സഹയാത്രികര്‍

Friday, August 29, 2008

കാത്തിരിക്കുന്നത് ...

നാലുകെട്ടിന്റെ സ്ഥാനത്ത് ഇപ്പോള്‍
മുക്കുറ്റിചെടികളുടെ കാട്,
നടുക്കായ് ഒരരളിമരം
ഉണങ്ങിയ കായ്കള്‍ പൊട്ടിച്ചിതറാന്‍ വെമ്പുന്നു
...................................................
ചായ്പ്പിന്‍ കുളിര്‍മ്മയുള്ള നനവൂറും നിലം
പിറവിതന്‍ ഞരക്കങ്ങളറിഞ്ഞയിടം
ജീവന്റെ നാളങ്ങള്‍ പൂക്കുമിടം
ഗര്‍ഭഗൃഹം ...
ഒടുവിലായ് അമ്മ യാത്ര പറഞ്ഞയിടം
ഒരു നനുത്ത പുഞ്ചിരിയില്‍ജീവന്റെ
നാളം കരിഞ്ഞയിടം
മരണഗൃഹം
...........................
ബാല്യത്തിന്‍ തെക്കേ മച്ചില്‍
വസൂരിമാലകള്‍ പൊതിഞ്ഞ ശരീരം
അരണ്ട വെളിച്ചത്തില്‍
ജനലരുകില്‍ തനിച്ചിരുന്നയിടം
ഭവവതി കോമരങ്ങള്‍
അലറി വിളിച്ചപ്പോള്‍
മഞ്ഞള്‍പൊടിയാല്‍ എന്നെ കുളിപ്പിച്ചപ്പോള്‍
ആ വരണ്ട സന്ധ്യയിലലിഞ്ഞയിടം
...............................................
ഭഗവതിക്കാവിലെ വിളക്ക് തെളിഞ്ഞിരിക്കുന്നു ...
വീണ്ടും...
എന്റെ മനസ്സിലെ വിളക്കും
ഞാന്‍ ഇനി അണയാതെ കാക്കട്ടെ...
വിശുദ്ധിയുടെ നിലത്തെഴുത്ത് പോലെ ....
ഉണ്മയുടെ വിളനിലങ്ങള്‍ പോലെ...
വീണ്ടും ഒരു ജീവിതം കൂടി..

Sunday, August 17, 2008

മരണവും.... ജനനവും ..

എന്നില്‍
ഉയിര്‍ത്തെഴുന്നേറ്റവന്റെ രൂപം
എനിക്കൂഹിക്കാന്‍ കഴിയുന്നില്ല ..
ഓര്‍മ്മയുടെ അഗ്നിസ്ഫുലിംഗങ്ങളില്‍
നിന്നുതിര്‍ന്ന ചാരത്തില്‍
ഉയിര്‍കൊണ്ടവനാണോ?
കാത്തു കാത്തിരുന്നു
കൈയില്‍ കിട്ടിയ
വൈഡൂര്യ മുത്ത്‌ കൈക്കലാക്കാന്‍ വന്ന
കപട സന്ന്യാസി ,
എന്ന് നിന്നെ വിളിച്ചാല്‍ ...
ഇല്ലാ..
ഗൃഹാതുരത്വത്തില്‍ നിന്നും,
മാറാല വീണ മനസ്സുകളില്‍ നിന്നും
എന്നെ..
എന്റെ പഴയ ഓര്‍മ്മകളിലെ
ഇരുണ്ട കാടുകളിലെ
വിശാലതയിലേക്കാനയിക്കാന്‍ ....
അതും അല്ല....
പിന്നെ...
ചക്രായുധം നഷ്ടപ്പെട്ട് ,
കൈകാലുകള്‍ ചങ്ങലക്കിടപെട്ടു ,
തൊലി വിളറി വെളുത്ത,
വിഹ്വലനായ് ,
അര്‍ദ്ധ പ്രാണനായ് ,
ഭ്രാന്തനായ
ആ അമാനുഷനി‍ല്‍ .....
ഇപ്പോഴോര്‍ക്കാം ...
എല്ലാം..
ഇന്നലെ അങ്ങേ തെരുവിലെ രോദനങ്ങ‍ള്‍ ,
ഞരക്കങ്ങള്‍ ,
ചേതനയെ മരവിപ്പിച്ച ചേഷ്ടകള്‍ ,
അവര്‍ ,
ഈയാമ്പാറ്റകള്‍ ,
പല നിറങ്ങളായ്‌ മാറിയിരുന്നവര്‍
കനത്ത ആക്രോശങ്ങളോടെ ഏറ്റുമുട്ടി .
നിറങ്ങള്‍ കൂടികലര്‍ന്നു ഒരു നിറമായ്‌ മാറി .
ചോരയുടെ നിറം
അല്ല
ചുവപ്പെന്ന നിറം....
അവിടെ നിന്നായിരിക്കാം
അവന്റെ ജനനം .
അവിടെ വെച്ച് അവന്‍ എന്നില്‍
കുടിയേറിപാര്‍ത്തിരിക്കാം .....

