സഹയാത്രികര്‍

Friday, August 29, 2008

കാത്തിരിക്കുന്നത് ...

നാലുകെട്ടിന്റെ സ്ഥാനത്ത് ഇപ്പോള്‍
മുക്കുറ്റിചെടികളുടെ കാട്,
നടുക്കായ് ഒരരളിമരം
ഉണങ്ങിയ കായ്കള്‍ പൊട്ടിച്ചിതറാന്‍ വെമ്പുന്നു
...................................................
ചായ്പ്പിന്‍ കുളിര്‍മ്മയുള്ള നനവൂറും നിലം
പിറവിതന്‍ ഞരക്കങ്ങളറിഞ്ഞയിടം
ജീവന്റെ നാളങ്ങള്‍ പൂക്കുമിടം
ഗര്‍ഭഗൃഹം ...
ഒടുവിലായ് അമ്മ യാത്ര പറഞ്ഞയിടം
ഒരു നനുത്ത പുഞ്ചിരിയില്‍ജീവന്റെ
നാളം കരിഞ്ഞയിടം
മരണഗൃഹം
...........................
ബാല്യത്തിന്‍ തെക്കേ മച്ചില്‍
വസൂരിമാലകള്‍ പൊതിഞ്ഞ ശരീരം
അരണ്ട വെളിച്ചത്തില്‍
ജനലരുകില്‍ തനിച്ചിരുന്നയിടം
ഭവവതി കോമരങ്ങള്‍
അലറി വിളിച്ചപ്പോള്‍
മഞ്ഞള്‍പൊടിയാല്‍ എന്നെ കുളിപ്പിച്ചപ്പോള്‍
ആ വരണ്ട സന്ധ്യയിലലിഞ്ഞയിടം
...............................................
ഭഗവതിക്കാവിലെ വിളക്ക് തെളിഞ്ഞിരിക്കുന്നു ...
വീണ്ടും...
എന്റെ മനസ്സിലെ വിളക്കും
ഞാന്‍ ഇനി അണയാതെ കാക്കട്ടെ...
വിശുദ്ധിയുടെ നിലത്തെഴുത്ത് പോലെ ....
ഉണ്മയുടെ വിളനിലങ്ങള്‍ പോലെ...
വീണ്ടും ഒരു ജീവിതം കൂടി..

2 comments:

siva // ശിവ said...

നല്ല ഓര്‍മ്മകള്‍....

നരിക്കുന്നൻ said...

നല്ല വരികള്‍. ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടേ...