സഹയാത്രികര്‍

Sunday, August 17, 2008

മരണവും.... ജനനവും ..

എന്നില്‍
ഉയിര്‍ത്തെഴുന്നേറ്റവന്റെ രൂപം
എനിക്കൂഹിക്കാന്‍ കഴിയുന്നില്ല ..
ഓര്‍മ്മയുടെ അഗ്നിസ്ഫുലിംഗങ്ങളില്‍
നിന്നുതിര്‍ന്ന ചാരത്തില്‍
ഉയിര്‍കൊണ്ടവനാണോ?
കാത്തു കാത്തിരുന്നു
കൈയില്‍ കിട്ടിയ
വൈഡൂര്യ മുത്ത്‌ കൈക്കലാക്കാന്‍ വന്ന
കപട സന്ന്യാസി ,
എന്ന് നിന്നെ വിളിച്ചാല്‍ ...
ഇല്ലാ..
ഗൃഹാതുരത്വത്തില്‍ നിന്നും,
മാറാല വീണ മനസ്സുകളില്‍ നിന്നും
എന്നെ..
എന്റെ പഴയ ഓര്‍മ്മകളിലെ
ഇരുണ്ട കാടുകളിലെ
വിശാലതയിലേക്കാനയിക്കാന്‍ ....
അതും അല്ല....
പിന്നെ...
ചക്രായുധം നഷ്ടപ്പെട്ട് ,
കൈകാലുകള്‍ ചങ്ങലക്കിടപെട്ടു ,
തൊലി വിളറി വെളുത്ത,
വിഹ്വലനായ് ,
അര്‍ദ്ധ പ്രാണനായ് ,
ഭ്രാന്തനായ
ആ അമാനുഷനി‍ല്‍ .....
ഇപ്പോഴോര്‍ക്കാം ...
എല്ലാം..
ഇന്നലെ അങ്ങേ തെരുവിലെ രോദനങ്ങ‍ള്‍ ,
ഞരക്കങ്ങള്‍ ,
ചേതനയെ മരവിപ്പിച്ച ചേഷ്ടകള്‍ ,
അവര്‍ ,
ഈയാമ്പാറ്റകള്‍ ,
പല നിറങ്ങളായ്‌ മാറിയിരുന്നവര്‍
കനത്ത ആക്രോശങ്ങളോടെ ഏറ്റുമുട്ടി .
നിറങ്ങള്‍ കൂടികലര്‍ന്നു ഒരു നിറമായ്‌ മാറി .
ചോരയുടെ നിറം
അല്ല
ചുവപ്പെന്ന നിറം....
അവിടെ നിന്നായിരിക്കാം
അവന്റെ ജനനം .
അവിടെ വെച്ച് അവന്‍ എന്നില്‍
കുടിയേറിപാര്‍ത്തിരിക്കാം .....

3 comments:

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

joice samuel said...

നന്നായിട്ടുണ്ട്......
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"ഗൃഹാതുരത്വത്തില്‍ നിന്നും,
മാറാല വീണ മനസ്സുകളില്‍ നിന്നും
പഴയ ഓര്‍മ്മകളിലെ
ഇരുണ്ട കാടുകളിലെ
വിശാലതയിലേക്ക്‌
ആനയിക്കാന്‍
ചുവപ്പില്‍ നിന്നാവാം.
അവന്‍ പിറവിയെടുത്തത്‌....
ചോരയുടെ നിറത്തിന്‌
തീവ്രത പോരെന്ന്‌
മനസ്സ്‌ മന്ത്രിക്കുന്നിടത്ത്‌
ജനനമെന്ന സമസ്യയ്ക്ക്‌
നേരെ പല്ലിളിയ്ക്കുന്നു...
മരണവും കാലവും..."