sunday, October 2, 2011

ഞാന്‍ എരിഞ്ഞടങ്ങുന്നുചിതയെരിയുന്നു
ഹൃദയാശംസകള്‍ നേരുന്നാരോ ..!!

ഒരു മാവിന്‍ ചിതയില്‍
എരിഞ്ഞടങ്ങുന്നു .
ഞാനും എന്റെ ചിന്തകളും
എന്റെ കലഹങ്ങളും ...

ഒരു നോവ്‌ എന്നിലെക്കെയ്തു വീഴുന്നു
ഒരമ്പ്.
മാവിന്‍ കൊമ്പിലതു പിടയുന്നു .
ജ്വാലകള്‍ ഉണരുന്നു.

ഏതൊരു നിശ്വാസം എന്നെ തേടി വരുന്നു .
മാപ്പിരക്കുന്നു.
ഒരു തീജ്വാലയിലതു മറയുന്നു.

ഒരു വിഷാദം എന്നിലേക്കമരുന്നു
ധൂമമായ് വിട്ടകലുന്നു.

നിന്റെ ഹൃദയത്തിന്‍ തണുപ്പായ്
തുള്ളി വീഴുന്നവസാനമായ്
ഒരു കുടത്തിന്‍ നീര്‍ത്തുള്ളികള്‍ ....

തൃപ്തനായ്‌ ഞാന്‍.

അക്ഷരങ്ങളേ നിങ്ങളും !!

അക്ഷരങ്ങളെയാണല്ലേ നീയിഷ്ടപ്പെട്ടത്‌ .
അതെപ്പോഴാണ്‌ ഞാന്‍ അറിഞ്ഞത്.

ഈ ഹൃദയവും , ശരീരവും
നിന്നെ ഉന്മത്തയാക്കിയില്ലെന്നോ .

നീ ചുരണ്ടിയെടുത്തതെന്റെയക്ഷരങ്ങളെ .
എനിക്കനുഭവപ്പെട്ടതെന്റെ
ഹൃദയത്തില്‍ .
ഒരു പോറലില്‍ ഒരായിരം വിലാപങ്ങള്‍ .

മടക്കയാത്രയില്‍
ഒതുക്കുകല്ലില്‍
ഇടറിവീണയെന്റെ
അക്ഷരത്തുണ്ട്
ഞാന്‍ കൊടുത്തുവിടുന്നു .
എന്റെ ശ്വാസം അതില്‍ പുരളാതിരിക്കാന്‍
ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.........