കാളിയന്‍

മകനെ
നീ നിര്‍മ്മല ഹൃദയമുള്ളവനാണെന്നുള്ള
നിന്റെ വിചാരങ്ങള്‍ തിരുത്തുക ..
മാധുര്യമുള്ള നിന്റെ സ്വപ്ന നദിയില്‍
ഉഗ്ര വിഷമുള്ള കാളിയനെ
നീയെന്തിനൊളിപ്പിച്ചുവെച്ചു॥
മുകളിലെ ആ തെളിനീരോഴുക്കില്‍
ദാഹാര്‍ത്തരായവരും,
ഭഗ്നാശയുള്ളവരും,
ദാഹം തീര്‍ത്തു മടങ്ങവേ..
കുഴഞ്ഞു വീണു മരണത്തെ പുല്കവേ
നീയും കാളിയനും കൂടി
ഓര്‍ത്തോര്‍ത്തു ചിരിച്ചിരുന്നില്ലേ ?

Thursday, August 14, 2008

പപ്പേട്ടന് (പദ്മരാജന്)

ഏതൊരു ഗന്ധര്‍വ ലോകത്തില്‍ നീ പോയ് മറഞ്ഞു.
അനിവാര്യമാം തിരിച്ചു പോക്ക് ഇതോ?
വ്രണങ്ങള്‍ക്കുള്ളിലാഴും ചങ്ങലകള്‍ക്കുള്ളില്‍
പിടയും രോദനങ്ങള്‍ നീയറിഞ്ഞിരുന്നു.
കൂടോഴിപ്പിക്കും പിഞ്ചു ഹൃദയത്തിന്‍
ആത്മരോദനം നിന്നെയുലച്ചിരുന്നു.
നീല വിഹായസ്സില്‍ പറന്നിറങ്ങിയ
നവംബറിന്റെ നഷ്ടങ്ങള്‍ .
കൌതുകത്തില്‍ ,
ഓര്‍മ്മകളില്‍ ,
കൌമാരത്തിന്റെ കുതൂഹലങ്ങള്‍
ആയിരം മിന്നാമിനുങ്ങുകളെ നീ സൃഷ്ടിച്ചു ..
ഇവിടെ നീ ഗന്ധര്‍വ ലോകം പുനര്‍ സൃഷ്ടിച്ചു.മുന്തിരി വള്ളികള്‍
കായ്ച്ച നാളുകളില്‍
‍ഒരു കൊച്ചു പുതപ്പില്‍
യൌവനങ്ങള്‍ പുളകമണിഞ്ഞിരുന്നു.
നീ അവശേഷിപ്പിച്ചിട്ട ,
നിന്റെ കരസ്പര്‍ശമേറ്റവയോക്കെ
ഇന്നും തിളക്കം നഷ്ടപെടാതെ
ഇവിടെ ഉണ്ട്.
ഞങ്ങളെ പുളകിതരാക്കികൊണ്ട്.
ഒടുവില്‍ കാഴ്ച്ചയുടെ വെട്ടത്തില്‍
അലറുന്ന തിരമാലകളെ സാക്ഷിയാക്കി
ഒരു മിന്നല്‍ പിണര്‍ പോല്‍ നീ അസ്തമിച്ചു...
നട്ടുച്ചയില്‍ അസ്തമിച്ച ഒരു സൂര്യനെ പോല്‍
നീ എരിഞ്ഞടങ്ങി ..
ആകാശമാകെ കണിമലര്‍
ഒരുക്കിവെച്ച്‌ നീ പോയ്മറഞ്ഞു ..
ഈ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ സാഷ്ടാംഗ പ്രണാമം...

Thursday, August 7, 2008

ബോംബ് സംസ്കാരം...

കനലെരിയും ചിന്തകള്‍ പേറും
മാനവ വൈവിധ്യങ്ങള്‍
പകയില്‍ പകരും വിദ്വേഷത്തിന്ന-
ലമുറിയാ കൊടുംങ്കാറ്റുകള്‍

ആര്‍ക്കുമേല്‍ വര്‍ഷിക്കുമീ
കനല്‍ചാറലുകള്‍ ‍? ഇത് സ്വയം ഹത്യയോ?

ഒരു നേടലിലുന്മത്തനാം നരഭോജികള്‍
ഒരു തീപന്തമേറ്റി വരുന്നു
മുറിപ്പാടുകള്‍ തടവിയിരിക്കുമാ
ജനതക്കായ്‌ നേരെയെറിഞീടാന്‍ ...

എന്തിനീ ചെയ്തികള്‍ ?
പകയുടെ മാറാപ്പുകള്‍ പേറും
മണ്ണിന്‍ വൈരുധ്യങ്ങള്‍ ...

കാനനം കടന്നേറെ താണ്ടിയല്ലോ ...
വാനരന്‍ തന്‍ മാനസം മാറിയില്ലല്ലോ
പഴകിയൊരോര്‍മ്മകള്‍ കല്ലായുധങ്ങള്‍
മൂര്‍ച്ച കൂട്ടുന്നിപ്പോഴും...
ഇരകളെ പായിച്ചു, പായിച്ചു
കീഴ്പെടുത്തും, നഗ്നനാം
ആദിമ ജന്മം മുഖം പൂഴ്ത്തുന്നു മണ്ണില്‍ ‍..
ആ കല്ലായുധം കൊണ്ടെന്‍
നെഞ്ച് പിളര്‍ക്കുന്നിന്നും
മാറ്റങ്ങളുള്‍ക്കൊള്ളാത്തൊരാദിമ മനുഷ്യന്‍
ഊറ്റം കൊണ്ടേറെ പതയ്ക്കും പുതു ജന്മങ്ങള്‍ .....

ഇത്രമാത്രം ...

ഒടുവില്‍ നനഞ്ഞ പുല്‍പ്പരപ്പില്‍
‍ഞാന്‍ തനിച്ചാകവേ
വരാനിരിക്കുന്ന പൌര്‍ണമി രാത്രിയെ
ഓര്‍ത്തു ഞാന്‍
‍വെറുതെ .... വെറുതെ....
ആ രാത്രിയും എനിക്ക്
അമാവാസിയെപോലെയാണെങ്കിലും
ഒന്ന് കാത്തിരിക്കാന്‍ ഒരു മോഹം
അന്ന്, രാജകുമാരന്‍ ഓര്‍ത്തു ചിരിക്കും..
സൌവര്‍ണ്ണ പട്ടുടയാടകള്‍ ഞെരിഞ്ഞു താഴും..
മദ്യശാലകള്‍ ചുടുനിശ്വാസങ്ങളാല്‍
നിറയും..
സിഗരറ്റ് ചാരത്തി‍ല്‍ ,
ഒഴിഞ്ഞ കുപ്പികളില്‍ ,
പുതു സൂര്യന്‍ ചിരിക്കും .
നിതംബം കുലുക്കി മറയുന്ന വിദേശ വേശ്യ ,
താന്‍ പാട്ടിലാക്കിയ പുതു മടിശീലക്കാരന്റെ
വിഡ്ഢിച്ചിരി ഓര്‍ക്കും.
രാജകുമാരന്‍ അതിഥികളുടെ കൈ കുലുക്കി
ആശംസകള്‍ പറഞ്ഞു പിരിയും..
ഗുഡ് നൈറ്റ്.. ഗുഡ് നൈറ്റ്....
ഏറ്റവുമൊടുവില്‍
തെരുവില്‍ വിശന്നു കരഞ്ഞ
കുഞ്ഞിന്റെ ശബ്ദം അലയടിക്കും..
നനഞ്ഞ പുല്‍പ്പരപ്പില്‍ വീണ്ടും ഞാന്‍ തനിച്ചാവും .......

തളര്‍ന്നൊരീ ഞാനും.... ലോകവും...

ഉച്ചക്കീയുരുകിയ റോഡിലൂടായ്
നടന്നു നീങ്ങുമ്പോള്‍
കണ്ടു ഞാനാ പൊളിഞ്ഞു
തൂങ്ങുമാ
പീടികതന്‍ കോലായില്‍
കാലും നീട്ടിയിരിക്കുന്ന
വൃദ്ധനെ; എന്നും കാണുമീ രൂപ-
മെന്‍ മനസ്സിലൊരു
ശിലാ വിഗ്രഹം കണക്കെയായ് .
കത്തിതിളക്കുമാ
റോഡിലേക്കൊന്നുറ്റു നോക്കാന്‍ തുടങ്ങും;
പിന്നെയാകാശ വീഥിയില്‍
പാളി നോക്കാനൊരുങ്ങും ; ഏറ്റം തള-
ര്‍ന്നോരാ കണ്ണുകള്‍ക്കാവതില്ല
പ്രകൃതിയെയൊന്നുറ്റു നോക്കീടുവാ‍ന്‍ .
ഒടുവില്‍ പരാജയത്തോടെ ,
മുഖമൊന്നു മുട്ടുകള്‍ക്കുള്ളിലൊതുക്കി -
തളര്‍ന്നിരിക്കും .
ഇതുപോലെ ഞാനുമീ പ്രകൃതിയി-
ലാഴുന്ന നേരത്തും
ഒടുവില്‍ പരാജയമേറ്റ് വാങ്ങി-
ക്കൊണ്ടീ മുഖമെന്‍
മനസ്സിലൊളിപ്പിച്ചേ
നടക്കും; വിഷണ്ണനായ്; ദുഖിതനായ്
ഉറങ്ങാതിരിക്കും ഞാ‍ന്‍ ...